ആകെ പേജ്‌കാഴ്‌ചകള്‍

2015, നവംബർ 25, ബുധനാഴ്‌ച

ആരു നീ





നീയാരു ചാരുതേ! വാർമഴവില്ലിന്റെ
മായികകാന്തിയുമായ് വന്ന ദേവതേ !
രാഗസുധാരസമേകും തവഗാന-
സാഗരവീചികൾ മുന്നിലുയരവേ,
ഞാനറിയാതതിൽ ചേർന്നൊഴുകീടുക-
യാണൊരു പച്ചിലത്തോണിപോലോമലേ.
നിൻനൂപുരസ്വരധാരകൾ തീർക്കുന്നു
മുന്നിലൊരപ്സരകന്യകാനർത്തനം.
മഞ്ഞിന്റെ മൂടുപടം നീക്കി മംഗള-
മഞ്ജരിയോടുഷസ്സെത്തിനോക്കീടവേ,
പാടലകാന്തി ചിതറും തവനൃത്ത-
പാടവംകണ്ടൊന്നു നാണിച്ചിരിക്കണം!
അപ്പൂങ്കവിളിലസൂയതൻ ചെമ്പനീർ-
മൊട്ടുകളൊക്കെയും പൂവിട്ടിരിക്കണം!
വാർകൂന്തൽ ചീകിയലസമിരുളിന്റെ
വാതിലുംചാരിനിന്നീടുന്നു സന്ധ്യയും
അച്ചുരുൾകൂന്തലിൽ ചൂടിയ വാടിയ
തെച്ചിമലരടർന്നപ്പുറം വീണുപോയ്
നിൻരാഗമാസ്മരചൈതന്യമേല്ക്കവേ
നിന്നെ നമിക്കുന്നു സാഗരതീരവും.
ഏകാന്തരാവിൽ നീ താരകപ്പൂവുക-
ളേകിടാറുണ്ടെനിക്കാത്തളിർക്കൈകളാൽ
നിർത്തുമാമായികനർത്തനമപ്പൊഴാ-
ഹൃത്തടമെന്തോ കൊതിച്ചുമിടിച്ചിടും
താരകപ്പൂവുകൾ കോർത്തൊരു ഭാവനാ-
ഹാരമണിയിച്ചു മാറി ഞാൻ നില്ക്കവേ,
പൊട്ടിവിരിയുന്ന പുഞ്ചിരിയോടൊത്തു
നർത്തനലാസ്യവിലാസം തുടരും നീ.
അപ്പൊഴാ കൺകളിൽകാണ്മു ഞാനീവിശ്വ-
മൊക്കെയും മിന്നിപ്രതിഫലിക്കുന്നതായ്
നീയാരു ചാരുതേ, വാർമഴവില്ലിന്റെ
മായികകാന്തിയുമായ് വന്ന ദേവതേ !