ആകെ പേജ്‌കാഴ്‌ചകള്‍

2015, ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

പെൺകുട്ടി
പത്തൊമ്പതല്ലോ പ്രായം, പേടിയാവുന്നു, തൊട്ടാൽ
പൊട്ടുന്ന പളുങ്കിന്റെ പാത്രമാണീ പെൺകുട്ടി.
എങ്ങിനെ വിളിക്കും ഞാൻ ‘കുട്ടീ’ യെന്നിക്കാൽ വെപ്പിൽ
പൊങ്ങിടും യുവത്വത്തിൻ ശിഞ്ജിതം കേൾക്കുന്നേരം.
കുട്ടിയല്ലിനിമുതൽ, വിടരാൻ വേണ്ടിക്കാക്കും
മൊട്ടല്ല; തിരിതാഴ്ത്തിവച്ചതാം വിളക്കല്ല,
സ്വർണ്ണനൂലിഴകളാൽ ജീവിതം ചരിത്രത്തിൻ
വർണ്ണത്തൂവാലത്തുമ്പിൽ തുന്നും നീ കലാകാരി.
എന്തൊരു തിളക്കമാക്കൺകൾക്ക്‌, നിഗൂഢമാ-
മന്തരീക്ഷത്തിൽ വെള്ളിത്താരകളൊളിക്കുന്നു.
സന്ധ്യകൾ മുഖം താഴ്ത്തി നില്ക്കുന്നു, പ്രവഹിക്കും
സിന്ദൂരഛവിയാൽ നിൻ പൂങ്കവിൾ തുടുക്കുമ്പോൾ
തൂമിന്നലൊളി വീണ്ടും വീശുന്നു, കരിങ്കൂന്തൽ
തൂമയിലലസം നിൻ കൈവിരൽ തലോടുമ്പോൾ
ഓരോ നിൻ ചലനവുമെന്റെയീ ഹൃദന്തത്തിൽ
മാരിവിൽച്ചായം വാരിപ്പൂശുകയല്ലോ ചെയ് വൂ.
അന്ധനായ് പോകുന്നൂ ഞാൻ മോദത്താൽ, പരസ്പര-
ബന്ധത്താൽ, നുകരുമീ ഗന്ധത്താലനുവേലം !
തേന്മഴ ചൊരിയുന്നു കാതിലും മനസ്സിലു-
മോമലേ നിൻ സംഗീതം ഗന്ധർവലോകം തീർക്കെ
ഓർമ്മകൾ കെട്ടിത്തന്ന ചിറകും പൊക്കീട്ടേവം
വാർമഴവില്ലിൻ മീതെ പൊന്തി ഞാൻ പറക്കുന്നു.
വേനലിൽ, കൊടുംചൂടിലന്നൊരു മരച്ചോട്ടിൽ
ദീനയായ് കേഴും സ്ത്രീയെ കണ്ടു ഞാൻ നടുങ്ങിപ്പോയ്
പട്ടിണിത്തീച്ചൂളയിൽ വെന്തൊരാരൂപം കാൺകെ
പട്ടടയനാവശ്യമെന്നല്ലോ പറയേണ്ടു
കഷ്ടിച്ചു നാണം മൂടാൻ വസ്ത്രമില്ലെന്നാല്ക്കൂടി
ഗർഭമാം ഭാണ്ഡം ലോകമേഴയാമിവൾക്കേകി
ഉണ്ടൊരു പുതുജീവൻ വെമ്പുന്നു, തുടിക്കുന്നു
ചുണ്ടുകൾ പിളർന്നീടാൻ, പ്രാണവായുവേറ്റീടാൻ
ബന്ധനവിമുക്തമായ് നാളിതുവരെ താണ്ടു-
മന്ധകാരത്തിന്നന്ത്യം കാണുവാൻ കൊതിക്കുന്നു.
സ്വാതന്ത്ര്യമാകും ദിവ്യപദമേറീടാൻ, നീണ്ട
പാരതന്ത്ര്യത്തിൻ പൊക്കിൾച്ചങ്ങലയറുത്തീടാൻ,
മുഷ്ടികൾ ചുരുട്ടുന്നു, പൊങ്ങുന്നു മുദ്രാവാക്യ-
മഷ്ടദിക്കുകൾ തോറും മാറ്റൊലി മുഴങ്ങുന്നു.
വേദനയനുഭവിച്ചല്പവും കരയാതെ
നോവുന്നൊരുദരത്തിൻ ഭാരവും പേറിപ്പേറി,
ഏകയായ്, കൊടുംചൂടിൽ പച്ചിലത്തണൽ പറ്റി
ദീനയായഗതിയായമ്മേ നീ പ്രസവിച്ചു.
“ആഗസ്ത്‌ പതിനഞ്ചാ”ണാദിനം, നിൻ കുഞ്ഞിന്റെ
ജാതകം കുറിച്ചതുമന്നല്ലോ ദൈവജ്ഞന്മാർ
കണ്ടുനിന്നവർ ചൊല്ലീയീവിധം: “ഈ കുഞ്ഞെന്തേ
മിണ്ടാത്തൂ?, കൈകാലിട്ടു തല്ലാത്തൂ, കരയാത്തൂ ?
ജീവനീ കുഞ്ഞിന്നില്ലേ?” സത്യത്തിൽ സ്വാതന്ത്ര്യത്തിൻ
ജീവവായുവേറ്റാകുഞ്ഞങ്ങനെ മയങ്ങിപ്പോയ് !
വളർന്നു വളർന്നു നീ ഞങ്ങൾതൻ കണ്ണിൻ മുത്തായ്
പകർന്നൂ മധുരമീ മാനസ ചഷകത്തിൽ
ഈ നവലഹരിയിലാമഗ്നമാമെൻ ചിത്തം
നീ തീർത്ത വികാസത്തിലറിയാതല്ലോ ചൊല്ലീ?
പത്തൊമ്പതല്ലോ പ്രായം, പേടിയെന്തിനു? തൊട്ടാൽ
പൊട്ടുന്ന പളുങ്കിന്റെ പാത്രമല്ലീ പെൺകുട്ടീ. !
(15-08-1966)