ആകെ പേജ്‌കാഴ്‌ചകള്‍

2012, ഡിസംബർ 30, ഞായറാഴ്‌ച

ദാമിനി
കേവലം മെഴുതിരിപോൽ കത്തിയെരിഞ്ഞൂ നീ
ദാമിനി മഹാജ്യോതിയായതു പരന്നപ്പോൾ,
അഗ്നിപർവ്വതമായി, ലാവയായൊഴുകിയീ-
ഭഗ്നചിത്തർതൻ രോഷം കനലായെരിയുന്നു.

നാരിയെ പൂജിച്ചീടും ആർഷസംസ്കാരത്തിന്റെ
നാടായ ഭാരതത്തിനീഗതി കൈവന്നല്ലോ !
ക്രൂരമാം പൈശാചിക കാമാസ്ത്രം തറച്ചെത്ര 
ശാരിക വ്യാധന്മാർക്കു ഭക്ഷണമായ്ത്തീർന്നെന്നോ

ലജ്ജയാൽ കുനിയുന്നീ ദുർഗതിയോർത്തെൻ ശീർഷം,
മുജ്ജന്മപാപംകൊണ്ടീ കാഴ്ചകൾ കാണായ്‌വന്നൂ
ക്രൂരമാം ശിക്ഷയൊന്നുമാത്രംതാൻ പരിഹാരം
ഭാരതം മൂർച്ചകൂട്ടി പടവാളുയർത്തേണം

തലവെട്ടത്രെ ശിക്ഷ സൗദിയിലെന്നാൽ നമ്മൾ-
ക്കിവിടെ ശിക്ഷയ്ക്കൽപം മൃദുത്വം പകർന്നീടാം
ബലമായ്‌ സംഗംചെയ്ത നീചമാമവയവം
അടിയേഛേദിക്കുവാൻ നിയമം മാറ്റീടുകിൽ

നിൽക്കുമീ വിളയാട്ടം, നിർഭയം നടന്നീടാ-
മർദ്ധരാത്രിയും നാരീവൃന്ദങ്ങൾക്കനായാസം.
അടിയെ പേടിക്കാത്തൊരന്തകനുണ്ടോ ഭൂവിൽ
മടിവേണ്ടിനിയൊട്ടും, മാറ്റുക നിയമങ്ങൾ !

2012, ഡിസംബർ 23, ഞായറാഴ്‌ച

കേരളം വരളുന്നു

കേരളം വരളുന്നൂ, പശ്ചിമഘട്ടങ്ങളെ
കേറാതെ കടക്കാതെ കേരളമണ്ണിൽത്തന്നെ
പാലപ്പൂമണം വീശും മന്ദമാരുതനില്ല,
പാൽനുരച്ചിരിതൂകും കുളിർ ചോലകളില്ല,
വയലോ കാണ്മാനില്ല, ദൂരെ ഹാ! മറഞ്ഞെങ്ങോ
വയലാർ മീട്ടും രാഗവീണതൻ നാദബ്രഹ്മം.
കേരളപ്പിറവിയെ ഓർമ്മിപ്പിച്ചിടാനെത്തും
നാളായ നവമ്പറിന്നൊന്നിനെ സ്മരിപ്പൂ ഞാൻ
ഒന്നു നീയെന്നാൽ, നമ്മളൊന്നല്ല, നിരവധി
ഭിന്നമാമാചാരത്തിന്നടിമച്ചന്തക്കൂട്ടം
ഒന്നിനെ രണ്ടായ്ക്കണ്ടൂ പൂർവ്വികരെന്നാൽ നമ്മ-
ളൊന്നിനെ പൂജ്യമാക്കുമാഗോളവിശാരദർ !
അന്ധമാം മതഭ്രാന്തും, തീവ്രമാം വാദോന്മുഖ-
ചിന്തയും, ധനലാഭമോഹവും പെരുകുന്നു.
അമ്മയെ വിറ്റീടുന്നു മക്കൾ, ഹാ! പിതാക്കളോ
അമ്മിഞ്ഞ നുണയേണ്ട മകളെ പ്രാപിക്കുന്നു
'പീഡനം' മലയാളഭാഷയ്ക്കു സമ്മാനിക്കും
നൂതനാർത്ഥത്തിൻ പൊരുൾ നിഘണ്ടുക്കളിലില്ല
കേരളം ഭ്രാന്താലയമെന്നു ചൊന്നതുമാറ്റി
കേരളം കാമഭ്രാന്തിൻ കൂടാരമെന്നോതീടാം
ലജ്ജിക്ക മലയാളമങ്കേ ! നീ പറയുന്ന-
തൊക്കെയും 'മംഗ്ലീഷാ'യി മാറിപ്പോയ്‌ ദയനീയം !
അരിയിലെഴുതിച്ചു നിന്നെയെൻ വിരൽത്തുമ്പാൽ
ഹരിശ്രീയാദ്യാക്ഷരമിന്നതുമറന്നോ നീ?
തുഞ്ചന്റെ കിളിക്കൊഞ്ചൽ കേട്ടു നീ വളർന്നൊപ്പം
കുഞ്ചന്റെ തുള്ളൽപ്പാട്ടിൽ പുഞ്ചിരി വിരിയിക്കെ,
'ഉന്തുന്തു' മട്ടിൻ ഗാഥാകാരനാം ചെറുശ്ശേരി
വൃന്ദാവനത്തിൽ നിന്നെസൽക്കരിച്ചിരുത്തവെ,
പൂന്താനം പാടും ഭക്തിസാന്ദ്രമാം ജ്ഞാനപ്പാന
പൂന്തേനായ്‌ നുകരവെ, കൈവല്യം പകരവെ,
മീൻ തൊട്ടുകൂട്ടും ഭട്ടതിരിയോ വിരൽത്തുമ്പാൽ
ചന്ദനലേപം പൂശി നാരായണീയം നൽകെ,
ഉള്ളൂരിന്നത്ത്യുജ്ജ്വല ശബ്ദാഢ്യതരംഗവും
വള്ളത്തോൾ തഴുകിയ സുന്ദരപദങ്ങളും
ആശാന്റെയചുംബിത ഭാവനാവിലാസമാ-
മാശയസമ്പത്തും നിൻ മേനിയെ പുണരവെ,
വളർന്നൂ തരുണിയായ്‌, കേരളനടനശ്രീ
തിരളും നിന്നെക്കാണാൻ പരദേശികളെത്തി
ചെണ്ടതൻ മുഴക്കത്തിൽ വേഷമിട്ടാടി, കലാ-
മണ്ഡലം കുചേലനായ്‌,കൃഷ്ണനായ്‌ മാറ്റീ നിന്നെ.
തല്ലിപോൽ കുചേലനാ കൃഷ്ണനെ, അനുഭവ-
മല്ലലായ്മാറ്റി തന്റെ കുടുംബം തകർത്തപ്പോൾ.
അന്നുതൊട്ടല്ലോ കഥമാറിപ്പോയ്‌, തവളകൾ
പന്നഗങ്ങളെ തിന്നു, എലിയോ മാർജ്ജാരനെ,
പുലിയെ കൊന്നീടുന്നു പശുക്കൾ, തകർക്കുന്നു
മലയെ ജേസീബികൾ, പുഴയെ മാലിന്യങ്ങൾ,
വയലോ നികത്തുന്നു, കൃഷിയില്ലാതാവുന്നു,
അയൽനാടുകളുടെ കനിവിന്നിരക്കുന്നു.
മന്ത്രിമാർ പൂരപ്പാട്ടുപാടുന്നു, പുണ്യക്ഷേത്ര-
തന്ത്രിമാർ വ്യഭിചാരശാലയിലുറങ്ങുന്നു,
ഗുരുവെ പൊതിക്കുവാൻ പാരതേടുന്നൂ ശിഷ്യർ
ഒരു രോഗിയായ്‌ ഡോക്ടർ കട്ടിലിൽ കിടക്കുന്നു.
കള്ളനെ പേടിച്ചല്ലോ പോലീസിന്നൊളിക്കുന്നു
വെള്ളവുമണക്കെട്ടുമുറക്കം കെടുത്തുന്നു
കണ്ണീരുപൊഴിക്കുന്ന കേരളമക്കൾക്കൊപ്പം
ഉണ്ണാതെയിരിക്കുന്നു രാഷ്ട്രത്തെ ഭുജിപ്പവർ
നീതിദേവതയെന്ന ഗാന്ധാരിതൻ കൺമുന്നിൽ
നൂറ്റവർ ചിരിക്കുന്നു, പാഞ്ചാലി വിതുമ്പുന്നു
കോടികൾ ഗാന്ധിച്ചിത്രം പേറി ഹാ! മറയുന്നു
കോഴകൾ അഴിമതിക്കൊപ്പമായ്‌ വളരുന്നു
റോഡിലെ കുഴികളിൽ ചോരവീണുറക്കുന്നു
രോഷാഗ്നി പടരുന്നു നെഞ്ചകമെരിയുന്നു
കേരമില്ലാതാം കൊച്ചു കേരളമയൽനാട്ടിൽ
കേരകേദാരം തിങ്ങിവളരുന്നതു കാൺകെ,
കേവലം തളരുന്നൂ, പശ്ചിമഘട്ടങ്ങളെ
കേറാതെ, കടക്കാതെ കേരളമണ്ണിൽത്തന്നെ.


2012, ഡിസംബർ 19, ബുധനാഴ്‌ച

അവാർഡ്‌
സീനിയർ സിറ്റിസൺസ്‌ അസോസേഷ്യൻ ഓഫീസിലിരുന്ന്‌ ഞാൻ 'വയോജനമിത്രം' മാസികയുടെ മാറ്റർ എഡിറ്റ്‌ ചെയ്യുകയായിരുന്നു.
സർവ്വീസിൽനിന്ന്‌ പിരിഞ്ഞശേഷം കാര്യമായ ജോലിക്കൊന്നും ശ്രമിച്ചില്ല എന്നതാണ്‌ വാസ്തവം. കുറച്ചു സാഹിത്യ പ്രവർത്തനവും, സാമൂഹ്യപ്രവർത്തനവും ധാരാളം സുഹൃത്തുക്കളെ സൃഷ്ടിച്ചു. ഏതാനും പുസ്തകങ്ങളെഴുതി പ്രസിദ്ധീകരിച്ചു. ചില വേദികളിൽ അദ്ധ്യക്ഷ നായും, പ്രസംഗകനായും പ്രത്യക്ഷപ്പെട്ടു. അങ്ങിനെയിരിക്കെയാണ്‌സീനിയർ സിറ്റിസൺസ്‌ അസോസേഷ്യനുമായി ബന്ധപ്പെട്ടത്‌. അവർ പ്രസിദ്ധീകരിക്കുന്ന 'വയോജനമിത്രം' മാസികയുടെ എഡിറ്ററായി എന്നെ നിർബന്ധപൂർവ്വം ക്ഷണിച്ചു. സേവനമല്ലാതെ വേതനമില്ലാത്ത ഒരു തസ്തിക.
സമയം നട്ടുച്ച.
വിരുന്നുകാരെപ്പോലെ രണ്ടുമൂന്നു യുവാക്കൾ ഓഫീസിലേക്ക്‌ സംശയത്തോടെ കയറിവരുന്നത്‌ ഞാൻ ശ്രദ്ധിച്ചു. അവർ നേരെ എന്റെ മുറിയിലേക്കാണ്‌ കയറിവന്നത്‌.
'ഇരിക്കൂ. ഇവിടെ സൗകര്യം പരിമിതമാണ്‌'
ഞാൻ അതിഥികളോട്‌ പറഞ്ഞു.
ഒരാൾ കസേരയിലും, മറ്റു രണ്ടുപേർ സ്റ്റൂളിലും ഇരുന്നു.
മദ്ധ്യവയസ്ക്കർപോലുമല്ലാത്ത ഈ യുവാക്കൾക്ക്‌ ഈ ഓഫീസിൽ എന്താണ്‌ കാര്യം?. എന്റെ മനസ്സ്‌ മന്ത്രിച്ചു.
കസേരയിലിരിക്കുന്ന താടിക്കാരനായ യുവാവ്‌ അക്ഷമനായി കാണപ്പെട്ടു. കൂടെ വന്ന മറ്റു രണ്ടുപേരെയും ഇടക്കിടെ അയാൾ നോക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
അതിലൊരാൾ കൈയിലുള്ള മാസികകൊണ്ടു വീശുവാൻ തുടങ്ങി.
ഞാൻ എഴുന്നേറ്റ്‌ ഫാൻ ഓൺ ചെയ്തു.
'എന്താണ്‌ കാര്യം? ആരാണ്‌ നിങ്ങൾ. മനസ്സിലായില്ല'.
ഞാൻ തന്നെ സംഭാഷണത്തിന്‌ തുടക്കമിട്ടു.
'ഞങ്ങൾ പയ്യന്നൂ രിൽ നിന്നു വരുന്നതാണ്‌. 2012 ലെ "കൈരളീ കലാ നിഷ്കുടം" അവാർഡിന്‌
താങ്കളെ തെരഞ്ഞെടുത്ത വിവരം സസന്തോഷം അറിയിക്കാൻ വന്നതാണ്‌'
'എനിക്കോ? അങ്ങിനെ ഒരവാർഡുണ്ടോ?'.
'ഉണ്ട്‌ സാർ. 2008 മുതൽ ഞങ്ങൾ ജില്ലയിലെ ഏറ്റവും പ്രഗൽഭരായ ബഹുമുഖ പ്രതിഭകൾക്ക്‌ നൽകിവരുന്ന അവാർഡാണത്‌. ഇക്കൊല്ലം താങ്കളാണ്‌ ആ അവാർഡിന്‌ അർഹനായിരിക്കുന്നത്‌'
സത്യത്തിൽ ഞാൻ ഒന്നമ്പരന്നു.
അവാർഡിനോട്‌ എനിക്ക്‌ പുഛമുണ്ടായിട്ടല്ല. ഇത്രയും വയസ്സിനിടെ അവാർഡ്‌ പോയിട്ട്‌ ഒരു സർട്ടിഫിക്കറ്റോ, സമ്മാനമായി ഒരു കുപ്പിഗ്ലാസ്പോലുമോ ലഭിക്കാൻ എനിക്ക്‌ ഭാഗ്യമുണ്ടായിട്ടില്ല.
എന്ത്‌ അവാർഡായാലും അത്‌ കിട്ടുന്നത്‌ ഒര്‌ അംഗീകാരമല്ലേ? സന്തോഷമല്ലേ?. ഞാൻ മിണ്ടാതിരുന്നു.
'സാർ വേണ്ടെന്നു പറയരുത്‌. കമ്മറ്റി ഐകകണ്ഠ്യ്യേന എടുത്ത തീരുമാനമാണ്‌'.
ജനുവരി 2ന്‌ പയ്യന്നൂർ ടൗൺഹാളിലാണ്‌ ചടങ്ങ്‌. വൈകുന്നേരം 4 മണിക്ക്‌. പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരെയാണ്‌ പുരസ്കാരദാതാവായി കണ്ടിട്ടുള്ളത്‌.'
ചെറിയൊരു സന്തോഷം എനിക്കു തോന്നാതിരുന്നില്ല. ഷോകെയ്സിൽ തിളങ്ങുന്ന ഒരു അവാർഡ്‌ നാലാൾ കാണത്തക്കവിധം വെക്കാമല്ലോ. ഇപ്പോൾ പേരക്കുട്ടികൾക്ക്‌ കിട്ടിയ ക്ലാവ്‌പിടിച്ച രണ്ട്‌ കപ്പുകളാണ്‌ ഷോകെയ്സിൽ. ഒന്നു തവളച്ചാട്ടത്തിനും, മറ്റേത്‌ 100 മീറ്റർ ഓട്ടത്തിനും.
'അങ്ങിനെയാണ്‌` നിങ്ങളുടെ ആഗ്രഹമെങ്കിൽ നടക്കട്ടെ. ഞാൻ എതിരു പറയുന്നില്ല.'
ഒരു പുഞ്ചിരിയോടെ ഞാൻ അവരോട്‌ പറഞ്ഞു.
'ശരി സാർ, വളരെ നന്ദി'.
അവർ ആശ്വാസത്തോടെ നെടുവീർപ്പിട്ടു.
'സാർ ഒരു ചെറിയ ഉപകാരം ഞങ്ങൾക്ക്‌ ചെയ്തുതരണം'
'എന്താണാവോ?'
'ഒരു 20 ഫ്ലക്സ്‌ ബോർഡ്‌ ഈ കടലാസ്സിലെഴുതിയ കുറിപ്പു പ്രകാരം തയ്യാറാക്കി നഗരത്തിലെ പ്രധാന സ്ഥലങ്ങളിലൊക്കെ സാർ വെപ്പിക്കണം. അന്നത്തെ ചായച്ചെലവും വേണ്ടിവരും. പിന്നെ, അവാർഡായി സാറിനു തരുന്ന ഫലകത്തിനും, സർട്ടിഫിക്കറ്റിനും, പൊന്നാടക്കും, നോട്ടീസ്‌ അച്ചടി, ടൗൺഹാൾ വാടകയിനത്തിനെല്ലാം കൂടി ഒരു 6500/- കാണേണ്ടിവരും. അഡ്വാൻസായി ഒരു 3000/- മണി ഇപ്പോൾതന്നെ തരികയാണെങ്കിൽ വളരെ സൗകര്യമായി'
'ഓഹോ!' എന്റെ രക്തം തിളച്ചുപൊങ്ങി. ജീവിതത്തിൽ ഒരിക്കലും കൈക്കൂലി വാങ്ങുകയോ, കൊടുക്കുകയോ ചെയ്യാത്ത എന്നെയാണോ ബലിയാടാക്കാൻ കണ്ടത്‌. ക്രോധം കൊണ്ട്‌ എന്റെ കണ്ണുകൾ ചുവന്നു. കാശ്‌ കൊടുത്ത്‌ അവാർഡ്‌` വാങ്ങുകയോ?
'ഈ അവാർഡ്‌ എനിക്ക്‌ വേണ്ട. നിങ്ങൾ സ്ഥലം വിടുക'. ഞാൻ ഗർജ്ജിച്ചു.
ആഗതർ അൽപം പരുങ്ങി. താടി ചൊറിഞ്ഞുകൊണ്ടു കസേരയിലിരുന്ന ആൾ മറ്റു രണ്ട്‌`പേരെയും ദയനീയമായി നോക്കി.
'അല്ല സാർ, നമുക്ക്‌ അഡ്‌`ജസ്റ്റ്‌ ചെയ്യാം'
'ഹും !. ഞാൻ ചവുട്ടി പുറത്താക്കേണ്ടെങ്കിൽ ഉടൻ ഇറങ്ങുക' രോഷാകുലനായി ഞാൻ എഴുന്നേറ്റു.
മൂന്നുപേരും തിരിഞ്ഞു നോക്കുകപോലും ചെയ്യാതെ പുറത്തിറങ്ങി.
ഞാൻ ചിന്തിച്ചുപോയി.
ആരായിരിക്കും അടുത്ത അവാർഡ്‌ ജേതാവ്‌. ഒരുപക്ഷെ നിങ്ങളാകുമോ?

2012, ഡിസംബർ 13, വ്യാഴാഴ്‌ച

തസ്കര വിലാപം
കള്ളൻ കടന്നു ഗൃഹത്തിലൊരു ദിനം
കൊള്ള നടത്തുവാനന്നൊരു രാത്രിയിൽ
ഒച്ചയുണ്ടാക്കാതെ പൊന്നും, പണക്കെട്ടു-
മൊക്കെയെടുത്തൊരു ഭാണ്ഡം ചമച്ചവൻ
കിണ്ണവും കിണ്ടിയും ചെന്നെടുത്തീടവെ
തിണ്ണം കലപില ശബ്ദമുയർന്നുപോയ്‌
ഞാനുറങ്ങീടുകയായിരുന്നൂ പൊൻ കി-
നാവിൽ മുഴുകിയാരാത്രിയിലെങ്കിലും
അച്ഛനുമമ്മയും കൂട്ടരും ചെന്നങ്ങു
മച്ചിൽ പതുങ്ങിയ കള്ളനെ കണ്ടെത്തി
കൈകളും കാൽകളും കെട്ടിയാക്കള്ളനെ
കൈക്രിയ ചെയ്യാൻ തുടങ്ങിയ വേളയിൽ
ഞാനുണർന്നൂ, കൺ മിഴിച്ചു, ഉയരുന്ന
ദീനമാം ശബ്ദങ്ങൾ കേട്ടിട്ടടുക്കവെ
പാവമാ കള്ളൻ വിലപിപ്പൂ, കഷ്ടമീ

പാതകം ചെയ്യുവതെന്തീ മുതിർന്നവർ?
ചെന്നു തലോടുവാൻ തോന്നിമേ, മുമ്പിലാ-
ഖിന്നനാം കള്ളനെ, പുത്തൻ കവിതയെ !

(കടപ്പാട്‌ - ടാഗോർ)

2012, ഡിസംബർ 6, വ്യാഴാഴ്‌ച

ബോൺസായ്‌
ഫ്ലവർ ഷോ കാണാൻ മാധവമേനോനും പത്നി മാധവിയമ്മയും കാറിൽനിന്നിറങ്ങി. 
കീശയിൽ നിന്നെടുത്ത രണ്ട്‌ കോംപ്ലിമന്ററി പാസ്സുകൾ ഗെയ്റ്റിൽ കാണിച്ചു. 
പലരുടെ വീടുകളിൽനിന്നും കൊണ്ടുവന്നു നിരത്തിവച്ച വിവിധ സസ്യ പുഷ്പ ഫലപ്രദർശനം കാണാൻ അഭൂതപൂർവ്വമായ തിരക്കനുഭവപ്പെട്ടു. നെഴ്സറിക്കാരുടെ ഒരു പടതന്നെ അവിടെയുണ്ടായി. അതിനുപുറമെ വിത്തുകൾ, തോട്ടപ്പണിയുപകരണങ്ങൾ തുടങ്ങി ചാന്തുപൊട്ട്‌ കണ്മഷിവരെ പല ഉൽപന്നങ്ങളുടെയും സ്റ്റാളുകൾ നിരന്നു നിന്നു.
മാധവിയമ്മയുടെ കൊഴുത്തുതടിച്ച രണ്ടു കയ്യിലും വിവിധ ഇനം പൂച്ചെടികൾ നിറച്ച ബേഗുകൾ തൂങ്ങാൻ തുടങ്ങി.
മാധവ മേനോൻ അപ്പോൾ സസൂക്ഷ്മം ബോൺസായ്‌ വൃക്ഷങ്ങളെപ്പറ്റി
പഠിക്കുകയായിരുന്നു. ആൽ, അരയാൽ, മാവ്‌, പ്ലാവ്‌, പുളി തുടങ്ങിയ കായ്ച്ചുനിൽക്കുന്ന കുഞ്ഞൻ വൃക്ഷങ്ങൾക്കിടയിലൂടെ അയാൾ ഏറ്റവും സന്തോഷകരമായ ഒരു കാഴ്ച കണ്ടു.

.ഒരു ബോൺസായ്‌ തെങ്ങ്‌ !
ഹാവൂ ! ആശ്വാസമായി. തേങ്ങ പറിക്കാരനെ തേടി അലയേണ്ടല്ലോ. ഇത്‌ വികസിപ്പിച്ചെടുത്താൽ ദൈവത്തിന്റെ സ്വന്തം നാട്ടിന്‌ ഒരു മുതൽക്കൂട്ടാവും.  തേങ്ങ പറിക്കാൻ എന്തെളുപ്പമായിരിക്കും !
അയാൾ ബോൺസായ്‌ തെങ്ങ്‌ തലോടി. അതിന്റെ കുഞ്ഞോലകൾ തലമുടിയിഴകൾപോലെ മൃദുലം.

 പെട്ടെന്ന്‌ അയാൾക്ക്‌ മാധവിയമ്മയെ ഓർമ്മവന്നു. 
ആൾക്കൂട്ടത്തിനിടയിൽ അങ്ങകലെ ഒരു ബോൺസായ്‌ സ്ത്രീയായി മാധവിയമ്മ മാറിയത്‌ അയാൾ കണ്ടു.

2012, നവംബർ 25, ഞായറാഴ്‌ച

ഉഴുന്നുവട
രണ്ടാം ശനിയാഴ്ച. ഹോളിഡെ. മക്കൾക്ക്‌ സ്കൂളില്ല, എനിക്ക്‌ ഓഫീസും.
കുറെ ദിവസമായി മക്കൾ സർക്കസ്‌ കാണാൻ പോകണമെന്ന്‌ പറയാൻ തുടങ്ങിയിട്ട്‌. അവരുടെ ആഗ്രഹം നിറവേറ്റിയേക്കാം. വൈകുന്നേരത്തെ ഷോയ്ക്ക്‌ നല്ല തിരക്കാകും. അതുകൊണ്ട്‌ ഉച്ചകഴിഞ്ഞ്‌ 2 മണിക്കുള്ള ഷോയ്ക്ക്‌ പുറപ്പെട്ടോളാൻ മക്കളോടും ഭാര്യയോടും പറഞ്ഞു.
അടുക്കളയിൽ പാചകത്തിന്‌ അമ്മയെ സഹായിക്കാൻ പൊതുവെ മടിച്ചികളായ രണ്ടു പെണ്മക്കളും മത്സരിക്കുകയായി. അതുകഴിഞ്ഞാലല്ലേ വയറുനിറയ്ക്കാനും ഒരുങ്ങിപ്പുറപ്പെടാനും സാധിക്കൂ. സമയം 11 മണി ഞാൻ എന്റെ ഷർട്ടും പേന്റും ഇസ്ത്രി ഇടാൻ തുടങ്ങി..
പതിവിലും നേരത്തെ 12.30 ന്‌ തന്നെ ഇളയമകൾ നബിത വന്നു വിളിച്ചു.
"അച്ഛാ ! ചോറുണ്ണാൻ വാ !"
സാധാരണ 2 മണിയാവും എന്റെ ഉച്ചയൂണ്‌. നേരത്തെയായതുകൊണ്ട്‌ ഭക്ഷണം ശരിക്ക്‌ കഴിക്കാൻ പറ്റുമെന്നു തോന്നുന്നില്ല.
ഊൺ` കഴിഞ്ഞ്‌ അടുക്കളയിൽ പാത്രം കഴുകുന്ന ബഹളം.
പിന്നെ അമ്മയും പെണ്മക്കളും കല്യാണത്തിനു പോകുന്ന ചമയവും ഒരുക്കവും തുടങ്ങി.. എല്ലാവരും ഒരുങ്ങി വീട്‌ പൂട്ടി പുറപ്പെട്ടപ്പോൾ സമയം 1.40.
നാല്‌പേർക്ക്‌ ഇരിക്കാവുന്ന ഓട്ടോറിക്ഷയിൽ ഞങ്ങൾ ടൗണിലെത്തി. ഇന്ദിരാ മൈതാനത്താണ്‌ സർക്കസ്‌ കൂടാരം. "ദ ഗ്രെയ്റ്റ്‌ കേരളാ സർക്കസ്‌' എന്ന പോസ്റ്ററുകൾ എവിടെ നോക്കിയാലുംകാണാം.ഞങ്ങൾ ടിക്കറ്റ്‌ എടുത്ത്‌ അകത്ത്‌ കയറി. എന്റെ കീശയിൽ നിന്ന്‌ ഒരു ഗാന്ധി പറന്നുപോയി.
തിരക്ക്‌ ഒഴിവാക്കാനായി നൂൺഷോയ്ക്ക്‌ എത്തിയവരുടെ തിരക്കാണ്‌ കൂടാരത്തിൽ.
സർക്കസ്‌ കൃത്യം 2 മണിക്ക്‌തന്നെ തുടങ്ങി. ജീവിതംതന്നെ ഒരു സർക്കസ്‌ ആയതുകൊണ്ടാവാം എനിക്ക്‌ വലിയ ആകർഷകത്വം സർക്കസിൽ തോന്നിയില്ല. മക്കളും ഭാര്യയും മതിമറന്ന്‌ ആസ്വദിച്ചു. കോമാളികളുടെ തമാശകൾ കണ്ട്‌ അവർ പൊട്ടിച്ചിരിച്ചു. അതു കണ്ട ഞാൻ സംതൃപ്തിയടഞ്ഞു.
സർക്കസ്‌ 4 മണിക്ക്‌ കഴിഞ്ഞു. ഞങ്ങൾ ആൾത്തിരക്കിലൂടെ പുറത്തിറങ്ങി. ഒരു ചായ കഴിക്കാമെന്നു തീരുമാനിച്ചു. അടുത്തുതന്നെയുള്ള ജനറൽ ആശുപത്രിക്ക്‌ മുൻ വശം നല്ല ഒരു ഹോട്ടലുണ്ട്‌ 'അതിഥി ദേവോ ഭവ' എന്നാണ്‌ ഹോട്ടലിന്റെ പേര്‌.
ഞങ്ങൾ അങ്ങോട്ട്‌ കയറി.
ഫേമിലി റൂമിൽ നാലുപേർക്ക്‌ ഇരിക്കാവുന്ന ഒരു മേശ ഞങ്ങൾ കയ്യടക്കി. തൊട്ടടുത്തുള്ള മേശയിൽ ഒരു ഭാര്യയും ഭർത്താവുമാണ്‌. കൂടെ കുട്ടികളോന്നുമില്ല. രണ്ടുപേരും മധ്യ്‌വയസ്ക്കർ.
'എന്താണ്‌ കഴിക്കാൻ വേണ്ടത്‌?' ഞാൻ മക്കളോട്‌ ചോദിച്ചു. മക്കൾ രണ്ടുപേർക്കും മസാലദോശയോടാണ്‌ ഇഷ്ടം. ഭാര്യയ്ക്ക്‌ ഉഴുന്നുവടയും. ഞാൻ ഉപ്പുമാവിലേക്ക്‌ ഒതുങ്ങി. ഭാര്യയ്ക്കും എനിക്കും വേഗംതന്നെ കിട്ടിയെങ്കിലും മക്കൾക്ക്‌ മസാലദോശ വരുന്നതുവരെ ഞങ്ങളും കാത്തിരുന്നു. ഒരു 5 മിനുട്ടിനുശേഷം കൊമ്പനാനയെപ്പോലെ രണ്ടു പ്ലെയ്റ്റ്‌ മസാലദോശ എത്തി.
മക്കൾക്ക്‌ മസാലദോശയോടൊപ്പം ഓരോ വടയും വേണമെന്നായി. അതാണത്രെ ഫേഷൻ. അങ്ങിനെ വിഭവ സമൃദ്ധമായ ഞങ്ങളുടെ ചായകുടി മുന്നിടവെ ഞാൻ അടുത്ത മേശയിലെ ദമ്പതികളെ ശ്രദ്ധിച്ചു. അതിൽ ഭർത്താവിന്റെ പ്ലേയ്റ്റിൽ രണ്ട്‌ ഉഴുന്നുവട. ഭാര്യ ചായ മാത്രം കഴിക്കുന്നു.
പെട്ടെന്ന്‌ ഒരു അലർച്ച കേട്ടു. ഭർത്താവ്‌ എഴുന്നേറ്റ്‌ നിൽക്കുന്നു. മേശയിൽ ഇടിക്കുന്നു. അയാളുടെ ഉഴുന്നുവട കാൽഭാഗം തീർന്നിട്ടുണ്ട്‌. അതു പൊക്കിപ്പിടിച്ചിരിക്കുന്നു. അതിൽ അർദ്ധന്ദ്രാകൃതിയിൽ ഒരു ബോൾപെന്നിന്റെ വണ്ണമുള്ള തേരട്ട !
'വെയ്റ്റർ. മേനേജരെവിടെ? കുക്കെവിടെ ?. ഇവിടെ തേരട്ടവടയാണോ കൊടുക്കുന്നത്‌. നോക്കൂ !'
അയാൾ മൊബെയിലെടുത്ത്‌ പോലിസിനെയും, ഹെൽത്ത്‌ ഇൻസ്പെക്റ്റരേയും മറ്റും വിളിക്കാൻ തുടങ്ങി.
'ബ്ബൗ' എന്ന ശബ്ദത്തോടെ എന്റെ ഭാര്യയും മക്കളും വാഷ്‌ ബെസിനിലേക്ക്‌ കുതിച്ചു. രാവിലെ കഴിച്ച ബ്രേയ്ക്ക്‌ഫാസ്റ്റ്‌വരെ അവർ ഛർദ്ദിച്ചു.
അപ്പോഴേക്കും ആൾക്കൂട്ടം ഹോട്ടൽ വളഞ്ഞു.  ടി.വി.ചാനൽകാർ രംഗം ഷൂട്ട്‌ ചെയ്യാൻ മത്സരിച്ചു..ഞങ്ങൾ ആൾത്തിരക്കിനിടയിലൂടെ ഒരുവിധം പുറത്തിറങ്ങി. പോലിസെത്തി ഹോട്ടലിന്റെ ഷട്ടർ ഇടുവിച്ചു. പിറ്റേന്നത്തെ പത്രത്തിൽ പന്ത്രണ്ടാം പേജിൽ വാർത്ത വെണ്ടക്ക അക്ഷരത്തിൽ വന്നു.
നല്ല പേരും പ്രശസ്തിയുമുള്ള ഹോട്ടലായിരുന്നു. ആശുപത്രിക്ക്‌ സമീപമായതുകൊണ്ട്‌ നല്ല ബിസിനസ്സും. ഹോട്ടൽ അടച്ചതോടെ എല്ലാർക്കും ബുദ്ധിമുട്ടായി. മൈതാനത്തിന്റെ മറുവശമുള്ള 'പുഞ്ചിരി' ഹോട്ടലായി എല്ലാവർക്കും ശരണം.
ഒരു മാസത്തിനുശേഷം ഒരു ദിവസം ഞാൻ എന്റെ ബന്ധുവായ രോഗിയെ കാണാൻ ആശുപത്രിയിൽ പോയി. 'അതിഥി ദേവോ ഭവ' വീണ്ടും തുറന്നിരിക്കുന്നു. മാത്രമല്ല പൂർവ്വാധികം തിരക്കും.
ഞാനും ഒരു ചായ കുടിക്കാമെന്നു കരുതി. അകത്തു കയറി. പലരും രുചിയോടെ ഉഴുന്നുവട കഴിക്കുന്നു. അതു കണ്ടപ്പോൾ തേരട്ടവട എനിക്കോർമ്മ വന്നു. മക്കളും ഭാര്യയും ഛർദ്ദിക്കാൻ ഓടിയതും.
എനിക്കു പരിചയമുള്ള ഒരു വെയിറ്ററോട്‌ ഞാൻ സുഖാന്വേഷണം നടത്തി.
'സാറെ, അയാൾ വീട്ടിൽനിന്നും തേരട്ടയെ ഉള്ളിലാക്കി ഉഴുന്നുവട ഉണ്ടാക്കി കൊണ്ടുവന്നതാ.. അയാളുടെ ബന്ധുവിന്റേതാ പുഞ്ചിരി ഹോട്ടൽ. ഈ ഹോട്ടൽ അടപ്പിച്ചാലല്ലേ അവിടെ ബിസിനസ്സ്‌ പച്ചപിടിക്കൂ. എല്ലാം തട്ടിപ്പും കുതന്ത്രങ്ങളുമാ.....'
ഞാൻ ഒന്നു പുഞ്ചിരിച്ചു.

2012, നവംബർ 2, വെള്ളിയാഴ്‌ച

കുഴപ്പം

കുഞ്ഞിക്കാല്‌ കാണാൻ
കിളിക്കൊഞ്ചൽ കേൾക്കാൻ
കൊതിക്കാൻ തുടങ്ങിയിട്ട്‌
കൊല്ലങ്ങൾ നിരവധി.
എനിക്ക്‌ കുഴപ്പമില്ലെന്ന്‌ ഡോക്ടർ,
അവൾക്ക്‌ തീരേ കുഴപ്പമില്ലെന്നും.
പിന്നെ എവിടെയാണ്‌ കുഴപ്പം ?
അലോപ്പതി, ഹോമിയോ,
ആയുർവ്വേദം, അക്യുപഞ്ചർ, കളരി,
നാടൻ, കാടൻ, ഏശിയില്ല ഒന്നുമേ
ആശ മാഞ്ഞു നിരാശയായ്‌.
മുറപോലെ മരുന്നുകൾ, ചികിത്സകൾ
എന്നിട്ടും മുറ തെറ്റിയില്ല
ഒടുവിലാണ്‌ അവൾ പറഞ്ഞത്‌
അമ്പലത്തിൽ ഭജനയിരിക്കാം
ഒരു നിർബന്ധം, കൂട്ടിന്‌ ഞാനും വേണം
ഭജന പ്രത്യുൽപാദനപരമല്ലെന്നു
വിശ്വസിച്ച ഞാൻ എതിർത്തു
അവൾ കുന്തിയുടേയും, അഞ്ജനയുടേയും,
മറിയത്തിന്റേയും കഥകൾ,
പിന്നെ, ബാബയുടേയും, അമ്മയുടെയും
ശക്തിവിശേഷങ്ങൾ
അങ്ങിനെ യുക്തിക്ക്‌ നിരക്കാത്ത പലതും
ഭക്തിപൂർവ്വം എന്നോട്‌ വിളമ്പി.
ഒടുവിൽ ഞാൻ സഹികെട്ട്‌ വഴങ്ങി,
ഭജനയ്ക്ക്‌ പോവാനൊരുങ്ങി
ഗോപുരത്തിന്‌ പുറത്ത്‌
ചെരിപ്പൂരിവെച്ച്‌ ദേഹശുദ്ധി വരുത്തി
മൂന്നു മണിക്കൂർ നീണ്ട ഭജന കഴിഞ്ഞു
പുറത്തിറങ്ങിയപ്പോൾ
അവളുടെ മുന്നൂറ്‌ രൂപയുടെ
ചെരിപ്പു നഷ്ടപ്പെട്ടിരുന്നു

2012, ഒക്‌ടോബർ 25, വ്യാഴാഴ്‌ച

പ്രേമദാസി
ശലഭമേ വരൂ! പ്രേമസമ്പൂർണ്ണമീ-
മലരിനുള്ളും പുറവുമറിക നീ
മധുരരാഗസ്മൃതിയുമായെത്രയോ
മധുവസന്തങ്ങൾ കാത്തുകിടന്നു ഞാൻ

പുകയുമെന്നന്തരംഗത്തുടിപ്പിനാൽ
മുഖമിതുജ്ജ്വലമെങ്കിലുമോർക്ക നീ
അകമിതീവിധം നൊന്തുനൊന്തെന്റെയീ
കവിൾ നനഞ്ഞതും, കണ്ണുചുവന്നതും

ഒരു മധുരപ്രതീക്ഷതൻ പൂന്തണൽ
വിരിയിൽ നിന്നെ കൊതിച്ചു ഞാനെന്തിനോ
മൃദുലമാം നിന്റെ കൈയിനാൽ മീട്ടുവാൻ
ഹൃദയതന്ത്രി മുറുക്കി ഞാനെന്തിനോ

ഇതുവരെ കാത്തു സൂക്ഷിച്ചു പൊട്ടിയാൽ
ചിതറുമാറുള്ളൊരെൻ കരൾച്ചെപ്പു ഞാൻ
അതുനിറയെ പകർന്നിതാ വച്ചു തൂ-
മധുവിതങ്ങതൻ ചുണ്ടിലണയ്ക്കുവാൻ

പലരുമെന്നെക്കുറിച്ചു പറഞ്ഞിടും
പൊളിവചനമപവാദമൊക്കെയും
വെറുതെയങ്ങു പരമാർത്ഥമെന്നഹോ!
കരുതിയോ, വൃഥാ തെറ്റിദ്ധരിക്കയോ??

അറിയുകങ്ങതൻ രൂപത്തെ ധ്യാനിച്ചു
മരുവിടും പ്രേമദാസിയാണീസുമം
ശലഭമേ വരൂ! പ്രേമസമ്പൂർണ്ണമീ-
മലരിനുള്ളും പുറവുമറിക നീ ! 

2012, ഒക്‌ടോബർ 19, വെള്ളിയാഴ്‌ച

മഷിക്കുപ്പി
എഴുതുന്തോറും തീരാതുള്ളൊരു
ജീവിതകാവ്യമഹാഗ്രന്ഥത്തിൻ
മിഴിവായ്‌, മഷിയായ്‌ വന്നൂ നീയെൻ
തൂലികതന്നിൽ നീലിമ ചേർപ്പൂ

പറയാൻ വാക്കും കാണ്മാൻ കാഴ്ചയു-
മൊരുപോലില്ലെന്നാലും നിന്നിൽ
നിറയെ കാണ്മൂ നിത്യവിശാലത-
യുറവിട്ടും രാഗതരംഗം

പരമാർത്ഥത്തിലളക്കുകയാം നി-
ന്നാഴം ഞാനെൻ തൂലികയാലെ
പകലും രാവും കടലാസിൽ ഞാ-
നായതു രേഖകളാക്കീടുന്നു

അറിയാതാവാം കാലത്തിന്റെ തി-
രിച്ചലിലാകെ പൊട്ടിച്ചിതറി
കരളൊരു നീലക്കടലായ്‌ തീർത്തു
കിടപ്പൂ നീയെൻ താളുകൾ തോറും

അതു വായിച്ചു ചിരിപ്പൂ ചിലർ,
ചിന്തിപ്പൂ, കണ്ണീർത്തുള്ളി തുടയ്പ്പൂ
വെറുതെ താളുമറിപ്പൂ പലരും
ഞാനതൊളിഞ്ഞാണല്ലോ കാണ്മൂ !


2012, ഒക്‌ടോബർ 15, തിങ്കളാഴ്‌ച

മലാല
കൊച്ചു മാലാഖയല്ലോ മലാല,  മുല്ലപ്പൂപോൽ,
അക്ഷരപ്പൂക്കൾ കോർത്തു മാലചാർത്തുവോൾ 
പിന്നെ, ചിരിച്ചീടുമ്പോൾ മഴവില്ലുയർത്തുവോൾ,
ചുറ്റും പ്രതിഭ നിലാവുപോൽ നിത്യവും പരത്തുവോൾ,
വിദ്യയ്ക്കു ആൺ പെൺ ഭേദമില്ലെന്നു കരുതുവോൾ
ഉത്തരോത്തരം രാഷ്ട്രമുയരാൻ 
 പ്രർത്ഥിക്കുവോൾ, 
പ്രായത്തെവെല്ലും കർമ്മബദ്ധയായ്‌ നടക്കുവോൾ,
വാക്കിനു വില നൽകി തോക്കിനുള്ളതിനേക്കാൾ
നേർക്കുനേർ നിരായുധയായി വന്നടുക്കുവോൾ,
തോക്കിനു വാക്കാലേറെ വില നൽകുവോർ ചേർന്നു
നോട്ടമിട്ടല്ലോ പാവമവൾതൻ ശിരസ്സിനും
ഗുരുവെയാരോ മുമ്പ്‌ പാരയാൽ പൊതിച്ചത്രെ
ഗുരുവോ ശിഷ്യൻ തന്റെ വിരൽ ദക്ഷിണ വാങ്ങി.
ഇതു നൂതനാദ്ധ്യായം അക്ഷരം പൂജിക്കുമ്പോൾ
വെടിയേറ്റല്ലോ വാണീദേവിതൻ മൂർദ്ധാവിങ്കൽ
താലിബാനിസം താളപ്പിഴയായ്‌ വിലസുന്നു
ആയിരം മലാലമാരിവിടെയുയരുന്നു.
നിന്നെ ഞാൻ നമിക്കുന്നു മലാലാ,
പ്രാർത്ഥിക്കുന്നു ഒന്നെഴുന്നേൽക്കാൻ
വീണ്ടും ഞങ്ങളിലൊരാളാവാൻ
ആയുധം പൂജിക്കുവോർ പൂജിച്ചിടട്ടെ, പക്ഷെ
അക്ഷരം പൂജിക്കുമ്പോൾ ആയുധം വേണ്ടേ വേണ്ട. 


2012, ഒക്‌ടോബർ 12, വെള്ളിയാഴ്‌ച

ജവാന്റെ ഓണം
പണ്ടൊരു യക്ഷന്റെ മാനസവേദന
പങ്കിട്ട മേഘമേ ! നീയറിഞ്ഞീടുമോ
മൂകസന്ദേശം കുറിക്കുമെന്നോർമ്മതൻ
രൂപവും നാദവും താളലയങ്ങളും

മഞ്ഞലയ്ക്കുള്ളിൽ തളരാതെ, വീശുന്ന
മഞ്ഞുവാതത്തിൽ മരവിച്ചു പോവാതെ
ഈ ഹിമശൈലശൃംഗത്തിലെൻ ചേതന
ചൂടിനായ്‌ നിത്യസ്മൃതിയെ പുണർന്നുപോയ്‌ !

കാക്കിയുടുപ്പിന്റെ കീശയിലോമലിൻ
കാത്തിരിപ്പിൻ നെടുവീർപ്പുകൾ ചേർക്കവെ,
കത്തല്ല; മുന്നിൽ നിൻ ചിത്രമാണോമനെ
ചിത്രവുമല്ല ചലിക്കുന്ന രൂപമാം

കാഞ്ചി വലിച്ചു തഴമ്പിച്ച കൈവിരൽ-
ത്തുമ്പാലെടുത്തു ഞാൻ കത്തു നിവർത്തവെ
നിൻ ചുണ്ടനങ്ങിയോ, കേട്ടുവോ നേർത്തൊരു
മന്ദ്രണമാത്മവിപഞ്ചിയിലൂടെ ഞാൻ

"നാഥാ ! വരുന്നു തിരുവോണ, മങ്ങയ്ക്കു
നേരട്ടെ നന്മകൾ ഞാനുമെന്നുണ്ണിയും
ഉണ്ണിതന്നാദ്യത്തെയോണമാണങ്ങത-
ന്നുള്ളിലീ ചിന്തകൾ വല്ലതും കാണുമോ ?

ഒന്നു കണ്ടീടാൻ കൊതിക്കുന്നു മാനസം
പൊന്നുമോനങ്ങതൻ രൂപമെന്നാകിലും
(ആറേഴു കൊല്ലം ഭജിച്ചും ജപിച്ചുമാ-
ണീ ദിവ്യസമ്പത്തു കൈവന്ന തെങ്കിലും)

നിൽക്കാത്ത പേമാരി നാട്ടിൽ, മനുഷ്യരും
നാൽക്കാലിയും ചത്തു തോട്ടിലൊഴുകുന്നു
വീടിന്നടുക്കള ചാഞ്ഞു, മോന്തായത്തി-
ലോടുതകർന്നു മുഴുക്കെ പ്രളയമായ്‌

കാറ്റിൽ നിലം പൊത്തി വീണുപോയ്‌ തെങ്ങുകൾ
ഏത്തക്കുലവാഴയൊക്കെയൊടിഞ്ഞുപോയ്‌
ഏക്കമാണമ്മയ്ക്കു വീണ്ടുമീ വാവിന്റെ-
നീക്കം കഴിവോളമൊക്കെയും ദുസ്സഹം

ഓണം വരികയാണെങ്കിലുമങ്ങയെ-
ക്കാണും ദിനമാണെനിക്കു തിരുവോണം
എന്നു വരും ? എന്തു സമ്മാനമേകിടും
പൊന്നോമനയ്ക്കുമെനിക്കുമീയോണനാൾ ?"

അന്തിമയങ്ങി ഇരുട്ടിന്റെ കൈകളിൽ
സന്ധ്യ വിയർത്തു തളർന്നു മയങ്ങവെ,
നൊന്തിടുമെന്നന്തരംഗത്തുടിപ്പിന്റെ
മുന്തിരിമുത്തം തരട്ടെ സമ്മാനമായ്‌ !2012, ഒക്‌ടോബർ 9, ചൊവ്വാഴ്ച

രാഗബ്രഹ്മം
"ഞാനിവൾക്കച്ഛൻ
എന്റെ സൃഷ്ടിയാണിവൾ
കൊച്ചു കാൽത്തള കിലുക്കിയീ
മുറ്റത്തും മുറിയിലും
ശ്രുതിയും ലയവുമായ്‌
നിറച്ചൂ നാദബ്രഹ്മം,
കണ്ണിലോ നീലാഞ്ജനം !
ഓമനേ വളർന്നൂ നീ, യൗവ്വനം
നിന്മേനിയിൽ പൂവിട്ടൂ,
വികസിച്ചൂ, വിടർന്നൂ
പ്രണയത്തിൻ മാദകഗന്ധം വീശി
യുന്മത്തനാക്കുന്നെന്നെ,
സൃഷ്ടിച്ച പിതാവിനെ.
കൊതിച്ചൂ നുകരുവാൻ
നിന്നിലെ കന്യാത്വത്തെ-
അടുത്തുചേർത്തത്തളിർച്ചുണ്ടുകൾ മുകരുവാൻ
നിന്റെ മാറിലെ കൂമ്പിനിൽക്കുന്ന
കുവലയച്ചെണ്ടുകൾ തഴുകുവാൻ,
പിന്നെ ഹാ! രതിസുഖമെമ്പാടു-
മനുഭവിച്ചീടുവാൻ വീണ്ടും വീണ്ടും
പാപമീയഗമ്യമാം ഗമനം
പിതൃപുത്രീ രാഗമോർക്കുകിൽ
തെറ്റെന്നോതുന്നു പ്രപഞ്ചവും
നീയൊരു തരുണിയായ്‌
മത്തനാക്കീടുന്നെന്റെ കാമന
കാമാഗ്നിയിലെരിയിച്ചീടുന്നല്ലോ
മകളേ ! വരികെന്റെയങ്കത്തടത്തിൽ
കൊച്ചു മകളേപ്പോലെയല്ല,
പ്രാണപ്രേയസിപോലെ
പാപമെന്തിതിൽ
ജീവജാലങ്ങൾക്കിണചേരാൻ
ബന്ധങ്ങളൊരിക്കലും
ബന്ധനമായിക്കൂടാ
ചൊല്ലട്ടെ ലോകമെന്തും
 നീയെന്റെ പ്രിയപത്നി
എല്ലാമേ മായം
പ്രേമമൊന്നുതാൻ സത്യം പ്രിയേ......."

ബ്രഹ്മാവിൻ വാക്കു കേട്ടു
മൂക്കത്തു വിരലുമായ്‌
നിന്നുപോയ്‌ സരസ്വതി, വിഷ്ണുവും,മഹേശനും


2012, ഒക്‌ടോബർ 7, ഞായറാഴ്‌ച

കുടുംബസംഗമം
പത്രം നിവർത്തിയാൽ മിക്ക ദിവസവും കാണുന്ന ഒരു വാർത്തയുണ്ട്‌. കുടുംബസംഗമം. അതോടൊപ്പം കുഞ്ഞുകുട്ടി ആബാലവൃദ്ധം ജനങ്ങളുടെ ഗ്രൂപ്പ്‌ ഫോട്ടോയും. അതു കണ്ടു കൊതി തോന്നിയാണ്‌ ഞങ്ങൾ കുന്നുങ്കീൽ തറവാടുകാർ എന്തായാലും ഒരു കുടുംബസംഗമം സഘടിപ്പിക്കണമെന്ന്‌ തീരുമാനിച്ചത്‌.
ആദ്യമായി തറവാടുകാരുടെ ഒരു പ്രാഥമിക യോഗം വിളിച്ചുകൂട്ടി. 283 തറവാട്‌ അംഗങ്ങളെ ക്ഷണിച്ചിരുന്നെങ്കിലും എത്തിച്ചേർന്നവർ 28 പേർ. അതിൽനിന്ന്‌ പ്രസിഡണ്ടായി ചന്തുക്കുട്ടി മാസ്റ്റർ, സെക്രട്ടറിയായി കെ.പി.കെ.കോപ്പാലം, ട്രഷററായി സത്യവതി ടീച്ചർ (റിട്ട.ഹെഡ്‌ മിസ്റ്റ്‌റസ്സ്‌) എന്നിവരെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു.
ട്രഷറർ സ്ഥാനത്ത്‌ വരാൻ പലരും തയ്യാറായിരുന്നുവെങ്കിലും സത്യസന്ധത മാനിച്ചാണ്‌ സത്യവതി ടീച്ചറെത്തന്നെ തിരഞ്ഞെടുത്തത്‌. അതെന്തെന്നല്ലേ ?
പതിവുപോലെ ലാസ്റ്റ്‌ ബെല്ലടിച്ചപ്പോൾ പുളിമൂട്‌ യു.പി.സ്കൂളിൽനിന്ന്‌ കുട്ടികളെല്ലാം മരണച്ചാട്ടം ചാടി വീട്ടിലേക്ക്‌ കുതിക്കുകയായിരുന്നു ഒരു ദിവസം.
VII. B.  യുടെ വാതിൽക്കൽനിന്ന്‌ സത്യവതി ടീച്ചർക്ക്‌ ഒരു സ്വർണ്ണമാല വീണുകിട്ടി. ടീച്ചർ അതെടുത്തു കൈവെള്ളയിൽ തൂക്കിനോക്കി. ഏകദേശം തൂക്കം ഒന്നര-രണ്ടു പവനോളം വരും. നല്ല ഭംഗിയുള്ള ഡിസൈൻ. കടലാസിൽ പൊതിഞ്ഞു ഭദ്രമായി ബേഗിൽ വെച്ചു. പിറ്റേന്ന്‌ സ്കൂൾ അസംബ്ലിയിൽവെച്ച്‌ ആരുടെയെങ്കിലും മാല കളഞ്ഞുപോയിട്ടുണ്ടോ ഉണ്ടെങ്കിൽ
എച്ച്‌.എം.ന്റെ റൂമിൽവന്ന്‌ വാങ്ങണമെന്ന്‌ ഉത്തരവിട്ടു.
അസംബ്ലി കഴിഞ്ഞപ്പോൾ എച്ച്‌.എം.ന്റെ റൂമിനുപുറത്ത്‌ സത്യസന്ധരായ നാല്‌ സാവിത്രിമാർ മാലയുടെ ഉടമസ്ഥാവകാശവുമായി വന്നുനിൽക്കുന്നു. ഓരോ കുട്ടിയും മാലയുടെ ഡിസൈൻ തൂക്കം തുടങ്ങിയ വിവരങ്ങൾ സത്യവതി ടീച്ചറുടെ മുമ്പാകെ വിനയപുരസ്സരം അവതരിപ്പിച്ചു. യഥാർത്ഥ ഉടമയെ ടീച്ചർ മനസ്സിലാക്കിയശേഷം കള്ളം പറഞ്ഞ മൂന്നു വിദ്യാർത്ഥിനികളുടെയും നെറ്റിയിൽ "മാല കിട്ടാൻ ഞാൻ കള്ളം പറഞ്ഞു" എന്ന്‌ വലിയ അക്ഷരത്തിൽ കാർഡ്‌`ബോഡ്‌ കഷണത്തിലെഴുതിയ നെറ്റിപ്പട്ടം കെട്ടി ഓരോ ക്ലാസ്സിലൂടെയും അവരെ നടത്തി പ്രദർശ്ശിപ്പിച്ചു.
മാലയുടെ ഉടമയായ കുട്ടിയോട്‌ രക്ഷിതാവിനെകൂട്ടി വന്നാലെ മാല തരാൻ പറ്റൂ എന്നും പറഞ്ഞു. അടുത്ത ദിവസം കുട്ടി അച്ഛനെയും കൂട്ടി വന്നു.
"എന്തിനാണ്‌ കുട്ടിയെ സ്വർണ്ണാഭരണം അണിയിച്ച്‌ സ്കൂളിൽ വിടുന്നത്‌. അത്‌ നഷ്ടപ്പെട്ടാലോ? സ്വർണ്ണത്തിന്റെ വില ഇപ്പോൾ എത്രയാണെന്ന്‌ നിങ്ങൾക്കറിയാമോ? ഇത്‌ ഞാനെടുത്ത്‌ മിണ്ടാതിരുന്നാലോ"
സത്യവതി ടീച്ചർ മാല ഉള്ളംകയ്യിലിട്ട്‌ കുലുക്കി കാണിച്ചുകൊടുത്തുകൊണ്ടു ചോദിച്ചു.
"അയ്യോ ടീച്ചർ അതു സ്വർണ്ണമല്ല. മുക്കു മാലയാ. സ്വർണ്ണം പൂശിയതാ......"
കുട്ടിയുടെ അച്ഛന്റെ മറുപടി.
ടീച്ചർ ഒന്നു ചമ്മി. പിന്നെ ജാള്യത മറയ്ക്കാനുള്ള ശ്രമമായി.
"ങ്‌ഹും. ങ്‌ഹും. ഇതാ മാല കൊണ്ടുപോയ്ക്കോ. മോളുടെ പഠിപ്പൊക്കെ മോശമാ... അതു പറയാൻ കൂടിയാണ്‌ വിളിപ്പിച്ചത്‌. ട്യൂഷന്‌ വിടണം"
ഇത്രയും സത്യസന്ധതയുള്ള സത്യവതി ടീച്ചർ തന്നെയല്ലേ ട്രഷറർ പദവിക്ക്‌ ഏറ്റവും അനുയോജ്യ.?
ഏതാനും ദിവസങ്ങൾക്കകം കമ്മിറ്റികൾ രൂപവൽക്കരിച്ചു.
സ്വാഗതസംഘം കൺവീനറായി- പുളീര കീഴിൽ രാഘവൻ.
 ഫൈനാൻസ്‌ കമ്മിറ്റി കൺവീനറായി - കുട്ടിരാമൻ വട്ടിപ്രം.
പ്രോഗ്രാം കമ്മിറ്റി കൺവീനറായി - ഈയുള്ളവൻ.
ഫുഡ്‌ കമ്മിറ്റി കൺവീനറായി - ലംബോദരൻ മാളത്തിൽ.
 സ്റ്റേജ്‌ ലൈറ്റ്‌ സൗൺഡ്‌ വീഡിയോ മീഡിയാ പബ്ലിസിറ്റി കൺവീനറായി - ഭാർഗവൻ വേറ്റുമ്മൽ എന്നിവരേയും സഹവകുപ്പു മേധാവികളെയും മെമ്പർമാരെയും ബാക്കിയുള്ളവരെയും തിരഞ്ഞെടുത്തു.
ജ്യോത്സ്യരെകണ്ടു കുടുംബസംഗമത്തിനുള്ള മുഹൂർത്തം കുറിച്ചു. ഒക്ടോബർ 7 ഞായർ രാവിലെ 9 മണി.
ഉദ്‌ഘാടകനായി ജില്ലാ ഡെപ്യൂട്ടി കലക്റ്ററെയും മുഖ്യ പ്രഭാഷകനായി കാഥികൻ കെ.എം.കെ.കുഴിമാടത്തിനെയും ക്ഷണിക്കാൻ തീരുമാനിച്ചു. ഉടനെ മോബേലിൽ വിളിച്ചു ഡെയ്റ്റ്‌ വാങ്ങി സാന്നിദ്ധ്യം ഉറപ്പുവരുത്തി. അഥവാ അവർക്ക്‌ ആ ദിവസം എന്തെങ്കിലുംവിഷമം അവിചാരിതമായി വരികയാണെങ്കിൽ സ്റ്റാൻഡ്‌ബൈ ഉദ്‌ഘാടകനായി പഞ്ചായത്ത്‌
സെക്രട്ടറി കുമാരനെയും മുഖ്യപ്രഭാഷകനായി റിട്ടേഡ്‌ ഹെഡ്‌മാസ്റ്റർ കൃഷ്ണപൊതുവാളെയും കണ്ടുവെച്ചു.
പരിപാടി നടത്തണമെങ്കിൽ ചുരുങ്ങിയത്‌ രണ്ട്‌ ലക്ഷമെങ്കിലും വേണ്ടിവരുമെന്നായിരുന്നു. നിഗമനം.
കുറെ പരസ്യം പിടിച്ച്‌ ഒരു കുന്നുങ്കീൽ തറവാട്‌ സുവനീർ ഇറക്കിയാലോ എന്ന അഭിപ്രായം കെട്ട്‌പ്രായം കഴിഞ്ഞ കുമാരിമാർ നളിനാക്ഷിയും ഭാരതിയും അവതരിപ്പിച്ചു.
"ആര്‌ തരും പരസ്യം? ആര്‌ പോകും പരസ്യ ഭിക്ഷാടനത്തിന്‌? എന്റെ കൂടെ വരാൻ നിങ്ങൾ രണ്ടുപേരും തയ്യാറാണോ?"
ഫൈനാൻസ്‌ കമ്മിറ്റി കൺവീനർ കുട്ടിരാമൻ ചോദിച്ചു.
തറവാടിന്റെ ചരിത്രവും, ഐതിഹ്യവും, കുലദേവതാ പുരാണവും പ്രതിപാദിക്കുന്ന, തറവാട്‌ അംഗങ്ങളുടെ പേര്‌ വിവരം ആൽഫബെറ്റിക്കൽ സീക്വൻസിൽ അടങ്ങുന്ന ഒരു ഡയറക്റ്ററി റഫറൻസ്‌ ഗ്രന്ഥം പ്രസിദ്ധീകരിച്ച്‌ വിറ്റാൽ നല്ല കലക്ഷൻ കിട്ടും എന്ന അഭിപ്രായവും ഉയർന്നു. കോപ്പി ഒന്നുക്ക്‌ നൂറുരൂപാവെച്ചു വിറ്റാൽ മതി. 500 കോപ്പി വിറ്റാൽ തന്നെ 50,000 നിഷ്പ്രയാസം ലഭിക്കുമെന്ന്‌ കണക്കുകൂട്ടൽ.
ആ കാര്യം കമ്മിറ്റി അംഗീകരിച്ചു. പുസ്തകമെഴുതാൻ തറവാടിലെ ആസ്ഥാന കവിയും സാഹിത്യകാരനുമായ മാധവൻ ഗുമസ്തനെ ഏൽപിക്കുകയും ചെയ്തു.
പ്രോഗ്രാം കൺവീനർ എന്ന് കുരിശ്‌ തലയിലേറ്റിയ ഞാൻ കലാപരിപാടികൾ അവതരിപ്പിക്കാൻ താൽപര്യമില്ലാത്ത കുടുംബാംഗങ്ങളെയാണ്‌ ആദ്യം അന്വേഷിച്ചത്‌. ഈശ്വരകൃപയാൽ അങ്ങിനെയൊന്നുണ്ടായില്ല. എല്ലാവരുടെയും അവതരിപ്പിക്കുന്ന ഇനവും പേരുവിവരവും കുറിച്ചെടുത്തു.
അത്‌ മൊത്തം ഇങ്ങിനെ വരും. പ്രാർത്ഥന - 7 പേർ. കവിതാലാപനം - 11, ലളിതഗാനം - 8, മൊണോ‍ാക്റ്റ്‌ - 6, മിമിക്രി - 9, കഥാപ്രസംഗം - 5, ഓട്ടൻതുള്ളൽ - 4, സിനിമാറ്റിക്ക്‌ ഡാൻസ്‌ - 6, തിരുവാതിരക്കളി - 3, ഭരതനാട്യം - 10, മോഹിനിയാട്ടം - 7. കുച്ചുപ്പുഡി - 6 .ഇതൊക്കെ വേദിയിൽ അവതരിപ്പിക്കണമെങ്കിൽ ദിവസങ്ങളോളം പരിപാടി നടത്തേണ്ടിവരും. ഒടുവിൽ ടൈം സ്ലോട്ട്‌ ഇട്ട്‌ രണ്ട്‌ മണിക്കൂർ കൊണ്ടു തീരത്തക്കവിധത്തിൽ കലാപരിപാടികൾ ആസൂത്രണം ചെയ്തു.
ബാങ്ക്‌ ലോൺ എടുത്ത്‌ സാമ്പത്തികം ഒപ്പിക്കാൻ നിശ്ചയിച്ചു.
നോട്ടീസ്‌ അടിച്ചു. ബാനർ കെട്ടി. പത്രസമ്മേളനം വിളിച്ചുകൂട്ടി. കേബിൾ ടി വി യിൽ പരസ്യം നൽകി. മാധവൻ ഗുമസ്തന്റെ 'കുന്നുങ്കീൽ തറവാട്‌ മാഹാത്മ്യം' എന്ന ഗ്രന്ഥം അച്ചടിച്ചുവന്നു. പ്രകാശനകർമ്മം കുടുംബസംഗമവേദിയിൽ വെച്ച്‌. റവ.ഫാദർ.തോമാസ്‌ വർഗീസ്‌ ചട്ടുകപ്പാറ. ആദ്യപ്രതി ഏറ്റുവാങ്ങുന്നത്‌ ജനാബ്‌ മൗലാന ഉസ്മാൻ ഹാജി സാഹബ്‌. മതമൈത്രി ഊട്ടിയുറപ്പിക്കുന്ന കുടുംബസംഗമവേദി കണ്ട്‌ മഹാത്മജി ഹർഷാശ്രുബിന്ദുക്കൾ തൂകിയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.
സംഗമവേദിയായി സത്യവതി ടീച്ചറുടെ പുളിമൂട്‌ സ്കൂൾ അങ്കണം. സമയം രാവിലെ ഒൻപതു മുതൽ ഒരുമണി വരെ.. 10.30 ന്‌ ചായ വിത്ത്‌ ആൻഡ്‌ വിത്തൗട്ട്‌ സ്നാക്ക്‌. ഒരുമണിക്ക്‌ വിഭവ സമൃദ്ധമായ സദ്യ. കോമളവിലാസം ഹോട്ടലിൽ ഏർപ്പാട്‌ ചെയ്തത്‌. ഫുഡ്‌ കമ്മിറ്റി ഒരിലയ്ക്ക്‌ 60 രൂപാ നിരക്കിൽ ഉറപ്പിച്ച്‌ മെനു. നല്ല സൂപ്പർ വെള്ള കുറുവ അരിയുടെ ചോറ്‌, സാമ്പാർ, കുറുക്ക്‌ കാളൻ, കൂട്ടുകറി, അവിയൽ, ഓലൻ, പച്ചടി, തോരൻ, നാരങ്ങാക്കറി, ഇഞ്ചിക്കറി, വറുത്തുപ്പേരി രണ്ടുതരം, പപ്പടം, പഴം, അടപ്രഥമൻ, പിന്നെ യഥേഷ്ടം മോര്‌, രസം, വെള്ളം. പരിപ്പും നെയ്യും വേണ്ടെന്നു തീരുമാനിച്ചു.
അങ്ങിനെ ഒക്ടോബർ 7 എന്ന പുണ്യ ദിനം മിഴിതുറന്നു. കുന്നുങ്കീൽ തറവാട്‌ കുടുംബസംഗമം ഒരു ചരിത്രസംഭവംതന്നെയാവാൻ പോകയാണ്‌. സദസ്സ്‌ നിറഞ്ഞുകവിഞ്ഞു. പരിചിതവും അല്ലാത്തതുമായ നിരവധി മുഖങ്ങൾ. ഇവരൊക്കെ കുന്നുങ്കീൽ തറവാടുകാർ തന്നെയോ ? അലങ്കരിച്ച വേദി വിശിഷ്ടവ്യക്തികൾക്കായി കാത്തിരിക്കുന്നു.
സമയം 9 മണി. വേദിയിൽ അദ്ധ്യക്ഷൻ ചന്തുക്കുട്ടി മാസ്റ്റർ, റവ.ഫാദർ.തോമാസ്‌ വർഗീസ്‌ ചട്ടുകപ്പാറ, ജനാബ്‌ മൗലാന ഉസ്മാൻ ഹാജി സാഹബ്‌ എന്നിവർ ഉപവിഷ്ടരായിരിക്കുന്നു. ഉദ്ഘാടകനും മുഖ്യ പ്രഭാഷകനും എത്തിയിട്ടില്ല. ജില്ലാ ഡെപ്യൂട്ടി കലക്റ്റർ അത്യാവശ്യമായി പുറത്തു പോയതാണ്‌ ഏതു നിമിഷവും എത്തിച്ചേർന്നേക്കാം. മുഖ്യ പ്രഭാഷകനായ കാഥികൾ കെ.എം.കെ.കുഴിമാടത്തിന്‌ ലൂസ്‌ മോഷ്യൻ കാരണം വരാൻ പറ്റുകയില്ല എന്ന സന്ദേശം ലഭിച്ചു. പഞ്ചായത്ത്‌ സെക്രട്ടറി പനി ബാധിച്ച്‌ കിടപ്പിലാണ്‌. വടിയും കുത്തിപ്പിടിച്ചുകൊണ്ട്‌ അപ്പോഴാണ്‌ റിട്ട.ഹെഡ്‌ മാസ്റ്റർ കൃഷ്ണ പൊതുവാൾ രംഗപ്രവേശം ചെയ്തത്‌. അദ്ദേഹത്തെ സ്വീകരിച്ച്‌ വേദിയിൽ ഉപവിഷ്ടനാക്കി. ഡെപ്യ്യൂട്ടി കലക്ടരെ കാത്ത്‌ ക്ഷമയുടെ നെല്ലിപ്പടി കണ്ടതുകൊണ്ടാവാം ഒടുവിൽ 11 മണിയോടെ പ്രസിഡന്റ്‌ ചന്തുക്കുട്ടി മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു. സ്കൂൾ അങ്കണവും വറാന്തയും നിറഞ്ഞുകവിഞ്ഞു. ഇടക്ക്‌ വീശിയടിക്കുന്ന ചുടുകാറ്റിൽ സാമ്പാറിന്റെയും വറവിന്റേയും മണം വായിൽ വെള്ളമൂറിച്ചു. പുസ്തകപ്രകാശന കർമ്മത്തിനു ശേഷം റിട്ടേഡ്‌ ഹെഡ്‌ മാസ്റ്റർ കൃഷ്ണ പൊതുവാൾ മുഖ്യ പ്രഭാഷണം തുടങ്ങി. ഉച്ചഭാഷിണി ഇല്ലാതെതന്നെ അദ്ദേഹത്തിന്റെ ഭാഷണം സ്കൂൾ മുഴുവൻ മുഴങ്ങിക്കേൾക്കുമായിരുന്നു.
'കൂടുമ്പോൾ ഇമ്പമുള്ളത്‌ കുടുംബം' എന്ന്‌ തുടങ്ങിയ കൃഷ്ണ പൊതുവാൾ മാഷിന്റെ പ്രസംഗം ശ്രീഹരിക്കോട്ടയിൽനിന്ന്‌ വിട്ട S.L.V. റോക്കറ്റ്‌ പോലെ കത്തിക്കയറി. സമയം 12 കഴിഞ്ഞു. പ്രസംഗം തീരുന്ന യാതൊരു ലക്ഷണവും കാണായ്കയാൽ അദ്ധ്യക്ഷൻ ഒരു കടലാസ്‌ തുണ്ടിൽ കുറിപ്പെഴുതി പൊതുവാൾ മാഷ്‌ക്ക്‌ സമർപ്പിച്ചു. കൃത്യം 12.45 ന്‌ എല്ലാവരെയും ഉറക്കത്തിലും, മടുപ്പിലും, കോട്ടുവായിലും, വിശപ്പിലും മുക്കിയ പ്രഭാഷണം അവസാനിച്ചു.
അടുത്തത്‌ കലാപരിപാടികളാണ്‌.
ആദ്യമായി ഐഡിയാ സ്റ്റാർ സിംഗർ ഓഡിഷ്യൻ ഫെയിം രൂപേഷ്‌ കുമാർ കരോക്കെ അകമ്പടിയോടെ 'അമ്മായി ചുട്ടത്‌ മരുമോന്‌ക്ക്‌' എന്ന കേരളഗാനം ആലപിച്ചു. പിന്നീട്‌ 'മന്മഥ രാജാ...' എന്ന ക്ലാസിക്കൽ ഡാൻസ്‌ കുമാരിമാർ സരിതയും ഉണ്ണിയാർച്ചയും ചേർന്ന്` അവതരിപ്പിച്ചു. അതിനുശേഷം 'നോക്കെടാ നമ്മൾക്കു മാർക്കു കുറക്കുന്ന മർക്കടാ നീയങ്ങു മാറിക്കിടാ ശഠാ' എന്ന ഓട്ടൻതുള്ളൽ മാസ്റ്റർ ബാലഗോകുലൻ കുഞ്ഞമ്പു തന്റെ റൺജമ്പായി അവതരിപ്പിച്ചത്‌ അദ്ധ്യാപകരൊഴിച്ച്‌ എല്ലാവരുടെയും കയ്യടി വാങ്ങി. ഇത്രയുമായപ്പോൾതന്നെ വിശപ്പിന്റെ വിളിയാൽ പലരും ഭക്ഷണ ഹാളിലേക്ക്‌ നീങ്ങിത്തുടങ്ങി. കലാപരിപാടികൾ അങ്ങിനെ നിർത്താൻ പറ്റില്ലല്ലോ.
അടുത്തതായി പ്രേമരാജൻ മാസ്റ്റരുടെ ചാല ഗേസ്‌ ദുരന്തത്തെപ്പറ്റിയുള്ള കവിതാലാപനമാണ്‌.
"ഹേ ചാലേ ! നീയൊരഗ്നിഗോളമായുയരുന്നല്ലോ
കരിയുന്നല്ലോ, പുകയുന്നല്ലോ, ഞാൻ കരയുന്നല്ലോ"
എന്ന സ്വന്തം കവിത അദ്ദേഹം കരഞ്ഞുകൊണ്ടുതന്നെ 'യമവാഹനസോദരി രാഗ'ത്തിൽ വേദിയിൽ വയലിനിന്റെ അകമ്പടിയോടെ അവതരിപ്പിച്ചപ്പോൾ ശ്രോതാക്കൾ അക്ഷരാർത്ഥത്തിൽ കരയുകയും വയർ ഒന്നുകൂടി കരിയുകയും ചെയ്തു. പലരും കൂട്ടത്തോടെ എഴുന്നേറ്റുപോകുന്നതും കണ്ടു.
ചുരുക്കത്തിൽ കലാപരിപാടികളൊക്കെ തീർന്ന്‌ പങ്കെടുത്ത കലാകാരന്മാർക്കുള്ള സമ്മാനവിതരണം കൂടി കഴിഞ്ഞപ്പോൾ സമയം 3 മണി. സദസ്സിൽ വാടക സാധനക്കാർ മാത്രം.
പൈദാഹ വിവശരായ ഞങ്ങൾ ഭക്ഷണശാലയിലേക്ക്‌ കുതിച്ചു. എന്നോടൊപ്പം എന്നെ കാത്ത്‌ വിശന്നു തളർന്ന എന്റെ കുടുംബാംഗങ്ങളും. ഭക്ഷണശാല ശൂന്യം,, പാവനം, പവിത്രം. ഒന്നുരണ്ടു കലാകാരന്മാർ ബ്രെഡ്ഡ്‌ നാരങ്ങാക്കറിയിൽ മുക്കി ശാപ്പിടുന്നു. ചിലർ പാത്രം കഴുകി വെക്കുന്നു. 500 പേർക്ക്‌ ഒരുക്കിയ സദ്യ. ഉണ്ടവർ 650. ഒന്നും ബാക്കിയില്ല.
നഷ്ടസദ്യയെ ഓർത്തുകോണ്ടു അടുത്തുള്ള ലിന്റാസ്‌ ഹോട്ടലിലേക്ക്‌ പതിയെ ഞങ്ങൾ കയറി. അവിടെ ഞാൻ മാധവൻ ഗുമസ്തനെ കണ്ടുമുട്ടി. ആയിരം കോപ്പി പ്രിന്റ്‌ ചെയ്ത 'കുന്നുങ്കീൽ തറവാട്‌ മാഹാത്മ്യം' വിറ്റത്‌ 45 കോപ്പികൾ മാത്രം എന്ന്‌ അദ്ദേഹം എന്റെ ചെവിയിൽ മന്ത്രിച്ചു.

സമയം 3 മണി കഴിഞ്ഞതുകൊണ്ട്‌ ചിക്കൻ ബിരിയാണി മാത്രമെ ഹോട്ടലിൽ ഉണ്ടായിരുന്നുള്ളു. സസ്യഭുക്കുകളായ ഞങ്ങൾ പുറത്തിറങ്ങി. അടുത്തുകണ്ട ഫ്രൂട്ട്‌ കടയിൽനിന്ന്‌ അരക്കിലോ മൈസൂർ പഴം വാങ്ങി തൽക്കാലം വിശപ്പിന്‌ ആശ്വാസം കണ്ടെത്തി.
"അച്ഛാ ! അടുത്ത കൊല്ലവും കുടുംബസംഗമം ഉണ്ടാവുമോ?"
എന്റെ ഇളയമകൾ നബിതയുടെ ചോദ്യത്തിനു മുന്നിൽ ഞാൻ പരുങ്ങി.2012, ഒക്‌ടോബർ 4, വ്യാഴാഴ്‌ച

പറശ്ശിനിക്കടവ്‌ മുത്തപ്പൻ
ജാതിമതങ്ങൾക്കതീതമായ്‌, മർത്ത്യന്റെ-
നീതിബോധങ്ങൾക്കു താങ്ങും തണലുമായ്‌
നിർദ്ധനന്നും ധനികന്നുമൊരുപോലെ
നിത്യമാം പുണ്യം പകരുന്ന മുത്തപ്പാ !

നിൻ തിരുമുറ്റത്തണയുവാൻ വെമ്പുമെൻ
ചിന്തകൾ, തെച്ചി-തുളസീമലരുകൾ
തോളോടുതോൾ ചേർന്നിരുന്നു നുകരുന്നി-
തേവരും നിൻ മാനവൈക്യപ്രസാദങ്ങൾ
 
നിന്മുന്നിൽ സർവ്വജ്നനും സാരമേയവു-
മൊന്നുപോൽ പ്രീതരായ്‌ മേവുന്നു ചുറ്റിലും
സത്യം ! ജനങ്ങൾക്കു കാണുന്ന ദൈവമായ്‌
നിത്യവും ഭക്തിയായ്‌ നീ വിരാജിക്കുന്നു.

ഇന്നു ഞാൻ കൈകൂപ്പി നിൽക്കുന്നു കേവല-
മൊന്നുമറിയാത്ത പൈതൽപോൽ മുത്തപ്പാ
എന്നെ നയിക്കുക മായാപ്രപഞ്ചമാം
വഹ്നിയും, ദു:ഖക്കടലും കടക്കുവാൻ

ആകെ നരച്ചുള്ളൊരദ്ധ്യാത്മചിന്തതൻ
താടിയ്ക്ക്‌ തീ കൊളുത്തീടുവാനായിതാ
ഓടുന്നു ഭക്തിയും യുക്തിയുമില്ലാത്തോർ
ഓട്ടക്കലങ്ങൾ തിരിച്ചറിയാത്തവർ

മാപ്പു നൽകീടുകവർക്കു നീ ദൈവമേ
കാട്ടുക നിൻ വിളയാട്ടമാം 'വെള്ളാട്ടം'
നിൻ തിരുചൈതന്യമാം തിരുവപ്പന
സന്തതം സായൂജ്യമേവർക്കുമേകട്ടെ !

2012, ഒക്‌ടോബർ 3, ബുധനാഴ്‌ച

അഹല്യ
രാത്രിയിലെ ആലസ്യത്തിൽ
എന്നോട്‌ ചോദിച്ചു അവൾ :
'സമയമെത്രയായി ?'
'അസമയമെന്ന്‌' ഞാൻ
'അസഹനീയം ഈ നാറ്റമെന്ന്‌' അവൾ
'മദ്യം- ദേവപീയൂഷമെന്ന്‌' ഞാൻ
'ദേവേന്ദ്രാ ! സഹസ്രഭഗാ ! സ്ത്രീ ലമ്പടാ !
അൽപം അസുരനാവുക,
ഞാനൊന്നുറങ്ങട്ടെന്ന്‌' അവൾ.
'കോഴി വീണ്ടും കൂകി'യെന്നു ഞാൻ.
'ആ കോഴി കാലൻകോഴി'യെന്ന്‌ അവൾ.
ഫ്രൈ ആക്കിത്തിന്നുമെന്നാക്രോശിച്ച്‌
അവളെ പുണർന്നൂ വീണ്ടും ഞാൻ
'ഗൗതമാ ! വാതിൽക്കൽ കാവൽ നിൽക്കൂ
ആരെയും അകത്തു കയറ്റിവിടാതെ...
ഞാൻ പുറത്തിറങ്ങുവോളം'

2012, സെപ്റ്റംബർ 23, ഞായറാഴ്‌ച

കൊടിമരം
ഇന്ന്‌ ഫെബ്രവരി 13.
പണ്ടേ മനസ്സിൽ പതിഞ്ഞ വിശ്വാസം, 13 അശുഭത്തെ സൂചിപ്പിക്കുന്നു എന്ന്‌. ശരിയാണോ?
സമയം ഉച്ച കഴിഞ്ഞു. 3 മണി. നല്ല ചൂട്‌. വൈദ്യുതി ഇല്ലാത്തതുകൊണ്ട്‌ ഫാൻ   പണിമുടക്കിലാണ്‌. ഇല്ലായ്മയുടേയും മുടക്കിന്റേയും ദിവസങ്ങളാണല്ലോ ഇപ്പോൾ. അൽപം കാറ്റ്‌ തേടി മുറ്റത്ത്‌ ഇറങ്ങി. ഇലകൾപോലും അനങ്ങുന്നില്ല. അപ്പോഴാണ്‌ അടുത്ത വീട്ടിൽനിന്നും ഒരു കൂട്ട നിലവിളി കേട്ടത്‌. ശബ്ദത്തിന്റെ ഉടമകൾ സ്ത്രീകളാണ്‌.
ഞാൻ ഷർട്ട്‌ എടുത്തിട്ട്‌ അയൽപക്കത്തേക്ക്‌ ധൃതിയിൽ നടന്നു. വൃദ്ധയായ നാണിയമ്മയും മകന്റെ ഭാര്യ രോഹിണിയും മത്സരിച്ച്‌ നിലവിളിക്കുകയാണ്‌. എന്നെ കണ്ടപ്പോൾ നിലവിളി ഉച്ചസ്ഥായിയിലായി.മുറ്റത്തുതന്നെ അടുത്ത ടെലിഫോൺ ബൂത്തിൽനിന്ന്‌ വന്ന ഒരു പയ്യൻ നിൽപ്പുണ്ട്‌. അവന്റെ കയ്യിലെ കുറിപ്പിൽ നിന്നും സംഗതി പിടികിട്ടി. നാണിയമ്മയുടെ മകൻ പ്രഭാകരൻ രാവിലെത്തന്നെ ജോലിക്കായി കണ്ണൂരിലേക്ക്‌ പോയതാണ്‌. അത്യാസന്ന നിലയിൽ ഇപ്പോൾ കണ്ണൂർ ഗവൺമന്റ്‌ ആശുപത്രിയിൽ ഐ.സി.യു.വിലാണ്‌.ഉടനെ ബന്ധുക്കൾ എത്തണം എന്നാണ്‌ ബൂത്ത്‌ ഉടമ എഴുതിക്കൊടുത്തിരിക്കുന്നത്‌.
നാണിയമ്മയും മകൻ പ്രഭാകരനും ഭാര്യ രോഹിണിയുമടങ്ങുന്നതാണ്‌ ആ കൊച്ചുകുടുംബം. പ്രഭാകരൻ സർക്കാർ ഓഫീസിൽ ഗുമസ്തനാണ്‌. രോഹിണി വീട്ടമ്മ കൂടാതെ 6 മാസം ഗർഭിണിയും.
എന്തു സഹായത്തിനും ഓടിയെത്തുക എന്റെ വീട്ടിലേക്കാണ്‌.
"നമക്ക്‌ കണ്ണൂര്‌ ആശുപത്രീല്‌ പോവ്വാ വാസ്വേട്ടാ" രോഹിണി ദയനീയമായി എന്നെ നോക്കി അപേക്ഷിച്ചു.. നല്ല അയൽവാസിയായ ഞാൻ സമ്മതിച്ചു.
നാണിയമ്മയെ ആശ്വസിപ്പിച്ചശേഷം ഞാനും രോഹിണിയും പുറപ്പെട്ടു. ഫ്ലാസ്ക്‌,ടിഫിൻ പാത്രം, പ്ലാസ്റ്റിക്ക്‌കുപ്പി, കുറച്ചു വസ്ത്രം എന്നിവ രോഹിണി ഒരു ബേഗിൽ കൂടെ എടുത്തു. പെരളശ്ശേരിയിൽനിന്ന്‌ ഭാഗ്യത്തിന്‌ ഒരു ലിമിറ്റഡ്‌ സ്റ്റോപ്പ്‌ ബസ്സ്‌ കിട്ടി. രോഹിണിക്ക്‌ ഇരിക്കാൻ ഒരു സ്ത്രീ അൽപം ഇടം കൊടുത്തു. ഞാൻ കമ്പിയിൽ തൂങ്ങിനിന്നു.
യാത്രയിൽ ഞാൻ പ്രഭാകരനെപ്പറ്റി ചിന്തിച്ചു. അധികം സംസാരിക്കാത്ത താടിക്കാരനായ ആ നല്ല മനുഷ്യൻ സർക്കാർ ഗുമസ്തനുപരി അൽപം സാഹിത്യകാരൻ കൂടിയായിരുന്നു.
ആറടി പൊക്കം, വെളുത്തു മെലിഞ്ഞ ശരീരം. ആരെയും ആകർഷിക്കുന്ന പുഞ്ചിരി. എഴുതുന്ന സൃഷ്ടികൾ എന്നെ കാണിച്ച്‌ അഭിപ്രായം ചോദിക്കും. തെറ്റുകൾ തിരുത്താൻ ആവശ്യപ്പെടും. രണ്ടുമൂന്നു കവിതകൾ വാരികയിൽ അച്ചടിച്ചുവന്നിട്ടുണ്ട്‌.
നാണിയമ്മയ്ക്ക്‌ സ്ഥിരം നടുവേദനയാണ്‌.. നാലഞ്ചു കൊല്ലമായി നമ്പീശൻ വൈദ്യരുടെ ചികിത്സയിലാണ്‌.
"എങ്ങിനെയുണ്ട്‌ നാണിയമ്മേ നടുവേദന...?"
"ഒന്നും പറയേണ്ട മോനെ. ഇരിക്കാനും നിൽക്കാനും പറ്റുന്നില്ലാ.. എല്ലാറ്റിനും ഞാൻ തന്നെ വേണ്ടേ"?
അങ്ങിനെയാണ്‌ 25 പൂർത്തിയായ ദിവസം പ്രഭാകരൻ വിവാഹിതനായത്‌.മുറപ്പെണ്ണ്‌ രോഹിണി ഭാര്യയായി. മുൻപ്‌ മഹിളാപ്രധാൻ ജോലിയുണ്ടായിരുന്നു. അതും പോയി.
ഇപ്പോൾ കുടുംബിനി.
ബസ്സ്‌ താഴെചൊവ്വ ബൈപ്പാസ്സ്‌ തുടങ്ങുന്നേടത്ത്‌ നിന്നു. ട്രാഫിക്ക്‌ ബ്ലോക്കാണ്‌. പാർട്ടിസമ്മേളനത്തിനുള്ള കൊടിമരജാഥ അൽപം മുൻപ്‌ കടന്നുപോയതേയുള്ളൂ.
വെയിലിന്‌ ചൂട്‌ കുറയുന്നു. സമയം 5 മണി കഴിഞ്ഞു. വാഹനങ്ങൾ ഇഴഞ്ഞു മുന്നോട്ട്‌ നീങ്ങാൻ തുടങ്ങി. താഴെചൊവ്വ തെഴുക്കിലെപീടികയിലെത്തിയപ്പോൾ വീണ്ടും ബ്ലോക്ക്‌. വാഹനങ്ങൾ ഇടത്തോട്ട്‌ തിരിഞ്ഞ്‌ ചൊവ്വ സ്പിന്നിംഗ്‌ മില്ല്‌ വഴി കണ്ണൂർ സിറ്റിയിലൂടെ തിരിച്ചുവിടുകയാണ്‌.
ആശ്വാസമായി. ആശ്വാസം പെട്ടെന്നുതന്നെ ദീർഘനിശ്വാസമായി നിന്നു. റെയിൽവെ ഗെയ്റ്റ്‌ അടച്ചിരിക്കുന്നു. ഒരു നീണ്ട ചരക്കുവണ്ടി കുറെ കാത്തിരിപ്പിനുശേഷം കടന്നുപോയി.
ബസ്സ്‌ കുതിച്ചുപായാൻ തുടങ്ങി. ഇടുങ്ങിയ വളഞ്ഞുപുളഞ്ഞ റോഡ്‌. പരിചിതമല്ലാത്ത സ്ഥലങ്ങൾ. കുളിർമയുള്ള കടൽക്കാറ്റ്‌. പെട്ടെന്നാണ്‌ ബസ്സ്‌ ഗവണ്മന്റ്‌ ആശുപത്രിക്ക്‌ മുൻപിലൂടെ കടന്നുപോയത്‌. ഞാൻ ചാടി എഴുന്നേറ്റു. ബസ്സ്‌ നിർത്താൻ അപേക്ഷിച്ചു.
"ഇല്ല. നിർത്താൻ പറ്റില്ല. ഇത്‌ ലിമിറ്റഡ്‌ സ്റ്റോപ്പാ... ഇനി സ്റ്റാന്റിലേ നിർത്തൂ." കണ്ടക്ടരുടെ മറുപടി.
എന്തൊരു കഷ്ടം !.
ആശുപത്രിക്കു പുറപ്പെട്ട ഞങ്ങൾ ആശുപത്രിയുടെ സമീപം ഇറങ്ങാൻ പറ്റാതെ രണ്ടു കിലോമീറ്റർ അപ്പുറത്ത്‌ ഇറങ്ങാൻ നിർബന്ധിതരായിത്തീരുന്നു.. ഞങ്ങളുടെ വിഷമവും പരിഭ്രമവുമൊന്നും കണ്ടക്റ്റരെ സ്വാധീനിച്ചില്ല. ആ മുഖത്ത്‌ ഒരു നിർവ്വികാരത.
"സാരമില്ല. സ്റ്റാന്റിൽ നിന്നും ഒരു ഓട്ടൊ പിടിച്ച്‌ നമുക്ക്‌ ആശുപത്രിക്ക്‌ വരാം"
ഞാൻ രോഹിണിയെ സമാധാനിപ്പിച്ചു.
ബസ്സ്‌ മെയിൻ റോഡിൽനിന്ന്‌ മുൻസിപ്പാൽ ബസ്സ്‌ സ്റ്റാന്റിൽ കയറ്റിയിട്ടു.
ഭാഗ്യത്തിന്‌ ഏതാനും ഓട്ടോറിക്ഷകൾ കാണാനുണ്ട്‌`.
ഏറ്റവും മുൻപിൽ കണ്ട ഓട്ടോയിൽ ഞാനും രോഹിണിയും കയറി ആശുപത്രിക്ക്‌ വിട്ടോ എന്നു പറഞ്ഞു.
"എ.കെ.ജി.യോ ധനലക്ഷ്മിയോ" ഓട്ടോ ഡ്രൈവർ
"ഗവണ്മന്റ്‌ അശുപത്രി"
"താവക്കര അണ്ടർബ്രിഡ്ജ്‌ വഴി മാത്രമെ പോകാൻ പറ്റൂ. അതും കൊടിമരജാഥ കാരണം ട്രാഫിക്ക്‌ ബ്ലോക്ക്‌ ഇല്ലെങ്കിൽ."
ഓട്ടോ മുന്നോട്ടു നീങ്ങി.
കണ്ണൂർ പട്ടണമാകെ ചുവന്നിരിക്കുന്നു.
കൊടിമരജാഥ, ദീപശിഖാജാഥ, സ്വീകരണ സമ്മേളനം.
കാൾടെക്സ്‌ ജംഗ്ഷനിൽ എത്തിയപ്പോൾ താവക്കര റോഡിലൂടെയാണ്‌ ഇപ്പോൾ ജാഥ നീങ്ങുന്നതെന്നു മനസ്സിലായി.
റോഡ്‌ ബ്ലോക്ക്‌. ഇനിയെന്തു വഴി ?
സമയം ആറ്‌ മണി കഴിഞ്ഞിരിക്കുന്നു.
പ്രഭാകരന്റെ ആശുപത്രിയിലെ അവസ്ഥ എന്തായിരിക്കും? എന്താണ്‌ പറ്റിയത്‌ ?
ഒന്നും വ്യക്തമല്ല.
അടുത്തുകണ്ട ട്രാഫിക്ക്‌ പോലീസിനോട്‌` ചോദിച്ചു : ബസ്സ്‌ സ്റ്റാന്റ്‌ അണ്ടർബ്രിഡ്ജ്‌ വഴി പോകാൻ പറ്റുമോ എന്ന്‌.
"ഇപ്പോൾ വിടുന്നുണ്ട്‌" എന്ന്‌ മറുപടി.
ട്രാഫിക്ക്‌ ഐലന്റ്‌ ചുറ്റി പുറപ്പെട്ട ദിശയിലേക്കുതന്നെ ഞങ്ങൾ തിരിച്ചു. ചില വാഹനങ്ങൾ അണ്ടർബ്രിഡ്ജ്‌ കടന്നു പോകുന്നത്‌ ഞങ്ങൾ കണ്ടു. ഞങ്ങളും അവരോടൊപ്പം മുന്നോട്ട്‌ നീങ്ങി.
അണ്ടർബ്രിഡ്ജ്‌ കടന്നു റെയിൽവെ സ്റ്റേഷനടുത്തെത്തി. അപ്പോൾ ജാഥ വരുന്നത്‌ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.
ഇനി മുന്നോട്ട്‌ പോകാൻ പറ്റില്ല.എന്നായി.
"നിങ്ങൾ ഇറങ്ങിക്കോളൂ" ഓട്ടോ ഡ്രൈവർ.
ഞങ്ങൾ താഴെ ഇറങ്ങീ കാശുകൊടുത്തു. അപ്പോഴേക്കും ജാഥ അടുത്തെത്തിക്കഴിഞ്ഞിരുന്നു.
ഞാനും രോഹിണിയും റോഡ്‌ മുറിച്ചുകടന്നു മറുവശത്തെത്തി.
ബേന്റ്‌ വാദ്യം തകൃതിയായിമുഴങ്ങുന്നു. ചുകന്ന പട്ടിൽ പൊതിഞ്ഞ വാഹനത്തിൽ ചുകപ്പു വർണ്ണം പൂശിയ നീണ്ട കൊടിമരം. ലോറിക്കു പുറത്തു നീണ്ടുകിടക്കുന്ന അതിന്റെ പാദം ബന്ധിച്ചിരിക്കുന്നു. അതിന്റെ തലക്കൽ ഒരു ദീപം എരിയുന്നുണ്ട്‌. ചുകന്ന ദീപം.
ഇത്‌ കൊടിമരമോ, പ്രഭാകരനോ ?
കൊടിമരവും ദീപശിഖയുമേന്തിയ ചുകപ്പിൽ മുങ്ങിയ ജാഥ ഞങ്ങളെ തൊട്ടുരുമ്മി കടന്നുപോയി.
റോഡ്‌ ചുകന്നു. കടകൾ ചുകന്നു...
ഞങ്ങൾ രണ്ടുപേരും കൂടുതൽ വെളുത്തു വിളറി.
എങ്ങിനെയാണ്‌ വേഗം ആശുപത്രിയിൽ എത്താൻ പറ്റുക എന്നായിരുന്നു എന്റെ ചിന്ത.
ഓട്ടോ ഡ്രൈവർമാർക്ക്‌ ജാഥ കണ്ട്‌ ആസ്വദിക്കാനായിരുന്നു താൽപര്യം. ആശുപത്രിയിലേക്ക്‌ ട്രിപ്പ്‌ വരാൻ അവരാരും തയ്യാറായില്ല.
"സാരമില്ല. നമുക്ക്‌ വേഗം നടക്കാം" രോഹിണി പറഞ്ഞു.
രോഹിണിയുടെ കയ്യിലെ ബാഗ്‌ ഞാൻ വാങ്ങി. അതിനു കനമുണ്ടായിരുന്നില്ല.
ഞങ്ങൾ നടക്കാൻ തുടങ്ങി. ആശുപത്രിയിലെത്താൻ 20 മിനുട്ട്‌ എടുത്തു.
ഐ. സി. യു.വിന്റെ വാതിൽക്കലെത്തി. പ്രഭാകരനെ ഞങ്ങൾ അന്വേഷിച്ചു.
നഴ്സ്‌ പറഞ്ഞു.
"നിങ്ങൾ അൽപം വൈകിപ്പോയി.
പ്രഭാകരൻ....പോയി.......
ഇപ്പോൾ താഴെ കൊണ്ടുപോയതേയുള്ളു. രണ്ടു കൂട്ടുകാർ കൂടെയുണ്ട്‌.
അവരാ സ്റ്റ്രച്ചർ എടുത്തത്‌.
ജനറൽ വാഡിലാ ബെഡ്ഡ്‌ കിട്ടിയത്‌"
കീശയിൽനിന്ന്‌ കർച്ചീഫെടുത്തു ഞാൻ വിയർപ്പൊപ്പി.
രോഹിണി ഒരു ദീർഘ നിശ്വാസം വിട്ടു. ഞങ്ങൾ ജനറൽ വാഡിലേക്കു നടന്നു.
ജനറൽ വാഡിന്റെ വരാന്തയിൽ വച്ച്‌ പ്രഭാകരന്റെ കൂട്ടുകാരിലൊരാൾ ഞങ്ങളുടെ അടുത്തുവന്നു. ഞങ്ങളെ കൂട്ടി വർഡിനകത്തു പ്രവേശിച്ചു.
വെളിച്ചം കുറഞ്ഞ ഹാൾ.
പടിഞ്ഞാറ്‌ അറബിക്കടലിന്റെ ബേന്റ്‌ വാദ്യം കേൾക്കാമായിരുന്നു.
പെയിന്റ്‌ അടിക്കാത്ത കട്ടിലിൽ,
ചുകന്ന പട്ട്‌ വിരിക്കാത്ത കിടക്കയിൽ,
കിടക്കക്കപ്പുറം നീണ്ട കാലുകളുമായി,
പാദം ബന്ധിക്കപ്പെടാതെ,
തലയ്ക്കൽ ദീപനാളം എരിയാതെ,
ഈ കിടക്കുന്നത്‌ പ്രഭാകരനോ
അതോ മറ്റൊരു കൊടിമരമോ?

2012, സെപ്റ്റംബർ 20, വ്യാഴാഴ്‌ച

പരീക്ഷാഫലംഅമ്മ കാച്ചിത്തന്ന കട്ടൻ കുടിച്ചും
അച്ഛൻസമ്മാനിച്ചതാം വട തിന്നും
കോലായിലെ ചാരുബെഞ്ചിൽ കിടന്നും
കോട്ടുവായിട്ടു ഞാൻ പാഠം പഠിച്ചു

നന്നായെഴുതി പരീക്ഷയ്ക്കു പക്ഷെ
ഒന്നിലും പാസ്സായതില്ലെന്തുചെയ്യും?
കാരണമെന്തെന്നു കണ്ടുപിടിക്കാൻ
വീട്ടുകാർ ചർച്ചയ്ക്കൊരുങ്ങുന്നു മുന്നിൽ

കണ്ടുപിടിച്ചവർ: കാരണമപ്പോൾ
"ചോദ്യം വിവരമില്ലാത്തോർ ചമച്ചു,
എന്റെ മോൻ ബുദ്ധിമാൻ ശക്തിമാനെന്നാൽ
ഉത്തരം നോക്കിയോരൊക്കെയും മണ്ടർ".


2012, സെപ്റ്റംബർ 7, വെള്ളിയാഴ്‌ച

പ്രാർത്ഥനഈ മണലാരണ്യത്തിൽ
വിടരും വസന്തമായ്‌
നീ വരുന്നതും സ്വപ്നം
കണ്ടുകൊണ്ടിരിപ്പൂ ഞാൻ.
നിന്റെ കണ്ണിലെ മുല്ല-
പ്പെരിയാർ കാണുന്നൂ ഞാൻ
നിന്മിഴിയിതൾപ്പീലി
താങ്ങുന്നൊരണക്കെട്ടും
നിർത്തുകീത്തേങ്ങൽ അണ-
പൊട്ടുന്ന ദു:ഖത്തിന്റെ
കുത്തൊഴുക്കതിൽ നമ്മൾ
പതിക്കാതിരിക്കട്ടെ.


2012, ഓഗസ്റ്റ് 25, ശനിയാഴ്‌ച

ഓണസ്മൃതി


ഓർത്തുപോകുന്നു ഞാൻ നഷ്ടബാല്യത്തിന്റെ
പൂക്കൂടയിൽ ബാക്കി നിൽക്കുന്ന പൂക്കളെ ,
ഓർമ്മതൻ വെള്ളിത്തിരശ്ശീലയിൽ മിന്നി-
മായും തിരുവോണനാളിൻ സ്മൃതികളെ

തോർത്തുമുണ്ടും ചുറ്റിപാടവരമ്പിലും,
തോട്ടിൻകരയിലും, ക്ഷേത്രപ്പറമ്പിലും
ഓടിനടന്നു സ്വരൂപിച്ചുകൂട്ടി ഞാൻ
ഓണക്കളത്തിനായ്‌ പൂവുകൾ, മോഹങ്ങൾ !

കാലപ്രവാഹത്തിലെല്ലാം പഴമയായ്‌,
കോലം പുതിയതായ്‌, കോവിൽ പുതിയതായ്‌
കോൺക്രീറ്റ്‌ കട്ടകൾ പാകിയ മുറ്റത്ത്‌
കാണ്മതു പ്ലാസ്റ്റിക്ക്‌ പൂക്കളം മോഹനം!

ഊൺമേശമേൽ വന്നു തയ്യാറായ്‌ നിൽപതോ
ഓർഡറിലെത്തിയ ഹോട്ടലിൻ സദ്യയും.
ആടിത്തിമിർക്കുവാൻ ഊഞ്ഞാലൊരുക്കുന്നു
ഓണപ്രദർശനമേളകൾ നൂതനം

ഓണത്തിനായി സ്പെഷൽ നഗ്നനൃത്തങ്ങൾ
കാണിക്കുവാൻ 'ചാനൽ' മൽസരിച്ചീടുന്നു
വാണിഭം റോഡിൻ വശങ്ങളിൽ കേവലം
ഗാർഹിക വസ്തുക്കൾ കൂടാതെ നിൽപുണ്ട്‌

കോടിമായാത്തതാം മാംസച്ചരക്കുകൾ,
കോടപ്പുകമറതീർക്കാൻ ചരസ്സുകൾ,
നീന്തിത്തുടിക്കാൻ വിദേശമദിരതൻ
നീന്തൽക്കുളങ്ങളും പൊയ്കയുമെങ്ങുമേ !

ഓലക്കുടയുമായോടി മറയുന്ന-
താരാണ്‌, ദു:ഖിതൻ മവേലിമന്നനോ?
കണ്ണട ഞാനൂരി വെയ്ക്കട്ടെ, കാഴ്ചയൊ-
ട്ടില്ലാതെയോണം കടന്നങ്ങു പോകട്ടെ.

2012, ഓഗസ്റ്റ് 23, വ്യാഴാഴ്‌ച

സമ്മാനം
'ഇന്ദിരതന്നുടെ പുഞ്ചിരിയായൊരു
ചന്ദ്രിക മെയ്യിൽ പതിക്കയാലെ....'
എന്മടിത്തട്ടതിലൊട്ടിയിരിക്കുന്ന
പൊന്മകൾ വായിപ്പൂ കൃഷ്ണഗാഥ.
*********************************
കൊല്ലമറുപതു പിന്നിട്ടുപോയൊരെൻ
ഫുല്ലമാം മാനസവാടിതന്നിൽ
ഇന്നും സുഗന്ധം പരത്തിനിന്നീടുന്നു
എന്നിലെ ഓർമ്മതൻ പാരിജാതം
അഷ്ടിക്കുവേണ്ടി ദിനരാത്രമൊക്കെയും
കഷ്ടതപേറിയെൻ രക്ഷിതാക്കൾ
പട്ടിണിതൻ ചൂരറിഞ്ഞവരെങ്കിലും
ഒട്ടും മടിച്ചില്ല വിദ്യ നൽകാൻ
എട്ടുമെട്ടും പതിനാറോളം നാഴിക
നിത്യവും താണ്ടിയെൻ നഗ്നപാദം
വിദ്യാലയത്തിലും, പിന്നീടതേവഴി
വീട്ടിലും ദൂരമളന്ന നാൾകൾ
ഓർക്കവെ കാണ്മതില്ലിന്നു ചെരിപ്പുകൾ-
കോർക്കാത്ത കാലുകളെങ്ങുമേ ഞാൻ
കേവലം നാഴികയൊന്നു താണ്ടീടുവാൻ
ഏവരും കാത്തീടും നാഴികകൾ !
"വാഹനമില്ലാതെ പോകുവതെങ്ങിനെ ?"
ചോദിപ്പൂ ഷൂസിട്ട ബാലകന്മാർ
കൈയ്യിലണിഞ്ഞ വിലയുറ്റ വാച്ചിലായ്‌
ദൈന്യരായ്‌ നോക്കുന്നു വീണ്ടും വീണ്ടും
കാലടികൊണ്ടു സമയമളന്ന ഞാൻ
കാണുന്നു കാലപ്രവാഹഭേദം.
ഇന്നു നടുവൊടിച്ചീടുന്ന പുസ്തക-
ക്കുന്നുകൾ പേറുന്നു ശൈശവങ്ങൾ.
എന്നാൽ തലയ്ക്കകം ശൂന്യം, പഠനങ്ങ-
ളൊന്നും ശരിക്കു നടപ്പതില്ല
മത്സരംതന്നെയെവിടെയും, മാർക്കിനായ്‌
കുത്സിതമാർഗ്ഗം തിരഞ്ഞെടുപ്പു
ഒട്ടും വിയർക്കാതെ, അദ്ധ്വാനമില്ലാതെ
ഒന്നാമനാകാൻ ശ്രമിച്ചിടുന്നു
********************************
ഇന്നുമെന്നോർമ്മയിൽ പൂവിട്ടുനിൽക്കുന്നു
അന്നത്തെ വാർഷികാഘോഷരംഗം
സ്ക്കൂളിലൊന്നാമനാമെന്നെ വിളിച്ചെന്റെ
മാറിൽ മെഡൽ ചാർത്തി സമ്മാനമാ-
യേകിയതാം പൊതി സ്വീകരിച്ചീടവെ
തൂകി ഞാൻ ഹർഷാശ്രുബിന്ദുമാത്രം
തൃഷ്ണയാൽ പൊട്ടിച്ചു ഞാനാപ്പൊതിക്കുള്ളിൽ
'കൃഷ്ണപ്പാട്ടെ'ന്ന വിശിഷ്ടഗ്രന്ഥം
കണ്ടൂ 'ചെറുശ്ശേരി' എന്ന നാലക്ഷരം
കൊണ്ടുഞ്ഞാൻ കോൾമയിരൽപനേരം
ഇന്നുമാഗ്രന്ഥം ഞാൻ സൂക്ഷിപ്പൂ; വായിപ്പൂ
കണ്ണടയെത്രയോ മാറ്റിയിട്ടൂ
***************************
കൊച്ചുമകൾക്കതു വായിക്കണമെന്നായ്‌
അച്ചാഛൻ തന്മടിത്തട്ടിലേറി
ഉച്ചത്തിൽ വായിപ്പൂ 'കൃഷ്ണപ്പാട്ടേ'കട്ടെ
അച്ചെറുശ്ശേരി അനുഗ്രഹങ്ങൾ !

2012, ഓഗസ്റ്റ് 10, വെള്ളിയാഴ്‌ച

നേർക്കാഴ്ചഅമ്പത്തൊന്നക്ഷര ഖഡ്ഗങ്ങളിന്നലെ
സന്ധ്യയെ വെട്ടി നുറുക്കിയപ്പോൾ
സത്യമസത്യങ്ങൾ കൈകോർത്തു ഭീതിദ-
വൃത്തമെൻ മുന്നിൽ കവിതയായി.
ചോരയിൽ മുങ്ങിയ സാഗരവീചികൾ
ചോദിച്ചു 'എന്തിനീ ക്രൂരകൃത്യം '?
നൂറുവട്ടം നുണ ചൊല്ലുകിൽ സത്യമോ
നൂറുസത്യം ഹാ! വെറും നുണയോ ?
മവേലിമന്നവാ മേലോട്ടു പോരേണ്ട
പാതാളമെത്രയോ ഭേദമല്ലോ
കേരള നാടിനി കാണേണ്ട വേണ്ടിനി
കേവലമോണം, ഒഴുകും നിണം !
ഓരോരോ പൂവിലും തേൻതുള്ളിയെന്നപോൽ
ചോരയാണല്ലോ തെറിച്ചു കാണ്മൂ
മുറ്റത്തു വട്ടത്തിൽ പൂക്കളമെന്നപോൽ
വെട്ടിത്തിളങ്ങുന്നു ചോരക്കളം
ആവുകില്ലാർക്കുമീ നേർക്കാഴ്ച കാണുവാൻ
'പൂവേ പൊലി' വെറുമാർത്തനാദം.
ഊഞ്ഞാലുകെട്ടും കയറഴിച്ചീടുക
ഊരുചുറ്റുന്ന പുലികളെങ്ങും
ആരു ചോദിക്കാൻ, പറയാൻ, തടുക്കുവാൻ,
നേരറിവോരല്ലേ നാലുപാടും
മാനുഷരെല്ലാരുമൊന്നല്ല, ഭിന്നമാ-
മാശയം കെട്ടിപ്പുണർന്ന കൂട്ടർ.
രക്തബന്ധങ്ങളോ, ആർദ്രമാം സ്നേഹമോ
വ്യക്തികൾക്കില്ല സഹതാപമോ.
പഞ്ച നക്ഷത്രങ്ങൾ മിന്നുന്ന ഹോട്ട്ലിൻ
പിന്നിലടുക്കളയെന്ന പേരിൽ
നീറും ചുടലയോ, നാറും വിസർജ്ജ്യമോ,
ഏറേ പഴകിയ ഭക്ഷണമോ
ഒർഡറായ്‌ മേശമേൽ വെള്ളിത്തളികയിൽ
ഓടിവന്നെത്തുന്നു വൻതുകയ്ക്കായ്‌
റേഷനരിയിൽ എലിചത്തു നാറുന്നു
ജ്യൂസിൽ പുഴുക്കളും പാമ്പുകളും
തൂശനിലയിൽ വിളമ്പിയ തുമ്പപ്പൂ-
ച്ചോറും കറികളുമോർമ്മമാത്രം !
പച്ചപ്പരിഷ്ക്കാരമേറുന്നു, മായങ്ങൾ
പച്ചക്കറിയിലും മാരകങ്ങൾ
കേരങ്ങളൊക്കെയും മണ്ടരി ബാധിച്ചു,
കേറുവാനാളില്ല, തേങ്ങയില്ല.
പൊങ്ങീ വില സർവ്വവസ്തുവിനെങ്കിലും
എന്നും വില മർത്ത്യജീവനില്ല
മവേലിമന്നവാ മേലോട്ടു പോരേണ്ട
പാതാളമൊർക്കുകിൽ സ്വർഗ്ഗമല്ലോ.

2012, ഓഗസ്റ്റ് 6, തിങ്കളാഴ്‌ച

ശാസ്ത്രപുരോഗതി

 ഡോക്ടറുടെ പടി ഇറങ്ങിവരുമ്പോള്‍ മാഷ്‌ വിയര്‍ക്കുകയായിരുന്നു.
 "മാഷേ!" പരിശോധനമുറിയുടെ കര്‍ട്ടന്‍ നീക്കി ഡോക്ടര്‍ തിരികെ വിളിച്ചു.
 "മാഷ്‌ കണ്ണട മറന്നു. ടെന്‍ഷന്‍ കുറക്കണം. പേടിക്കേണ്ട. ഈ പ്രായത്തില്‍ ഇത്തരം അസുഖം സാധാരണയാ. ഇതാ മാഷ്ടെ കണ്ണട "
കരുണന്‍ മാഷ്‌ ഒന്നു ചമ്മി. പിന്നെ ഡോക്ടര്‍ നീട്ടിയ കറുത്ത ഫ്രെയ്മുള്ള കണ്ണട വാങ്ങി. കഴുത്തില്‍ ചുറ്റിയ തോര്‍ത്ത്‌ മുണ്ട്കൊണ്ട്‌ മാഷ്‌ വിയര്‍പ്പൊപ്പി. എന്നാലും തന്നെയും അവന്‍ പിടികൂടിയല്ലൊ. ദുഷ്ടന്‍! എഴുപതു കൊല്ലം തന്നെ സ്പര്‍ശിക്കാത്ത ഈ രോഗം വരാന്‍ കണ്ട സമയം! ഇനി ചായസല്‍ക്കാരങ്ങളില്‍ 'വിത്തൌട്ട്‌' ഗ്രൂപ്പില്‍ താനും അംഗമാകേണ്ടിവരുമല്ലോ. കരുണന്‍ മാഷ്‌ ശീലക്കുട നിവര്‍ത്തി. കര്‍ക്കിടക മാസത്തെ വെയിലിന്‌ ചൂട്‌ കൂടുതലാണ്‌. നല്ല പോലെ വിയര്‍ക്കുന്നു. റോഡ്‌ നിറയെ വാഹനങ്ങള്‍. വഴിയോരം നിറയെ ജനങ്ങള്‍. അന്തമില്ലാത്ത യാത്ര, എങ്ങോട്ടേക്ക്‌? എന്തിനാണീ ധൃതി?
 ഡോക്ടര്‍ പ്രത്യേകം പറയുകയുണ്ടായി 'പേടിക്കേണ്ട, സ്റ്റാര്‍ട്ടിംഗാണ്‌. ഗുളികയൊന്നും ഇപ്പോള്‍ വേണ്ട. ഡയറ്റ്‌ കണ്ട്രോള്‍ മതി. മധുരം ഒഴിവാക്കുക. ചോറ്‌ അല്‍പം മാത്രം. പച്ചക്കറി വര്‍ഗ്ഗം കഴിക്കാം. ചീര, കാബേജ്‌, പാവയ്ക്ക, മുരിങ്ങയില, ഉലുവയില എല്ലാം. പിന്നെ നടത്തം അമാന്തിക്കരുത്‌.'
 'നമസ്തെ മാഷേ!'. താന്‍ എട്ടില്‍ പഠിപ്പിച്ച കുട്ടിയാണ്‌ മുന്നില്‍. ഇപ്പോള്‍ മൂന്നു മക്കളുടെ അച്ഛനായ 'റിലീഫ്‌ മെഡിക്കല്‍ സ്‌' എന്ന ഇംഗ്ളീഷ്‌ മരുന്നുകടയുടെ ഉടമ. എന്തൊക്കെ പുതിയ മരുന്നുകളാണ്‌ കടയില്‍! മറ്റുള്ളവരേപ്പോലെ മരുന്നു വാങ്ങാനൊന്നും തന്റെ കടയില്‍ ഈ ആരോഗ്യവാന്‍ മാഷ്‌ വരുന്നില്ലല്ലൊ എന്നാവാം ആ 'നമസ്തെ'യുടെ അര്‍ത്ഥം.
കരുണന്‍ മാഷ്‌ പ്രത്യഭിവാദനം ചെയ്ത്‌ റോഡ്‌ മുറിച്ചു കടക്കാനായി കാത്തു നിന്നു. സീബ്രാലൈന്‍ ഇടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. എന്തൊരു ട്രാഫിക്ക്‌! എത്രയാണ്‌ വാഹനങ്ങള്‍ ! എന്തെല്ലാം വര്‍ണപ്പൊലിമയുള്ളവ. ഏതെല്ലാം മോഡലുകള്‍. ഒരു വനിതാ കോളജ്‌ വിട്ട പ്രതീതി.
തന്റെ  ചെറുപ്പകാലത്ത്‌ ഈ റോഡ്‌ ഒരു ഇടവഴിയായിരുന്നു. ചരല്‍ക്കല്ലും, മണ്ണും ചളിയും, മഴവെള്ളത്തില്‍ ഒഴുകിയെത്തിയ ചപ്പുചവറും നിറഞ്ഞ ഒരിടവഴി. മനുഷ്യരോടൊപ്പം കന്നുകാലികളും സ്വൈരമായി വിഹരിച്ചിരുന്ന വഴി. കുട്ടിയായ താന്‍ നാല്‍ക്കാലികളെ പേടിച്ച്‌ കയ്യാലപ്പുറത്ത്‌ പുസ്തകക്കെട്ടുമായി നിന്ന സംഭവം അയാള്‍ ഒരുനിമിഷം ഓര്‍ത്തുപോയി.
 ഇടവഴി പഞ്ചായത്ത്‌ റോഡായി. കൊല്ലം കഴിയുന്തോറും വീതി കൂട്ടി. ഇപ്പോള്‍ മുന്‍സിപ്പാലിറ്റിയായി. നാല്‍ക്കവലയായി. ട്രാഫിക്‌ അയലന്റായി. റോഡ്‌ ഡിവൈഡറായി. വാഹനപ്പെരുപ്പമായി. പോലീസായി.
 റോഡ്‌ മുറിച്ചുകടക്കാന്‍ കുറെ കാത്തുനില്‍ക്കേണ്ടിവന്നു.
 'ഗുഡ്‌ ഈവ്നിംഗ്‌ സാര്‍' കരുണന്‍ മാഷ്‌ തലയുയര്‍ത്തി
 മുന്നില്‍നില്‍ക്കുന്ന തന്നേക്കാള്‍ പൊക്കമുള്ള മനുഷ്യനെ നോക്കി. താന്‍ പഠിപ്പിച്ച മണ്ടന്‍ പോക്കര്‍ എന്ന വിദ്യാര്‍ത്ഥി. പരിഷ്കൃത വേഷം.കയ്യില്‍ സ്വര്‍ണ്ണ വാച്ച്‌. സ്വര്‍ണ്ണ മോതിരം . വിദേശ പര്‍ഫ്യൂം പൂശിയിട്ടുണ്ട്‌. കയ്യില്‍ വിലകൂടിയ ഒരു മൊബൈല്‍ ഫോണ്‍ മൃദുസംഗീതം മുഴക്കിക്കൊണ്ടിരിക്കുന്നു. 'സാര്‍, ഇതെന്റെ  പുതിയ കടയാ''മൊബൈല്‍ കിങ്ങ്ഡം' എന്നാണ്‌ പേര്‌. 'ഇവിടെ എല്ലാവിധ മൊബൈല്‍ ഫോണും കിട്ടും.നോക്കിയ, സാംസങ്ങ്‌, എല്‍.ജി, ത്രീ ജി. അല്ല, മാഷ്ടെ കയ്യില്‍ മൊബൈലില്ലേ? ഇന്‍സ്റ്റാള്‍മെണ്റ്റായി തരാം മാഷെ. കേമറയുള്ളതുണ്ട്‌, റേഡിയൊ ഉള്ളതുണ്ട്‌, വീഡിയൊ ഉള്ള........ '
പോക്കറേ ഇപ്പോ ഒന്നും വേണ്ട' മാഷ്‌ തടഞ്ഞു. എനിക്ക്‌ നല്ല സുഖമില്ല. ഡോക്ടറെ കണ്ടു വരികയാണ്‌. വേഗം വീട്ടിലെത്തണം'. കരുണന്‍ മാഷ്‌ നടക്കാന്‍ തുടങ്ങി.
 ശാസ്ത്രത്തിന്റെ  ഓരോ പുരോഗതിയേ ! സമ്മതിച്ചു കൊടുക്കണം കണ്ടുപിടുത്തങ്ങളെ.. കുറെ വര്‍ഷം മുമ്പ്‌ ഇവിടെ ടെലഫോണ്‍ പോയിട്ട്‌ വൈദ്യുതിപോലും ഇല്ലായിരുന്നു. തന്റെ  വിദ്യാഭ്യാസകാലം മുഴുവന്‍ മണ്ണെണ്ണ വിളക്കിന്‌ കടപ്പെട്ടിരിക്കുന്നു. ഇന്നു മര്‍ക്കുറി ലൈറ്റ്‌ കത്തുന്ന ഈ കവലയില്‍ അന്ന്‌ കത്തിയിരുന്നത്‌ ചാത്തൂട്ടിനായര്‍ കൊളുത്തിയ പഞ്ചായത്തിന്റെ  മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ തെരുവു വിളക്കായിരുന്നു. മാറ്റം എത്രവേഗമാണ്‌ ഇവിടെ കടന്നുവന്നത്‌. കട്ടന്‍ കാപ്പിയും പുട്ടും കടലയും കിട്ടിയിരുന്ന ഓലമേഞ്ഞ രാമേട്ടന്റെ  കാപ്പിക്കട ഇന്ന്‌ 'റാംസ്‌ റസ്റ്റോറന്റ്‍ ആയി.രാമേട്ടന്റെ  പേരമക്കളാണ്‌ കട നടത്തുന്നത്‌. കൂറ്റന്‍ കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങളാണ്‌ എവിടെയും. അന്തരീക്ഷത്തിലേക്ക്‌ തല ഉയര്‍ത്തിനില്‍ക്കുന്ന മൈക്രോവേവ്‌ ടവറുകള്‍. എല്ലാം മൊബൈല്‍ഫോണ്‍ കമ്പനികളുടേത്‌. പഠിക്കാത്ത കുട്ടികളെ ബെഞ്ചില്‍ കയറ്റി നിര്‍ത്തിയപോലെ അവിടെയും ഇവിടെയുമായി അവ പൊങ്ങിക്കാണുന്നു. ഏതെല്ലാം രംഗത്താണ്‌ ശാസ്ത്രം പുരോഗമിച്ചിരിക്കുന്നത്‌ ? വാര്‍ത്താവിനിമയം, പ്രതിരോധം, ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, കാര്‍ഷികം തുടങ്ങി എല്ലാ മേഖലകളിലും രാജ്യം അസൂയാര്‍ഹമായ പുരോഗതിയാണ്‌ കൈവരിച്ചു വരുന്നത്‌. ഈ ശാസ്ത്രയുഗത്തില്‍ ജീവിക്കാന്‍ ഭാഗ്യം കിട്ടിയത്‌ തന്റെ  മുജ്ജന്‍മ സുകൃതം. കരുണന്‍ മാഷ്‌ അഭിമാനിച്ചു.
 നടന്നു നടന്ന്‌ പച്ചക്കറി മാര്‍ക്കറ്റിലെത്തിയത്‌ അറിഞ്ഞില്ല. 'മാഷെ, നല്ല ഫ്രഷ്‌ പച്ചക്കറി ഐറ്റംസ്‌ എത്തിയിട്ടുണ്ട്‌. വേണ്ടേ ?'കരുണന്‍ മാഷ്‌ ഒന്നു നിന്നു.
 സര്‍ക്കസ്‌ ഗാലറിയില്‍ കാണികള്‍ ഇരിക്കുന്നതുപോലെ പെട്ടി നിരത്തി പച്ചക്കറികള്‍ വച്ചിരിക്കുന്നു. വെണ്ട, വഴുതിന, തക്കാളി, കേരറ്റ്‌, പാവയ്ക്ക, വെള്ളരിക്ക. എന്തൊരു മിനുമിനുപ്പ്‌. എന്തൊരു വര്‍ണ്ണപ്പൊലിമ !
ഷുഗറിന്‌ പാവയ്ക്ക നല്ലതാണല്ലൊ. ശരി പാവയ്ക്ക ജ്യൂസാക്കി കഴിച്ചുകളയാം.
 'അര കിലോ പാവയ്ക്ക എടുത്തോളൂ' മാഷ്‌ പറഞ്ഞു. ഒന്നും വാങ്ങിയില്ലെന്നുവേണ്ട.
 'അര കിലോ പാവയ്ക്ക. പിന്നെ ?..... '
'പിന്നെ ഒന്നും ഇപ്പോ വേണ്ട. 'പാവയ്ക്കയുമായി മാഷ്‌ വീട്ടിലെത്തി.
ഭാര്യ അമ്മാളുക്കുട്ടി ടി. വി. സീരിയലിന്റെ  മുമ്പില്‍ കരയാന്‍ റെഡിയായി ഇരിപ്പുണ്ട്‌  മക്കളെല്ലാം പല സ്ഥലങ്ങളിലും കൂട്‌ കൂട്ടിയിരിക്കുന്നു. ഡെല്‍ഹി, കാണ്‍പൂര്‍, സൌദി, സിംഗപ്പൂര്‍.
 'ഡോക്ടറെ കണ്ടോ, എന്താ പറഞ്ഞെ ?' ഭാര്യയുടെ ചോദ്യം.
 'പഞ്ചാര ലാഭിക്കാം നിണക്ക്‌ ! സന്തോഷമായില്ലേ ?
'ഈ പാവയ്ക്ക നീ മിക്സിയിലിട്ട്‌ ജ്യൂസാക്കി താ...... '
ഭാര്യ കൊടുത്ത പാവയ്ക്ക ജ്യൂസ്‌ മുഴുവനും ഒറ്റ വലിക്കു മാഷ്‌ കുടിച്ചു തീര്‍ത്തു. എന്നിട്ടു പറഞ്ഞു. 'അടുത്ത തവണ ഡോക്ടര്‍ പറയും മാഷ്ക്ക്‌ ഷുഗര്‍ ഇപ്പോള്‍ തീരെയില്ല. വേണെങ്കില്‍ ലഡു രണ്ടെണ്ണം തിന്നോളൂ' എന്ന്‌.
 ഓക്കാനത്തിന്റെ  കനത്ത ശബ്ദം കേട്ടാണ്‌ മാഷ്ടെ ഭാര്യ അമ്മാളുക്കുട്ടി പുലര്‍ച്ചെ ഉണര്‍ന്നത്‌. സമയം മൂന്നു മണി കഴിഞ്ഞതേ ഉള്ളൂ. ടോയ്ലറ്റില്‍ മുഖം കുനിച്ച്‌ ഗംഭീരമായി ഛര്‍ദ്ദിക്കുകയാണ്‌ കരുണന്‍ മാഷ്‌. ഭാര്യ പുറം തടവി വീശിക്കൊടുത്തു. രാവിലെ ഏഴു മണിക്കു മുമ്പായി മൂന്നു പ്രാവശ്യം വീണ്ടും ഛര്‍ദിച്ചു. കൂടെ വയറിളക്കവും. മാഷ്‌ തളര്‍ന്നുവീണു. അമ്മാളുക്കുട്ടി അയല്‍പക്കക്കാരെ വിളിച്ചു. ഓട്ടോ പിടിച്ചു ഏറ്റവും അടുത്ത ക്ളിനിക്കില്‍ മാഷെ എത്തിച്ചു.
 പരിശോധിച്ചശേഷം ഡോക്ടര്‍ പറഞ്ഞു 'പരിഭ്രമിക്കാനൊന്നുമില്ല. ചെറിയ ഒരു ഫുഡ്‌ പോയിസണിംഗ്‌ !'ഛര്‍ദ്ദിയും വയറിളക്കവും രക്ഷപ്പെടുത്തി. '
നല്ല മിനുമിനുപ്പും വണ്ണവും നിറവും ഉണ്ടാവാന്‍ പാവയ്ക്കായില്‍ ഏതോ മാരകമായ രാസവസ്തു ഉപയോഗിച്ചിരിക്കുന്നു.
 ശാസ്ത്രപുരോഗതിയില്‍ കരുണന്‍ മാഷ്‌ ആദ്യമായി ലജ്ജിച്ചു.


2012, ഓഗസ്റ്റ് 2, വ്യാഴാഴ്‌ച

രാമായണം : കൃഷ്ണായണം


"ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ!
 ശ്രീരാമ! രാമ! രാമ! ശ്രീരാമഭദ്ര! ജയ!"
കര്‍ക്കിടകമാസം മുഴുവന്‍ രാമായണത്തിലെ ഈരടികള്‍ ഞങ്ങളുടെ ഗ്രാമത്തില്‍ മുഴങ്ങിയത്‌ കൃഷ്ണന്‍ പണിക്കരുടെ കണ്ഠത്തിലൂടെയായിരുന്നു. അക്ഷരസ്ഫുടവും ഘനഗംഭീരവുമായ ശബ്ദമാധുരി.  അറുപത്‌ കൊല്ലം മുമ്പത്തെ കഥയാണ്‌. അന്ന് സിനിമയോ, ടീവിയോ, ഫോണോ,വൈദ്യുതിപോലുമോ ഞങ്ങളുടെ നാട്ടില്‍ ഇല്ലാത്ത കാലം. ഗ്രാമത്തില്‍ ജനങ്ങളുടെ മാനസീകോല്ലാസത്തിന്‌ ഉത്സവങ്ങള്‍, നാടകങ്ങള്‍, ഹരികഥാകാലക്ഷേപങ്ങള്‍ എന്നിവയൊക്കെയായിരുന്നു.   ടൂറിംഗ്‌ ടോക്കീസുകളും, സര്‍ക്കസ്സുകളും വേനല്‍ക്കാലത്ത്‌ മൈതാനങ്ങളില്‍ ചിലപ്പോള്‍ തമ്പടിക്കാറുണ്ടായിരുന്നു.
കര്‍ക്കിടകമാസം തുടങ്ങിയാല്‍ ഉത്സവപ്പറമ്പുകളും മൈതാനങ്ങളുമൊക്കെ ശൂന്യം. അതോടൊപ്പം ജനങ്ങളുടെ പോക്കറ്റും ! ദിവസങ്ങള്‍ നീണ്ടുപോകുന്ന കനത്തു പെയ്യുന്ന തിമിര്‍ത്ത മഴ.
 ദാരിദ്ര്യം, പട്ടിണി. വിശക്കുന്ന വയറുകള്‍. വാഴത്തട കെട്ടിയും, തേങ്ങാത്തൊണ്ട്‌ കെട്ടിയും കുട്ടികള്‍ വെള്ളത്തില്‍ നീന്തിക്കളിക്കും. വയലെല്ലാം വെള്ളം കയറി പുഴപോലെയാകുന്നത്‌ കാണുമ്പോള്‍ പേടിതോന്നുമായിരുന്നു.
 ഞങ്ങളുടെ നാട്ടിലെ പേരുകേട്ട ക്ഷേത്രമാണ്‌ തൃക്കുന്ന് ശിവക്ഷേത്രം. അവിടെ കര്‍ക്കിടകമാസം രാമായണം സ്ഥിരമായി പാരായണം ചെയ്തിരുന്നത്‌ കൃഷ്ണന്‍ പണിക്കരായിരുന്നു. ക്ഷേത്രഗോപുരത്തിലിരുന്നായിരുന്നു വായന.  ഒരു കിലോമീറ്റര്‍ അകലെ ആ ശബ്ദം മുഴങ്ങി കേള്‍ക്കാമായിരുന്നു. വായന കേള്‍ക്കാന്‍ സ്ഥലത്തെ പൌരമുഖ്യന്‍മാരോടൊപ്പം വിദ്യാര്‍ത്ഥികളായ ഞങ്ങളും ചില ക്ഷേത്രസന്ദര്‍ശകരും.
 കൃഷ്ണന്‍ പണിക്കരുടെ നാട്‌ കൈതപ്പാടിയാണ്‌. അവിടെ സഹോദരിയും, ഭാര്യയും മരുമക്കളുമുണ്ട്‌. അനപത്യതാദു:ഖം പണിക്കരെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ദശരഥനേപ്പോലെ മൂന്ന് ഭാര്യമാരെ സംരക്ഷിക്കാനും പുത്രകാമേഷ്ടിയാഗം നടത്താനുമൊന്നും പാവം കൃഷ്ണന്‍ പണിക്കര്‍ക്ക്‌ ആവില്ലല്ലോ.
 കര്‍ക്കിടകമാസം മുഴുവന്‍ പണിക്കര്‍ക്ക്‌ തൃക്കുന്ന് അമ്പലത്തില്‍ രാമായണം വായന. അതുകഴിഞ്ഞ്‌ ചിങ്ങത്തില്‍ പുല്ല്യോട്ട്‌ യശമാനന്റെ വീട്ടില്‍ പൂമുഖത്തിരുന്ന് കൃഷ്ണഗാഥാ പാരായണം തുടങ്ങും. ക്ഷേത്രത്തില്‍ നിന്നു കിട്ടുന്ന തുഛമായ വരുമാനവും, പുല്ല്യോട്ട്‌ യശമാനന്‍ കൃഷ്ണപ്പാട്ട്‌ കേട്ട്‌ സന്തോഷിച്ച്‌ നല്‍കുന്ന പാരിതോഷികവും പണിക്കര്‍ക്ക്‌ വറുതിമാസങ്ങളില്‍ ആശ്വാസമായിരുന്നു. കാക്ക കണ്ണു തുറക്കാത്ത കര്‍ക്കിടകമാസത്തെ കോരിച്ചൊരിയുന്ന മഴയുള്ള ഒരു ദിവസം ക്ഷേത്രഗോപുരത്തില്‍ രാമായണ പാരായണം പതിവുപോലെ നടക്കുകയാണ്‌. കേള്‍വിക്കാര്‍ കുറവാണെങ്കിലും ഞാനും ഗോപാലേട്ടനും പിന്നെ തൊഴാന്‍ വന്ന കുറച്ചു സ്ത്രീകളും. അയോദ്ധ്യാകാണ്ഡം പാരായണം ചെയ്യുകയാണ്‌ കൃഷ്ണന്‍ പണിക്കര്‍.
 "ഹാ രാമ! ഹാ ഗുണവാരിധേ! ലക്ഷ്മണ!
വാരിജലോചനേ! ബാലേ! മിഥിലജേ!
 ദുഖം മുഴുത്തു മരിപ്പാന്‍ തുടങ്ങുന്ന
 ദുഷ്കൃതിയാമെന്നരികത്തിരിപ്പാനും
 മക്കളേയും കണ്ടെനിക്കു മരിപ്പാനു-
 മിക്കാലമില്ലാതെ വന്നു സുകൃതവും"
പെട്ടെന്ന് കൃഷ്ണന്‍ പണിക്കര്‍ വായിച്ചുകൊണ്ടിരുന്ന രാമായണ ഗ്രന്ഥത്തിലേക്കു തലകുമ്പിട്ടു വീണു. പിന്നീട്‌ ശബ്ദമില്ല !. ഞാനും ഗോപാലേട്ടനും ഓടിച്ചെന്നു പണിക്കരെ പിടിച്ചുയര്‍ത്തി. ആകെ വിയര്‍പ്പില്‍ മുങ്ങിക്കുളിച്ചിരുന്നു. കണ്ണുകള്‍ അടഞ്ഞുപോകുന്നു.
ആരോ ഓടിപ്പോയി പുല്ല്യോട്ട്‌ യശമനന്റെ കാറ്‌ പിടിച്ചുകൊണ്ടുവന്നു. മുന്നില്‍ ഡ്രൈവര്‍, പിന്‍സീറ്റില്‍ നടുവില്‍ കൃഷ്ണന്‍ പണിക്കര്‍, ഇടത്തും വലത്തുമായി ഞാനും, ഗോപാലേട്ടനും. പണിക്കരുടെ തല ഞങ്ങളുടെ ചുമലില്‍ ഇടക്കിടെ കുഴഞ്ഞു വീഴുന്നുണ്ട്‌. കാര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക്‌ കുതിച്ചു.
 ധാരാളം രോഗികള്‍ വരാന്തയില്‍ നില്‍ക്കുന്നുണ്ട്‌. കാര്‍ മുറ്റത്ത്‌ നിര്‍ത്തി ഞാനും ഗോപാലേട്ടനും കൂടി കൃഷ്ണന്‍ പണിക്കരെ താങ്ങിയെടുത്ത്‌ ഡോക്ടരുടെ പരിശോധനാമുറിയിലേക്കു കയറി. കാര്യത്തിന്റെ ഗൌരവം മനസ്സിലാക്കിയ മറ്റു രോഗികളും നഴ്സ്മാരും സഹകരിച്ചു. ഡോക്ടര്‍ പണിക്കരുടെ അടഞ്ഞ കണ്‍പോളകള്‍ തുറന്ന് ടോര്‍ച്ചടിച്ചു.. കൃഷ്ണമണികള്‍ നിശ്ചലം.
 "വേഗം വീട്ടിലേക്ക്‌ എടുത്തോളൂ. എല്ലാം കഴിഞ്ഞു. ഹാര്‍ട്ട്‌ അറ്റാക്ക്‌"
ഞാനും ഗോപാലേട്ടനും അമ്പരന്നുപോയി.
"കാറിലല്ലേ വന്നത്‌? മരിച്ച വിവരം ഡ്രൈവറോട്‌ പറയേണ്ട. സീരിയസ്സാണ്‌ വീട്ടിലേക്ക്‌ എടുക്കാനാണ്‌ ഡോക്ടര്‍ പറഞ്ഞത്‌ എന്നു പറഞ്ഞാല്‍ മതി. ഇല്ലെങ്കില്‍ ഡെഡ്ബോഡി കാറില്‍ കയറ്റില്ല. ഇവിടെ ആംബുലന്‍സും ഇല്ല"
ഞാനും ഗോപാലേട്ടനും അകത്ത്‌ കയറിയ അതേ വേഗതയില്‍ കൃഷ്ണന്‍ പണിക്കരേയും പൊക്കിയെടുത്ത്‌ നാടകീയമായിത്തന്നെ കാറിനകത്ത്‌ പഴയപടി ഇരിപ്പുറപ്പിച്ചു. ഒരു വ്യത്യാസം മാത്രം. ഇപ്പോള്‍ ഞങ്ങളുടെ തോളുരുമ്മി ഇരിക്കുന്നത്‌ ഒരു ശവശരീരമാണ്‌.
  ഞങ്ങള്‍ ഡ്രൈവറോട്‌ നേരെ കൈതപ്പാടിയില്‍ പണിക്കരുടെ വീട്ടിലേക്ക്‌ വണ്ടി വിടാന്‍ പറഞ്ഞു. 'സംഗതി കുറച്ച്‌ സീരിയസ്സാണ്‌. വീട്ടിലേക്ക്‌ എടുക്കാനും ബന്ധുക്കളെ വിവരം അറിയിക്കാനുമാണ്‌ ഡോക്ടര്‍ പറഞ്ഞത്‌' എന്നും കൂട്ടിച്ചേര്‍ത്തു. പാവം ഡ്രൈവര്‍ അതു വിശ്വസിച്ചു.
 കൈതപ്പാടി എന്ന കുഗ്രാമത്തില്‍ അരമണിക്കൂറ്‍ നീണ്ട യാത്രയ്ക്കുശേഷം ഞങ്ങള്‍ എത്തി. ഞങ്ങള്‍ക്ക്‌ ആര്‍ക്കും പണിക്കരുടെ വീട്‌ അറിയാമായിരുന്നില്ല. പലരോടും വഴി ചോദിക്കേണ്ടിവന്നു. കൈതപ്പാടി ഗോവിന്ദന്‍ മേസ്ത്രിയുടെ ടൈലറിംഗ്‌ ഷോപ്പുവരെയേ വണ്ടി പോകൂ. കാര്‍ അവിടെ നിര്‍ത്തി. മേസ്ത്രി കാറിന്നടുത്തേക്കു വന്നു. അപ്പോഴേക്കും ചുറ്റുവട്ടത്തുമുള്ള ആള്‍ക്കാര്‍ കാറിനുചുറ്റും കൂടി.
 'ഇത്‌ നമ്മുടെ കൃഷ്ണന്‍ പണിക്കരല്ലേ! എന്തു പറ്റി ? അയ്യോ നല്ല ക്ഷീണമുണ്ടല്ലോ, കണ്ണൂ മിഴിയുന്നില്ലല്ലോ'
മേസ്ത്രി വന്നു കൈ പിടിച്ചുനോക്കി. മുഖം ഉയര്‍ത്തി നോക്കി. ഭാഗ്യത്തിന്‌ അപ്പോഴും ദേഹത്തില്‍ ലേശം ചൂട്‌ അവശേഷിച്ചതുകൊണ്ട്‌ ഇത്‌ ശവശരീരമാണെന്ന് മനസ്സിലായില്ല.
 കൃഷ്ണന്‍ പണിക്കരുടെ വീട്ടിലെത്താന്‍ തോട്ടുവക്കിലൂടെ പതിനഞ്ച്‌ മിനുട്ട്‌ നടക്കണം. ആളുകള്‍ ഒരു ഈസിച്ചെയര്‍ സംഘടിപ്പിച്ചു. ഗോവിന്ദന്‍ മേസ്ത്രി എല്ലാറ്റിനും നേതൃത്വം വഹിച്ചു.
 'ബോധം കെട്ട്‌ കിടപ്പാണ്‌. സൂക്ഷിച്ച്‌ എടുക്കണം. കഴുത്ത്‌ ഒടിഞ്ഞുപോകല്ലേ കുഞ്ഞിരാമാ' മേസ്ത്രി നിര്‍ദ്ദേശം നല്‍കി.
കൃഷ്ണന്‍ പണിക്കരെ രണ്ടുമൂന്നുപേര്‍ താങ്ങി കസേരയില്‍ കിടത്തി വീട്ടിലേക്ക്‌ ഒരു ഘോഷയാത്രപോലെ തോട്ടുവക്കിലൂടെ നീങ്ങി. നിറഞ്ഞൊഴുകുന്ന തോട്‌. മുള്ള് നിറഞ്ഞ കൈതക്കാടുകള്‍. കുളക്കോഴിയുടെ ശബ്ദം. വഴുതുന്ന ഇടിഞ്ഞുപൊളിഞ്ഞ തോട്ടിന്‍ കരയിലെ നടവഴി. കാലുകള്‍ പൂണ്ടുപോകുന്ന പശിമയുള്ള ചെളി. ഘോഷയാത്രയുടെ പിന്‍ നിരയില്‍ വി.ഐ.പി പോലെ ഞാനും ഗോപാലേട്ടനും നീങ്ങി.
 വീട്ടില്‍നിന്ന് ഒരു കൂട്ട നിലവിളി കേട്ടു. മരുമക്കള്‍, ഭാര്യ, സഹോദരി.
 മരിച്ചതൊഴികെ ബാക്കിയൊക്കെ ഞങ്ങള്‍ കലാപരമായി വിശദീകരിച്ചു. 'ഇവിടെ കിടത്തിയതുകൊണ്ട്‌ കാര്യമില്ല. സീരിയസ്സാണ്‌. വീട്ടിലേക്ക്‌ എടുത്തോളൂ , ബന്ധുക്കളെ വിവരമറിയിച്ചോളൂ എന്നാണ്‌ ഡോക്ടര്‍ പറഞ്ഞത്‌' എന്നും.
 ഒരു പായ വിരിച്ച്‌ കൃഷ്ണന്‍ പണിക്കരെ അകത്ത്‌ കിടത്തി. നിലവിളക്ക്‌ കത്തിക്കാഞ്ഞത്‌ ഞങ്ങള്‍ക്ക്‌ ആശ്വാസമായി. ഇനി അധികസമയം ആ വീട്ടില്‍ നില്‍ക്കുന്നത്‌ ആരോഗ്യത്തിന്‌ പറ്റിയതല്ല എന്ന തിരിച്ചറിവോടെ ഞാനും ഗോപാലേട്ടനും അവരോട്‌ യാത്ര പറഞ്ഞു.
 'ഇങ്ങോട്ട്‌ വന്ന കാറ്‌ റോഡില്‍ കാത്തുനില്‍ക്കുന്നുണ്ട്‌. ഞങ്ങള്‍ പോകുന്നു'.
 മരുമക്കളിലൊരാള്‍ അകത്തുപോയി കുറച്ചു രൂപയുമായി തിരിച്ചു വന്നു.
 'കാറിന്റെ ചാര്‍ജ്ജ്‌'
'വേണ്ട ! ഇപ്പോള്‍ ഒന്നും വേണ്ട'
ഞങ്ങള്‍ ഉമ്മറപ്പടിയിറങ്ങി അതിവേഗം റോഡിലേക്ക്‌ കുതിച്ചു. തിരിഞ്ഞുനോക്കാന്‍ ധൈര്യമില്ലാതെ. 

2012, ജൂലൈ 16, തിങ്കളാഴ്‌ച

മിഠായി രാവിലെ ഒരു കട്ടന്‍ ചായ ചൂടോടെ കഴിച്ച്‌ അയാള്‍ ടോയ്‌ലറ്റിലെ സിംഹാസനത്തില്‍ കയറിയിരുന്ന്‌ ദിനപത്ര രാജ്യഭരണം ആരംഭിച്ചു. അടുക്കളയില്‍ ഭാര്യ തിരക്കിട്ടപണിയിലാണ്‌. വലതുകൈകൊണ്ട്‌ ദോശയുണ്ടാക്കുന്നു, ഇടതുകൈകൊണ്ടു പാല്‍ തിളച്ചുതൂവാതിരിക്കാനായി സ്പൂണ്‍ ഇട്ട്‌ ഇളക്കിക്കൊണ്ടിരിക്കുകയും. അതായത്‌ പൂജാരി മണിയടിയും അര്‍ച്ചനയും ഒരുമിച്ചു നടത്തുന്നതുപോലെ. കോപ്പിയടിയും ഉത്തരമെഴുത്തും ഒരേസമയം നിര്‍വഹിക്കുന്ന കൃത്യതയില്‍. ടീച്ചര്‍ കൊടുത്ത ഇമ്പോസിഷ്യന്‍ എഴുതിക്കൂട്ടുന്ന തിരക്കിലത്രെ മകള്‍.
അപ്പോളാണ്‌ കോളിംഗ്‌ ബെല്ലിന്റെ തുടരെത്തുടരെയുള്ള ശബ്ദം. 
ആരും പ്രതികരിക്കുന്ന ലക്ഷണമില്ല. കോളിംഗ്‌ ബെല്ല്‌ വീണ്ടും ശബ്ദിച്ചു. കര്‍മ്മം മതിയാക്കി എഴുന്നേല്‍ക്കേണ്ടിവരുമോ, അയാള്‍ സംശയിച്ചു.
 ഭാഗ്യം ! വാതില്‍ തുറക്കുന്ന ശബ്ദംകേട്ടു.
 'എന്താ?' മകളുടെ ചോദ്യമാണ്‌.
 'അമ്മാ ! വല്ലോം തരണേ, സുനാമി വന്ന്‌ എല്ലാം പോയേ'
 ഇത്ര പെട്ടെന്ന്‌ മകളെ അമ്മയാക്കിയോ? മകള്‍ക്ക്‌ ദയ തോന്നിയെന്ന്‌ തോന്നുന്നു.
 'എവിടെയാ നാട്‌?'
 'മണ്ഡപത്തിനപ്പുറം ധനുഷ്കോടിയിലാ'
 അടുക്കളയില്‍ചെന്ന്‌ മകള്‍ അമ്മയോട്‌ പറയുന്നത്‌ കേട്ടു
 'ഒരു പിച്ചക്കാരനാ അമ്മേ'
'അച്ഛന്റെ പോക്കറ്റില്‍ചില്ലറകാണും മോള്‌ ചെന്നുനോക്ക്‌'
 തൂക്കിയിട്ട ഷര്‍ട്ടിന്റെ കീശയില്‍നിന്ന്‌ നാണയങ്ങള്‍ കിലുങ്ങുന്ന ശബ്ദം. ദൈവമേ ചതിച്ചോ?പരിപാടി വേഗം മതിയാക്കി ഒരുവിധത്തില്‍ അയാള്‍ പുറത്തേക്ക്‌ ഓടിവന്നു.
 ഭിക്ഷക്കാരന്‍ നടന്നുപോകുന്നത്‌ നോക്കി മകള്‍ ഉമ്മറത്തുതന്നെ നില്‍പുണ്ട്‌.
 'എത്രയാ കൊടുത്തത്‌?' അയാള്‍ ചോദിച്ചു.
 'അന്‍പതുപൈസാ. അച്ഛന്റെ കീശയില്‍ ബാക്കി രണ്ടു ഒറ്റരൂപാനാണയങ്ങളും ഒരു മിഠായിയുമെയുള്ളൂ. '
അയാള്‍ അകത്തേക്ക്‌ ഓടി. കീശയില്‍നിന്ന്‌ മിഠായി എടുത്ത്‌ ഭിക്ഷക്കാരന്റെ പിറകെ കുതിച്ചു ഗെയ്റ്റ്കടന്ന്‌ റോഡിലേക്ക്‌ കയറിയ അവനെ തടഞ്ഞുനിര്‍ത്തി.
 'അന്‍പതുപൈസ എവിടെ?'
ഭിക്ഷക്കാരന്‍ മകള്‍ കൊടുത്ത അന്‍പതുപൈസ നാണയം അയാളെ കാണിച്ചു. മിഠായി അവന്റെ കൈയില്‍ വെച്ചു കൊടുത്തു അന്‍പതുപൈസ നാണയം ഞൊടിയിടയില്‍ തട്ടിയെടുത്ത്‌ അയാള്‍ തിരികെ ഉമ്മറത്തു കയറി.
 'എന്താ പറ്റിയത്‌?'ഭാര്യയും മകളും പരിഭ്രമത്തോടെ ചോദിച്ചു.
 'അന്‍പതു പൈസയുടെ വില നിങ്ങള്‍ക്കറിയാമോ നിങ്ങളോട്‌ ചോദിച്ചിട്ടെന്തു കാര്യം? നിത്യവും നിങ്ങള്‍ ടൌണില്‍ പോകുന്നില്ലല്ലോ'അയാള്‍ തട്ടിക്കയറി.
 'എത്രമാത്രം ഒരുരൂപാനാണയങ്ങളാണ്‌ അന്‍പത്‌ പൈസ ഇല്ലാത്തതുകൊണ്ട്‌ നഷ്ടപ്പെട്ടതെന്ന്‌ നിങ്ങള്‍ക്ക്‌ മനസ്സിലാകുമോ? ഒരിക്കലുമില്ല...! എത്രമാത്രം മിഠായികളാണ്‌ കീശയിലായത്‌. '
അകത്തു കയറിയ അയാള്‍ വിജയശ്രീലാളിതനായി അന്‍പതുപൈസ ഷര്‍ട്ടിന്റെ പോക്കറ്റില്‍തന്നെ ഭദ്രമായി നിക്ഷേപിച്ചു.
 'അപ്പോ ,ആ മിഠായികളൊക്കെ ആരാ അച്ഛാ തിന്നുതീര്‍ത്തത്‌?'
മകളുടെ ചോദ്യം അയാള്‍ കേട്ടില്ലെന്ന്‌ നടിച്ചു. 

2012, ജൂലൈ 10, ചൊവ്വാഴ്ച

അപകടം ഒരു ബീഡിയും പുകച്ചുകൊണ്ട്‌ മൂഷികന്‍സാര്‍ സ്കൂള്‍ വരാന്തയിലൂടെ ഓരോ ക്ളാസ്മുറിയും ശ്രദ്ധിച്ചു നടന്നു. ഉച്ചക്കഞ്ഞിക്കുള്ള പരിപാടി വെപ്പുപുരയില്‍ തുടങ്ങി. വലിയ അലൂമിനിയം കലത്തില്‍ വെള്ളം തിളച്ചുതുടങ്ങി. മൂഷികന്‍സാര്‍ സ്റ്റോറില്‍ ഒന്നു കയറി. അരിയുടെ ഗുണം പരിശോധിക്കാമെന്നു കരുതി. ദുസ്സഹമായ നാറ്റത്തില്‍ അരിച്ചാക്കില്‍ കറങ്ങിവീണു ഇഹലോകവാസം വെടിഞ്ഞു. ബീഡിക്കുറ്റി കെട്ടും പോയി. ഇതിനാണോ ഇത്രയും വലിയ പുകില്‌ പത്രക്കാര്‍ ഉണ്ടാക്കുന്നത്‌

2012, ജൂൺ 11, തിങ്കളാഴ്‌ച

കണ്ണൂര്‍ ജില്ലാ കവിമണ്ഡലം കവിത മരിക്കുന്നില്ല. അത്‌ അമൃതവും അനന്തവുമാണെന്ന്‌ അടിവരയിട്ട്‌ ഉറപ്പുവരുത്തുന്ന ഒരു സംഘടന കണ്ണൂരിലുണ്ട്‌. കണ്ണൂര്‍  ജില്ലാ കവിമണ്ഡലം. 2006 ജൂലായ്‌ 2ന്‌ ഒരു പെരുമഴയത്ത്‌ പഴയങ്ങാടിയില്‍ രൂപം കൊണ്ട ഈ സംഘടന ഇന്ന്‌ ജില്ലയുടെ മുക്കിലും മൂലയിലും വ്യാപിച്ചുകിടക്കുന്നു. രക്ഷാധികാരിയായി പ്രശസ്തകവിയും പ്രസംഗകനുമായ പ്രൊഫ.മേലത്ത്‌ ചന്ദ്രശേഖരനും, ഉപദേശകസമിതി അംഗങ്ങളായി ഡോ.ആര്‍.സി.കരിപ്പത്ത്‌, കരുണാകരന്‍ പുതുശ്ശേരി , എന്‍.കെ.കൃഷ്ണന്‍ എന്നിവരുമുണ്ട്‌. ജനറല്‍ കണ്‍വീനറായി രാമകൃഷ്ണന്‍ കണ്ണോം. കണ്‍വീനര്‍മാരായി പപ്പന്‍ ചെറുതാഴം, സി.പി.പി.നമ്പ്യാര്‍ എന്നിവരുമാണുള്ളത്‌. കവിമണ്ഡലത്തിന്‌ നാല്‌ മേഖലകളുണ്ട്‌. പയ്യന്നൂര്‍ (മേഖലാ കണ്‍വീനര്‍ രഞ്ജിത്ത്‌ മാത്തില്‍), തളിപ്പറമ്പ്‌ (രാജേഷ്‌ വാര്യര്‍. ), കണ്ണൂര്‍  (ചന്ദ്രശേഖരന്‍ ചാലാട്‌), കൂത്തുപറമ്പ്‌ (പി.വി.മധുസൂദനന്‍). ജില്ലയിലെ സാഹിത്യ വാസനയുള്ളവരെ കൈ പിടിച്ചുയര്‍ത്തുക, അവര്‍ക്കു വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക, വിദ്യാര്‍ത്ഥികളില്‍ ഒളിഞ്ഞിരിക്കുന്ന കലാസാഹിത്യവാസനകളെ കണ്ടെത്തി അവ പരിപോഷിപ്പിക്കുക, തെറ്റുകള്‍ തിരുത്തുക, അവരുടെ ശബ്ദം പുറംലോകത്ത്‌ കേള്‍പ്പിക്കുക എന്നിവയാണ്‌ ലക്ഷ്യം. സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്കുപുറമെ സാമൂഹിക പാരിസിഥിതിക പ്രശ്നങ്ങളിലും, ആരോഗ്യ സേവന രംഗങ്ങളിലും കവിമണ്ഡലത്തിന്റെ സക്രിയ സാന്നിദ്ധ്യമുണ്ട്‌.
 പ്രധാന നാഴികക്കല്ലുകള്‍
 2006ജൂലായ്‌ 2രൂപീകരണം, മഴ സൌഹൃദ കവിസംഗമം, പഴയങ്ങാടി   ആഗസ്ത്‌ 6 ഭീകരവാദവിരുദ്ധ കവിതാരവം, കണ്ണൂര്‍  (പ്രൊ. മേലത്ത്‌ ചന്ദ്രശേഖരന്‍)  സപ്തംബര്‍ 7   ശ്രാവണ സാന്ത്വനം- അഴീക്കോട്‌ (ടി.പി. ഭാസ്കര പൊതുവാള്‍) ഒക്ടൊ 15 ഇടശ്ശേരി അനുസ്മരണം, പിലാത്തറ  ഡിസം.31    40 കഴിഞ്ഞവര്‍ക്ക്‌ സംസ്ഥാന കവിതാമത്സരം
2007ജനുവരി 7 കക്കാട്‌ അനുസ്മരണം, കണ്ണൂര്‍ .(എന്‍.കെ. കൃഷ്ണന്‍)  ഫെബ്രു 17  ദിവാകരന്‍ വിഷ്ണുമംഗലത്തിന്‌ അയ്യപ്പപ്പണിക്കര്‍ അവാര്‍ഡ്‌ ദാനം (പി.പി. ശ്രീധരനുണ്ണി)  മാര്‍ച്ച്‌ 10   പി. ഭാസ്കരന്‍ സ്മൃതി സായാഹ്നം, കണ്ണൂര്‍   മെയ്‌ 6 കുഞ്ചന്‍ നമ്പ്യാര്‍ സ്മൃതി, പയ്യന്നൂര്‍   ജൂലായ്‌ 14 കവിമണ്ഡലം ഒന്നാം വാര്‍ഷികം- പി.സ്മാരക കവിതാ ക്യാമ്പ്‌, കൂടാളി (ഡി. വിനയചന്ദ്രന്‍)  ഒക്ടോ 7 നാലാപ്പാട്ട്‌ അനുസ്മരണം-പുസ്തക പ്രകാശനം, കണ്ണൂര്‍ (പി.കെ. ഗോപി) ഡിസം 22 വൈലോപ്പിള്ളി സ്മൃതി, പിലാത്തറ
2008 ജനുവരി 30 കുഞ്ഞുണ്ണി സ്മൃതി, പഴയങ്ങാടി (പള്ളിയറ ശ്രീധരന്‍) ജൂണ്‍30  പി. ഭാസ്കരന്‍ സുവര്‍ണ്ണമുദ്ര പുരസ്കാരത്തിന്‌ അഭിപ്രായവോട്ടെടുപ്പ്‌ ജൂലായ്‌ 12 പാലാ നാരായണന്‍ നായര്‍ സ്മൃതി-കവിമണ്ഡലം രണ്ടാം വാര്‍ഷികം,കണ്ണൂര്‍  ആഗസ്ത്‌ 30  അനില്‍ പനച്ചൂരാന്‌ പി. ഭാസ്കരന്‍ സുവര്‍ണമുദ്ര പുരസ്കാരദാനം-കവിതാലാപന മത്സരം, പഴയങ്ങാടി ഒക്ടൊ 10 അക്ഷരപൂജ കവിതാരവം, കണ്ണൂര്‍ (വാണിദാസ്‌ എളയാവൂര്‍).ഒക്ടൊ 31  വയലാര്‍ സ്മൃതി, കണ്ണൂര്‍  (ഡി. വിനയചന്ദ്രന്‍). നവമ്പര്‍ 8 വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രതിമാസ കവിതാക്ളാസ്സ്‌ ആരംഭം (പയ്യന്നൂര്‍  വിശ്വകല അക്കാദമി, തളിപ്പറമ്പ്‌ പ്രൊവിഡന്‍സ്‌ കോളേജ്‌, കണ്ണൂര്‍ കോളേജ്‌ ഓഫ്‌ കൊമേഴ്സ്‌, കൂത്തുപറമ്പ്‌ വൃദ്ധജനസേവനകേന്ദ്രം)    ഡിസം 27 പപ്പന്‍ ചെറുതാഴത്തിന്റെ 'സുഗന്ധം നഷ്ടപ്പെടുന്ന പൂക്കള്‍' പ്രകാശനം, കണ്ണൂര്‍  (ടി.എന്‍. പ്രകാശ്‌)
 2009 ജനുവരി 30 ക്യാമ്പസ്‌ കവിസദസ്സ്‌ ആരംഭം, ശകരാചാര്യ സംസ്‌കൃത കോളേജ്‌ എടാട്ട്‌
മാര്‍ച്ച്‌ 28 പുറച്ചേരി കേശവതീരം ദ്വിദിന കവിതാക്യാമ്പ്‌ (ഡോ.ആര്‍.സി. കരിപ്പത്ത്‌) മെയ്‌ 9 വിദ്യാര്‍ത്ഥി ക്യാമ്പ്‌,  കണ്ണൂര്‍  (ബാലകൃഷ്ണന്‍, കൊയ്യോന്‍) മെയ്‌ 31 അക്ഷരസാന്ത്വനം വായനാപദ്ധതി ആരംഭം, കേശവതീരം പുറച്ചേരി ജൂലായ്‌ 5 മാടായിപ്പാറയില്‍ പരിസ്ഥിതി സ്നേഹാരവം-കവിമണ്ഡലം മൂന്നാം വാര്‍ഷികം  ആഗസ്ത്‌ 1 സ്കൂള്‍തല കവിതാങ്കണം ആരംഭം, ചെറുപുഴ ജെ.എം.യു.പി. സ്കൂള്‍ സപ്തം 29 ജില്ലാതല മൈത്രീസംഗമം, കൂത്തുപറമ്പ്‌ വൃദ്ധജനസേവനകേന്ദ്രം (കെ. തായാട്ട്‌) ഒക്ടൊ 2 കവിതാങ്കണം, പെരളം യു.പി. സ്കൂള്‍ ഒക്ടൊ 4 മാടായിപ്പാറ സംരക്ഷണ ഉപവാസം- അനുഭാവസംഗമം, കണ്ണൂര്‍ നവം 14 കവിതാക്ളാസ്സ്‌ ഒന്നാം വാര്‍ഷികം-കവിതാങ്കണം, കൂത്തുപറമ്പ്‌ ഹൈസ്കൂള്‍
 2010 ജനുവരി 9 കക്കാട്‌ സ്മൃതിസംഗമം (4 മേഖലാ കേന്ദ്രങ്ങളില്‍) ഫെബ്രു 8 ഗിരീഷ്‌ പുത്തഞ്ചേരി സ്മരണാഞ്ജലി (4കേന്ദ്രങ്ങളില്‍) മാര്‍ച്‌ 3 വള്ളത്തോള്‍ സ്മൃതി  (4കേന്ദ്രങ്ങളില്‍)  മെയ്‌ 8 കേശവതീരം ദ്വിദിന കവിതാക്യാമ്പ്‌ (പ്രൊ.മുഹമ്മദ്‌ അഹമ്മദ്‌, ഡോ.വൈ.വി.കണ്ണന്‍, ടി.പി. പത്മനാഭന്‍ മാസ്റ്റര്‍, പയ്യന്നൂര്‍ കുഞ്ഞിരാമന്‍  മാസ്റ്റര്‍) ജൂണ്‍ 11 ഉള്ളൂര്‍ സ്മരണാഞ്ജലി (4കേന്ദ്രങ്ങളില്‍)
ജൂലായ്‌ 18 കവിമണ്ഡലം പ്രസിദ്ധീകരിക്കുന്ന വിത,മുള,വിള എന്ന പുസ്തകത്തിന്റെ പ്രകാശനം, കോളേജ്‌ ഓഫ്‌ കൊമേഴ്സ്‌ കണ്ണൂര്‍, , (ആലങ്കോട്‌ ലീലാകൃഷ്ണന്‍)  നവമ്പര്‍ 22 എന്‍ഡൊസള്‍ഫാന്‍ വിരുദ്ധ മുഴുദിന കവിതാരവം, സ്റ്റേഡിയം കോര്‍ണര്‍ കണ്ണൂര്‍
2011  ഫെബ്രുവരി 20 കവി വിഷ്ണുനാരായണന്‍ നമ്പൂതിരി ആദരണം, കേശവതീരം പുറച്ചേരി മെയ്‌ 7,8  ദ്വിദിന കവിതാക്യാമ്പ്‌  കേശവതീരം (സിപ്പി പള്ളിപ്പുറം) ആഗസ്ത്‌ 28  മാടായിപ്പാറ സംരക്ഷണ കവിതാജാഥ, ജൂതക്കുളം, വടുകുന്ദത്തടാകം സന്ദര്‍ശനം, ജലപൂജ
 2012  ഫെബൃ 12  ചങ്ങമ്പുഴ, വൈലോപ്പിള്ളി അനുസ്മരണം, കേശവതീരം (പി.പി.ശ്രീധരനുണ്ണി, പ്രൊ.മേലത്ത്‌) മാര്‍ച്ച്‌ 18 ജില്ലാതല കവിസമ്മേളനം അമസോണ്‍ കോളജ്‌, കണ്ണൂര്‍  . മെയ്‌ 26,27  ദ്വിദിന കവിതാക്യാമ്പ്‌, പി അനുസ്മരണം, കേശവതീരം (കവിപുത്രന്‍ രവീന്ദ്രന്‍ നായര്‍, ഡോ.എ.എസ്സ്‌. പ്രശാന്ത്‌ കൃഷ്ണന്‍, പയ്യന്നൂര്‍  കുഞ്ഞിരാമന്‍ മാസ്റ്റര്‍) ജൂണ്‍ 9  ഉള്ളൂര്‍   സ്മൃതിസംഗമം (4കേന്ദ്രങ്ങളില്‍)...........

2012, ജൂൺ 9, ശനിയാഴ്‌ച

പാമ്പ്‌ ഇന്നലത്തെ പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടു. മാങ്ങാജ്യൂസില്‍ പാമ്പിന്‍ കുഞ്ഞ്‌. ഇങ്ങിനെ പോയാല്‍ അധികം വൈകാതെ കീരിക്കുഞ്ഞുങ്ങളും പ്രത്യക്ഷപ്പെട്ടേക്കാം. കലികാലത്ത്‌ പലതും നടക്കും. മുന്‍പ്‌ മാങ്ങാജ്യൂസില്‍ പുഴുക്കളെ കണ്ടതും, അരവണയില്‍ പല്ലിവാല്‍ കണ്ടതും വായിച്ചത്‌ ഓര്‍മ്മവരുന്നു. അതൊന്നും നേരിട്ടു കാണാന്‍ പറ്റിയില്ലെങ്കിലും ഒരിക്കല്‍ ഒരു കാഴ്ച കാണാന്‍ ഇടയായി. അലക്ഷ്യമായി റോഡില്‍ ആരോ ജ്യൂസ്‌ കുടിച്ചു വലിച്ചെറിഞ്ഞ പേക്കറ്റിന്റെ മീതേക്കൂടി ഒരു കാറിന്റെ ടയര്‍ കയറിയിറങ്ങിയപ്പോള്‍ പേക്കറ്റ്‌ പൊട്ടുകയും സാമാന്യം വലിയ ഒരു പുഴു ദ്ര്‍ശ്യമാവുകയും ചെയ്തു. അതില്‍പിന്നെ പേക്കറ്റ്‌ ജ്യൂസ്‌ കുടി ഞാന്‍ നിര്‍ത്തി. ഫ്റഷ്ജ്യൂസ്‌ പോലും സംശയത്തോടുകൂടിമാത്രമെ കുടിക്കാന്‍ പറ്റൂ. 

2012, ജൂൺ 7, വ്യാഴാഴ്‌ച

മാടായിപ്പാറ

മാടായിപ്പാറയെ കാണ്‍കെ എന്റെ മാനസമാനന്ദസാന്ദ്രം
 പോയൊരെന്‍ ബാല്യസ്മൃതികള്‍ മയില്‍പ്പീലി വിടര്‍ത്തുന്നു മുന്നില്‍
ആറുവയസ്സുമുതല്‍ക്കെ, ഞാനീ പാറയെ കണ്ടുവളര്‍ന്നു
പാറപ്പൂ പുഞ്ചിരി തൂകി, മുള്ളാല്‍ കാലടി മെല്ലെ തഴുകി
കാലം കഴിയവെ കാലില്‍ മുള്ളു കേറാത്തഴമ്പായി മാറി
 ഉച്ചയ്ക്കു വിദ്യാലയത്തിന്‍ മണിയൊച്ചയുയരുന്ന നേരം
പാറക്കുളങ്ങരെ ഞങ്ങള്‍ ചോറ്റുപാത്രവും തൂക്കിയണഞ്ഞു
 ഓലക്കുടതന്‍ ചുവട്ടില്‍ മഴക്കാലത്തും ചോറുണ്ടു ഞങ്ങള്‍
കാറ്റുവരുമ്പോള്‍ കിടാങ്ങള്‍ 'പാരച്യൂട്ടാ'യ്‌ കുടയ്ക്കൊപ്പം പൊങ്ങി
കൂട്ടുകാരൊത്തു കളിച്ചു പല പാട്ടുകള്‍ പാടി രസിച്ചു.
പാളയം മൈതാനംതന്നില്‍ ഫുട്ബോള്‍ പാഠങ്ങള്‍ ഞങ്ങള്‍ പഠിച്ചു
 ഓണമായാല്‍ ഞങ്ങള്‍ പൂക്കൂടയുമേന്തിയീ പാറയിലെത്തും
കാക്കപ്പൂ കണ്ണാന്തളിപ്പൂ പിന്നെ തെച്ചീപ്പൂവൊക്കെ പറിക്കും
 ജൂതക്കുളങ്ങരെ ചെന്നു നീണ്ട ചൂതു പറിച്ചു രസിക്കും
 ഓടും കുറുക്കനെ കാണ്‍കെ ഒട്ടു ഭീതിയാല്‍ കാലിടറീടും
കാലികള്‍ക്കൊപ്പം നടക്കും ധീരശാലികളായി നടിക്കും
 പാറയില്‍ മേഞ്ഞുനടക്കും കന്നുകാലികളെ കൊന്നുതിന്നാന്‍-
 എത്തും പുലികളെ കൊല്ലാന്‍ തീര്‍ത്ത തുപ്പാക്കിക്കല്‍മാടം നോക്കും
 അന്നത്തെയാ വടുകുന്ദപ്പൊയ്ക മുന്നില്‍ കടലുപോല്‍ തോന്നി
എന്നുമുറവവറ്റാത്ത ജലം പുണ്യതീര്‍ത്ഥം പോല്‍ വിശുദ്ധം
 മൂന്നു കിണറതിലുണ്ടെന്നല്ലൊ മൂത്തവര്‍ ചൊന്നതു മുന്നം
 ദേവനദങ്ങളിലേക്കു നീണ്ടുപോവുമവയെന്നു കേള്‍വി
 വാപിളര്‍ന്നീടും മുതലക്കൂട്ടം വാപിയില്‍ നീന്തിത്തുടിച്ചു
 പുസ്തകസഞ്ചിയുംതൂക്കി പോകും കുട്ടികള്‍ ഞങ്ങള്‍ ഭയന്നു
 പൂരക്കടവിലണഞ്ഞു പിന്നെ പൂരംകുളികണ്ടു നിന്നു
നേദ്യച്ചോര്‍ കൊട്ടയിലാക്കി തന്ത്രി നീന്തും മുതലകള്‍ക്കേകും
 തീരമൊരുത്സവമേളം പൊങ്ങിയാരവം ചന്തയിലെങ്ങും !

 ബാല്യം കൊഴിഞ്ഞുപോയ്‌ മെല്ലെ മുന്നില്‍ കാവ്യാംഗന വന്നു നിന്നു
പാറയില്‍ കാവ്യം രചിക്കും വെറും പാവമാമെന്നെ തഴുകി
ഏഴിമലയതുകണ്ടു മേഘപാളിയാല്‍ നാണം മറച്ചു
ആഴിയലകള്‍ കൈകൊട്ടി, തൂവെണ്‍പൂഴിയില്‍ ചിത്രം വരച്ചു
 എന്‍ കാവ്യജീവിതയാത്രയ്ക്കൊത്തു സങ്കല്‍പചിത്രം രചിക്കാന്‍
പൂവിടും ഭാവനയെല്ലാം കാവ്യഹാരമായ്‌ മാറ്റിയെടുക്കാന്‍
 ഇന്നുമീ മാടായിപ്പാറ എന്നെ വന്നുവിളിക്കുന്നു വീണ്ടും
സസ്യങ്ങള്‍, പുഷ്പജാലങ്ങള്‍, വന്യജന്തുക്കള്‍, ജൈവസമ്പത്തും
 അത്യപൂര്‍വ്വം ശലഭങ്ങള്‍, വിരുന്നെത്തുന്ന പക്ഷികളെല്ലാം
 മാടായിപ്പാറയില്‍ വാണു ഒരു മാവേലിനാടെന്നപോലെ

 എങ്ങുപോയാനല്ലകാലം, കാറ്റില്‍ പൊങ്ങുന്നു ദുര്‍ഗന്ധമിപ്പോള്‍
 പാറയോവെട്ടീപ്പൊളിച്ചു, രാജപാതകള്‍ ഹര്‍മ്മ്യങ്ങളെങ്ങും
 ക്ഷേത്രങ്ങള്‍, പൂര്‍വ്വചരിത്ര സ്മൃതിസാക്ഷ്യങ്ങളൊക്കെ തകര്‍ക്കാന്‍
വാ പിളര്‍ന്നോടിവരുന്നു യന്ത്രകീചകന്‍ മാറു പിളര്‍ക്കാന്‍
നിന്‍ ചോരയൂറ്റിക്കുടിക്കാന്‍, പിന്നെ നിന്‍ കുടല്‍മാലയെടുക്കാന്‍
കുന്നും മലയുമിടിക്കാന്‍ വടുകുന്ദയില്ലാതാക്കിത്തീര്‍ക്കാന്‍
 വെള്ളമില്ലാതെ വലയ്ക്കാന്‍, കുടിവെള്ളവും തേടി നടത്താന്‍
 വെള്ളനിറം പൂണ്ട മണ്ണു മാന്തി , വെള്ളിക്കാശാക്കുന്നിതെങ്ങും
ടൂറിസമെന്നുള്ള പേരില്‍ ചിലരാഭാസമല്ലോ ചമയ്പ്പൂ
 മദ്യമൊഴിഞ്ഞതാം കുപ്പി, ഒപ്പം പൊട്ടിയ കുപ്പിവളകള്‍....!
 പ്ളാസ്റ്റിക്‌ സഞ്ചികളെങ്ങും കാറ്റില്‍ പ്ളാവിലപോലെ പറപ്പൂ
നാറുമറവുമാലിന്യം തേടി പാറിവരുന്നു കഴുകന്‍
 ദാരികനെ കൊന്നൊരമ്മേ വീശൂ താവക നാന്ദക ഖഡ്ഗം
താരമ്പനെ കൊന്ന ദേവാ വീണ്ടും താവക തൃക്കണ്‍ തുറക്കൂ
 നേരമായ്‌ മാടായിക്കോട്ടതന്നില്‍ പീരങ്കി വീണ്ടും പടുക്കാന്‍
പാറയെക്കൊല്ലും കിരാതര്‍ തന്റെ മാറിലായ്‌ തീയുണ്ടതുപ്പാന്‍
ഒത്തുചേര്‍ന്നെത്തിടും ഞങ്ങള്‍, കാവ്യ ഖഡ്ഗമുയര്‍ത്തും കവികള്‍.