ആകെ പേജ്‌കാഴ്‌ചകള്‍

2013, സെപ്റ്റംബർ 18, ബുധനാഴ്‌ച

സഞ്ജയസ്മൃതി




വിസ്മൃതിക്കുള്ളിൽ മറയാതെ നിത്യവു-
മസ്മൽ സ്മരണയിൽ മിന്നുന്ന താരമേ !
ഹാസ്യസാമ്രാട്ടേ !, മലയാളനാടിന്റെ
ഭാസുരദീപമെ പ്രോജ്ജ്വലിച്ചീടുക
നീതിതൻ ചാട്ടവാറേന്തി പരിഹാസ-
വീഥിയിലാശയാശ്വത്തിൽ  കുതിച്ചു നീ
ആഞ്ഞടിച്ചല്ലോ നിരന്തരം രാഷ്ട്രീയ
സാമൂഹ്യമാലിന്യ നിർമ്മാർജ്ജനത്തിനായ്
ചുറ്റും ചെളിക്കുള്ളിലാണ്ടു കിടക്കുന്ന
മുത്തു ചൂഴ്ന്നോരോന്നെടുത്തു കാട്ടീടവെ
ഞങ്ങളണഞ്ഞതിൻ ദിവ്യപ്രകാശത്തിൽ
മുങ്ങി പരിസരംപോലും മറന്നുപോയ് !
നിത്യവും കാണുന്ന കാഴ്ചയിലങ്ങതൻ
യുക്തിയാം ഭാവന താഴ്ന്നിറങ്ങീടവെ
ആയിരമായിരമുജ്ജ്വലസൃഷ്ടികൾ
മായികമായിട്ടുയരുന്നു ഹാസ്യമായ്
സഞ്ജയനാമധേയത്തിന്റെ പിന്നിലെ
സഞ്ചിതഹാസ്യ സഞ്ജീവനഗായകാ !
കേരളത്തിന്നഭിമാനമാമങ്ങതൻ
തൂലികാസ്പർശങ്ങൾ ഹാസ്യശരങ്ങളായ്
ആംഗ്ലേയദാസ്യം തലയ്ക്കുപിടിച്ചുള്ള
സങ്കുചിതത്വത്തിൽ ചെന്നുകൊണ്ടീടവെ
നീങ്ങീ ദുരാചാരമെന്ന മൂടൽ മഞ്ഞു
നേടീ സമത്വസാഹോദര്യ സൌഹൃദം !
സ്വർഗലോകത്തിലും ഹാസ്യംതുളുമ്പുന്ന
സർഗ്ഗാത്മഭാവന  പൂത്തുവിടരവെ
ഹാസ്യാഞ്ജലികൾ ഹാ ! നേരുന്നു ഞങ്ങൾ-
ക്കൊരാശ്വാസമങ്ങതൻ ഹാസ്യസ്മരണകൾ.
ഇന്നത്തെ രാഷ്ട്രീയനാടകം ദർശിക്കെ,
അങ്ങതന്നാത്മാവു പൊട്ടിച്ചിരിക്കയാം !


12 അഭിപ്രായങ്ങൾ:

  1. സത്യം - ഇദ്ദേഹത്തെ കുറിച്ച് ഓർക്കാത്ത ഒരു ദിവസം എങ്കിലും ഉണ്ടൊ എന്നു സംശയം ആണ്.
    ലോകത്ത് ഏത് സംഭവം നടന്നാലും അതിനെ കുറിച്ചും സഞ്ജയൻ എഴുതിയിരുന്നല്ലൊ എന്നോർമ്മ

    ആ മഹാത്മാവിന്റെ ഒർമ്മയ്ക്കു മുന്നിൽ കൂപ്പുകൈകളോടെ

    മറുപടിഇല്ലാതാക്കൂ

  2. ഇന്നത്തെ രാഷ്ട്രീയനാടകം ദർശിക്കെ,
    അങ്ങതന്നാത്മാവു പൊട്ടിച്ചിരിക്കയാം !
    പ്രണാമം !

    മറുപടിഇല്ലാതാക്കൂ
  3. കാവ്യാഞ്ജലി!
    വിദ്യാര്ത്ഥിയായിരിക്കെ, ഞാൻ അച്ഛന്റെ സ്കൂൾ ലൈബ്രറിയിൽ സഞ്ജയൻ ഉണ്ടെങ്കിൽ വേണം എന്ന് പറഞ്ഞപ്പോൾ, സഹാധ്യാപകൻ ചോദിച്ചുവത്രേ - ഓ, മകൻ സാഹിത്യത്തിൽ കമ്പമുള്ള ആൾ ആണല്ലേ.
    പുസ്തകം കിട്ടി, വായിച്ചു. അത് വേറിട്ടൊരു അനുഭവമായിരുന്നു. എം. ആർ. നായര് എന്റെ പ്രിയപ്പെട്ട എഴുത്തുകാരിൽ ഒരാൾ.

    മറുപടിഇല്ലാതാക്കൂ
  4. സഞ്ജയസ്മരണ ഉണര്‍ത്തുന്നവിധം പ്രോജ്ജ്വലമായ വരികള്‍.
    ഹാസ്യത്തില്‍ പൊതിഞ്ഞ വിപ്ലവത്തിന്‍റെ തീപ്പൊരികള്‍ വാരിയെറിഞ്ഞ ആ മഹാന്‍റെ
    രൂപം മധുസൂദനന്‍ സാര്‍ മിഴിവോടെ "സഞ്ജയസ്മൃതി"യില്‍ പകര്‍ത്തിയിരിക്കുന്നു.
    പ്രണാമം

    മറുപടിഇല്ലാതാക്കൂ
  5. സഞ്ജയന്‍ ഓര്‍മ്മിക്കപ്പെടുന്നു
    മനോഹരകവിതയിലൂടെ

    മറുപടിഇല്ലാതാക്കൂ
  6. ഗുരു വന്ദനം .,
    കവിക്കും ഹാസ്യ സമ്രാട്ടിനും.സഞ്ജ യനെക്കുറിച്ചു അറിയാത്ത എത്രയോ കാര്യങ്ങള്‍ കവിതയില്‍ നിന്നു ലഭിച്ചു സന്തോഷം സ്മരണാന്ജലിയായ ഈ കവിതയില്‍ കൂടിയും സഞ്ജയന്‍ ഓര്‍മ്മിക്കപ്പെടും ...
    നന്ദി , മധു സര്‍ .

    മറുപടിഇല്ലാതാക്കൂ
  7. ഇതിഹാസത്തിലെ സഞ്ജയൻ ജ്ഞാനദൃഷ്ടി വശമുള്ളയാളാണ്. ഈ കവിതയിലെ സഞ്ജയനുമങ്ങനെ തന്നെയായിരുന്നുവെന്നു തോന്നുന്നു.ഇന്നു നാം കാണുന്ന, പണത്തിനോട് തന്ത്രി തൊട്ട്,മന്ത്രി വരെയുള്ളവർ കാണിക്കുന്ന 'ആ വമ്പിച്ച പ്രേരണ'യെക്കുറിച്ച് പണ്ടേയദ്ദേഹം എഴുതിയത് അത്തരമൊരു ചിന്തയ്ക്ക് ഉപോത്ബലകമാവുന്നു. ആ ദീർഘദർശിയായ ഹാസ്യകാരനെയോർമ്മിപ്പിച്ച് അങ്ങേയ്ക്ക് സ്നേഹാദരങ്ങൾ.

    നല്ലൊരു കവിത.

    ശുഭാശംസകൾ സർ....

    മറുപടിഇല്ലാതാക്കൂ
  8. സ്വർഗലോകത്തിലും ഹാസ്യംതുളുമ്പുന്ന
    സർഗ്ഗാത്മഭാവന പൂത്തുവിടരവെ
    ഇന്നത്തെ രാഷ്ട്രീയനാടകം ദർശിക്കെ,
    അങ്ങതന്നാത്മാവു പൊട്ടിച്ചിരിക്കയാം !

    നല്ല കവിത.
    അഭിനന്ദനങ്ങൾ മധു സർ

    മറുപടിഇല്ലാതാക്കൂ
  9. പലതും ഭാരതത്തിന്നു സംഭാവന നല്‍കിയ തലശ്ശേരി ഭാരതത്തിന്നു നല്‍കിയ ഒരു മഹദ് വ്യക്തിത്വമായിരുന്നു സഞ്ജയന്‍ എന്ന മഹാ പ്രതിഭ .വരികളിലൂടെ സന്ജയനെ ഓര്‍മ്മിപ്പിച്ച
    മധുവേട്ടന്നു നന്ദി .

    മറുപടിഇല്ലാതാക്കൂ
  10. ഇന്നത്തെ രാഷ്ട്രീയ നാടകപരിസരത്തിൽ സഞ്ജയനെപ്പോലൊരാൾ ഉണ്ടായിരുന്നെങ്കിലെന്ന് ആശിച്ചു പോകുന്നു.
    നന്നായി, രചന.

    മറുപടിഇല്ലാതാക്കൂ
  11. ഇൻഡ്യാഹെറിറ്റേജ്‌, ഗിരീഷ്, ഡൊ.പ്രേമൻ, തങ്കപ്പൻ, അജിത്ത്‌. ശാന്തകുമാരി, സൌഗന്ധികം, നളിന, സതീശൻ, വിജയകുമാർ. കവിത വായിച്ചതിനും അഭിപ്രായം കുറിച്ചതിനും എല്ലാവർക്കും എന്റെ നന്ദി.

    മറുപടിഇല്ലാതാക്കൂ