‘ഇന്നല്ലോ ആദ്യാക്ഷരം കുറിക്കും സുദിനം, ഞാൻ
വന്നതു വെറുതെയോ?’ ചോദിപ്പൂ സരസ്വതി.
‘ഒന്നു ഞാൻ മുങ്ങാൻ പോയി പൊയ്കയിലതിനിടെ
ഒന്നൊന്നായ് തകർത്തെന്റെ സർവ്വവും ക്രൂരർ നിങ്ങൾ
’ആരുപൊട്ടിച്ചെൻ വീണ?‘, കേഴുന്നെൻ സരസ്വതി
ചാരിവച്ചൊരു ’ഗിത്താർ‘ കാണുന്നുണ്ടരികിലായ്
’എങ്ങനെയിരിക്കാൻ ഞാൻ, ചെളിയിൽ ചവുട്ടിത്താൻ
നിങ്ങളെൻ വെൺതാമര നിർദ്ദയമാഴ്ത്തീ കഷ്ടം
എന്റെ ഗ്രന്ഥക്കെട്ടയ്യോ കാണ്മീല, കൊന്നൂ നിങ്ങ-
ളെന്റെ വെൺഹംസങ്ങളെ ‘ഫ്രൈ’യാക്കി കഴിച്ചുവോ?
എന്നുടുപുടവയും മോഷ്ടിച്ചു നിങ്ങൾ, കാണാ-
നെന്റെ നഗ്നത, ചിത്രമാക്കുവാനാഘോഷിക്കാൻ
എന്റെയക്ഷരമാലയോരോന്നായ് നശിപ്പിച്ചു
എന്നെ ഞാനല്ലാതാക്കി ശ്രേഷ്ഠത പകരുന്നോ?
അക്ഷരംകുറിക്കേണ്ടകുഞ്ഞുങ്ങളോരോന്നായി
ഇക്ഷിതിതന്നിൽനിന്നു കാമാന്ധരില്ലാതാക്കി.
കാണ്മതുണ്ടൊരു കീബോർഡെങ്ങനെയേന്താൻ കൈയിൽ
കാണുന്നുണ്ടൊരു സോഫ ഞാനതിലിരിക്കാനോ?
എന്നെ ഹാ! നിങ്ങൾക്കിന്നുവേണ്ടാതായ്, മാത്രം വേണം
മിന്നുന്നനാണ്യംതൂകും ധനലക്ഷ്മിയെ, കഷ്ടം!
കൊതിപ്പൂ ദുർഗ്ഗാരൂപംപൂണ്ടൊന്നു വന്നീടാൻ ഞാൻ
ചിലപ്പോൾ, നിങ്ങൾ ചെയ്യും ക്രൂരത കണ്ടീടുമ്പോൾ.'
---------------------------------------------------------------------