ആകെ പേജ്‌കാഴ്‌ചകള്‍

2015, ഏപ്രിൽ 25, ശനിയാഴ്‌ച

അവകാശി


ആറടിമണ്ണിന്നവകാശികൾ നാമിന്നേറെ
വീറോടെയവകാശപ്പെട്ടതു വൃഥാവിലോ ?
ആദിവാസികളെന്നല്ലേതുജീവികൾക്കുമേ
മോദമോടിവിടത്തിൽ വാഴുവാനധികാരം !
ആരുടെ പിതൃസ്വത്തുമല്ലിതു, പ്രകൃതിതൻ
വാരുറ്റ കൈയാൽ തന്ന സൌജന്യമറിയുക.
പഞ്ചഭൂതങ്ങൾക്കേവമെങ്ങനെ മനുഷ്യന്റെ
വഞ്ചനാപരമായ സ്വാർത്ഥത നിരക്കുന്നു ?
വായു,വാകാശം, വെള്ള,മഗ്നിയെന്നതുപോലെ
ജീവികൾക്കവകാശപ്പെട്ടതാണീഭൂമിയും.
വേലികെട്ടിയോ, കരിങ്കല്ലിനാൽ മതിൽ കെട്ടി
വേർതിരിക്കുവാനില്ലൊരാൾക്കുമിന്നവകാശം.
കുന്നിടിക്കുവാൻ, മണലൂറ്റുവാൻ, പുഴയുടെ
മുന്നോട്ടെ ഗതിനിർത്തി മാലിന്യം നിക്ഷേപിക്കാൻ,
ഈ പരിസ്ഥിതി മാറ്റിമറിക്കാൻ, പ്രകൃതിതൻ
ശാദ്വലപ്രതലത്തിൻ ശാന്തത നശിപ്പിക്കാൻ
കാടിനെ നാടാക്കുവാൻ, കാട്ടിലെ മൃഗങ്ങളെ
വേട്ടയാടുവാൻ, നാട്ടുമൃഗമായ് മാറ്റീടുവാൻ
പുഴയിൽ വിഷംചേർക്കാൻ, കീടനാശിനികളാൽ
പഴവും ഫലങ്ങളും രോഗവാഹിനിയാക്കാൻ
ആരുവാൻ നല്കീ മർത്ത്യന്നനുവാദമിന്നോർത്താൽ
ക്രൂരതതന്നെയെല്ലാം, ഒക്കെയുമഹങ്കാരം !
എവിടെ കാട്ടാറുകൾ, കിളികൾ കപോതങ്ങൾ,
കവികൾ പുകഴ്ത്തുന്ന മോഹനമയൂരങ്ങൾ ?
എവിടെ കാട്ടാനകൾ, സിംഹങ്ങൾ, മുയലുകൾ,
ചെവികളടപ്പിക്കും ചീവീടിൻ മൂളിച്ചകൾ ?
കാട്ടിലെവാസം വിട്ടിട്ടഭയം തേടുന്നല്ലോ
വീട്ടിലെ മുറിക്കുള്ളിൽ രാജവെമ്പാലക്കൂട്ടം !
മണ്ണിനെ മലീമസമാക്കുന്ന മനുഷ്യന്റെ
കണ്ണുകൾ ദയാപൂർണ്ണമാകുവതെന്നാണാമോ ?
കണ്ണീരു വറ്റിക്കേഴും ഭൂമിതൻ നെടുവീർപ്പിൽ
വെണ്ണീറായ്മാറും ലോകം, കല്പാന്തമടുത്തുപോയ്.
ആറടിമണ്ണിന്നവകാശികളൊരിക്കലു-
മാവില്ല നമ്മൾ, പഞ്ചഭൂതത്തിൻ കണിക നാം !
------------------------------
(2015- അന്താരാഷ്ട്ര മണ്ണ്‌ വർഷം)

2015, ഏപ്രിൽ 14, ചൊവ്വാഴ്ച

ബ്ലോഗ്ഗർ വിഷു



ചാണകം തേച്ചുള്ള നീലവിൺമുറ്റത്തു
താരകൾ മത്താപ്പു കത്തിച്ചെറിയവെ,
പൂമണം പൂശുന്ന മന്ദാനിലൻ വന്നു
പൂമുഖ വാതിലിൽ മുട്ടിവിളിക്കവെ,

നാണംകുണുങ്ങിച്ചിരിക്കുന്നു പൂങ്കൊന്ന
നാളെ വിടരും കനക പ്രതീക്ഷയിൽ
ഇത്തിരുമുറ്റത്തു വീണു കിടക്കുന്നു
പുത്തൻ മലരും മണവും മധുരവും.

"എന്റെ ബ്ലോഗെന്റെ ഗ്രൂപ്പെന്റെ കൂട്ടാളിക-
ളെന്യേ മുടിയണം മറ്റുള്ളോരൊക്കെയും
എന്നെ ചുമലിലുയർത്തി നടക്കണം
പിന്നിൽ ജയഭേരി മാത്രം മുഴക്കണം........"

വ്യർത്ഥമാം സങ്കല്പശയ്യയിൽ പാഴില-
വ്യക്തമാം ചിന്തയിൽ മൂടിക്കിടപ്പു നാം
കണ്ണു തുറന്നൊന്നു നോക്കിയാൽ പോരുമീ
മണ്ണൊരു വിണ്ണായി മാറ്റുവാൻ സോദരാ!

വന്നു വിളിക്കുന്നു കർമ്മപ്രബുദ്ധത,
വന്നു കുലുക്കുന്നു കർത്തവ്യനിഷ്ഠകൾ
ഒന്നെഴുന്നേല്ക്കൂ! തുറക്കൂ മിഴിയിണ
മുന്നിലരുണകിരണമുയരുന്നു.

ഓർമ്മകൾ തീർക്കും യമുനതൻ തീരത്ത്‌
കാർമുകിൽവർണ്ണന്റെ വേണുവെന്നോർത്തു ഞാൻ
പാടാൻ ശ്രമിക്കുകയാണൊരു ഗീതിക
പാടാനറിയാത്ത ഗായകനെങ്കിലും

ഈ സൈബർശൃംഖല നീക്കിമുന്നേറുമെൻ
ഗീതി പകരുന്നൊരാവേശധാരകൾ
കാറ്റിലും മണ്ണിലും തീർക്കട്ടെ പുത്തനാം
മാറ്റൊലി മർത്ത്യന്റെ മാനസം തന്നിലും

കണ്ണു തുറന്നെഴുന്നേല്ക്കുവിൻ വൈകാതെ
വന്നു വിഷുക്കണി കാണുവിൻ തോഴരേ!
നിങ്ങൾ വളർത്തുന്ന സങ്കുചിതത്വത്തിൻ
വള്ളികളൊക്കെയറുത്തു കളയുക

നമ്മളൊന്നാണെന്ന ബോധം വളർത്തുക
നന്മയിൽ വിശ്വാസമർപ്പിച്ചു നീങ്ങുക
വിണ്ണിനെ വെല്ലുന്നൊരൈശ്വര്യസിദ്ധിക്കു
മണ്ണിൻ ഹൃദന്തം തുടിക്കയാണിപ്പൊഴും





2015, ഏപ്രിൽ 3, വെള്ളിയാഴ്‌ച

വിഷുക്കണി




മുറ്റത്തെ കണിക്കൊന്നമൊട്ടുകൾ വിരിഞ്ഞല്ലോ
മുത്തമിട്ടല്ലോ മീനമാസത്തെ ചുടുതെന്നൽ
എന്തിത്ര നേരത്തേ നീ മന്ദഹാസവുമായി
വന്നെത്തീ?” വിഷുപ്പക്ഷി ചോദിച്ചൂ ഭയത്തോടെ

പൊന്നിനു വിലകൂടി, മേടമാകുമ്പോഴേക്കും
ഉന്നതമാകും വിലയെന്നു നീ നിരൂപിച്ചോ
മണ്ണിനു മണിത്താലി നേരത്തേ ചാർത്തീ ? ദൂരെ
വിണ്ണിലെ പെണ്ണിന്നപ്പോൾ തുടുത്തൂ കവിളുകൾ !

കാവ്യസമ്പത്താൽ ധന്യമാകിയ മലയാള-
കന്യയ്ക്കു ചാർത്താൻ കാവ്യഹാരങ്ങളില്ലാതാണോ
ഒരു ഗ്രാം തങ്കംകൊണ്ടു തീർത്തുള്ള പൂശുമാല
കവികൾ ചാർത്തിക്കുന്നൂ? മോഹനമെന്നോതുന്നൂ?

അക്ഷരം തെറ്റില്ലാതെ എഴുതാൻ പഠിക്കാത്തോർ
വിശ്രുത മഹാകവിയെന്നല്ലോ ചമയുന്നു
ലജ്ജിക്ക മലയാളമങ്കേ ! നീ പറയുന്ന-
തൊക്കെയും മംഗ്ളീഷായി മാറിപ്പോയ് ദയനീയം...

മന്ത്രിമാർ പൂരപ്പാട്ടു പാടുന്നൂ, അരങ്ങതിൽ
ചന്തത്തിൽ ശിവതാണ്ഡവത്തിനു മുതിരുന്നു.
ഗുരുവെ പഠിപ്പിക്കാൻ ബുദ്ധിമുട്ടുന്നൂ ശിഷ്യർ,
ഇരുകാലിയാം മൃഗം മകളെ പ്രാപിക്കുന്നു.

കള്ളന്മാർ പോലീസിനെ ചാക്കിട്ടു പിടിക്കുന്നു,
വെള്ളവും മണലുമിന്നുറക്കം കെടുത്തുന്നു,
കണ്ണീരു പൊഴിക്കുന്നു മാലിന്യക്കൂമ്പാരങ്ങൾ,
ഉണ്ണാതെയിരിക്കുന്നു വായയില്ലാത്തോർ നാട്ടാർ.

ക്രൂരമാം കൊലപാതകങ്ങളോ പെരുകുന്നു
കോടികൾ ഗാന്ധിച്ചിത്രം പേറി ഹാ! മറയുന്നു
നീതിദേവതയെന്ന ഗാന്ധാരിതൻ കണ്മുന്നിൽ
നൂറ്റവർ ചിരിക്കുന്നു, പാഞ്ചാലി വിതുമ്പുന്നു.

ആരൊരുക്കീടും വിഷുക്കണി, യെന്നകത്തളം
നോവുമ്പോൾ, ചിരിതൂകി ചൊല്ലുന്നു ടീവീ ചാനൽ:
ചാരിയീ കസേലയിലിരിക്കൂ സഖേ ! നാടിൻ
ചാരുദൃശ്യങ്ങൾ കാണാൻ ബട്ടനൊന്നമർത്തുക.

2015, ഏപ്രിൽ 2, വ്യാഴാഴ്‌ച

വേഴാമ്പൽ



ദാഹിച്ചുനില്ക്കുന്ന മൺതരിയെക്കണ്ടു
മോഹിച്ചു നില്ക്കുന്ന നീരദവ്യൂഹമേ,
നിന്നനുരാഗ സന്ദേശവുമായിതാ
വന്നൂ ശിരസ്സു കുനിക്കുന്നു മാരിവിൽ !

ആശിച്ചു മണ്ണുകുഴിച്ചു വെൺകല്ലിനാൽ
പേശലകാന്തിയിൽ കെട്ടിപ്പടുത്തു ഞാൻ
കൂപമൊന്നെന്നാലിതുവരെ കണ്ടില്ല
ദാഹം ശമിപ്പിച്ചിടാൻ ജലലേശവും

കൂടുതലാഴങ്ങൾ തേടുമെൻ ഭാവന-
കൂടി തളർന്നു, വരണ്ടുപോയ് ചുണ്ടുകൾ
കത്തിജ്ജ്വലിക്കുന്ന ചൂടാണു ചുറ്റിലും
വറ്റിയ കൂപമായ് മാറിയെൻ കണ്ണുകൾ

അന്നു പതിവിലും നേരത്തെ മാനത്തു
വന്നുനിരന്നു കരിമുകിൽ കന്യകൾ
മിന്നി അവരുടെ പൊന്നിൻ ചിലങ്കകൾ
പൊങ്ങി മൃദംഗരവവുമിടയ്ക്കിടെ

ചുട്ടുതപിക്കും ഗിരിനിര കൈകൂപ്പി
വൃഷ്ടിവരത്തിനായ് മോഹിച്ചു നില്ക്കവെ,
ചില്ലകൾ വിണ്ണിൽ തൊടുക്കുവാനായ് സ്വയം
വില്ലൂന്നി മാമരജാലമൊരുങ്ങവെ

ധാരയായ് താഴോട്ടു വീണു കുളിരണി-
ത്തോരണം മണ്ണിന്നു ചാർത്തുവാൻ മാരിയും
തോടും പുഴയും കവിഞ്ഞു, വരണ്ടുള്ള
നാടും നഗരവുമൊക്കെ കുളിർക്കിലും

ഞാൻ കുഴിച്ചുള്ളൊരീ കൂപത്തിലിപ്പൊഴും
കാണ്മാൻ കഴിഞ്ഞില്ല തെല്ലും ജലകണം !
എന്തിനോ ഞാനറിയാതെയടർന്നുപോയ്
രണ്ടിറ്റു ചൂടുള്ള കണ്ണുനീർത്തുള്ളികൾ.