ആകെ പേജ്‌കാഴ്‌ചകള്‍

2015, മേയ് 19, ചൊവ്വാഴ്ച

അരുണം
മരണമണി ചെവിയോർത്തു ബോധശൂന്യം തന്റെ
മനവുമുടലും സദാ കാരാഗൃഹത്തിലായ്
കരുണവധമില്ലാതെ പരലോകമണയുന്ന
അരുണയൊരു നോവായി നൊമ്പരപ്പൂവായി.

വിടരുമൊരു പൂവുപോൽ പൂമണം പൂശി നീ
വനികയിതിൽ മേവവെ വന്നുവോ കശ്മലൻ
അതികഠിനമായ് നിന്റെ ഞെട്ടറുത്തീവിധം
മൃദുലദളമാകെ കശക്കിയെറിഞ്ഞുവോ

വിധിവിഹിതമായിടാമെന്നു നീയോർത്തതി-
ല്ലതിനുമുമ്പാതുരശുശ്രൂഷവ്യഗ്രയായ്
മനുജസംസേവനം ദീനർതൻ വേദന-
യ്ക്കിനിയതാം സാന്ത്വനം നിൻ സത്യചിന്തനം

കപടതയറിഞ്ഞിടാതുള്ള നീ വീണുപോ-
യപകട മഹാഗർത്തമൊന്നിൽ മാൻപേടപോൽ
മധുരതര സ്വപ്നങ്ങളൊക്കെ തകർന്നുപോയ്
വ്യഥയുടെ ശാപാഗ്നികുണ്ഡത്തിലാണ്ടുപോയ്

അവനിയിതിൽ സസുഖമൊരു മാന്യനായ് വാഴുന്നി-
തവനെന്ന നീചനാം നായാടിയെങ്കിലും
ഒരുദിനമവൻ ചെല്ലുമീശന്റെ കോടതി
തരുമതിനൊത്തുള്ള ശിക്ഷയെന്നോർത്തു ഞാൻ

അരിശമിയലുന്നൊരെൻ ചിന്തയിൽ ചാമ്പലാം
കരിനിറമെഴും പുഷ്പചക്രമർപ്പിച്ചിടാം
ഒരുവൾക്കുമീ ഗതി നല്കല്ലെയൊന്നോതി
ഒരു നിമിഷമാത്മശാന്തിക്കു പ്രാർത്ഥിച്ചിടാം.

2015, മേയ് 13, ബുധനാഴ്‌ച

പാദമുദ്ര


എത്രനേരമായ് നിന്നെ
കാത്തു ഞാനിരിക്കുന്നു
എത്തുവാൻ വൈകുന്നെന്തു
നീയെന്റെ പ്രിയതോഴി ?

കൺചിമ്മിച്ചിരിപ്പാണു
താരകൾ, സന്ധ്യാംബരം
കുങ്കുമക്കുറിമായ്ച്ചു
കാർകൂന്തലഴിച്ചിട്ടു

ആഴിവീചികൾ കൊച്ചു
കൈകളാൽ തള്ളി കളി-
ത്തോഴനാം കാറ്റിൻ കൈകൾ
ചിത്രമൊന്നെഴുതവെ,

ആരുവാൻ കമഴ്ത്തിയീ
വാനിന്റെ നീലച്ചായം
കോരിയ താമ്പാളമീ-
ക്കടലിൻ കടലാസിൽ ?

മൂടിടും വിജനത
ചുറ്റിലുമൊരു മുനി
നേടിയ മന:ശാന്തി
പോലെ വന്നെതിരേല്ക്കെ,

പാടല സൌന്ദര്യം ഞാൻ
കാണുന്നു പ്രകൃതിതൻ
പാടവം പണിതീർത്ത
ദിനരാത്രാന്ത്യങ്ങളിൽ

മൂകനായിരിപ്പൂ ഞാൻ
സ്മൃതിതന്നിഴപൊട്ടി-
പ്പോകാതെയുയരുന്ന
വീചികളെണ്ണിത്തന്നെ

കേൾപ്പീല നിൻ കാലൊച്ച
യെങ്കിലും നിൻ ചൈതന്യം
കാണ്മു ഞാൻ മണലിലെ
പാദമുദ്രകൾ തോറും !

2015, മേയ് 10, ഞായറാഴ്‌ച

സ്നേഹാമൃതം


വാടകയ്ക്കൊരു വീട്‌, മാസവാടകയ്ക്കതിൽ
മേശയും, കസേരയും, കട്ടിലും, പാത്രങ്ങളും.
വാടകയ്ക്കൊരുപെണ്ണ്‌, ക്രിക്കറ്റ്‌ കാണാനായി
വാടകയ്ക്കൊരു ടീവി, മറ്റെന്തുവേണം പിന്നെ?
കൃത്യമായ് പണമെണ്ണിക്കൊടുത്താൽ മതിയല്ലോ
ഉത്തരവാദിത്വത്തിൻ തലവേദനയില്ല!
വാടകയ്ക്കൊരു യാത്രാവണ്ടിയിൽ കയറുമ്പോൾ
പേടിയോ കടലുണ്ടിപ്പുഴപോൽ മുന്നിൽ കാണ്മൂ?
വാടകയ്ക്കൊരു രക്ഷിതാവിനെ കൂട്ടി പ്രിൻസി-
പ്പാളിനു സമർപ്പിക്കാം,തുടർന്നും ക്ലാസ്സിൽ പോകാം
വാടകയ്ക്കൊന്നോ രണ്ടോ വൃദ്ധരെകൂട്ടി പെണ്ണു-
കാണുവാൻ പോകാം, സദ്യയുണ്ടിടാം പലനാട്ടിൽ
വാടകയ്ക്കുടൻ കിട്ടാം കണ്ണും, വൃക്കയും, ഹൃത്തും
ചോരയും, പുതിയൊരു ഗർഭപാത്രവും, കുഞ്ഞും !
പ്രേമവും, അനുശോചനാനുമോദനങ്ങളും
കേവലം കാശെത്തീടും ദൂരത്തു കിടക്കുന്നു.
വാടകയ്ക്കൊരിക്കലും കിട്ടാത്ത നിധിയൊന്നേ
പാരിതിൽ, അതാണമ്മചുരത്തും സ്നേഹാമൃതം !

2015, മേയ് 5, ചൊവ്വാഴ്ച

കുഞ്ചൻ ദിനം

കുഞ്ചൻ ദിനം

പുഞ്ചിരിയില്ലാ ലോകം കാൺകേ,
വഞ്ചന ചുറ്റും വലകൾ വിരിക്കേ,
പഞ്ചാരച്ചിരി തൂകിത്തൂകി
തഞ്ചം നോക്കി കത്തി കഴുത്തിൽ
ഇഞ്ചിഞ്ചായി താഴ്ത്തും നാട്ടിൽ
കുഞ്ചൻ ദിനമിതു ചിന്തിച്ചിട്ടി-
ന്നഞ്ചോ പത്തോ വരികൾ കുറിക്കാൻ
വന്നൂ ഞാനൊട്ടിവിടെയിരിക്കെ
എന്നെ വിളിപ്പൂ ചിരിയുടെ ലോകം.
ഒന്നിനുമിപ്പോൾ സമയം പോരാ
എന്നിട്ടല്ലേ ചിരിയുടെ കാര്യം?
വീട്ടിലുമില്ല, നാട്ടിലുമില്ല
പൊട്ടിച്ചിരിയോ, കൂട്ടച്ചിരിയോ
എല്ലാവർക്കും ധൃതിയാണിപ്പോൾ
വല്ലാതുള്ളൊരു ലോകം തന്നെ.
ടീവീ സീരിയലൊക്കെ കോമഡി-
ഷോവായ് ഹാസ്യം കാട്ടീടുകിലും
കുഞ്ചൻ നല്കിയ ഹാസ്യം വഴിയും
പുഞ്ചിരി തീരേ കാണ്മാനില്ല
തുള്ളല്ക്കളിതൻ രൂപം മാറി
തുള്ളിക്കളിയായ് വേദിയിലെത്തി
എള്ളോളം ചിരി പകരാൻ നമ്മുടെ
തുള്ളല്ക്കാരനു കഴിയുന്നില്ല
മർമ്മം തന്നിൽ കൊണ്ടീടുന്നൊരു
നർമ്മവുമെങ്ങും കാണ്മാനില്ല
ഇതിലും ഭേദം നിയമസമാജികർ
പതിവായ് കാട്ടും കോപ്രായങ്ങൾ!
കുഞ്ചാ ! നല്കുക മാപ്പീ കലയുടെ
നെഞ്ചു പിളർക്കും ദ്രോഹികളെങ്ങും !


2015, മേയ് 2, ശനിയാഴ്‌ച

സ്വപ്നഗംഗ


സാഹസമെന്നോതീടാം നിങ്ങളെൻ പരിശ്രമ-
മീ ഹിമാലയശൃംഗാരോഹണ മഹത്കർമ്മം
സാമോദമയവിറക്കുന്നു ഞാൻ ഹിമാലയ-
സാനുവിൻ മധുരാനുഭൂതികൾ! രഹസ്യങ്ങൾ!
നിശ്ചലതപം ചെയ്യും നഗ്നമാമലകളെ
വല്ക്കലമുടുപ്പിക്കും വെള്ളിമേഘത്തിൻ ചുണ്ടിൽ
മൊട്ടിട്ടുനില്ക്കും ഹാസം കണ്ടതാണല്ലോ വിശ്വാ-
മിത്രന്റെ തപോവനപ്രാന്തങ്ങൾ പണ്ടേതന്നെ.
കെട്ടിറക്കട്ടേ ഞാനീ ദിവ്യഭൂമിയിൽ, പൊക്കി-
ക്കെട്ടട്ടെ, പഴകിയൊരോർമ്മതൻ കൂടാരങ്ങൾ.
ഉഗ്രമാം മരുത്തിലും ഹിമവാഹിനിയുടെ
ശക്തമാമൊഴുക്കിലും പ്രകൃതിക്ഷോഭത്തിലും
അശ്രാന്തം ശിവനാമമോതി ഞാനൊരുവേള
വിശ്രമിക്കട്ടേ മോക്ഷകമ്പളങ്ങളും മൂടി

ചുറ്റിലുമിരുട്ടാണെന്നാകിലും കാണ്മൂ ദൂരെ
കത്തുന്ന തിരിയൊന്നെൻ മങ്ങിയ നയനങ്ങൾ
യതിതൻ കഥകളിലൂളമിട്ടുയർന്നെന്റെ
ഹൃദയം ഞൊടിനേരം മദ്ദളം മുഴക്കവെ
കേൾപ്പതുണ്ടൊരു വളക്കിലുക്കം, ചിലമ്പിട്ട കാല്പ്പെരുമാറ്റം
ലോലലോലമാമൊരുഗാനം
വന്നവൾ; സ്വരരാഗസുധയും സുദീപ്തിയും
ചിന്നിയെന്നിരുട്ടറ സ്വർഗ്ഗലോകമായ് മാറി.
“കവികൾ പുകഴ്ത്തുന്ന സൌഭാഗ്യത്തിടമ്പൊത്ത
കമനീമണിയാർനീ? എന്തുനിന്നഭിലാഷം?”
“പറയാം പരമാർത്ഥം, ഗംഗതൻ സഖി ഞാനെൻ
വിറയും കൈയാൽ നല്കും സന്ദേശം വായിച്ചാലും”
കൈനീട്ടി വാങ്ങി; നീർത്തി, മുന്നിൽ ഞാൻ കദനത്തിൻ
കൈരേഖപോൽ തോന്നിക്കും ഗംഗതൻ സന്ദേശത്തെ

“മനുജാ! കണ്ണീരിന്റെ കഥയാണല്ലോ നല്കാൻ
തുനിവൂ ഞാനങ്ങയ്ക്ക്‌ കാഴ്ചയായിവിടത്തിൽ.
ഗംഗയെ കേട്ടിട്ടില്ലേ? ഞാനവൾ വ്യഥയുടെ
തുംഗ ഗോപുരവാതില്പ്പടിയിൽ മയങ്ങുവോൾ
ഒന്നുവന്നെന്നെ കാണാൻ ദയയുണ്ടാമോ, പ്രേമ-
ഖിന്നയാമിവളുടെ കണ്ണുനീരൊപ്പീടാമോ?
പുഷ്ടയൌവ്വനമെന്റെ മാനസം മഥിക്കുന്നു
കെട്ടിയിട്ടിരിക്കുന്നു ശിവനെൻ സ്ത്രീത്വം സർവ്വം
വൃദ്ധനായ് ജരാനരബാധിതനായെന്നാലും
വിട്ടതില്ലെന്നെ കാമദഹനൻ, മഹാധമൻ!
എത്രനാൾ വാഴും ഞാനീ ജടതൻ കിളിക്കൂട്ടി-
ലെത്രനാൾ സഹിക്കുമീ ദുസ്സഹ ദുർഗന്ധങ്ങൾ?
വിടരാൻ കൊതിക്കുന്നൊരെന്റെ മോഹങ്ങൾക്കല്പം
മധുരം പകരുവാൻ മനുജാ കനിഞ്ഞാലും”

എന്നിലെ പുരുഷത്വമെന്തിനോ സടപൊക്കി 
നിന്നുപോയ് ഞൊടിയിട ഗംഗതൻ കത്തും നോക്കി.
“ഞാനിതാ വരുന്നെന്നു പറയൂ; നില്ക്കൂ! നീല
വാനിലേക്കുയരുന്നതെന്തു നീ സുരകന്യേ?
വീഴുന്നൂ ചിലങ്കകൾ, പൊന്മുത്തുവള, യര-
ഞ്ഞാണൂരി, യുടയാട കാറ്റിന്റെ കൈയ്യിൽ തങ്ങി.
ഭഗ്നമോഹങ്ങൾ തീർത്ത നിദ്രയിലൊഴുകുന്നു
സ്വപ്നഗംഗയും ഞാനുമൊരുപാൽനുരപോലെ!