ആകെ പേജ്‌കാഴ്‌ചകള്‍

2014, ഡിസംബർ 24, ബുധനാഴ്‌ച

വർഷോദയം


ഓർമ്മതൻ താളുകൾക്കെല്ലാം പിറകിലായ്
ധർമ്മസംത്യാഗിയായ് ക്രൂശിതനായൊരാൾ
ഇന്നെൻ സ്മരണതൻ പട്ടുതൂവാലയിൽ
പൊന്നിഴ തുന്നുന്നു, പൂക്കൾ വിരിക്കുന്നു
കൊല്ലങ്ങൾ തൊങ്ങലായ് തൂങ്ങിനിന്നീടുന്നു
നിന്നങ്കിതൻ തുമ്പിലൊന്നിനോടൊന്നുപോൽ
വിസ്മൃതി പുല്കുമുലകിനെ നിത്യവും
ക്രിസ്തുദേവൻ സ്മരിപ്പിപ്പതുണ്ടീവിധം
നീലഗഗനത്തിൽ മിന്നുന്നൊരുജ്ജ്വല
താരകതൻ പ്രഭാനാളം പതിക്കവെ,
മഞ്ഞിൽ കുതിർന്നുള്ള വൈക്കോലിഴകളിൽ
മഞ്ജുളഹാസം വിരിയുന്നിതിപ്പൊഴും
സർവ്വലോകാരാദ്ധ്യനാം സൃഷ്ടിതന്നാദ്യ-
സംരക്ഷണം ചെയ്തതീ പുൽത്തുറുകുതാൻ
മൂർച്ചയേറീടുന്ന കല്ലുകളിൽ പട്ടു-
നീർത്തി പതത്തിൽ വിരിച്ചതീ പുല്ലുകൾ
നിന്നിൽനിന്നാദ്യം ഗ്രഹിച്ചിരിക്കാമവൻ
മന്നിലെ കാരുണ്യ സാന്ത്വനസ്പർശവും,
ഭിന്നമല്ലാത്ത സാഹോദര്യചിന്തയാ-
മുന്നോട്ട് പോകണമെന്നുള്ള സത്യവും,
പ്രാണൻ ത്യജിച്ചും ജനക്ഷേമവീഥിയിൽ
ജീവിതമർപ്പിച്ചിടേണ്ടൊരാ ത്യാഗവും,
ദൈവമല്ലാത്ത മനുഷ്യൻ കൊളുത്തിയ
കൈവിളക്കിൻ പ്രഭാകാന്തിയാം ധർമ്മവും
യേശുമഹേശനായ് മാറിയീ പ്രാഥമീ-
കാശയം കർമ്മമായ് മാറ്റിയതോർത്തു നാം
മാതൃകയാക്കി കൈകാലുകൾ നീക്കുക
നൂതന വർഷോദയത്തെ നമിക്കുക !

2014, ഡിസംബർ 20, ശനിയാഴ്‌ച

വൃദ്ധവിലാപം





“എവിടെ പോയെൻ വടി?” ബാബുമോനതു വെട്ടി-
യഴകായ് സ്റ്റമ്പുണ്ടാക്കി ക്രിക്കറ്റ് കളിക്കുന്നു.
“എവിടെ പോയെൻ ചില്ലുകണ്ണട?” അമ്മുക്കുട്ടി
മുടിയിൽ ഹേർബാന്റായി ഭംഗിയിൽ ചൂടീടുന്നു.
“എവിടെ പോയെൻ നോട്ടുപുസ്തകം?” സുധാകരൻ
കടലാസൊക്കെ ചീന്തി വഞ്ചികളുണ്ടാക്കുന്നു.
“എവിടെ പോയെൻ ഫൌണ്ടെൻപേന?” കോമളവല്ലി
പുതിയ പീച്ചാങ്കുഴലാക്കുവാൻ മുതിരുന്നു.
“എവിടെ പോയെൻ വള്ളിച്ചെരിപ്പ്?” മനോഹരൻ
കവണകെട്ടാനതിൻ വാറുകൾ മുറിക്കുന്നു.
“എവിടെ പോയെൻ കൊച്ചു പിച്ചളച്ചെല്ലപ്പെട്ടീ?”
സവിത സ്കൂൾബേഗിൽ പെൻസില്ബോക്സാക്കീടുന്നു.
“എവിടെ പോയെൻ ചൂടിക്കട്ടിൽ?” മോഹനറാണി
അയകെട്ടുവാനതു മുഴുവനഴിക്കുന്നു.
“എവിടെ പോയെൻ പിണ്ഡതൈലം?” ആനന്ദകൃഷ്ണൻ
പഴയ സൈക്കിൾചെയിനിൻ തുരുമ്പിൽ പുരട്ടുന്നു.
“എവിടെ പോയെൻ വെപ്പുപല്ലുകൾ?” പാണ്ടൻ നായ
അതിനെ കടിച്ചല്ലോ മുറ്റത്തു കളിക്കുന്നു.
“എവിടെ പോയെൻ മക്കൾ?” അച്ഛനെ വയോജന-
ഭവനം തന്നിലാക്കാൻ സ്ഥാപനം തേടീടുന്നു.
“എവിടെ പോയെൻ ഭാര്യ?” അവളാ ടെലിവിഷൻ
പരിപാടിയും കണ്ടു കണ്ണുനീർ വാർത്തീടുന്നു.
“എവിടെ പോയെൻ സ്വത്വം?” ഞാനാർക്കുംവേണ്ടാതുള്ള
കിഴവൻ; കറിവേപ്പിന്നിലയായ് ചമഞ്ഞവൻ !

2014, ഡിസംബർ 16, ചൊവ്വാഴ്ച

സംഗീതവർഷം





ഓമനപ്പൈതലിൻ താരാട്ടു പാടി
ഓമല്ക്കിനാവിന്റെ ഊഞ്ഞാലിലാടീ
എൻ കിളിവാതിലിൻ ചില്ലിലൂടെന്തേ
പിന്നെയും തൂമഴത്തുള്ളി നീ തേങ്ങി ?

പച്ചില മേലാപ്പു കെട്ടിയുറങ്ങും
പിച്ചകപ്പൂവിനെ തൊട്ടൊന്നുണർത്താൻ
മാനത്തുനിന്നു വിരുന്നു വന്നെത്തും
മാലാഖയായ് മഴത്തുള്ളികൾ ചിന്നി

കുഞ്ഞിളം കൊഞ്ചലായാദ്യം കിണുങ്ങി
പിന്നെ നവവധുപോലെ കുണുങ്ങി
അമ്മയായ് മക്കൾക്കമൃതം പകർന്നു
അമ്മൂമ്മയായ് കഥ ചൊല്ലാനിരുന്നു

പൊന്മക്കൾ കോർത്ത പളുങ്കുമണികൾ
എൻമുന്നിലാരേ ചൊരിയുന്നു ചുറ്റും?
മാനത്തു പൊങ്ങും കരിമേഘമോ കൺ-
പീലി വിടർത്തുന്ന മിന്നലോ ചൊല്ലൂ

ധിം ധിമി നാദമുയരുന്നു വാനിൽ
ചഞ്ചലലാസ്യനടനമീമണ്ണിൽ
കാടിന്നുറവകൾ തംബുരുമീട്ടി
നാടും നഗരവും തൻ തലയാട്ടി

നിൻ പദനിസ്വനമേകുന്നു നിത്യം
സംതൃപ്തി സമ്പത്തുമാപത്തുമെന്നാൽ
സന്താപമാനന്ദം പിന്നെ വിരഹം
വീണ്ടും സമാഗമം സംഗീതവർഷം

2014, ഡിസംബർ 14, ഞായറാഴ്‌ച

മുരളീഗാനം




ജീവിതയാത്രയ്ക്കെന്റെ തോഴിയായ്, തുണയായി
നീ വരുന്നതും കാത്തു നാളുകൾ കഴിച്ചൂ ഞാൻ
കൺകളിൽ പ്രതീക്ഷയും കരളിൽ കിനാവുമായ്
മുൻപിലൂടൊരു നൂറുവാസരം കടന്നു പോയ്‌
വന്നു നീ, കാണ്മൂ  മുന്നിൽ കാത്തു കാത്തിരുന്നൊരാ
സുന്ദരരൂപം മമ ജീവിത പ്രതിരൂപം.
കാർമുകിൽ കരിങ്കൂന്തലിഴയും മുല്ലപ്പൂവും,
വാരൊളി ചിന്നും മുഖത്തായിരം മഴവില്ലും,
നീലനീൾമിഴികളും തേൻ ചിന്തും മൊഴികളും,
ഫാലത്തിൽ പുലരൊളിക്കുങ്കുമതിലകവും,
കൈവളക്കിലുക്കവും താളവുമൊപ്പിച്ചേതോ
കൈവല്യരൂപം പോലെ നീ വന്നുചേർന്നൂ മുന്നിൽ !

എങ്ങു നിന്നണയുവതീ കുളിരിളം തെന്ന-
ലെങ്ങുനിന്നുയരുവതീ മണിവീണാനാദം !
പാൽമഴ പെയ്യും നീലരാവിലീ മലർവാടി
പാതിയും കിനാവിന്റെ വേദിയിലുയർന്നപ്പോൾ
ഓമലേ നീയെൻ മുന്നിൽ വന്നെത്തിയനഘമാം
പ്രേമസംഗീതം പാർന്ന ചഷകം ചുണ്ടിൽ ചേർക്കാൻ
ഈ മധുവിധുവിന്റെ മാദകലഹരിയിൽ
ഹാ! മണൽത്തരികളിൽ പുളകം പൊങ്ങീടുമ്പോൾ
ചൊന്നു ഞാൻ :- “ആരോമലേ ! എന്തുനിന്നഭിലാഷം?
ചൊന്നാലു, മെന്താകിലും നിറവേറ്റുവേനിവൻ ”
നിന്നിളം ചുണ്ടിൻ പനിനീരലരിതളല്പം
തെന്നലിലിലിളകിപ്പോയ്, ചൊന്നു നീ മന്ദം മന്ദം:-
“വേണമൊരോടക്കുഴൽ.....”തുഛമാമിതിനാണോ
പ്രാണനായികക്കിത്ര താമസം ? വരുന്നൂ ഞാൻ...

ഓമലിന്നാശയ്ക്കൊപ്പം തേടി ഞാൻ തെരുതോറും
പ്രേമസംഗീതം പാടും മോഹന മുരളിക
(തോഴിയാം രാധയ്ക്കെങ്ങാൻ കാർവർണ്ണൻ യമുനതൻ
തീരത്തു വനവേണു തേടിപ്പണ്ടലഞ്ഞുവോ?)
സപ്തവർണ്ണങ്ങൾ നൃത്തമാടുന്ന മധുരിത
സപ്തനിസ്വന രാഗസുധതൻ മുരളിക
വാങ്ങി ഞാനണഞ്ഞെന്നാരോമലിൻ മുന്നിൽ സുന്ദ-
രാംഗിതൻ മുരളികാഗീതകം കേൾക്കാൻ വെമ്പി

കണ്ടു ഞാനാച്ചെഞ്ചുണ്ടിൽ പുഞ്ചിരി, കടക്കണ്ണിൽ
പണ്ടില്ലാത്തതാമൊരു മിന്നൊളി, അവളോതി:-
“എന്തിനു തുളച്ചിത്ര ദ്വാരങ്ങൾ? പുകയൂതാൻ
രണ്ടല്ലേ ദ്വ്വരം വേണ്ടൂ, ഞാനിതെന്താക്കും ചൊല്ലൂ !”
എൻ കരൾക്കിളിക്കൂട്ടിൽ ചേർത്തൊരീ പുത്തൻ പക്ഷി
പൂങ്കുയിലല്ല, കരിങ്കാക്കയാണറിഞ്ഞൂ ഞാൻ !

2014, ഡിസംബർ 11, വ്യാഴാഴ്‌ച

എതിരാളി



“ആരുണ്ട്‌, ചൊല്ലുകെൻ കാന്തിക്കെതിരാളി-
യാരുണ്ടറിവാൻ തുടിക്കുന്നിതെൻ മനം”
ദന്തസിംഹാസനാരൂഢയായ് സങ്കടം
തൻപതിയോടോതി റാണി വിവശയായ്.
രത്നം പതിച്ചാഭയോലും മുകുരത്തി-
ലെത്തും മുഖത്തിൻ പ്രതിബിംബ സൌഷ്ഠവം
നോക്കി നെടുവീർപ്പിടും റാണിയാൾക്കെന്തി-
താകുലം വൈരിയൊന്നില്ലാതിരിക്കവെ ?
ചൊല്ലിനാൾ: “അങ്ങുന്നു സർവ്വമെനിക്കേകി-
യല്ലോ, സഫലീകരിക്കുകീയാശയെ,
ആരുണ്ട്‌ ചൊല്ലുകെൻ മോടിക്കെതിരാളി-
യാരുണ്ടറിവാൻ തുടിക്കുന്നിതെൻ മനം”.

ചിന്തയിൽ മുറ്റും മുഴുകിടും മന്നവ-
ന്നന്തക്കരണമെരിപൊരികൊള്ളവെ,
മന്ത്രിപ്രവരനോടൊത്തീ വിഷമത്തി-
നന്തം വരുത്തുവാൻ മുന്നിട്ടിറങ്ങയായ്.
ഏഴുകടലിനുമക്കരെയുണ്ട്‌ ന-
ല്ലൂഴി, മഹാസുന്ദരികൾ തൻ പാർപ്പിടം
രാജഭൃത്യന്മാരവിടെയും ചെന്നെത്തി
രാജീവലോചനമാരെ തിരയുവാൻ.

അന്നൊരു സായാഹ്നവേളയിൽ വന്നെത്തി
മന്നവൻ തന്മുന്നിലേഴു സുമുഖികൾ
സപ്തസൌന്ദര്യധാമങ്ങളുമായി സ-
ന്തപ്തയാം റാണിതൻ മുന്നിലണയവെ
ചുറ്റും മരതകക്കല്ലിൻ നടുവിലെ
വെട്ടിത്തിളങ്ങിടും വജ്രമോ റാണിയാൾ !
“എൻ മോടി വെല്ലുവാൻ സാദ്ധ്യമിവർക്കില്ല
മന്മനം വീണ്ടും വിവശം തളരുന്നു.
ആരുണ്ട്‌ ചൊല്ലുകെൻ കാന്തിക്കെതിരാളി-
യാരുണ്ടറിവാൻ കൊതിക്കുന്നിതെൻ മനം”

പാരം പ്രതീക്ഷതകർന്നപോൽ മന്നവൻ
പാടെ വിമൂകനായ് ദൂരത്തു നില്ക്കവെ
താരിളം കാൽ വെപ്പിനൊപ്പം സുമോഹന
സ്മേരവദനം വിടരും ചിരിയുമായ്
റാണിതൻ കൊച്ചുകുമാരിക വന്നുടൻ
നാണം കുണുങ്ങിയൊന്നമ്മയെ പുല്കവെ,
ആനന്ദബാഷ്പം പൊഴിച്ചോതി റാണിയാ-
ളാനവ്യ നിർവൃതിക്കൊപ്പമായീവിധം:
“എൻ കാന്തി വെല്ലുവാൻ സാദ്ധ്യമിവൾക്കുതാൻ
സന്മസസ്സംതൃപ്തിയേകിയെന്നോമലാൾ !”

(സരോജിനി നായഡുവിന്റെ   "Queen's rival"  എന്ന കവിതയോട്‌ കടപ്പാട്‌)

2014, ഡിസംബർ 8, തിങ്കളാഴ്‌ച

ചെങ്കോൽ



ഉച്ചയുറക്കിന്നൊഴുക്കിൽ കിനാവിന്റെ
പച്ചിലത്തോണിയിലേറുമെൻ മാനസം
ഉച്ചത്തിൽ മുറ്റത്തുനിന്നുമുയരുന്ന
പുത്രന്റെ ചെണ്ടവാദ്യം കേട്ടുണർന്നുപോയ് !

അഞ്ചുവയസ്സിന്റെ കൌതുകത്തോടവൻ
നെഞ്ചോടു ചേർത്തതാം പുസ്തകപ്പെട്ടിമേൽ
പഞ്ചവാദ്യത്തിന്നലകളുയർത്തുന്നു
പുഞ്ചിരി പൂക്കുന്നു കുഞ്ഞിക്കവിളിലും

ചുറ്റും വിതറിക്കിടക്കുന്ന നേഴ്സറി-
പ്പുസ്തകങ്ങൾ കാറ്റിൽ നാമം ജപിക്കുന്നു
അക്ഷരമാലയെഴുതേണ്ട പെൻസിലോ
കൊച്ചു ചെണ്ടക്കോലവൻതൻകരത്തിലും !

“ഹോം വർക്ക്‌ ചെയ്യാതെ കൊട്ടിക്കളിക്കുന്നോ ?
റേങ്ക്‌ കിട്ടേണ്ടേ പരീക്ഷയിൽ ? നേഴ്സറി-
പ്പാട്ടുകളെല്ലാം ഹൃദിസ്ഥമായോ ? ” കൊടു-
ങ്കാറ്റുപോൽ വന്നൂ പ്രിയതമ മുന്നിലായ്.

അംബരചുംബിയാം കൊട്ടാരമൊന്നിൽ വെ-
ഞ്ചാമരം വീശുന്ന രാജസോപാനത്തിൽ,
മന്ത്രിമാർ കാക്കും സിംഹാസനത്തിൽ, രാജ-
തന്ത്രമിംഗ്ലീഷിലുരുവിടും ചുണ്ടുമായ്

നാളെയീ ഭാരതരാജ്യം ഭരിക്കേണ്ട
രാജനാവേണ്ടൊരെൻ പൊന്മകൻ കൈയിതിൽ
ചെങ്കോലോ, ചെണ്ടതൻ കോലോ, കടലാസു-
പെൻസിലോ ? സത്യത്തിൽ ശങ്കിച്ചുപോയി ഞാൻ !