ആകെ പേജ്‌കാഴ്‌ചകള്‍

2013, മാർച്ച് 27, ബുധനാഴ്‌ച

താരാട്ട്‌


നീലമുകിൽ തൊട്ടിലാട്ടി, താരാ-
ജാലങ്ങൾ താരാട്ടു പാടി,
മാനത്തെ പൂമരച്ചോട്ടിൽ പണ്ടൊ-
രോമനത്തിങ്കളുറങ്ങി

ആതിരത്തെന്നലിൻ കൈകൾ മെല്ലെ
വാർമുടി മന്ദമുഴിഞ്ഞു
തൂമന്ദഹാസമരന്ദം വീണ്ടു-
മോമലിൻ ചുണ്ടിൽ വഴിഞ്ഞു

ഓമൽക്കിനാവിന്റെ പൂക്കൾ തേടി
ഓണക്കരിന്തുമ്പി പാറി
താമരപ്പൂന്തൊട്ടിലാട്ടി വെള്ളി-
യോളം വളകൾ കിലുക്കി

അമ്മിഞ്ഞപ്പാലുമണക്കും ചുണ്ടി-
ലുമ്മ തരാൻ വരുമച്ഛൻ
ഒന്നുറങ്ങോമനക്കുഞ്ഞേ, എന്റെ
ജന്മസാഫല്യം നീയല്ലേ ?

2013, മാർച്ച് 22, വെള്ളിയാഴ്‌ച

കണ്ണൂർ ജില്ലാ കവിമണ്ഡലം


കവിമണ്ഡലം പ്രസിദ്ധീകരിക്കുന്ന രണ്ടാമത്തെ കാവ്യസമാഹാരം "വിത്തും പത്തായവും" 24-03-2013 ഞായറാഴ്ച രാവിലെ 10 മണിക്ക്‌  കണ്ണൂർ യോഗക്ഷേമ ഹാളിൽ വച്ച്‌ ശ്രീ.യു.കെ.കുമാരൻ പ്രകാശനം ചെയ്യുന്നു.
 111 കവികളുടെ കവിതകൾ. ചടങ്ങിൽ താങ്കളെ സസ്നേഹം ക്ഷണിക്കുന്നു.2013, മാർച്ച് 5, ചൊവ്വാഴ്ച

പ്രിയരാഗം
ഉണരൂ പ്രിയേ ! നിന്റെ ചുണ്ടിൽ ഇന്നു
പനിനീരെനിക്കായ്‌ വിരിഞ്ഞു
ഉദയാരുണൻ തങ്കനൂലാൽ നെയ്തൊ-
രുടയാട നൽകാൻ വരുന്നു

അരിമുല്ല വിരിയുന്ന നേരം നിന്റെ
കരിനീല മിഴി കൂമ്പി നിന്നു
തളിരിട്ട സ്വപ്നങ്ങളെല്ലാം രാഗ-
പുളിനങ്ങൾ തേടിപ്പറന്നു

മണിവീണമീട്ടുന്ന തെന്നൽ നിന്റെ
ചുരുൾ കൂന്തൽ വാരിപ്പുണർന്നു
നവലാസ്യമാടുന്ന മാറിൽ ചേർത്ത
നളിനങ്ങൾ മന്ദം മുകർന്നു

ഇനിയെന്തിനീ കള്ളനാണം, നമ്മ-
ളൊരുമെയ്യായ്‌ മാറിയനേരം
ഇനിയെന്തിനീ കള്ളഭാവം നിന്റെ
കവിളിൽ തിളങ്ങുന്നു രാഗം.