ആകെ പേജ്‌കാഴ്‌ചകള്‍

2014, ഡിസംബർ 24, ബുധനാഴ്‌ച

വർഷോദയം


ഓർമ്മതൻ താളുകൾക്കെല്ലാം പിറകിലായ്
ധർമ്മസംത്യാഗിയായ് ക്രൂശിതനായൊരാൾ
ഇന്നെൻ സ്മരണതൻ പട്ടുതൂവാലയിൽ
പൊന്നിഴ തുന്നുന്നു, പൂക്കൾ വിരിക്കുന്നു
കൊല്ലങ്ങൾ തൊങ്ങലായ് തൂങ്ങിനിന്നീടുന്നു
നിന്നങ്കിതൻ തുമ്പിലൊന്നിനോടൊന്നുപോൽ
വിസ്മൃതി പുല്കുമുലകിനെ നിത്യവും
ക്രിസ്തുദേവൻ സ്മരിപ്പിപ്പതുണ്ടീവിധം
നീലഗഗനത്തിൽ മിന്നുന്നൊരുജ്ജ്വല
താരകതൻ പ്രഭാനാളം പതിക്കവെ,
മഞ്ഞിൽ കുതിർന്നുള്ള വൈക്കോലിഴകളിൽ
മഞ്ജുളഹാസം വിരിയുന്നിതിപ്പൊഴും
സർവ്വലോകാരാദ്ധ്യനാം സൃഷ്ടിതന്നാദ്യ-
സംരക്ഷണം ചെയ്തതീ പുൽത്തുറുകുതാൻ
മൂർച്ചയേറീടുന്ന കല്ലുകളിൽ പട്ടു-
നീർത്തി പതത്തിൽ വിരിച്ചതീ പുല്ലുകൾ
നിന്നിൽനിന്നാദ്യം ഗ്രഹിച്ചിരിക്കാമവൻ
മന്നിലെ കാരുണ്യ സാന്ത്വനസ്പർശവും,
ഭിന്നമല്ലാത്ത സാഹോദര്യചിന്തയാ-
മുന്നോട്ട് പോകണമെന്നുള്ള സത്യവും,
പ്രാണൻ ത്യജിച്ചും ജനക്ഷേമവീഥിയിൽ
ജീവിതമർപ്പിച്ചിടേണ്ടൊരാ ത്യാഗവും,
ദൈവമല്ലാത്ത മനുഷ്യൻ കൊളുത്തിയ
കൈവിളക്കിൻ പ്രഭാകാന്തിയാം ധർമ്മവും
യേശുമഹേശനായ് മാറിയീ പ്രാഥമീ-
കാശയം കർമ്മമായ് മാറ്റിയതോർത്തു നാം
മാതൃകയാക്കി കൈകാലുകൾ നീക്കുക
നൂതന വർഷോദയത്തെ നമിക്കുക !

2014, ഡിസംബർ 20, ശനിയാഴ്‌ച

വൃദ്ധവിലാപം

“എവിടെ പോയെൻ വടി?” ബാബുമോനതു വെട്ടി-
യഴകായ് സ്റ്റമ്പുണ്ടാക്കി ക്രിക്കറ്റ് കളിക്കുന്നു.
“എവിടെ പോയെൻ ചില്ലുകണ്ണട?” അമ്മുക്കുട്ടി
മുടിയിൽ ഹേർബാന്റായി ഭംഗിയിൽ ചൂടീടുന്നു.
“എവിടെ പോയെൻ നോട്ടുപുസ്തകം?” സുധാകരൻ
കടലാസൊക്കെ ചീന്തി വഞ്ചികളുണ്ടാക്കുന്നു.
“എവിടെ പോയെൻ ഫൌണ്ടെൻപേന?” കോമളവല്ലി
പുതിയ പീച്ചാങ്കുഴലാക്കുവാൻ മുതിരുന്നു.
“എവിടെ പോയെൻ വള്ളിച്ചെരിപ്പ്?” മനോഹരൻ
കവണകെട്ടാനതിൻ വാറുകൾ മുറിക്കുന്നു.
“എവിടെ പോയെൻ കൊച്ചു പിച്ചളച്ചെല്ലപ്പെട്ടീ?”
സവിത സ്കൂൾബേഗിൽ പെൻസില്ബോക്സാക്കീടുന്നു.
“എവിടെ പോയെൻ ചൂടിക്കട്ടിൽ?” മോഹനറാണി
അയകെട്ടുവാനതു മുഴുവനഴിക്കുന്നു.
“എവിടെ പോയെൻ പിണ്ഡതൈലം?” ആനന്ദകൃഷ്ണൻ
പഴയ സൈക്കിൾചെയിനിൻ തുരുമ്പിൽ പുരട്ടുന്നു.
“എവിടെ പോയെൻ വെപ്പുപല്ലുകൾ?” പാണ്ടൻ നായ
അതിനെ കടിച്ചല്ലോ മുറ്റത്തു കളിക്കുന്നു.
“എവിടെ പോയെൻ മക്കൾ?” അച്ഛനെ വയോജന-
ഭവനം തന്നിലാക്കാൻ സ്ഥാപനം തേടീടുന്നു.
“എവിടെ പോയെൻ ഭാര്യ?” അവളാ ടെലിവിഷൻ
പരിപാടിയും കണ്ടു കണ്ണുനീർ വാർത്തീടുന്നു.
“എവിടെ പോയെൻ സ്വത്വം?” ഞാനാർക്കുംവേണ്ടാതുള്ള
കിഴവൻ; കറിവേപ്പിന്നിലയായ് ചമഞ്ഞവൻ !

2014, ഡിസംബർ 16, ചൊവ്വാഴ്ച

സംഗീതവർഷം

ഓമനപ്പൈതലിൻ താരാട്ടു പാടി
ഓമല്ക്കിനാവിന്റെ ഊഞ്ഞാലിലാടീ
എൻ കിളിവാതിലിൻ ചില്ലിലൂടെന്തേ
പിന്നെയും തൂമഴത്തുള്ളി നീ തേങ്ങി ?

പച്ചില മേലാപ്പു കെട്ടിയുറങ്ങും
പിച്ചകപ്പൂവിനെ തൊട്ടൊന്നുണർത്താൻ
മാനത്തുനിന്നു വിരുന്നു വന്നെത്തും
മാലാഖയായ് മഴത്തുള്ളികൾ ചിന്നി

കുഞ്ഞിളം കൊഞ്ചലായാദ്യം കിണുങ്ങി
പിന്നെ നവവധുപോലെ കുണുങ്ങി
അമ്മയായ് മക്കൾക്കമൃതം പകർന്നു
അമ്മൂമ്മയായ് കഥ ചൊല്ലാനിരുന്നു

പൊന്മക്കൾ കോർത്ത പളുങ്കുമണികൾ
എൻമുന്നിലാരേ ചൊരിയുന്നു ചുറ്റും?
മാനത്തു പൊങ്ങും കരിമേഘമോ കൺ-
പീലി വിടർത്തുന്ന മിന്നലോ ചൊല്ലൂ

ധിം ധിമി നാദമുയരുന്നു വാനിൽ
ചഞ്ചലലാസ്യനടനമീമണ്ണിൽ
കാടിന്നുറവകൾ തംബുരുമീട്ടി
നാടും നഗരവും തൻ തലയാട്ടി

നിൻ പദനിസ്വനമേകുന്നു നിത്യം
സംതൃപ്തി സമ്പത്തുമാപത്തുമെന്നാൽ
സന്താപമാനന്ദം പിന്നെ വിരഹം
വീണ്ടും സമാഗമം സംഗീതവർഷം

2014, ഡിസംബർ 14, ഞായറാഴ്‌ച

മുരളീഗാനം
ജീവിതയാത്രയ്ക്കെന്റെ തോഴിയായ്, തുണയായി
നീ വരുന്നതും കാത്തു നാളുകൾ കഴിച്ചൂ ഞാൻ
കൺകളിൽ പ്രതീക്ഷയും കരളിൽ കിനാവുമായ്
മുൻപിലൂടൊരു നൂറുവാസരം കടന്നു പോയ്‌
വന്നു നീ, കാണ്മൂ  മുന്നിൽ കാത്തു കാത്തിരുന്നൊരാ
സുന്ദരരൂപം മമ ജീവിത പ്രതിരൂപം.
കാർമുകിൽ കരിങ്കൂന്തലിഴയും മുല്ലപ്പൂവും,
വാരൊളി ചിന്നും മുഖത്തായിരം മഴവില്ലും,
നീലനീൾമിഴികളും തേൻ ചിന്തും മൊഴികളും,
ഫാലത്തിൽ പുലരൊളിക്കുങ്കുമതിലകവും,
കൈവളക്കിലുക്കവും താളവുമൊപ്പിച്ചേതോ
കൈവല്യരൂപം പോലെ നീ വന്നുചേർന്നൂ മുന്നിൽ !

എങ്ങു നിന്നണയുവതീ കുളിരിളം തെന്ന-
ലെങ്ങുനിന്നുയരുവതീ മണിവീണാനാദം !
പാൽമഴ പെയ്യും നീലരാവിലീ മലർവാടി
പാതിയും കിനാവിന്റെ വേദിയിലുയർന്നപ്പോൾ
ഓമലേ നീയെൻ മുന്നിൽ വന്നെത്തിയനഘമാം
പ്രേമസംഗീതം പാർന്ന ചഷകം ചുണ്ടിൽ ചേർക്കാൻ
ഈ മധുവിധുവിന്റെ മാദകലഹരിയിൽ
ഹാ! മണൽത്തരികളിൽ പുളകം പൊങ്ങീടുമ്പോൾ
ചൊന്നു ഞാൻ :- “ആരോമലേ ! എന്തുനിന്നഭിലാഷം?
ചൊന്നാലു, മെന്താകിലും നിറവേറ്റുവേനിവൻ ”
നിന്നിളം ചുണ്ടിൻ പനിനീരലരിതളല്പം
തെന്നലിലിലിളകിപ്പോയ്, ചൊന്നു നീ മന്ദം മന്ദം:-
“വേണമൊരോടക്കുഴൽ.....”തുഛമാമിതിനാണോ
പ്രാണനായികക്കിത്ര താമസം ? വരുന്നൂ ഞാൻ...

ഓമലിന്നാശയ്ക്കൊപ്പം തേടി ഞാൻ തെരുതോറും
പ്രേമസംഗീതം പാടും മോഹന മുരളിക
(തോഴിയാം രാധയ്ക്കെങ്ങാൻ കാർവർണ്ണൻ യമുനതൻ
തീരത്തു വനവേണു തേടിപ്പണ്ടലഞ്ഞുവോ?)
സപ്തവർണ്ണങ്ങൾ നൃത്തമാടുന്ന മധുരിത
സപ്തനിസ്വന രാഗസുധതൻ മുരളിക
വാങ്ങി ഞാനണഞ്ഞെന്നാരോമലിൻ മുന്നിൽ സുന്ദ-
രാംഗിതൻ മുരളികാഗീതകം കേൾക്കാൻ വെമ്പി

കണ്ടു ഞാനാച്ചെഞ്ചുണ്ടിൽ പുഞ്ചിരി, കടക്കണ്ണിൽ
പണ്ടില്ലാത്തതാമൊരു മിന്നൊളി, അവളോതി:-
“എന്തിനു തുളച്ചിത്ര ദ്വാരങ്ങൾ? പുകയൂതാൻ
രണ്ടല്ലേ ദ്വ്വരം വേണ്ടൂ, ഞാനിതെന്താക്കും ചൊല്ലൂ !”
എൻ കരൾക്കിളിക്കൂട്ടിൽ ചേർത്തൊരീ പുത്തൻ പക്ഷി
പൂങ്കുയിലല്ല, കരിങ്കാക്കയാണറിഞ്ഞൂ ഞാൻ !

2014, ഡിസംബർ 11, വ്യാഴാഴ്‌ച

എതിരാളി“ആരുണ്ട്‌, ചൊല്ലുകെൻ കാന്തിക്കെതിരാളി-
യാരുണ്ടറിവാൻ തുടിക്കുന്നിതെൻ മനം”
ദന്തസിംഹാസനാരൂഢയായ് സങ്കടം
തൻപതിയോടോതി റാണി വിവശയായ്.
രത്നം പതിച്ചാഭയോലും മുകുരത്തി-
ലെത്തും മുഖത്തിൻ പ്രതിബിംബ സൌഷ്ഠവം
നോക്കി നെടുവീർപ്പിടും റാണിയാൾക്കെന്തി-
താകുലം വൈരിയൊന്നില്ലാതിരിക്കവെ ?
ചൊല്ലിനാൾ: “അങ്ങുന്നു സർവ്വമെനിക്കേകി-
യല്ലോ, സഫലീകരിക്കുകീയാശയെ,
ആരുണ്ട്‌ ചൊല്ലുകെൻ മോടിക്കെതിരാളി-
യാരുണ്ടറിവാൻ തുടിക്കുന്നിതെൻ മനം”.

ചിന്തയിൽ മുറ്റും മുഴുകിടും മന്നവ-
ന്നന്തക്കരണമെരിപൊരികൊള്ളവെ,
മന്ത്രിപ്രവരനോടൊത്തീ വിഷമത്തി-
നന്തം വരുത്തുവാൻ മുന്നിട്ടിറങ്ങയായ്.
ഏഴുകടലിനുമക്കരെയുണ്ട്‌ ന-
ല്ലൂഴി, മഹാസുന്ദരികൾ തൻ പാർപ്പിടം
രാജഭൃത്യന്മാരവിടെയും ചെന്നെത്തി
രാജീവലോചനമാരെ തിരയുവാൻ.

അന്നൊരു സായാഹ്നവേളയിൽ വന്നെത്തി
മന്നവൻ തന്മുന്നിലേഴു സുമുഖികൾ
സപ്തസൌന്ദര്യധാമങ്ങളുമായി സ-
ന്തപ്തയാം റാണിതൻ മുന്നിലണയവെ
ചുറ്റും മരതകക്കല്ലിൻ നടുവിലെ
വെട്ടിത്തിളങ്ങിടും വജ്രമോ റാണിയാൾ !
“എൻ മോടി വെല്ലുവാൻ സാദ്ധ്യമിവർക്കില്ല
മന്മനം വീണ്ടും വിവശം തളരുന്നു.
ആരുണ്ട്‌ ചൊല്ലുകെൻ കാന്തിക്കെതിരാളി-
യാരുണ്ടറിവാൻ കൊതിക്കുന്നിതെൻ മനം”

പാരം പ്രതീക്ഷതകർന്നപോൽ മന്നവൻ
പാടെ വിമൂകനായ് ദൂരത്തു നില്ക്കവെ
താരിളം കാൽ വെപ്പിനൊപ്പം സുമോഹന
സ്മേരവദനം വിടരും ചിരിയുമായ്
റാണിതൻ കൊച്ചുകുമാരിക വന്നുടൻ
നാണം കുണുങ്ങിയൊന്നമ്മയെ പുല്കവെ,
ആനന്ദബാഷ്പം പൊഴിച്ചോതി റാണിയാ-
ളാനവ്യ നിർവൃതിക്കൊപ്പമായീവിധം:
“എൻ കാന്തി വെല്ലുവാൻ സാദ്ധ്യമിവൾക്കുതാൻ
സന്മസസ്സംതൃപ്തിയേകിയെന്നോമലാൾ !”

(സരോജിനി നായഡുവിന്റെ   "Queen's rival"  എന്ന കവിതയോട്‌ കടപ്പാട്‌)

2014, ഡിസംബർ 8, തിങ്കളാഴ്‌ച

ചെങ്കോൽഉച്ചയുറക്കിന്നൊഴുക്കിൽ കിനാവിന്റെ
പച്ചിലത്തോണിയിലേറുമെൻ മാനസം
ഉച്ചത്തിൽ മുറ്റത്തുനിന്നുമുയരുന്ന
പുത്രന്റെ ചെണ്ടവാദ്യം കേട്ടുണർന്നുപോയ് !

അഞ്ചുവയസ്സിന്റെ കൌതുകത്തോടവൻ
നെഞ്ചോടു ചേർത്തതാം പുസ്തകപ്പെട്ടിമേൽ
പഞ്ചവാദ്യത്തിന്നലകളുയർത്തുന്നു
പുഞ്ചിരി പൂക്കുന്നു കുഞ്ഞിക്കവിളിലും

ചുറ്റും വിതറിക്കിടക്കുന്ന നേഴ്സറി-
പ്പുസ്തകങ്ങൾ കാറ്റിൽ നാമം ജപിക്കുന്നു
അക്ഷരമാലയെഴുതേണ്ട പെൻസിലോ
കൊച്ചു ചെണ്ടക്കോലവൻതൻകരത്തിലും !

“ഹോം വർക്ക്‌ ചെയ്യാതെ കൊട്ടിക്കളിക്കുന്നോ ?
റേങ്ക്‌ കിട്ടേണ്ടേ പരീക്ഷയിൽ ? നേഴ്സറി-
പ്പാട്ടുകളെല്ലാം ഹൃദിസ്ഥമായോ ? ” കൊടു-
ങ്കാറ്റുപോൽ വന്നൂ പ്രിയതമ മുന്നിലായ്.

അംബരചുംബിയാം കൊട്ടാരമൊന്നിൽ വെ-
ഞ്ചാമരം വീശുന്ന രാജസോപാനത്തിൽ,
മന്ത്രിമാർ കാക്കും സിംഹാസനത്തിൽ, രാജ-
തന്ത്രമിംഗ്ലീഷിലുരുവിടും ചുണ്ടുമായ്

നാളെയീ ഭാരതരാജ്യം ഭരിക്കേണ്ട
രാജനാവേണ്ടൊരെൻ പൊന്മകൻ കൈയിതിൽ
ചെങ്കോലോ, ചെണ്ടതൻ കോലോ, കടലാസു-
പെൻസിലോ ? സത്യത്തിൽ ശങ്കിച്ചുപോയി ഞാൻ !

2014, നവംബർ 28, വെള്ളിയാഴ്‌ച

ദേശാടനപ്പക്ഷിയോട്‌
പോകാതെയാലപ്പുഴ പ്രാന്തത്തിൽ ദിശ തെറ്റി
പോരിക തിരിച്ചുനീ ദേശാടനപ്പക്ഷീ.
ചുട്ടുകൊന്നീടും നാടാണവിടം,അറിയുക
ഒട്ടുമേ ദയാവായ്പ്പില്ലാതവർ പെരുമാറും
പക്ഷി, നീ മിണ്ടാപ്രാണി, രോഗവാഹിനിയെന്ന
മുദ്രയുംകുത്തി നിന്നെ നിർദ്ദയം കരിച്ചേക്കും
ആരറിവൂ നിൻ ശാപമഗ്നിപ്രവേശം മുന്നെ
മാനവരൊക്കെ നാളെ ഇതുപോൽ കരിഞ്ഞാലോ
വേഗം നീ മടങ്ങുക ഹിമസാനുവും താണ്ടി
മാതൃരാജ്യത്തിൽ തന്നെ ചാവുന്നതല്ലോ ഭേദം !


2014, നവംബർ 16, ഞായറാഴ്‌ച

ചുംബനംരാജകുമാരി
--------------

പുതുപനിനീർദളരാജികൾതൻ
മൃദുലത വെല്ലുന്ന തല്പമൊന്നിൽ
അഴകിനെവെന്നു കിടക്കയാണാ-
തളിരിളം മേനി കിനാവിൽ മുങ്ങി.
മുകളിലിളംകാറ്റിലാടി നീല-
ഞൊറികളും പട്ടുമേലാപ്പുമെല്ലാം
മുറിയതിൽ മങ്ങി പ്രഭപരത്തും
മണിവിളക്കിൻ മഞ്ജുകാന്തി ചിന്നി
കുനുകൂന്തൽ നീലച്ചുരുളുതന്നിൽ
പവിഴമണികൾ തെളിഞ്ഞുമിന്നി.
കസവിട്ട പട്ടുതലയണയിൽ
ചുളിവുകൾ മന്ദമമർത്തിനിർത്തി
കവിത വിരിയുന്ന നീലരാവിൽ
അവളാ സുഷുപ്തിയിലാണ്ടുപോയി.
മദനവികാരവിജൃംഭിതമാം
മുഴുമാറിൽ സൌഗന്ധകുന്തളത്തിൻ
കരലാളനങ്ങളുമേറ്റുമന്ദ-
മവൾ ഗാഢനിദ്രയിലാണ്ടുപോയി.

രാജകുമാരൻ
-----------------

അണയുകയാണവൻ, കിട്ടിടാത്തോ-
രസുലഭരത്നം കവർന്നെടുക്കാൻ
ഹൃദയം മിടിക്കുന്നു, കാത്തിരുന്നോ-
രുദയമടുക്കുന്നു മുന്നിലിപ്പോൾ
പിടയുകയാണവൻ, തന്മുഖത്തിൽ
സ്ഫുടമായ് തെളിയുന്നതുണ്ടു ചിത്തം
അടിവെച്ചടിവെക്കേ, കാലടികൾ-
ക്കടിയിൽ നിന്നൂർന്നൊരു മന്ദ്രനാദം
അതിശാന്തമന്ത:പുരത്തിനുള്ളി-
ലൊരു യുദ്ധമേഖല തീർത്തിരുന്നു.

ഈരടികൾ
---------------


ഒരു ഞെട്ടൽ, ചുണ്ടിന്നിണകൾതീർത്ത
സ്മരശരചുംബനമത്രമാത്രം !
അവളുണർന്നാപ്പട്ടുമെത്ത ഞെങ്ങി
പവിഴമണിക്കവിളൊന്നുരുമ്മി
പടപട വാതിൽ പലക തട്ടി
പടിവാതിൽ കാവല്ക്കാരൊന്നു ഞെട്ടി
പടപട നീണ്ട കുളമ്പടികൾ
ഇടയിലീ പ്രേമത്തിന്നീരടികൾ:
“കമിതാവാമെന്നെ വലിച്ചിഴച്ചോ-
രമിതസൌന്ദര്യമേ മാപ്പു നല്കൂ !”

(ടെനിസൺ എഴുതിയ ‘സ്ലീപ്പിങ്ങ്‌ ബ്യൂട്ടി’ എന്ന കവിതയോട്` കടപ്പാട്‌)

2014, ഒക്‌ടോബർ 25, ശനിയാഴ്‌ച

ഗാന്ധാരിയുടെ ചിരി“എല്ലാവർക്കും തിമിരം” , പാടീ പണ്ടൊരു കവി ഞാനതുകേട്ടപ്പോൾ
വല്ലാതായീ, ബാധയതെന്നെ ഒഴിവാക്കട്ടെ, കാഴ്ചയ്ക്കെന്നാൽ തകരാറല്പവു-
മില്ലാതാകാൻ പ്രാർത്ഥിക്കട്ടെ, വാർദ്ധക്യത്തെ തോല്പ്പിക്കട്ടെ, യുവത്വത്തിന്റെ സുഗന്ധം തൂവും
മുല്ലപ്പൂപോൽ വീണു കൊഴിഞ്ഞെൻ പല്ലുകൾ മണ്ണിൽ മുളച്ചീടട്ടെ.

“കണ്ണട വേണം”, തെറ്റീ കവിതൻ വചനം ഡോക്ടർ ചൊല്ലീ വേണ്ടതു
കണ്ണുകൾ രണ്ടും കീറണമിരുളാം തിമിരം മാറ്റാൻ, സ്വാഭാവികമാം-
വർണ്ണാഞ്ചിതമീ ലോകം കാണാൻ, പ്രകൃതിയെ നുകരാൻ, പൂവുകൾ തമ്മിൽ വേറിട്ടറിയാൻ

കണ്ണുകൾ കീറാൻ തയ്യാറായൊരു ഡോക്ടർ ചൊൽവൂ “എവിടെപ്പോയെൻ കണ്ണട?  തിമിരം തോണ്ടാൻ കണ്ണട വേണമെനിക്കിനി ഞാനും രോഗി”
‘എല്ലാവർക്കും തിമിരം വന്നാൽ ഗതിയെന്താകും’ എന്നിലുറങ്ങും
നല്ലവനാം ധൃതരാഷ്ട്രർ ചൊല്ലീ, ഗാന്ധാരീ നീ ചിരി തൂകുന്നോ?


2014, ഒക്‌ടോബർ 22, ബുധനാഴ്‌ച

പാഥേയം


നേർത്ത തിരശ്ശീല പോലെ വിഷാദമെ-
ന്നാത്മാവൊരുക്കിയ വേദിയിൽ വീഴവെ,
ഇത്രയും നാളായ് പണിതീർത്ത മാനസ-
ചിത്രവർണ്ണോജ്ജ്വല മണ്ഡപം മൂകമായ്
സ്തബ്ധമായ് നർത്തനശാല, ചിലങ്കതൻ
ശബ്ദം നിലച്ചൂ, നശിച്ചൂ പ്രതീക്ഷകൾ
പ്രേമസംഗീതത്തുടിപ്പുമായ് വിങ്ങുന്നി-
തോമൽ വിപഞ്ചിതൻ മീട്ടാത്ത തന്തികൾ
ചുണ്ടിന്റെ മാധുരിയേലാതെ കൈവിരൽ-
ത്തുമ്പാൽ പുളകമണിയാതെ മൂകമായ്
പാടാൻ കൊതിച്ചു കിടക്കുന്നു മൂലയി-
ലോടക്കുഴലെന്റെ ജീവിതചിത്രമായ് !
എത്രയോ മുഗ്ധവസന്തം വരച്ചിട്ട
ചിത്രങ്ങൾ മുന്നിലൂടോടി മറയവെ,
ഈ വഴിയമ്പലമുറ്റത്തു വന്നു ഞാൻ
നോവിന്റെ ഭാരച്ചിറകൊതുക്കീടുവാൻ
തീരെ പരിചയമില്ലാത്ത കൈകളാ-
ലാരോ പകർന്ന പാഥേയം നുകരവെ,
എന്തിനോ മോഹിച്ചു മാനസം, ഒന്നു നിൻ
സുന്ദരരൂപമുയിർത്തെഴുന്നേല്ക്കുവാൻ.

2014, ഒക്‌ടോബർ 1, ബുധനാഴ്‌ച

കൂപ്പുകൈവന്ദിപ്പൂ സരസ്വതീ വിദ്യതൻ മാതാവേ നിൻ-
മന്ദിരം ഭുവനത്തിൽ സംസ്ക്കാരം ചൊരിയട്ടെ !
പുലർകാലത്തിൽ തവ കീർത്തനം പാടീടുന്നു
പുതുപുഷ്പത്തിൽ താളം മുട്ടുന്ന മന്ദാനിലൻ
അതുകേട്ടല്ലോ പക്ഷിജാലങ്ങൾ ജാതോന്മേഷം
പതിവായ് പാടീടുന്നു താവക സ്തുതിഗീതം
നർത്തനം ചെയ്തീടുന്നു പർണ്ണപാളികൾ സ്വഛ-
നിമ്നഗ വിപഞ്ചിതൻ തന്ത്രികൾ മീട്ടീടുന്നു
കുങ്കുമപ്പൊട്ടുംതൊട്ടു ശ്യാമവാരിദമാകും
കുന്തളം പുലരിയൊന്നൊതുക്കി കെട്ടീടുന്നു
താവക സ്തുതിഗീതി പാടിയൊരാനന്ദത്താൽ
തൂവിയ സന്തോഷാശ്രു പുല്ക്കൊടി തുടയ്ക്കുന്നു
ഭക്ത്യാ കണ്ണുകൾ പൂട്ടി നിശ്ചലമായ്നിന്നിട്ട-
വ്യക്തമാമെന്തോ  ചിലമന്ത്രങ്ങളുരയ്ക്കുന്നു.
കീചകം മുരളികയൂതുന്നു, അരുവിതൻ
വീചികളതുകേട്ടു നർത്തനമാടീടുന്നു
കേരളം തവാഗമം കാത്തിരിക്കയാണേതു-
നേരവും വിദ്യയ്ക്കായി കൈക്കുമ്പിൾ നീട്ടീടുന്നു
വിദ്യകൾ പലവിധമാകുമ്പോൾ ഗുരുഭൂതർ
ശിഷ്യരെ മറക്കുന്നു, മൃഗമായ് മാറീടുന്നു
പട്ടിയാക്കീടാൻ മടിയില്ലാത്ത ചിലർ, ഹാ ! വെ-
പ്പാട്ടിയാക്കീടാൻ കാത്തുനില്പുണ്ട്‌ കാമഭ്രാന്തർ
ഒക്കെയും പൊറുക്കുക, അജ്ഞതയകറ്റിയീ
കൊച്ചുകേരളത്തിനെയൊന്നനുഗ്രഹിക്കുക
വാഗീശ്വരീ നിൻ മുന്നിലിന്നിതാ സമസ്തവും
നേദിച്ചു കൈകൾ കൂപ്പി ഞങ്ങൾ ഹാ! നമിക്കുന്നു.

2014, സെപ്റ്റംബർ 9, ചൊവ്വാഴ്ച

ഗുരുസ്മൃതി
ഈറനായൊരു കർക്കിടകത്തിൻ
ചേല ചിങ്ങപ്പെണ്ണാറ്റിയണിഞ്ഞു
സൂനമെങ്ങും വിടർന്നു, മാവേലീ-
ഗാനം പാടി കിളികൾ പറന്നു.
എങ്ങുമുല്ലാസമെങ്ങും സമൃദ്ധി
തിങ്ങീടും നല്ല നാളുകളൊന്നിൽ
വന്നു നാരായണ ഗുരുദേവ
ജന്മനക്ഷത്രമാകും ചതയം
ദാരിദ്ര്യത്തിന്നിരുട്ടറയാകും
കൂരയൊന്നിൻ മടിത്തട്ടിൽനിന്നും
പൊന്തീ ദിവ്യ പ്രഭാപൂരമായ
സുന്ദരമൊരു ഭാസുരതാരം


പൊങ്ങീയന്ധവിശ്വാസങ്ങൾ വാനിൽ
തിങ്ങിക്കൂടും കരിങ്കാറുപോലെ
ധർമ്മമെങ്ങും ക്ഷയിച്ചു, മനുഷ്യ-
ജന്മം ഭീതിദമായി ഭവിച്ചു
ബിംബാരാധന, പൂജാദികർമ്മം
ഭിന്നിപ്പിച്ചു മനുഷ്യരെയാകെ
നാലുഭാഗവും ജാതിമതങ്ങൾ
വേലി കെട്ടി ജനത്തെയകറ്റി


എങ്ങും കാണുമസമത്വമോർത്തു
വിങ്ങീ താവക മാനസമാകെ
ജാതിതൻ വേലി നീക്കി, മനുഷ്യ-
ജാതിയൊന്നെന്നുപദേശമേകി
ദേവാരാധനയെല്ലാർക്കുമൊപ്പ-
മാവാമെന്നുള്ള സന്ദേശമേകി
തന്നിൽ ദൈവമിരിപ്പതു കാട്ടാൻ
മുന്നിൽ കണ്ണാടിബിംബം നിരത്തി
ഇന്നും ഞങ്ങൾതൻ ഹൃത്തിൽ വസിപ്പൂ
വന്ദ്യ നാരായണ ഗുരുദേവൻ


2014, സെപ്റ്റംബർ 6, ശനിയാഴ്‌ച

പൂക്കളമത്സരം

വിരിയും പൂവിൻ ചുണ്ടിൽ പലപല
രാഗം ചിതറീ, വളകൾ കിലുങ്ങി,
തിരുവോണത്തിനു സ്വാഗതമോതാ-
നുണരുകയായി കേരളഭംഗി

പഴകിക്കീറിയ കർക്കിടകത്തി-

ന്നീറൻ ചേലയുണക്കിയെടുത്തി-
ട്ടഴകായ് ചിങ്ങപ്പെണ്ണു ഞൊറിഞ്ഞു ച-
മഞ്ഞു വരുന്നതു കാണുന്നേരം,


മഴവില്ലൊരു പൂ ചൂടിക്കുന്നു,
കുങ്കുമതിലകം  നെറ്റിയിലന്തി-
ക്കിഴവി വിറയ്ക്കും കയ്യാൽ ചാർത്തി
ചന്തം നോക്കി രസിക്കുന്നല്ലൊ !

മിഴികളിലഞ്ജനമെഴുതാൻ കരിമുകി-

ലിന്നലെ രാത്രിയുറങ്ങാതല്ലോ
മെഴുകിയെടുത്തൂ കണ്മഷി വിണ്ണിൻ
സ്ഫടികത്തളികയുണങ്ങും മുമ്പെ

കലിതാമോദം തന്മുഖകാന്തി നു-

കർന്നു രസിക്കാനല്ലൊ നീല-
ക്കടലൊരു കണ്ണാടിയുമായ് വന്നു വി-
ളിപ്പൂ പൂവിളിയെങ്ങും കേൾപ്പൂ !

വരവായ് വരവായ് ! മലനാടിന്റെ ഹൃ-

ദന്തം തോറും മധുരം വിതറാൻ
തിരുവോണത്തിൻ പുഷ്പവിമാനമി-
റങ്ങുന്നല്ലൊ  പുളകം പാകാൻ

മാറിവരുന്നൊരു കാലത്തിന്റെ മി-

ടിപ്പിനു മുന്നിൽ സൂര്യവെളിച്ചം
കീറിമുറിച്ചു വരുന്നു, മനുഷ്യൻ-
നേടിയ  മാന്ത്രിക വൈദ്യുതശക്തി

നീ|റിപ്പുകയും ചൂടിനെ വെല്ലാൻ

കൊട്ടിയടച്ച തലയ്ക്കകമെല്ലാം
കോരിനിറയ്പ്പൂ കുളിരല മർത്ത്യൻ
നേടിയ ശാസ്ത്രപരിജ്ഞാനങ്ങൾ

ഓണംകേറാമൂലകൾ കൂടി 

പൂക്കളമിട്ടു, പരിഷ്ക്കാരത്തിൻ
മോബൈൽ നാദമുയർന്നതിനൊപ്പം
സ്ത്രീയും ടീവിയുമൊന്നായ് മാറി

പുതുതായ് ഞങ്ങടെ നാട്ടിലുമങ്ങനെ 

ഓണപ്പൂക്കളമത്സരമെത്തി
കുതുകം സ്വാഗതമോതി പലരും
സമ്മാനത്തിനു പൂവുകൾ തേടി

പലവിധമഴകുകൾ തേടും തരുണികൾ 

‘പ്രേമം’ കണ്ടും കൊണ്ടും മലരായ്
മലയാളക്കരയാകെ കോൾമയിർ
കൊള്ളും സുന്ദര ഗാനം പാടി.

പൂവുകൾ തേടി കാടും മേടും

തെണ്ടിയലഞ്ഞു, മറന്നൂ നോവുകൾ
പൂവിതളൊക്കും വിരലുകൾ നീട്ടി
പൂപ്പാലികയിൽ പൂക്കൾ കൂട്ടി


രാവിലുറങ്ങാതല്ലോ വീട്ടിൻ

മുറ്റത്തിട്ടവർ പൂക്കളമേതോ
ഭാവന കാട്ടിയ ചിത്രം പോലെ
വരച്ചും മായ്ച്ചും വീണ്ടും വീണ്ടും

പുതിയൊരു സൂര്യനുദിച്ചെൻ മുറ്റ-

ത്തായതു കാണ്മാനല്ലോ വന്നൂ
പരിശോധകർ,   മിഴിനട്ടുംകൊണ്ടു
കൊതിച്ചൂ, കിട്ടും സമ്മാനം ഞാൻ

പുലരിപ്പെണ്ണിനു കണ്ണു കലങ്ങി,

കോപം പൂണ്ടു മറഞ്ഞൂ സൂര്യൻ,
അലറിക്കൊണ്ടൊരു കാറ്റും മഴയും
മുറ്റത്തെത്തിയതപ്പോഴല്ലൊ !

പാറിപ്പോവുകയായീ പൂവുക-

ളെങ്ങോ മഴയിൽ ചിതറി, പൂക്കള-
മാകെ യുദ്ധക്കളമായ് തീർന്നു, ത-
കർന്നൂ കവിയുടെ ഭാവനപോലും

കാറ്റും മഴയും നിന്നൂ, സൂര്യനു-

യർന്നൂ, മഞ്ഞണി മാമലമേലൊരു
പൂക്കളമായി, പുലരിപ്പെണ്ണിനു
സമ്മാനവുമായ് തിരുവോണവുമായ് !

2014, സെപ്റ്റംബർ 2, ചൊവ്വാഴ്ച

ചോരക്കളി
ചോരക്കളിയിനി വേണ്ട, മണ്ണിലു-
യർത്തുക നമ്മൾ ശാന്തീമന്ത്രം
കാരുണ്യത്തിൻ മുല്ലപ്പൂവുകൾ
 ചോരയുണങ്ങാൻ വിതറീടുക നാം

ഇതിഹാസങ്ങൾ, വടക്കൻ പാട്ടുകൾ
നമ്മിലുണർത്തീ സമരാവേശം
അതിമോഹം താൻ സർവ്വ വിപത്തിനു-
മോർക്കിൽ കാരണമെന്നറിയുന്നേൻ

മതിയാക്കുക നാം ക്രൂരത, വന്യമൃ-
ഗങ്ങൾ പോലും മർത്ത്യർ കാട്ടും
അതിഭീകരമാം ചെയ്തികൾ കണ്ടു ശി-
രസ്സു കുനിച്ചു ശപിക്കുന്നുണ്ടാം

ഇനിയൊരു യുദ്ധം വേണ്ടാ, മണ്ണിൽ,
വിണ്ണിൽ, നമ്മുടെ നാട്ടിൽ, വീട്ടിൽ
കിനിയട്ടെ കനിവിൻ തേൻ തുള്ളികൾ
ചോരത്തുള്ളികൾ ചിന്തിയ വഴിയിൽ

ഹിമഗിരി ചൂഴും കാർഗിൻ നെറുകയി-
ലിന്ത്യ തൊടീച്ചൊരു കുങ്കുമതിലകം
നിരവധിയംഗനമാരുടെ നെറ്റിയിൽ
നിന്നുമടർത്തിച്ചാർത്തിയതല്ലോ !

വിരഹച്ചൂടിൽ കരിയും കരളുക-
ളായിരമിവിടെ അനാഥർ പെരുകും
ധരയാണിവിടം “ഭ്രാന്താലയമെൻ
കേരള“മെന്നു പറഞ്ഞാൽ സത്യം !

ഇവിടെ തേടി നടപ്പൂ ദ്രൌപദി-
മാരെ ദുശ്ശാസനരും, സീതയെ
കപട പരാശരിവേഷം പൂണ്ടു
നടക്കും രാവണരും തെരുതോറും

അധികാരത്തിൻ മോഹച്ചൂടിൽ 
പൊട്ടും ബോംബുകൾ തട്ടിയെടുപ്പൂ
അരുമക്കുഞ്ഞിൻ കൈയും കാലും
കണ്ണും പുതിയൊരു സംസ്കാരം പോൽ

മതിയാക്കുക നാം നരബലി: വാളും
പരിചയുമെറിയുക ദൂരെ, രക്ത-
ക്കൊതിയിൽ നേടുക ദുരിത മാത്രം
ഓർത്താൽ സർവ്വവിനാശം നേട്ടം !

ഇനിയീ ചാവേർ വേണ്ട, മണ്ണി-
ലുയർത്തുക നമ്മൾ  മൈത്രീ മന്ത്രം
കനിവിൻ തുമ്പപ്പൂവുകൾ ചോരയു-
ണങ്ങിയ വീഥിയിൽ വിതറീടുക നാം.
2014, ഓഗസ്റ്റ് 14, വ്യാഴാഴ്‌ച

ആഗസ്ത്‌ 15

ധീരമാം പരീക്ഷണഘട്ടങ്ങളോരോന്നായി
വീരമാതാവെ, നിന്റെ കോവണിപ്പടിയായി
നീയുയർത്തിയ കാലിന്നടിയിൽനിന്നാണല്ലോ
തീതുപ്പും മുള്ളും കല്ലും പാപമോചനം ചെയ് വൂ

പണ്ടൊരു മഹാബലിക്കേകിപോൽ മോക്ഷം പുണ്യ
പൊൻപാദ,മതുപോലെ പാപിയാമഹല്യയ്ക്കും
നന്മതിന്മകൾ തിരിച്ചറിയാൻ കഴിയാത്ത
ജന്മങ്ങൾക്കംബേ നിന്റെ കൈകളാൽ വഴി കാട്ടൂ

നിന്മഹിമാവാൽ മാത്രമല്ലയോ ദിഗന്തങ്ങ-
ളെന്നുമേ സ്തുതിഗീതമാലപിക്കുനൂ തായേ,
ഞങ്ങളീ സുദിനത്തിലോർമ്മിപ്പൂ ഭക്ത്യാ നിന്റെ-
മംഗളചരിതങ്ങളാവേശത്തുടിപ്പോടെ

കെട്ടുപോയിതുവരെ കത്തിയ ദീപം, നിന്റെ
കൊട്ടാരപ്പടിവാതിലന്ധകാരത്തിൽ താണൂ
നിൻ തിരുമുറ്റത്തന്നേ വാടിയ പനിനീരി-
ന്നന്തിമദളംകൂടി മണ്ണിലേക്കിതാ വീണു

നൊമ്പരപ്പെട്ടൂ ഞങ്ങൾ: ചുറ്റിലും നോക്കീട്ടല്പ-
മമ്പരന്നമ്മയ്ക്കെങ്ങാനാപത്തു പിണയുമോ ?
എന്തിനീയപശ്രുതി, ശകുനപ്പിഴ ?, പാഴിൽ
പിന്തിരിഞ്ഞോടും ഭീതർ ഞങ്ങളല്ലറിഞ്ഞാലും !

അമ്മതൻ മാനം കാക്കാൻ രക്ഷിക്കാൻ മടിക്കാത്ത
കർമ്മധീരരാം മക്കളാണുനാം പണ്ടേ തന്നെ.
കെട്ടതാം മണിദീപം മാറ്റി വെച്ചിതാ പുത്തൻ
ഭദ്രദീപിക വീണ്ടും കത്തിച്ചുവെച്ചു ഞങ്ങൾ

കൂരിരുട്ടകലട്ടെ, ദുർഗന്ധമെല്ലാം ദൂരെ
മാറട്ടെ, യുയർത്തൂ നിൻ ദീപവും, സുഗന്ധവും
ഉയർന്നു പാറീടട്ടെ മൂവർണ്ണക്കൊടി വാനിൽ,
ഉണർന്നു പാടീടട്ടെ നിൻ സ്തുതിഗീതം ലോകം  !

2014, ജൂലൈ 31, വ്യാഴാഴ്‌ച

വിഷപർവ്വംഇന്ത്യതൻ പ്രതിരോധസേനയ്ക്കായിനിനമ്മ-
ളെന്തിനായന്യരാജ്യവെടിക്കോപ്പിറക്കണം?
എന്തിനും തികയുന്നൊരായുധം നമുക്കില്ലേ !
‘എൻഡോസൾഫാനെ’ന്നുള്ള മാരകവിഷായുധം
ശത്രുക്കൾനേരെ വർഷിച്ചീടുകിൽ അവരുടെ
ശത്രുതയ്ക്കൊപ്പംതന്നെ രാജ്യവും നശിച്ചീടും
അണുവായുധം പോലെ മാരകമല്ലോ ശത്രു-
പിണമായ്ത്തീരും, സർവ്വം നിശ്ശബ്ദം നിസ്സംശയം
കേരളമല്ലാതെങ്ങും കണ്ടില്ലേ പരീക്ഷണ
കേളികൾ നടത്തീടാൻ പറ്റിയ സ്ഥലം നിങ്ങൾ?
നിർത്തുകീ കരാളത, പൂട്ടുകീ കൊടുംവിഷം-
നിർമ്മിക്കും പണിശ്ശാലയൊക്കെയുമുടനടി
കേരളസംസ്ഥാനത്തിൻ ശിരസ്സാം കാസർക്കോട്ടിൽ
കേണുകൊണ്ടിഴയുന്നു കൊച്ചുങ്ങൾ വികലാംഗർ
അല്പവും സഹജീവിസ്നേഹമോ, ദയാവായ്‌പോ
കെല്പ്പെഴും നേതാക്കളേ നിങ്ങൾക്കു തോന്നുന്നില്ലേ ?
നിങ്ങൾതൻ കുടുംബങ്ങൾക്കീവിധം ദുരവസ്ഥ
വന്നാലേ പാഠം നിങ്ങൾ പഠിക്കുവെന്നാണെങ്കിൽ
ഭാരതതലസ്ഥാനം ‘എൻ മകജെ’യാക്കീടൂ
പോരുക സകൗടുംബമിവിടെ കുടിയേറൂ
നേരിട്ടൊന്നറിയുക ക്രൂരമാം കരാളത
ആരിലും ഭയംചേർക്കും ബീഭത്സനിഗൂഢത
നോവിന്റെ കരിനിഴൽ വീഴുമീ മണ്ണിന്മാറിൽ
ഭാവിയില്ലാതെ നില്പ്പൂ വർത്തമാനമാം കാലം
ഈ വിഷപർവ്വം താണ്ടാൻ കെല്പ്പില്ലാതുഴലുന്നു
ജീവിതം, മണ്ണും വിണ്ണും വിഷലിപ്തമായ്‌ മാറി
തേങ്ങുന്നു ചന്ദ്രഗിരിപ്പുഴയും, കാര്യങ്കോടും,
മൊഗ്രാലും, ചിത്താരിയും മറ്റൊരു കാളിന്ദിയായ്
അമ്മിഞ്ഞപ്പാലിൽ പോലും വിഷമാണിവിടത്തിൽ
അമ്മമാർക്കാരുനല്കും പൂതനാമോക്ഷം കൃഷ്ണാ ?
കൺ തുറക്കുക, കൊല്ലാക്കൊല ചെയ്തിടും നാടിൻ
കണ്മണികൾതൻ നോവിൽ പങ്കുചേരുക നമ്മൾ.

2014, ജൂലൈ 25, വെള്ളിയാഴ്‌ച

നർത്തകി
അമരപുരിക്കഴകേ തവ
കളമൊഴിയെൻ കാതിൽ
അമൃത മഴത്തുള്ളികളാ-
യണയുകയാണല്ലൊ !
അനുപമമാം തവ നടനം
മഴവില്ലൊളിചേർക്കു-
ന്നനവരതം മഹിയിൽ ജനം
നിർവൃതിയിൽ മുഴുകെ.
തവ നർത്തനവേദിക്കൊരു
മലർമാല്ല്യം ചാർത്തി
നവമല്ലിക സുരഭിലമാ-
തനുവിൽനിന്നൊഴുകി
അറിവിന്നുറവിടമായ് തവ-
നയനങ്ങൾ വിടർന്നു
അനുലാസിത നടനത്താൽ 
ഹൃദയങ്ങൾ കവർന്നൂ
പരിതപ്തം പരിദേവിത
ജലനിധിയിൽനിന്നും
സുരുചിരമാം തവ തനുവി-
ന്നരവിന്ദമുയർന്നു
ഉയരുന്നൊരു നിശ്വാസ-
ച്ചുടുകാറ്റിലുലഞ്ഞു
ഉതിരുന്നൊരു കണ്ണീർമഴ-
യതിൽ വീണു നനഞ്ഞു
തവദർശനമനുവേലം
മിഴികൾക്കുയിരേകി
കവിതേ ! യഭിരാമം തവ 
പദചലനം തുടരൂ !

2014, ജൂലൈ 5, ശനിയാഴ്‌ച

ബേപ്പൂർ സുൽത്താൻ
ഓർക്കുന്നു നിന്നെ ഞങ്ങൾ സുൽത്താനേ! കഥയുടെ-
പോർക്കുതിരകൾക്കൊപ്പം നിൻ രഥം മറഞ്ഞാലും
“ഓർമ്മക്കുറിപ്പി”ൽ കാണും നിൻ “ജന്മദിനം” നോക്കി
“പാവപ്പെട്ടവരുടെ വേശ്യ”യോ നടക്കുന്നു ?
നിൻ “ബാല്യകാലസഖി” “എന്റെ തങ്കമെ”ന്നോതി 
തന്ന “പ്രേമലേഖനം”  “ശബ്ദങ്ങൾ” ഉയർത്തവെ
“വിഡ്ഢികളുടെ സ്വർഗ്ഗമെന്നോതി” “ആനപ്പൂട” 
“വിശ്വവിഖ്യാതമായ മൂക്കി”ൽ നീയുയർത്തവെ
“അനർഘനിമിഷം” വന്നെത്തിയോ ? വെറുതെയാ-
“സ്ഥലത്തെ പ്രധാന ദിവ്യൻ” “കഥാബീജം” പാകി
ആരു “പാത്തുമ്മയുടെ ആടി”നെ കെട്ടീ കഷ്ടം !
“ഭാർഗ്ഗവീനിലയ”ത്തിൽ “വിശപ്പാ”ണവയ്ക്കെന്നും
ആ “മതിലുകൾ” ചാടിക്കടന്നു വരുന്നല്ലോ
“മാന്ത്രികപ്പൂച്ച”യ്ക്കൊപ്പം “ചിരിക്കും മരപ്പാവ”
“ഈ ഭൂമിയുടെ അവകാശികൾ” വന്നൂ, “ആന-
വാരിയും പൊൻ കുരിശും“ ഹാ! ”നേരും നുണയും“ പോൽ !
എന്റുപ്പാപ്പാക്കൊരാനയുണ്ടാർന്നൂ’ പറയുന്നു
സുന്ദരി ഏതോ ‘പോലീസ്കാരന്റെ മകളാ’വാം !
“മുച്ചീട്ടുകളിക്കാരൻ മകളോ” നടത്തുന്നു
“സർപ്പയജ്ഞ”മെൻ മുന്നിൽ ആത്മശാന്തിക്കായ് വീണ്ടും !

2014, ജൂൺ 29, ഞായറാഴ്‌ച

ജവാന്റെ അമ്മ


കത്തുകാണാതെ മാസം രണ്ടായി, മന്മാനസം
കത്തി വെണ്ണീറായ് മാറുമീയന്ത്യ മുഹൂർത്തത്തിൽ
മകനെ, നിന്നെ കണ്ടു കണ്ണടച്ചിടാൻ മാത്രം
സുകൃതം ചെയ്യാതുള്ള പാപിയീ മാതാവല്ലോ !
ചൂളുമീ തണുപ്പത്ത്‌ നീ തന്ന പുതപ്പിന്റെ
ചൂടേശി മയങ്ങുന്ന മാതൃമാനസമെന്നും
മഞ്ഞമാമലകളിൽ ചെഞ്ചോരയുറയ്ക്കുന്ന
മഞ്ഞുവാതവുമേറ്റു നില്ക്കുന്ന നിന്നെയോർക്കും


നിന്മക്കൾ ദീപാവലിപ്പടക്കം പൊട്ടിക്കുമ്പോൾ
എന്മകൻ നീയോ തീയുണ്ടകളാൽ പന്താടുന്നു,
പായസച്ചോറുണ്ണുമ്പോൾ, പായനീർത്തുറങ്ങുമ്പോൾ
പാവം നീ പടയാളി “യമ്മയ്ക്ക്‌”  കാവൽനില്പ്പൂ
കാലുകളിടറാതെ പൊരുതാൻ നിനക്കായി
കോലത്തുനാടിൻ വീരകഥകൾ ചൊല്ലീടാം ഞാൻ
ജേതാവായ് തിരിച്ചെത്തുമാദിനം പ്രതീക്ഷിച്ചു
മാതാവാമീ ഞാൻ കണ്ണീർത്തുള്ളികൾ തുടയ്ക്കട്ടെ
അമ്മയ്ക്കു പറയുവാനില്ലൊന്നും  ചുടുചോര
നിന്മെയ്യിൽ തുടിപ്പോള“മമ്മ”യെ മറക്കാതെ

2014, ജൂൺ 22, ഞായറാഴ്‌ച

മകൻമകനേ, വിശക്കുമ്പോൾ നിന്റെ ചുണ്ടിലീയമ്മ
പകരാൻ തുറന്നതാമമൃതകുംഭങ്ങളെ
ഇന്നു നീ കാമാതുരൻ, മദ്യത്തിൻ ലഹരിയിൽ
വന്നാകെ കശക്കിക്കൊണ്ടെന്നെ നഗ്നയായ് മാറ്റി !!
.............                  ................
ടിയിൽ കിടത്തി ഞാൻ എണ്ണതേച്ചുഴിഞ്ഞപ്പോൾ
വികൃതിക്കുട്ടൻ നീയോ പുണ്യാഹം തളിച്ചില്ലെ ?
അമ്പിളിമാമൻ ദൂരെ പുഞ്ചിരിപ്പതുകാട്ടി-
യമ്പലത്തിലെ വെണ്ണനൈവേദ്യം, ചുണ്ടിൽ ചേർക്കെ,
അമ്മേ ! എന്നുരച്ചു നീ നല്കിയ മധുരിക്കും
ചുംബനമേറ്റെൻ മാതൃഹൃദയം കുളിർത്തില്ലെ?
ഓർത്തതില്ലന്നീവണ്ണം മാതൃത്വസങ്കല്പ്പത്തെ
തീർത്തും നീ നശിപ്പിക്കുമെന്നു ഞാനൊരിക്കലും
..............                 ..................
മകനേ ! മടിക്കുത്തു നീ വലിച്ചഴിക്കുമ്പോൾ
പുകയും ചുണ്ടാലെന്നെ കടിച്ചു കീറീടുമ്പോൾ
നീ ജന്മമെടുക്കാതെയിരുന്നാലെന്നാശിപ്പൂ
നീചനാം മൃഗമായ നീയെന്റെ മകനെന്നോ?


2014, ജൂൺ 6, വെള്ളിയാഴ്‌ച

വിരുന്നുകാരിവിഷാദമെൻ വിപഞ്ചിയിൻ
വിമൂകരാഗമായ് സഖീ
വിദൂരെയെൻ വിഭാതമായ്
വരൂ പ്രിയേ മനോഹരീ
ഒരായിരം പ്രതീക്ഷതൻ
കിനാവുകണ്ടുണർന്നു നാം
അതാകവെ തകർന്നുവോ
വൃഥാ മനം തളർന്നുവോ ?
കരിഞ്ഞ മുല്ലവല്ലികൾ
വിരിഞ്ഞു മന്ദഹാസമായ്
അകന്നു നില്പതെന്തു നീ
മറഞ്ഞ ചന്ദ്രബിംബമായ് ?
വിരുന്നുകാരിയായി നീ
വരുന്ന നല്ലനാളിനായ്
ഇതാ, ഹൃദന്തവാതിൽ ഞാൻ
തുറന്നുവച്ചു കാത്തിടാം................2014, മേയ് 22, വ്യാഴാഴ്‌ച

മനക്കണക്ക്‌


പത്തു മാങ്ങയിൽ നിന്ന്‌ ഏഴു മാങ്ങ കാക്ക കൊത്തി പറന്നു പോയി. 
ബാക്കി എത്ര മാങ്ങ ?
മൂന്ന്‌.
തെറ്റി. രണ്ടു മാത്രം. 
അതാണ്‌ ഇപ്പോൾ ചില ബസ്സ്‌ കണ്ടക്റ്റർമാർ പഠിപ്പിക്കുന്ന ഗണിതം

2014, മേയ് 9, വെള്ളിയാഴ്‌ച

ന്യൂനമർദ്ദംനിന്റെ ഹൃദന്തത്തിൽ രൂപാന്തരംകൊണ്ട-
തെന്തിനീ പുത്തനാം ന്യൂനമർദ്ദം
നിന്മുഖമാകെ കറുത്തു നിൻ കണ്ണിലോ
മിന്നൊളി നെഞ്ചിലിടിമുഴക്കം
ആഞ്ഞുവീശുന്ന ചുഴലിപോൽ നിന്റെയാ ദീർഘമാം
ശ്വാസനിശ്വാസങ്ങളും
വേനൽ മഴയോ സഖീ നിൻ മിഴികളിൽ
തൂമന്ദഹാസമിന്നെങ്ങു പോയി.
നിൻപ്രിയനെത്തിടും വേളയിലാകുമോ
വീണ്ടും ദിനകരസ്മേരകാന്തി ?


2014, മേയ് 4, ഞായറാഴ്‌ച

ആത്മഗതം
പച്ചിലക്കുളിർതണൽ വിരിച്ചും, സൌഗന്ധിക-
പുഷ്പങ്ങൾ വാരിക്കോരിച്ചൊരിഞ്ഞും, പരിസര-
മൊക്കെയും സൌന്ദര്യത്തിൻ മഴവില്ലൊളി തൂകി
മുഗ്ധമാക്കിയ വൃക്ഷമിന്നു ഞാനുണങ്ങിപ്പോയ്

വേരുകളൊക്കെ മണ്ണിന്നൊലിപ്പിൽ പുറത്തായി
ശാഖകൾ  വിഷജ്ജ്വാലാമുഖിയാൽ  കരിഞ്ഞുപോയ്
പച്ചിലപോയിട്ടൊറ്റൊരിലയും കാണാനില്ല
വൃദ്ധയാം വൃക്ഷം ഞാനെൻ ജന്മത്തെ ശപിച്ചുപോയ്

എൺപത്തിനാലാണെന്റെ പ്രായം, ഞാനൊരായിരം
പൂർണ്ണചന്ദ്രനെ കണ്ടു കൈകൂപ്പി തൊഴുതവൾ
വസന്തം  തഴുകിയ നാളുകളെന്നെചുറ്റി
യസംഖ്യം കടന്നുപോയ് സുന്ദര സ്വപ്നം പോലെ

വണ്ടിനും തേനീച്ചയ്ക്കും  തേനില്ല. വിടരുന്ന
ചെണ്ടില്ല, ശലഭങ്ങളിതിലേ വരാറില്ല
പൂവിടാറില്ലെൻ ശാഖ, കമ്പുകളുണങ്ങിപ്പോയ്
പൂങ്കുയിൽ പാടാൻ വേണ്ടി വിരുന്നു വരാതായി.

ഈർച്ചവാളുമായല്ലൊ വന്നിവൻ ചിരിതൂകി
തീർച്ച,, യിന്നെന്നെ ഈർന്നു പിളർക്കും നിസ്സംശയം
ഒട്ടുമേ ചോരചിന്താതറക്കപ്പൊടിയായി
ഒട്ടി ഞാനീർച്ചവാളിന്നലകിൽ  ജന്മംതീർക്കും

വെട്ടിവീഴ്ത്തുമീ കർമ്മം ക്രൂരമീ ബലാത്സംഗം
വൃദ്ധയോടല്ലൊ   ചെയ് വൂ, ഈർച്ചവാളിനാൽ ദുഷ്ടൻ
മർത്ത്യാധമാ നീയോർക്ക ഞങ്ങൾതൻ വംശനാശം
അർത്ഥിക്കാതിരിക്കുക, ഞങ്ങളെ വണങ്ങുക..2014, ഏപ്രിൽ 14, തിങ്കളാഴ്‌ച

വെറുതെ
ന്റെ തോട്ടത്തിൽ ശ്രുതിമധുരം പാടാൻ വന്ന
പൂംകുയിലിനെയമ്പെയ്തിന്നലെയാരോ കൊന്നു.
കൊന്നവരൊപ്പംചുട്ടുതിന്നുല്ലസിക്കും നാടി-
ന്നിന്നത്തെ ഗതിയുടെ പാരമ്യം കണ്ടിട്ടാമോ
ഒന്നുമെ മിണ്ടാതെന്റെ മുറ്റത്തു പരിഹാസ-
മന്ദസ്മേരവുമായി നിൽക്കുന്നു കണിക്കൊന്ന.
“വന്നല്ലോ വിഷു” തെക്കൻ കാറ്റിലൂടൊരു മഴ-
ത്തുള്ളിയെൻ ജനൽപ്പാളി തള്ളിക്കൊണ്ടുണർത്തവെ,
എന്നന്തരംഗത്തിലെ തളത്തിൽ നിരത്തി ഞാൻ
സുന്ദരസ്വപ്നം മാത്രം കണികണ്ടിടാൻ വീണ്ടും
അറിയാം യാഥാർഥ്യമായ് മാറുകില്ലിവയെല്ലാം
വെറുതെ പറയുന്ന തേൻ ചേർത്ത പദം മാത്രം !
മരുഭൂമിയിലലയുന്ന പാന്ഥനു ദൂരെ
വിരിയും മരുപ്പച്ച മൃഗതൃഷ്ണയായ് മാറാം

2014, ഏപ്രിൽ 10, വ്യാഴാഴ്‌ച

ദ്വാരപാലകൻ
ഓർമ്മതൻ കളിവീടു കെട്ടിയും തകർത്തും ഞാ-
നോരോരോ വികൃതികളാടുകയാണെന്നാലും,
ഓതുവാൻ കഴിയാത്തൊരാത്മനിർവൃതി തന്നിൽ
വേദന മറപ്പൂ ഞാൻ, ചിരിക്കാൻ ശ്രമിപ്പൂ ഞാൻ.
മഴയെ ഗർഭംധരിച്ചിന്നലെ മാനത്തെത്തി
മഴവിൽത്തുടിപ്പുമായ് മേഘമാലകൾ മന്ദം
അഴൽ പോയ്മറഞ്ഞെങ്ങോ  മണ്ണിന്റെ ഹൃദന്തത്തിൽ
പൊഴിവൂ സന്തോഷാശ്രുവെൻ കവിൾത്തടത്തിലും
വിഷുവാണിന്നെൻ നാട്ടിലേവരുമൊരുദിനം
വിഷമം മറന്നൊത്തുചേരുന്നു, ചിരിക്കുന്നു
അവരോടൊപ്പം സ്നേഹം പങ്കിടാൻ കൊതിക്കുമീ
കവിയാം ജവാൻ തന്റെ മാനസം യുദ്ധക്കളം
ഈ ഹിമാലയശൃംഗഗോപുരം കടന്നെത്തും
ശീതളപവനനും വെള്ളിനക്ഷത്രങ്ങളും
ശാന്തസുന്ദരമൊരു പർണ്ണശാലയായ്മാറ്റും 
കാന്താരഹൃദന്തവുമെൻ വിഷുക്കണിയല്ലോ !
                        
                     *   *   *
ഉമ്മറത്തൊരു പുല്ലുപായയിലിരുന്നമ്മ
തന്മണികണ്ഠം മീട്ടി വായിപ്പൂ ‘ജ്ഞാനപ്പാന’
വെറ്റില മുറുക്കിയശേഷം തൻ വിരൽ വെള്ള-
ഭിത്തിയിൽ തുടച്ചച്ഛനതുകേട്ടിരിക്കുമ്പോൾ
അപ്പുറത്തടുക്കളക്കുള്ളിലായ് ചൂടുള്ളുണ്ണി-
യപ്പവും വിഷുവിന്റെ അടയും തിന്നല്ലോ ഞാൻ
കോടിമുണ്ടഴിക്കേണ്ട പാകമെത്തിയ നേരം
കോണകമഴിക്കേണ്ട ശങ്ക തോന്നിയ നേരം
ഞാനെഴുന്നേറ്റു (സത്യം അമ്മൂമ്മതൻ കൈത്തണ്ടിൽ
ഞാന്നാണേ !), പടിഞ്ഞാറെ പറമ്പിൽ കുതിച്ചെത്തി
മാമ്പഴം തിന്നും പാട്ടുപാടിയുമൂഞ്ഞാലാടീ-
ട്ടേമ്പക്കംവിട്ടെൻ കൂട്ടരവിടെ സമ്മേളിപ്പൂ
ഞാനതിൽ മുടങ്ങാത്തൊരംഗമാണതിൽ പ്പരം
സ്ഥാനമെന്തുണ്ടക്കാലമഭികാമ്യമായോർക്കിൽ !
പന്താടും ഞങ്ങൾ, വല്ല കാട്ടിലോ പടർപ്പിലോ, 
പൊന്തയിലെങ്ങാൻ വീണു കാണാതെപോകുംവരെ
ഊഞ്ഞാലിലാടും ഞങ്ങൾ കയറോ പലകയോ
തേഞ്ഞുരഞ്ഞാരാൻ വീണു ചോരപൊട്ടീടുംവരെ
കൂട്ടരെ വിളിച്ചു ഞാൻ  മുണ്ടിന്റെമടിക്കുത്തിൻ
കോന്തലയഴിച്ചെന്റെ വിഷുക്കൈനീട്ടം കാട്ടി
അത്രമേൽ ത്ളങ്ങുന്ന നാണയമവർകണ്ടി-
ല്ലിത്രയും നാളായ്, ഞാനോ വാനോളമുയർന്നുപോയ് !
അപ്പോഴാണുണ്ണിച്ചന്തുവന്നതു,മടിക്കുത്തി-
ലപ്പമല്ലെന്തോമറ്റു മുഴച്ചുകാണായ് വന്നു
അല്പമൊരധികാരം സ്ഫുരിക്കും മട്ടിൽ ചൊന്നാൻ
“അത്ഭുതം കാട്ടാം, മാറിനില്ക്കുക”, മാറീ ഞങ്ങൾ.
പച്ചയും ചോപ്പും ചേർന്ന കടലാസ്സുറകളെ
മെച്ചമായ് മണ്ണിൽ കുത്തിനിർത്തിയശേഷം മന്ദം
തീപ്പെട്ടിയുരച്ചവൻ കൊളുത്തീ, ഇടിവെട്ടും
തീപ്പൊരിച്ചാർത്തും മാത്രം കണ്ടതായോർമ്മിപൂ ഞാൻ.
കൂട്ടുകാർ മിഴിക്കവെ പുഞ്ചിരിച്ചെത്തി മൂളി-
പ്പാട്ടുമായുണ്ണിച്ചന്തു “പടക്കം കണ്ടോ നിങ്ങൾ”
“അമ്മാമ വാങ്ങിക്കൊണ്ടുതന്നതാണല്ലോ നിങ്ങൾ-
ക്കെങ്ങാനുമുണ്ടോ കൈയിൽ താക്കോൽ പൊട്ടാസല്ലാതെ.” 
വിഷുക്കൈനീട്ടത്തിന്റെ വീലപോയഭിമാനം
പരക്കെ തകർന്നല്ലോ, വിയർത്തുകുളിച്ചല്ലോ !
വിറയുംകൈയിൽനിന്നു വീണുപോയ് വെള്ളിക്കാശ്‌
തറയിൽ, ഹൃദന്തത്തിൽ തന്ത്രീകൾ നുറുങ്ങിപ്പോയ്
“കാശിങ്ങു തന്നാൽ നല്കാം പടക്കം മുഴുവനു-
മാശയുണ്ടെങ്കിൽ” ഉണ്ണിച്ചന്തു വന്നെത്തി മുന്നിൽ.
പണമോ, പടക്കമോ മനസ്സിൽ തുലാസ്സാടി
പലവട്ടവുമപമാനമാനങ്ങൾ തൂക്കി
പടക്കം തരികെന്നു പറയും മുമ്പേ തന്നെ
പണവും വാങ്ങി ചന്തു പോയല്ലോ, ജയിച്ചൂ ഞാൻ !
ചാണകം മെഴുകിയ മുറ്റത്തു പുതിയൊരു
ജാലവിദ്യയുമായി ഞാനെത്തി ശരവേഗം
അമ്മൂമ്മ കാണാതൊരു തീക്കൊള്ളി വടക്കിനി-
യുമ്മറത്തൂടെ പാറുത്തള്ള തന്നതു ഭാഗ്യം !
തീക്കൊള്ളി വെച്ചൂ, മുറ്റത്തഗ്നിപർവ്വതം പൊട്ടി-
യൂക്കോടെ, നിന്നൂ ജ്ഞാനപ്പാനയും മുറുക്കലും
അച്ഛന്റെയിരുമ്പൊക്കും കൈയ്യുകൾ മുതുകിന്മേ-
ലിഛപോൽ പെരുമാറി, അമ്മയോ ശകാരവും.
“തീ കൊണ്ടു കളിക്കുമോ, തൊടുമോ വെടിമരു-
ന്നീവിധം നിരവധി ചോദ്യവുമിടയ്ക്കിടെ.
കോടിമുണ്ടഴിഞ്ഞുപോയ്, മുതുകോ പൊട്ടി, പട്ടു-
കോണകം മഴപെയ്തു തൂമുറ്റം വഷളാക്കി.
നിഷ്ക്കളങ്കമാം കൊച്ചുമനസ്സിന്നറകളി-
ലിത്തരമൊരു സത്യവാചകം കുറിച്ചുപോയ്
”ഇനിമേൽ തൊടില്ല ഞാൻ തീക്കൊള്ളി വെടിമരു-
ന്നിവകൾ രണ്ടും കുലദേവതയാണെ സത്യം“
                        *   *   *
ഈ ഹിമാലയശൃംഗ ഗോപുരം കാക്കും ദ്വാര-
പാലകനല്ലോ ഞാനെൻ കൈയ്യിലും മനസ്സിലും
നിറയെ വെടിമരുന്നാണതുപൊട്ടാൻ മാത്രം
സദയം തരികൊരു തീക്കൊള്ളി പൊൻ താരകേ !2014, ജനുവരി 11, ശനിയാഴ്‌ച

ഹൃദയക്ഷേത്രം


നന്ദി ഞാൻ ചൊല്ലീടട്ടെ നിങ്ങളേവർക്കുമെന്റെ
ഇന്നിന്റെ ഗതി മാറ്റി ആയുസ്സു നീട്ടി നിങ്ങൾ !
കർമ്മമണ്ഡലമിരുൾ മൂടവെ, വെളിച്ചത്തിൻ
കമ്രദീപിക നീട്ടി വന്നവരല്ലോ നിങ്ങൾ
വഴി തെറ്റിയും, ദിശ മാറിയും പലവുരു
മിഴിനീരൊഴുക്കിയും വിധിയെ പഴിച്ചെന്നും
അഴലിൽ മുഴുകുന്നൊരെന്നെ ഹാ! സമാശ്വാസം
വഴിയും കരസ്പർശംകൊണ്ടിന്നു തഴുകവെ,
അകതാരതിൽ പൂത്തുവിടരുന്നല്ലോ തൃപ്തി,
അകലുന്നല്ലോ ഭീതി, ഉണരുന്നല്ലോ ബുദ്ധി
അറിവാണല്ലോ ശക്തി, ഓർക്കുകിലതു കാണാ-
മറയത്തൊളിക്കുമ്പോൾ, മൂഢരായ് മാറും നമ്മൾ
സദയം അറിവുകൾ പകരും മഹോന്നത
ഹൃദയാലയത്തിന്നൊരായിരം നമോവാകം !
നിതരാം സ്പന്ദിക്കട്ടെ സ്നേഹസാന്ത്വനത്തിന്റെ
മധുരം പുരട്ടുമീ ഹൃദയക്ഷേത്രം പാരിൽ
ഇനിയും മുറിവേറ്റൊരായിരം ചിത്തങ്ങൾക്കു
കനിവിൻ പനിനീരിൻ തുള്ളികൾ തളിക്കട്ടെ
യോഗമെന്നോതുന്നൂ, ഹൃദ്രോഗശാന്തിക്കായ് തീർത്ത
ഭാഗധേയത്തിൻ മുന്നിൽ യോഗാസനസ്ഥർ ഞങ്ങൾ
നന്ദി ഞാൻ ചൊല്ലീടട്ടെ നിങ്ങളേവർക്കുമെന്റെ
ഇന്നിന്റെ ഗതി മാറ്റി നാളെയെ കാട്ടീ നിങ്ങൾ !