ആകെ പേജ്‌കാഴ്‌ചകള്‍

2012, ഓഗസ്റ്റ് 25, ശനിയാഴ്‌ച

ഓണസ്മൃതി


ഓർത്തുപോകുന്നു ഞാൻ നഷ്ടബാല്യത്തിന്റെ
പൂക്കൂടയിൽ ബാക്കി നിൽക്കുന്ന പൂക്കളെ ,
ഓർമ്മതൻ വെള്ളിത്തിരശ്ശീലയിൽ മിന്നി-
മായും തിരുവോണനാളിൻ സ്മൃതികളെ

തോർത്തുമുണ്ടും ചുറ്റിപാടവരമ്പിലും,
തോട്ടിൻകരയിലും, ക്ഷേത്രപ്പറമ്പിലും
ഓടിനടന്നു സ്വരൂപിച്ചുകൂട്ടി ഞാൻ
ഓണക്കളത്തിനായ്‌ പൂവുകൾ, മോഹങ്ങൾ !

കാലപ്രവാഹത്തിലെല്ലാം പഴമയായ്‌,
കോലം പുതിയതായ്‌, കോവിൽ പുതിയതായ്‌
കോൺക്രീറ്റ്‌ കട്ടകൾ പാകിയ മുറ്റത്ത്‌
കാണ്മതു പ്ലാസ്റ്റിക്ക്‌ പൂക്കളം മോഹനം!

ഊൺമേശമേൽ വന്നു തയ്യാറായ്‌ നിൽപതോ
ഓർഡറിലെത്തിയ ഹോട്ടലിൻ സദ്യയും.
ആടിത്തിമിർക്കുവാൻ ഊഞ്ഞാലൊരുക്കുന്നു
ഓണപ്രദർശനമേളകൾ നൂതനം

ഓണത്തിനായി സ്പെഷൽ നഗ്നനൃത്തങ്ങൾ
കാണിക്കുവാൻ 'ചാനൽ' മൽസരിച്ചീടുന്നു
വാണിഭം റോഡിൻ വശങ്ങളിൽ കേവലം
ഗാർഹിക വസ്തുക്കൾ കൂടാതെ നിൽപുണ്ട്‌

കോടിമായാത്തതാം മാംസച്ചരക്കുകൾ,
കോടപ്പുകമറതീർക്കാൻ ചരസ്സുകൾ,
നീന്തിത്തുടിക്കാൻ വിദേശമദിരതൻ
നീന്തൽക്കുളങ്ങളും പൊയ്കയുമെങ്ങുമേ !

ഓലക്കുടയുമായോടി മറയുന്ന-
താരാണ്‌, ദു:ഖിതൻ മവേലിമന്നനോ?
കണ്ണട ഞാനൂരി വെയ്ക്കട്ടെ, കാഴ്ചയൊ-
ട്ടില്ലാതെയോണം കടന്നങ്ങു പോകട്ടെ.

2012, ഓഗസ്റ്റ് 23, വ്യാഴാഴ്‌ച

സമ്മാനം
'ഇന്ദിരതന്നുടെ പുഞ്ചിരിയായൊരു
ചന്ദ്രിക മെയ്യിൽ പതിക്കയാലെ....'
എന്മടിത്തട്ടതിലൊട്ടിയിരിക്കുന്ന
പൊന്മകൾ വായിപ്പൂ കൃഷ്ണഗാഥ.
*********************************
കൊല്ലമറുപതു പിന്നിട്ടുപോയൊരെൻ
ഫുല്ലമാം മാനസവാടിതന്നിൽ
ഇന്നും സുഗന്ധം പരത്തിനിന്നീടുന്നു
എന്നിലെ ഓർമ്മതൻ പാരിജാതം
അഷ്ടിക്കുവേണ്ടി ദിനരാത്രമൊക്കെയും
കഷ്ടതപേറിയെൻ രക്ഷിതാക്കൾ
പട്ടിണിതൻ ചൂരറിഞ്ഞവരെങ്കിലും
ഒട്ടും മടിച്ചില്ല വിദ്യ നൽകാൻ
എട്ടുമെട്ടും പതിനാറോളം നാഴിക
നിത്യവും താണ്ടിയെൻ നഗ്നപാദം
വിദ്യാലയത്തിലും, പിന്നീടതേവഴി
വീട്ടിലും ദൂരമളന്ന നാൾകൾ
ഓർക്കവെ കാണ്മതില്ലിന്നു ചെരിപ്പുകൾ-
കോർക്കാത്ത കാലുകളെങ്ങുമേ ഞാൻ
കേവലം നാഴികയൊന്നു താണ്ടീടുവാൻ
ഏവരും കാത്തീടും നാഴികകൾ !
"വാഹനമില്ലാതെ പോകുവതെങ്ങിനെ ?"
ചോദിപ്പൂ ഷൂസിട്ട ബാലകന്മാർ
കൈയ്യിലണിഞ്ഞ വിലയുറ്റ വാച്ചിലായ്‌
ദൈന്യരായ്‌ നോക്കുന്നു വീണ്ടും വീണ്ടും
കാലടികൊണ്ടു സമയമളന്ന ഞാൻ
കാണുന്നു കാലപ്രവാഹഭേദം.
ഇന്നു നടുവൊടിച്ചീടുന്ന പുസ്തക-
ക്കുന്നുകൾ പേറുന്നു ശൈശവങ്ങൾ.
എന്നാൽ തലയ്ക്കകം ശൂന്യം, പഠനങ്ങ-
ളൊന്നും ശരിക്കു നടപ്പതില്ല
മത്സരംതന്നെയെവിടെയും, മാർക്കിനായ്‌
കുത്സിതമാർഗ്ഗം തിരഞ്ഞെടുപ്പു
ഒട്ടും വിയർക്കാതെ, അദ്ധ്വാനമില്ലാതെ
ഒന്നാമനാകാൻ ശ്രമിച്ചിടുന്നു
********************************
ഇന്നുമെന്നോർമ്മയിൽ പൂവിട്ടുനിൽക്കുന്നു
അന്നത്തെ വാർഷികാഘോഷരംഗം
സ്ക്കൂളിലൊന്നാമനാമെന്നെ വിളിച്ചെന്റെ
മാറിൽ മെഡൽ ചാർത്തി സമ്മാനമാ-
യേകിയതാം പൊതി സ്വീകരിച്ചീടവെ
തൂകി ഞാൻ ഹർഷാശ്രുബിന്ദുമാത്രം
തൃഷ്ണയാൽ പൊട്ടിച്ചു ഞാനാപ്പൊതിക്കുള്ളിൽ
'കൃഷ്ണപ്പാട്ടെ'ന്ന വിശിഷ്ടഗ്രന്ഥം
കണ്ടൂ 'ചെറുശ്ശേരി' എന്ന നാലക്ഷരം
കൊണ്ടുഞ്ഞാൻ കോൾമയിരൽപനേരം
ഇന്നുമാഗ്രന്ഥം ഞാൻ സൂക്ഷിപ്പൂ; വായിപ്പൂ
കണ്ണടയെത്രയോ മാറ്റിയിട്ടൂ
***************************
കൊച്ചുമകൾക്കതു വായിക്കണമെന്നായ്‌
അച്ചാഛൻ തന്മടിത്തട്ടിലേറി
ഉച്ചത്തിൽ വായിപ്പൂ 'കൃഷ്ണപ്പാട്ടേ'കട്ടെ
അച്ചെറുശ്ശേരി അനുഗ്രഹങ്ങൾ !

2012, ഓഗസ്റ്റ് 10, വെള്ളിയാഴ്‌ച

നേർക്കാഴ്ചഅമ്പത്തൊന്നക്ഷര ഖഡ്ഗങ്ങളിന്നലെ
സന്ധ്യയെ വെട്ടി നുറുക്കിയപ്പോൾ
സത്യമസത്യങ്ങൾ കൈകോർത്തു ഭീതിദ-
വൃത്തമെൻ മുന്നിൽ കവിതയായി.
ചോരയിൽ മുങ്ങിയ സാഗരവീചികൾ
ചോദിച്ചു 'എന്തിനീ ക്രൂരകൃത്യം '?
നൂറുവട്ടം നുണ ചൊല്ലുകിൽ സത്യമോ
നൂറുസത്യം ഹാ! വെറും നുണയോ ?
മവേലിമന്നവാ മേലോട്ടു പോരേണ്ട
പാതാളമെത്രയോ ഭേദമല്ലോ
കേരള നാടിനി കാണേണ്ട വേണ്ടിനി
കേവലമോണം, ഒഴുകും നിണം !
ഓരോരോ പൂവിലും തേൻതുള്ളിയെന്നപോൽ
ചോരയാണല്ലോ തെറിച്ചു കാണ്മൂ
മുറ്റത്തു വട്ടത്തിൽ പൂക്കളമെന്നപോൽ
വെട്ടിത്തിളങ്ങുന്നു ചോരക്കളം
ആവുകില്ലാർക്കുമീ നേർക്കാഴ്ച കാണുവാൻ
'പൂവേ പൊലി' വെറുമാർത്തനാദം.
ഊഞ്ഞാലുകെട്ടും കയറഴിച്ചീടുക
ഊരുചുറ്റുന്ന പുലികളെങ്ങും
ആരു ചോദിക്കാൻ, പറയാൻ, തടുക്കുവാൻ,
നേരറിവോരല്ലേ നാലുപാടും
മാനുഷരെല്ലാരുമൊന്നല്ല, ഭിന്നമാ-
മാശയം കെട്ടിപ്പുണർന്ന കൂട്ടർ.
രക്തബന്ധങ്ങളോ, ആർദ്രമാം സ്നേഹമോ
വ്യക്തികൾക്കില്ല സഹതാപമോ.
പഞ്ച നക്ഷത്രങ്ങൾ മിന്നുന്ന ഹോട്ട്ലിൻ
പിന്നിലടുക്കളയെന്ന പേരിൽ
നീറും ചുടലയോ, നാറും വിസർജ്ജ്യമോ,
ഏറേ പഴകിയ ഭക്ഷണമോ
ഒർഡറായ്‌ മേശമേൽ വെള്ളിത്തളികയിൽ
ഓടിവന്നെത്തുന്നു വൻതുകയ്ക്കായ്‌
റേഷനരിയിൽ എലിചത്തു നാറുന്നു
ജ്യൂസിൽ പുഴുക്കളും പാമ്പുകളും
തൂശനിലയിൽ വിളമ്പിയ തുമ്പപ്പൂ-
ച്ചോറും കറികളുമോർമ്മമാത്രം !
പച്ചപ്പരിഷ്ക്കാരമേറുന്നു, മായങ്ങൾ
പച്ചക്കറിയിലും മാരകങ്ങൾ
കേരങ്ങളൊക്കെയും മണ്ടരി ബാധിച്ചു,
കേറുവാനാളില്ല, തേങ്ങയില്ല.
പൊങ്ങീ വില സർവ്വവസ്തുവിനെങ്കിലും
എന്നും വില മർത്ത്യജീവനില്ല
മവേലിമന്നവാ മേലോട്ടു പോരേണ്ട
പാതാളമൊർക്കുകിൽ സ്വർഗ്ഗമല്ലോ.

2012, ഓഗസ്റ്റ് 6, തിങ്കളാഴ്‌ച

ശാസ്ത്രപുരോഗതി

 ഡോക്ടറുടെ പടി ഇറങ്ങിവരുമ്പോള്‍ മാഷ്‌ വിയര്‍ക്കുകയായിരുന്നു.
 "മാഷേ!" പരിശോധനമുറിയുടെ കര്‍ട്ടന്‍ നീക്കി ഡോക്ടര്‍ തിരികെ വിളിച്ചു.
 "മാഷ്‌ കണ്ണട മറന്നു. ടെന്‍ഷന്‍ കുറക്കണം. പേടിക്കേണ്ട. ഈ പ്രായത്തില്‍ ഇത്തരം അസുഖം സാധാരണയാ. ഇതാ മാഷ്ടെ കണ്ണട "
കരുണന്‍ മാഷ്‌ ഒന്നു ചമ്മി. പിന്നെ ഡോക്ടര്‍ നീട്ടിയ കറുത്ത ഫ്രെയ്മുള്ള കണ്ണട വാങ്ങി. കഴുത്തില്‍ ചുറ്റിയ തോര്‍ത്ത്‌ മുണ്ട്കൊണ്ട്‌ മാഷ്‌ വിയര്‍പ്പൊപ്പി. എന്നാലും തന്നെയും അവന്‍ പിടികൂടിയല്ലൊ. ദുഷ്ടന്‍! എഴുപതു കൊല്ലം തന്നെ സ്പര്‍ശിക്കാത്ത ഈ രോഗം വരാന്‍ കണ്ട സമയം! ഇനി ചായസല്‍ക്കാരങ്ങളില്‍ 'വിത്തൌട്ട്‌' ഗ്രൂപ്പില്‍ താനും അംഗമാകേണ്ടിവരുമല്ലോ. കരുണന്‍ മാഷ്‌ ശീലക്കുട നിവര്‍ത്തി. കര്‍ക്കിടക മാസത്തെ വെയിലിന്‌ ചൂട്‌ കൂടുതലാണ്‌. നല്ല പോലെ വിയര്‍ക്കുന്നു. റോഡ്‌ നിറയെ വാഹനങ്ങള്‍. വഴിയോരം നിറയെ ജനങ്ങള്‍. അന്തമില്ലാത്ത യാത്ര, എങ്ങോട്ടേക്ക്‌? എന്തിനാണീ ധൃതി?
 ഡോക്ടര്‍ പ്രത്യേകം പറയുകയുണ്ടായി 'പേടിക്കേണ്ട, സ്റ്റാര്‍ട്ടിംഗാണ്‌. ഗുളികയൊന്നും ഇപ്പോള്‍ വേണ്ട. ഡയറ്റ്‌ കണ്ട്രോള്‍ മതി. മധുരം ഒഴിവാക്കുക. ചോറ്‌ അല്‍പം മാത്രം. പച്ചക്കറി വര്‍ഗ്ഗം കഴിക്കാം. ചീര, കാബേജ്‌, പാവയ്ക്ക, മുരിങ്ങയില, ഉലുവയില എല്ലാം. പിന്നെ നടത്തം അമാന്തിക്കരുത്‌.'
 'നമസ്തെ മാഷേ!'. താന്‍ എട്ടില്‍ പഠിപ്പിച്ച കുട്ടിയാണ്‌ മുന്നില്‍. ഇപ്പോള്‍ മൂന്നു മക്കളുടെ അച്ഛനായ 'റിലീഫ്‌ മെഡിക്കല്‍ സ്‌' എന്ന ഇംഗ്ളീഷ്‌ മരുന്നുകടയുടെ ഉടമ. എന്തൊക്കെ പുതിയ മരുന്നുകളാണ്‌ കടയില്‍! മറ്റുള്ളവരേപ്പോലെ മരുന്നു വാങ്ങാനൊന്നും തന്റെ കടയില്‍ ഈ ആരോഗ്യവാന്‍ മാഷ്‌ വരുന്നില്ലല്ലൊ എന്നാവാം ആ 'നമസ്തെ'യുടെ അര്‍ത്ഥം.
കരുണന്‍ മാഷ്‌ പ്രത്യഭിവാദനം ചെയ്ത്‌ റോഡ്‌ മുറിച്ചു കടക്കാനായി കാത്തു നിന്നു. സീബ്രാലൈന്‍ ഇടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. എന്തൊരു ട്രാഫിക്ക്‌! എത്രയാണ്‌ വാഹനങ്ങള്‍ ! എന്തെല്ലാം വര്‍ണപ്പൊലിമയുള്ളവ. ഏതെല്ലാം മോഡലുകള്‍. ഒരു വനിതാ കോളജ്‌ വിട്ട പ്രതീതി.
തന്റെ  ചെറുപ്പകാലത്ത്‌ ഈ റോഡ്‌ ഒരു ഇടവഴിയായിരുന്നു. ചരല്‍ക്കല്ലും, മണ്ണും ചളിയും, മഴവെള്ളത്തില്‍ ഒഴുകിയെത്തിയ ചപ്പുചവറും നിറഞ്ഞ ഒരിടവഴി. മനുഷ്യരോടൊപ്പം കന്നുകാലികളും സ്വൈരമായി വിഹരിച്ചിരുന്ന വഴി. കുട്ടിയായ താന്‍ നാല്‍ക്കാലികളെ പേടിച്ച്‌ കയ്യാലപ്പുറത്ത്‌ പുസ്തകക്കെട്ടുമായി നിന്ന സംഭവം അയാള്‍ ഒരുനിമിഷം ഓര്‍ത്തുപോയി.
 ഇടവഴി പഞ്ചായത്ത്‌ റോഡായി. കൊല്ലം കഴിയുന്തോറും വീതി കൂട്ടി. ഇപ്പോള്‍ മുന്‍സിപ്പാലിറ്റിയായി. നാല്‍ക്കവലയായി. ട്രാഫിക്‌ അയലന്റായി. റോഡ്‌ ഡിവൈഡറായി. വാഹനപ്പെരുപ്പമായി. പോലീസായി.
 റോഡ്‌ മുറിച്ചുകടക്കാന്‍ കുറെ കാത്തുനില്‍ക്കേണ്ടിവന്നു.
 'ഗുഡ്‌ ഈവ്നിംഗ്‌ സാര്‍' കരുണന്‍ മാഷ്‌ തലയുയര്‍ത്തി
 മുന്നില്‍നില്‍ക്കുന്ന തന്നേക്കാള്‍ പൊക്കമുള്ള മനുഷ്യനെ നോക്കി. താന്‍ പഠിപ്പിച്ച മണ്ടന്‍ പോക്കര്‍ എന്ന വിദ്യാര്‍ത്ഥി. പരിഷ്കൃത വേഷം.കയ്യില്‍ സ്വര്‍ണ്ണ വാച്ച്‌. സ്വര്‍ണ്ണ മോതിരം . വിദേശ പര്‍ഫ്യൂം പൂശിയിട്ടുണ്ട്‌. കയ്യില്‍ വിലകൂടിയ ഒരു മൊബൈല്‍ ഫോണ്‍ മൃദുസംഗീതം മുഴക്കിക്കൊണ്ടിരിക്കുന്നു. 'സാര്‍, ഇതെന്റെ  പുതിയ കടയാ''മൊബൈല്‍ കിങ്ങ്ഡം' എന്നാണ്‌ പേര്‌. 'ഇവിടെ എല്ലാവിധ മൊബൈല്‍ ഫോണും കിട്ടും.നോക്കിയ, സാംസങ്ങ്‌, എല്‍.ജി, ത്രീ ജി. അല്ല, മാഷ്ടെ കയ്യില്‍ മൊബൈലില്ലേ? ഇന്‍സ്റ്റാള്‍മെണ്റ്റായി തരാം മാഷെ. കേമറയുള്ളതുണ്ട്‌, റേഡിയൊ ഉള്ളതുണ്ട്‌, വീഡിയൊ ഉള്ള........ '
പോക്കറേ ഇപ്പോ ഒന്നും വേണ്ട' മാഷ്‌ തടഞ്ഞു. എനിക്ക്‌ നല്ല സുഖമില്ല. ഡോക്ടറെ കണ്ടു വരികയാണ്‌. വേഗം വീട്ടിലെത്തണം'. കരുണന്‍ മാഷ്‌ നടക്കാന്‍ തുടങ്ങി.
 ശാസ്ത്രത്തിന്റെ  ഓരോ പുരോഗതിയേ ! സമ്മതിച്ചു കൊടുക്കണം കണ്ടുപിടുത്തങ്ങളെ.. കുറെ വര്‍ഷം മുമ്പ്‌ ഇവിടെ ടെലഫോണ്‍ പോയിട്ട്‌ വൈദ്യുതിപോലും ഇല്ലായിരുന്നു. തന്റെ  വിദ്യാഭ്യാസകാലം മുഴുവന്‍ മണ്ണെണ്ണ വിളക്കിന്‌ കടപ്പെട്ടിരിക്കുന്നു. ഇന്നു മര്‍ക്കുറി ലൈറ്റ്‌ കത്തുന്ന ഈ കവലയില്‍ അന്ന്‌ കത്തിയിരുന്നത്‌ ചാത്തൂട്ടിനായര്‍ കൊളുത്തിയ പഞ്ചായത്തിന്റെ  മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ തെരുവു വിളക്കായിരുന്നു. മാറ്റം എത്രവേഗമാണ്‌ ഇവിടെ കടന്നുവന്നത്‌. കട്ടന്‍ കാപ്പിയും പുട്ടും കടലയും കിട്ടിയിരുന്ന ഓലമേഞ്ഞ രാമേട്ടന്റെ  കാപ്പിക്കട ഇന്ന്‌ 'റാംസ്‌ റസ്റ്റോറന്റ്‍ ആയി.രാമേട്ടന്റെ  പേരമക്കളാണ്‌ കട നടത്തുന്നത്‌. കൂറ്റന്‍ കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങളാണ്‌ എവിടെയും. അന്തരീക്ഷത്തിലേക്ക്‌ തല ഉയര്‍ത്തിനില്‍ക്കുന്ന മൈക്രോവേവ്‌ ടവറുകള്‍. എല്ലാം മൊബൈല്‍ഫോണ്‍ കമ്പനികളുടേത്‌. പഠിക്കാത്ത കുട്ടികളെ ബെഞ്ചില്‍ കയറ്റി നിര്‍ത്തിയപോലെ അവിടെയും ഇവിടെയുമായി അവ പൊങ്ങിക്കാണുന്നു. ഏതെല്ലാം രംഗത്താണ്‌ ശാസ്ത്രം പുരോഗമിച്ചിരിക്കുന്നത്‌ ? വാര്‍ത്താവിനിമയം, പ്രതിരോധം, ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, കാര്‍ഷികം തുടങ്ങി എല്ലാ മേഖലകളിലും രാജ്യം അസൂയാര്‍ഹമായ പുരോഗതിയാണ്‌ കൈവരിച്ചു വരുന്നത്‌. ഈ ശാസ്ത്രയുഗത്തില്‍ ജീവിക്കാന്‍ ഭാഗ്യം കിട്ടിയത്‌ തന്റെ  മുജ്ജന്‍മ സുകൃതം. കരുണന്‍ മാഷ്‌ അഭിമാനിച്ചു.
 നടന്നു നടന്ന്‌ പച്ചക്കറി മാര്‍ക്കറ്റിലെത്തിയത്‌ അറിഞ്ഞില്ല. 'മാഷെ, നല്ല ഫ്രഷ്‌ പച്ചക്കറി ഐറ്റംസ്‌ എത്തിയിട്ടുണ്ട്‌. വേണ്ടേ ?'കരുണന്‍ മാഷ്‌ ഒന്നു നിന്നു.
 സര്‍ക്കസ്‌ ഗാലറിയില്‍ കാണികള്‍ ഇരിക്കുന്നതുപോലെ പെട്ടി നിരത്തി പച്ചക്കറികള്‍ വച്ചിരിക്കുന്നു. വെണ്ട, വഴുതിന, തക്കാളി, കേരറ്റ്‌, പാവയ്ക്ക, വെള്ളരിക്ക. എന്തൊരു മിനുമിനുപ്പ്‌. എന്തൊരു വര്‍ണ്ണപ്പൊലിമ !
ഷുഗറിന്‌ പാവയ്ക്ക നല്ലതാണല്ലൊ. ശരി പാവയ്ക്ക ജ്യൂസാക്കി കഴിച്ചുകളയാം.
 'അര കിലോ പാവയ്ക്ക എടുത്തോളൂ' മാഷ്‌ പറഞ്ഞു. ഒന്നും വാങ്ങിയില്ലെന്നുവേണ്ട.
 'അര കിലോ പാവയ്ക്ക. പിന്നെ ?..... '
'പിന്നെ ഒന്നും ഇപ്പോ വേണ്ട. 'പാവയ്ക്കയുമായി മാഷ്‌ വീട്ടിലെത്തി.
ഭാര്യ അമ്മാളുക്കുട്ടി ടി. വി. സീരിയലിന്റെ  മുമ്പില്‍ കരയാന്‍ റെഡിയായി ഇരിപ്പുണ്ട്‌  മക്കളെല്ലാം പല സ്ഥലങ്ങളിലും കൂട്‌ കൂട്ടിയിരിക്കുന്നു. ഡെല്‍ഹി, കാണ്‍പൂര്‍, സൌദി, സിംഗപ്പൂര്‍.
 'ഡോക്ടറെ കണ്ടോ, എന്താ പറഞ്ഞെ ?' ഭാര്യയുടെ ചോദ്യം.
 'പഞ്ചാര ലാഭിക്കാം നിണക്ക്‌ ! സന്തോഷമായില്ലേ ?
'ഈ പാവയ്ക്ക നീ മിക്സിയിലിട്ട്‌ ജ്യൂസാക്കി താ...... '
ഭാര്യ കൊടുത്ത പാവയ്ക്ക ജ്യൂസ്‌ മുഴുവനും ഒറ്റ വലിക്കു മാഷ്‌ കുടിച്ചു തീര്‍ത്തു. എന്നിട്ടു പറഞ്ഞു. 'അടുത്ത തവണ ഡോക്ടര്‍ പറയും മാഷ്ക്ക്‌ ഷുഗര്‍ ഇപ്പോള്‍ തീരെയില്ല. വേണെങ്കില്‍ ലഡു രണ്ടെണ്ണം തിന്നോളൂ' എന്ന്‌.
 ഓക്കാനത്തിന്റെ  കനത്ത ശബ്ദം കേട്ടാണ്‌ മാഷ്ടെ ഭാര്യ അമ്മാളുക്കുട്ടി പുലര്‍ച്ചെ ഉണര്‍ന്നത്‌. സമയം മൂന്നു മണി കഴിഞ്ഞതേ ഉള്ളൂ. ടോയ്ലറ്റില്‍ മുഖം കുനിച്ച്‌ ഗംഭീരമായി ഛര്‍ദ്ദിക്കുകയാണ്‌ കരുണന്‍ മാഷ്‌. ഭാര്യ പുറം തടവി വീശിക്കൊടുത്തു. രാവിലെ ഏഴു മണിക്കു മുമ്പായി മൂന്നു പ്രാവശ്യം വീണ്ടും ഛര്‍ദിച്ചു. കൂടെ വയറിളക്കവും. മാഷ്‌ തളര്‍ന്നുവീണു. അമ്മാളുക്കുട്ടി അയല്‍പക്കക്കാരെ വിളിച്ചു. ഓട്ടോ പിടിച്ചു ഏറ്റവും അടുത്ത ക്ളിനിക്കില്‍ മാഷെ എത്തിച്ചു.
 പരിശോധിച്ചശേഷം ഡോക്ടര്‍ പറഞ്ഞു 'പരിഭ്രമിക്കാനൊന്നുമില്ല. ചെറിയ ഒരു ഫുഡ്‌ പോയിസണിംഗ്‌ !'ഛര്‍ദ്ദിയും വയറിളക്കവും രക്ഷപ്പെടുത്തി. '
നല്ല മിനുമിനുപ്പും വണ്ണവും നിറവും ഉണ്ടാവാന്‍ പാവയ്ക്കായില്‍ ഏതോ മാരകമായ രാസവസ്തു ഉപയോഗിച്ചിരിക്കുന്നു.
 ശാസ്ത്രപുരോഗതിയില്‍ കരുണന്‍ മാഷ്‌ ആദ്യമായി ലജ്ജിച്ചു.


2012, ഓഗസ്റ്റ് 2, വ്യാഴാഴ്‌ച

രാമായണം : കൃഷ്ണായണം


"ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ!
 ശ്രീരാമ! രാമ! രാമ! ശ്രീരാമഭദ്ര! ജയ!"
കര്‍ക്കിടകമാസം മുഴുവന്‍ രാമായണത്തിലെ ഈരടികള്‍ ഞങ്ങളുടെ ഗ്രാമത്തില്‍ മുഴങ്ങിയത്‌ കൃഷ്ണന്‍ പണിക്കരുടെ കണ്ഠത്തിലൂടെയായിരുന്നു. അക്ഷരസ്ഫുടവും ഘനഗംഭീരവുമായ ശബ്ദമാധുരി.  അറുപത്‌ കൊല്ലം മുമ്പത്തെ കഥയാണ്‌. അന്ന് സിനിമയോ, ടീവിയോ, ഫോണോ,വൈദ്യുതിപോലുമോ ഞങ്ങളുടെ നാട്ടില്‍ ഇല്ലാത്ത കാലം. ഗ്രാമത്തില്‍ ജനങ്ങളുടെ മാനസീകോല്ലാസത്തിന്‌ ഉത്സവങ്ങള്‍, നാടകങ്ങള്‍, ഹരികഥാകാലക്ഷേപങ്ങള്‍ എന്നിവയൊക്കെയായിരുന്നു.   ടൂറിംഗ്‌ ടോക്കീസുകളും, സര്‍ക്കസ്സുകളും വേനല്‍ക്കാലത്ത്‌ മൈതാനങ്ങളില്‍ ചിലപ്പോള്‍ തമ്പടിക്കാറുണ്ടായിരുന്നു.
കര്‍ക്കിടകമാസം തുടങ്ങിയാല്‍ ഉത്സവപ്പറമ്പുകളും മൈതാനങ്ങളുമൊക്കെ ശൂന്യം. അതോടൊപ്പം ജനങ്ങളുടെ പോക്കറ്റും ! ദിവസങ്ങള്‍ നീണ്ടുപോകുന്ന കനത്തു പെയ്യുന്ന തിമിര്‍ത്ത മഴ.
 ദാരിദ്ര്യം, പട്ടിണി. വിശക്കുന്ന വയറുകള്‍. വാഴത്തട കെട്ടിയും, തേങ്ങാത്തൊണ്ട്‌ കെട്ടിയും കുട്ടികള്‍ വെള്ളത്തില്‍ നീന്തിക്കളിക്കും. വയലെല്ലാം വെള്ളം കയറി പുഴപോലെയാകുന്നത്‌ കാണുമ്പോള്‍ പേടിതോന്നുമായിരുന്നു.
 ഞങ്ങളുടെ നാട്ടിലെ പേരുകേട്ട ക്ഷേത്രമാണ്‌ തൃക്കുന്ന് ശിവക്ഷേത്രം. അവിടെ കര്‍ക്കിടകമാസം രാമായണം സ്ഥിരമായി പാരായണം ചെയ്തിരുന്നത്‌ കൃഷ്ണന്‍ പണിക്കരായിരുന്നു. ക്ഷേത്രഗോപുരത്തിലിരുന്നായിരുന്നു വായന.  ഒരു കിലോമീറ്റര്‍ അകലെ ആ ശബ്ദം മുഴങ്ങി കേള്‍ക്കാമായിരുന്നു. വായന കേള്‍ക്കാന്‍ സ്ഥലത്തെ പൌരമുഖ്യന്‍മാരോടൊപ്പം വിദ്യാര്‍ത്ഥികളായ ഞങ്ങളും ചില ക്ഷേത്രസന്ദര്‍ശകരും.
 കൃഷ്ണന്‍ പണിക്കരുടെ നാട്‌ കൈതപ്പാടിയാണ്‌. അവിടെ സഹോദരിയും, ഭാര്യയും മരുമക്കളുമുണ്ട്‌. അനപത്യതാദു:ഖം പണിക്കരെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ദശരഥനേപ്പോലെ മൂന്ന് ഭാര്യമാരെ സംരക്ഷിക്കാനും പുത്രകാമേഷ്ടിയാഗം നടത്താനുമൊന്നും പാവം കൃഷ്ണന്‍ പണിക്കര്‍ക്ക്‌ ആവില്ലല്ലോ.
 കര്‍ക്കിടകമാസം മുഴുവന്‍ പണിക്കര്‍ക്ക്‌ തൃക്കുന്ന് അമ്പലത്തില്‍ രാമായണം വായന. അതുകഴിഞ്ഞ്‌ ചിങ്ങത്തില്‍ പുല്ല്യോട്ട്‌ യശമാനന്റെ വീട്ടില്‍ പൂമുഖത്തിരുന്ന് കൃഷ്ണഗാഥാ പാരായണം തുടങ്ങും. ക്ഷേത്രത്തില്‍ നിന്നു കിട്ടുന്ന തുഛമായ വരുമാനവും, പുല്ല്യോട്ട്‌ യശമാനന്‍ കൃഷ്ണപ്പാട്ട്‌ കേട്ട്‌ സന്തോഷിച്ച്‌ നല്‍കുന്ന പാരിതോഷികവും പണിക്കര്‍ക്ക്‌ വറുതിമാസങ്ങളില്‍ ആശ്വാസമായിരുന്നു. കാക്ക കണ്ണു തുറക്കാത്ത കര്‍ക്കിടകമാസത്തെ കോരിച്ചൊരിയുന്ന മഴയുള്ള ഒരു ദിവസം ക്ഷേത്രഗോപുരത്തില്‍ രാമായണ പാരായണം പതിവുപോലെ നടക്കുകയാണ്‌. കേള്‍വിക്കാര്‍ കുറവാണെങ്കിലും ഞാനും ഗോപാലേട്ടനും പിന്നെ തൊഴാന്‍ വന്ന കുറച്ചു സ്ത്രീകളും. അയോദ്ധ്യാകാണ്ഡം പാരായണം ചെയ്യുകയാണ്‌ കൃഷ്ണന്‍ പണിക്കര്‍.
 "ഹാ രാമ! ഹാ ഗുണവാരിധേ! ലക്ഷ്മണ!
വാരിജലോചനേ! ബാലേ! മിഥിലജേ!
 ദുഖം മുഴുത്തു മരിപ്പാന്‍ തുടങ്ങുന്ന
 ദുഷ്കൃതിയാമെന്നരികത്തിരിപ്പാനും
 മക്കളേയും കണ്ടെനിക്കു മരിപ്പാനു-
 മിക്കാലമില്ലാതെ വന്നു സുകൃതവും"
പെട്ടെന്ന് കൃഷ്ണന്‍ പണിക്കര്‍ വായിച്ചുകൊണ്ടിരുന്ന രാമായണ ഗ്രന്ഥത്തിലേക്കു തലകുമ്പിട്ടു വീണു. പിന്നീട്‌ ശബ്ദമില്ല !. ഞാനും ഗോപാലേട്ടനും ഓടിച്ചെന്നു പണിക്കരെ പിടിച്ചുയര്‍ത്തി. ആകെ വിയര്‍പ്പില്‍ മുങ്ങിക്കുളിച്ചിരുന്നു. കണ്ണുകള്‍ അടഞ്ഞുപോകുന്നു.
ആരോ ഓടിപ്പോയി പുല്ല്യോട്ട്‌ യശമനന്റെ കാറ്‌ പിടിച്ചുകൊണ്ടുവന്നു. മുന്നില്‍ ഡ്രൈവര്‍, പിന്‍സീറ്റില്‍ നടുവില്‍ കൃഷ്ണന്‍ പണിക്കര്‍, ഇടത്തും വലത്തുമായി ഞാനും, ഗോപാലേട്ടനും. പണിക്കരുടെ തല ഞങ്ങളുടെ ചുമലില്‍ ഇടക്കിടെ കുഴഞ്ഞു വീഴുന്നുണ്ട്‌. കാര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക്‌ കുതിച്ചു.
 ധാരാളം രോഗികള്‍ വരാന്തയില്‍ നില്‍ക്കുന്നുണ്ട്‌. കാര്‍ മുറ്റത്ത്‌ നിര്‍ത്തി ഞാനും ഗോപാലേട്ടനും കൂടി കൃഷ്ണന്‍ പണിക്കരെ താങ്ങിയെടുത്ത്‌ ഡോക്ടരുടെ പരിശോധനാമുറിയിലേക്കു കയറി. കാര്യത്തിന്റെ ഗൌരവം മനസ്സിലാക്കിയ മറ്റു രോഗികളും നഴ്സ്മാരും സഹകരിച്ചു. ഡോക്ടര്‍ പണിക്കരുടെ അടഞ്ഞ കണ്‍പോളകള്‍ തുറന്ന് ടോര്‍ച്ചടിച്ചു.. കൃഷ്ണമണികള്‍ നിശ്ചലം.
 "വേഗം വീട്ടിലേക്ക്‌ എടുത്തോളൂ. എല്ലാം കഴിഞ്ഞു. ഹാര്‍ട്ട്‌ അറ്റാക്ക്‌"
ഞാനും ഗോപാലേട്ടനും അമ്പരന്നുപോയി.
"കാറിലല്ലേ വന്നത്‌? മരിച്ച വിവരം ഡ്രൈവറോട്‌ പറയേണ്ട. സീരിയസ്സാണ്‌ വീട്ടിലേക്ക്‌ എടുക്കാനാണ്‌ ഡോക്ടര്‍ പറഞ്ഞത്‌ എന്നു പറഞ്ഞാല്‍ മതി. ഇല്ലെങ്കില്‍ ഡെഡ്ബോഡി കാറില്‍ കയറ്റില്ല. ഇവിടെ ആംബുലന്‍സും ഇല്ല"
ഞാനും ഗോപാലേട്ടനും അകത്ത്‌ കയറിയ അതേ വേഗതയില്‍ കൃഷ്ണന്‍ പണിക്കരേയും പൊക്കിയെടുത്ത്‌ നാടകീയമായിത്തന്നെ കാറിനകത്ത്‌ പഴയപടി ഇരിപ്പുറപ്പിച്ചു. ഒരു വ്യത്യാസം മാത്രം. ഇപ്പോള്‍ ഞങ്ങളുടെ തോളുരുമ്മി ഇരിക്കുന്നത്‌ ഒരു ശവശരീരമാണ്‌.
  ഞങ്ങള്‍ ഡ്രൈവറോട്‌ നേരെ കൈതപ്പാടിയില്‍ പണിക്കരുടെ വീട്ടിലേക്ക്‌ വണ്ടി വിടാന്‍ പറഞ്ഞു. 'സംഗതി കുറച്ച്‌ സീരിയസ്സാണ്‌. വീട്ടിലേക്ക്‌ എടുക്കാനും ബന്ധുക്കളെ വിവരം അറിയിക്കാനുമാണ്‌ ഡോക്ടര്‍ പറഞ്ഞത്‌' എന്നും കൂട്ടിച്ചേര്‍ത്തു. പാവം ഡ്രൈവര്‍ അതു വിശ്വസിച്ചു.
 കൈതപ്പാടി എന്ന കുഗ്രാമത്തില്‍ അരമണിക്കൂറ്‍ നീണ്ട യാത്രയ്ക്കുശേഷം ഞങ്ങള്‍ എത്തി. ഞങ്ങള്‍ക്ക്‌ ആര്‍ക്കും പണിക്കരുടെ വീട്‌ അറിയാമായിരുന്നില്ല. പലരോടും വഴി ചോദിക്കേണ്ടിവന്നു. കൈതപ്പാടി ഗോവിന്ദന്‍ മേസ്ത്രിയുടെ ടൈലറിംഗ്‌ ഷോപ്പുവരെയേ വണ്ടി പോകൂ. കാര്‍ അവിടെ നിര്‍ത്തി. മേസ്ത്രി കാറിന്നടുത്തേക്കു വന്നു. അപ്പോഴേക്കും ചുറ്റുവട്ടത്തുമുള്ള ആള്‍ക്കാര്‍ കാറിനുചുറ്റും കൂടി.
 'ഇത്‌ നമ്മുടെ കൃഷ്ണന്‍ പണിക്കരല്ലേ! എന്തു പറ്റി ? അയ്യോ നല്ല ക്ഷീണമുണ്ടല്ലോ, കണ്ണൂ മിഴിയുന്നില്ലല്ലോ'
മേസ്ത്രി വന്നു കൈ പിടിച്ചുനോക്കി. മുഖം ഉയര്‍ത്തി നോക്കി. ഭാഗ്യത്തിന്‌ അപ്പോഴും ദേഹത്തില്‍ ലേശം ചൂട്‌ അവശേഷിച്ചതുകൊണ്ട്‌ ഇത്‌ ശവശരീരമാണെന്ന് മനസ്സിലായില്ല.
 കൃഷ്ണന്‍ പണിക്കരുടെ വീട്ടിലെത്താന്‍ തോട്ടുവക്കിലൂടെ പതിനഞ്ച്‌ മിനുട്ട്‌ നടക്കണം. ആളുകള്‍ ഒരു ഈസിച്ചെയര്‍ സംഘടിപ്പിച്ചു. ഗോവിന്ദന്‍ മേസ്ത്രി എല്ലാറ്റിനും നേതൃത്വം വഹിച്ചു.
 'ബോധം കെട്ട്‌ കിടപ്പാണ്‌. സൂക്ഷിച്ച്‌ എടുക്കണം. കഴുത്ത്‌ ഒടിഞ്ഞുപോകല്ലേ കുഞ്ഞിരാമാ' മേസ്ത്രി നിര്‍ദ്ദേശം നല്‍കി.
കൃഷ്ണന്‍ പണിക്കരെ രണ്ടുമൂന്നുപേര്‍ താങ്ങി കസേരയില്‍ കിടത്തി വീട്ടിലേക്ക്‌ ഒരു ഘോഷയാത്രപോലെ തോട്ടുവക്കിലൂടെ നീങ്ങി. നിറഞ്ഞൊഴുകുന്ന തോട്‌. മുള്ള് നിറഞ്ഞ കൈതക്കാടുകള്‍. കുളക്കോഴിയുടെ ശബ്ദം. വഴുതുന്ന ഇടിഞ്ഞുപൊളിഞ്ഞ തോട്ടിന്‍ കരയിലെ നടവഴി. കാലുകള്‍ പൂണ്ടുപോകുന്ന പശിമയുള്ള ചെളി. ഘോഷയാത്രയുടെ പിന്‍ നിരയില്‍ വി.ഐ.പി പോലെ ഞാനും ഗോപാലേട്ടനും നീങ്ങി.
 വീട്ടില്‍നിന്ന് ഒരു കൂട്ട നിലവിളി കേട്ടു. മരുമക്കള്‍, ഭാര്യ, സഹോദരി.
 മരിച്ചതൊഴികെ ബാക്കിയൊക്കെ ഞങ്ങള്‍ കലാപരമായി വിശദീകരിച്ചു. 'ഇവിടെ കിടത്തിയതുകൊണ്ട്‌ കാര്യമില്ല. സീരിയസ്സാണ്‌. വീട്ടിലേക്ക്‌ എടുത്തോളൂ , ബന്ധുക്കളെ വിവരമറിയിച്ചോളൂ എന്നാണ്‌ ഡോക്ടര്‍ പറഞ്ഞത്‌' എന്നും.
 ഒരു പായ വിരിച്ച്‌ കൃഷ്ണന്‍ പണിക്കരെ അകത്ത്‌ കിടത്തി. നിലവിളക്ക്‌ കത്തിക്കാഞ്ഞത്‌ ഞങ്ങള്‍ക്ക്‌ ആശ്വാസമായി. ഇനി അധികസമയം ആ വീട്ടില്‍ നില്‍ക്കുന്നത്‌ ആരോഗ്യത്തിന്‌ പറ്റിയതല്ല എന്ന തിരിച്ചറിവോടെ ഞാനും ഗോപാലേട്ടനും അവരോട്‌ യാത്ര പറഞ്ഞു.
 'ഇങ്ങോട്ട്‌ വന്ന കാറ്‌ റോഡില്‍ കാത്തുനില്‍ക്കുന്നുണ്ട്‌. ഞങ്ങള്‍ പോകുന്നു'.
 മരുമക്കളിലൊരാള്‍ അകത്തുപോയി കുറച്ചു രൂപയുമായി തിരിച്ചു വന്നു.
 'കാറിന്റെ ചാര്‍ജ്ജ്‌'
'വേണ്ട ! ഇപ്പോള്‍ ഒന്നും വേണ്ട'
ഞങ്ങള്‍ ഉമ്മറപ്പടിയിറങ്ങി അതിവേഗം റോഡിലേക്ക്‌ കുതിച്ചു. തിരിഞ്ഞുനോക്കാന്‍ ധൈര്യമില്ലാതെ.