ആകെ പേജ്‌കാഴ്‌ചകള്‍

2015, ജനുവരി 28, ബുധനാഴ്‌ച

അവകാശിആറടിമണ്ണിന്നവകാശികൾ നാമിന്നേറെ
വീറോടെയവകാശപ്പെട്ടതു വൃഥാവിലോ ?
ആദിവാസികളെന്നല്ലേതുജീവികൾക്കുമേ
മോദമോടിവിടത്തിൽ വാഴുവാനധികാരം !
ആരുടെ പിതൃസ്വത്തുമല്ലിതു, പ്രകൃതിതൻ
വാരുറ്റ കൈയാൽ തന്ന സൌജന്യമറിയുക.
പഞ്ചഭൂതങ്ങൾക്കേവമെങ്ങനെ മനുഷ്യന്റെ
വഞ്ചനാപരമായ സ്വാർത്ഥത നിരക്കുന്നു ?
വായു,വാകാശം, വെള്ള,മഗ്നിയെന്നതുപോലെ
ജീവികൾക്കവകാശപ്പെട്ടതാണീഭൂമിയും.
വേലികെട്ടിയോ, കരിങ്കല്ലിനാൽ മതിൽ കെട്ടി
വേർതിരിക്കുവാനില്ലൊരാൾക്കുമിന്നവകാശം.
കുന്നിടിക്കുവാൻ, മണലൂറ്റുവാൻ, പുഴയുടെ
മുന്നോട്ടെ ഗതിനിർത്തി മാലിന്യം നിക്ഷേപിക്കാൻ,
ഈ പരിസ്ഥിതി മാറ്റിമറിക്കാൻ, പ്രകൃതിതൻ
ശാദ്വലപ്രതലത്തിൻ ശാന്തത നശിപ്പിക്കാൻ
കാടിനെ നാടാക്കുവാൻ, കാട്ടിലെ മൃഗങ്ങളെ
വേട്ടയാടുവാൻ, നാട്ടുമൃഗമായ് മാറ്റീടുവാൻ
പുഴയിൽ വിഷംചേർക്കാൻ, കീടനാശിനികളാൽ
പഴവും ഫലങ്ങളും രോഗവാഹിനിയാക്കാൻ
ആരുവാൻ നല്കീ മർത്ത്യന്നനുവാദമിന്നോർത്താൽ
ക്രൂരതതന്നെയെല്ലാം, ഒക്കെയുമഹങ്കാരം !
എവിടെ കാട്ടാറുകൾ, കിളികൾ കപോതങ്ങൾ,
കവികൾ പുകഴ്ത്തുന്ന മോഹനമയൂരങ്ങൾ ?
എവിടെ കാട്ടാനകൾ, സിംഹങ്ങൾ, മുയലുകൾ,
ചെവികളടപ്പിക്കും ചീവീടിൻ മൂളിച്ചകൾ ?
കാട്ടിലെവാസം വിട്ടിട്ടഭയം തേടുന്നല്ലോ
വീട്ടിലെ മുറിക്കുള്ളിൽ രാജവെമ്പാലക്കൂട്ടം !
മണ്ണിനെ മലീമസമാക്കുന്ന മനുഷ്യന്റെ
കണ്ണുകൾ ദയാപൂർണ്ണമാകുവതെന്നാണാമോ ?
കണ്ണീരു വറ്റിക്കേഴും ഭൂമിതൻ നെടുവീർപ്പിൽ
വെണ്ണീറായ്മാറും ലോകം, കല്പാന്തമടുത്തുപോയ്.
ആറടിമണ്ണിന്നവകാശികളൊരിക്കലു-
മാവില്ല നമ്മൾ, പഞ്ചഭൂതത്തിൻ കണിക നാം !
------------------------------
(2015- അന്താരാഷ്ട്ര മണ്ണ്‌ വർഷം)

2015, ജനുവരി 1, വ്യാഴാഴ്‌ച

പിറവി
ചെമ്പകപ്പൂക്കളിലന്തിയിലിന്നലെ
പൈമ്പാൽ പകരുവാനമ്പിളി വന്നില്ല
തൂമണം പൂശുവാൻ ചില്ലകുലുക്കുവാൻ
താരാട്ടുപാടുവാൻ തെന്നലും വന്നില്ല.

മൂകമാം രാവിന്റെ ഭീതിയിൽ കൂരിരുൾ
മൂടിപ്പുതച്ചുമയങ്ങുന്നു ഭൂമിയും
അക്കൂരിരുട്ടിൻ കരിമ്പടം കീറിയ
ദിക്കിലായ് താരകൾ നൂലുകൊരുക്കുന്നു

തെക്കുവടക്കു നടപ്പു ഞാൻ, കേൾപ്പൂ ഞ-
രക്കം, നെടുവീർപ്പു വാതിലിനപ്പുറം
ജീവൻ കൊടുക്കാൻ പിടയ്ക്കുന്ന സൃഷ്ടിതൻ
നോവിതാപൊങ്ങുന്നു, പേറ്റുനോവെന്നപോൽ

ചാരിയ വാതിൽപലക വിഭജിപ്പൂ
കൂരിരുളിങ്ങും പകലങ്ങുമെങ്കിലും
കാത്തിരുന്നീടും പ്രതീക്ഷയിൽ ഭാവനാ-
കാമുകനാം ഞാൻ വെളിച്ചം നുകരുന്നു.

തൈമണിത്തെന്നൽ വെൺചാമരം വീശുന്നു
പൂമണം പൂശുന്നു, പൂനിലാവെത്തുന്നു
ആടിയതെല്ലാം നടനമറിയാതെ
പാടിയതെല്ലാം മഹത്‌ഭാവഗീതകം !

കൂരിരുൾ പൊട്ടിത്തകർത്തു പുലരിയാം
ചോരക്കിടാവിൻ പിറവിനടക്കവെ
പേരിട്ടവൾക്കു കവിതയെന്നാനറും
താരിളം ചെങ്കവിൾ മുത്തിടും ഞാൻ കവി

അമ്മിഞ്ഞനീട്ടും പ്രകൃത്യാംബതൻ മുഖ-
ത്തുന്മേഷ വീചികൾ നർത്തനം ചെയ്യവെ
ജീവചൈതന്യം തുടിക്കുന്നു ചുറ്റിലും
രാവല്ല, തങ്കക്കതിരൊളിയെങ്ങുമേ !