ആകെ പേജ്‌കാഴ്‌ചകള്‍

2014, ഒക്‌ടോബർ 25, ശനിയാഴ്‌ച

ഗാന്ധാരിയുടെ ചിരി



“എല്ലാവർക്കും തിമിരം” , പാടീ പണ്ടൊരു കവി ഞാനതുകേട്ടപ്പോൾ
വല്ലാതായീ, ബാധയതെന്നെ ഒഴിവാക്കട്ടെ, കാഴ്ചയ്ക്കെന്നാൽ തകരാറല്പവു-
മില്ലാതാകാൻ പ്രാർത്ഥിക്കട്ടെ, വാർദ്ധക്യത്തെ തോല്പ്പിക്കട്ടെ, യുവത്വത്തിന്റെ സുഗന്ധം തൂവും
മുല്ലപ്പൂപോൽ വീണു കൊഴിഞ്ഞെൻ പല്ലുകൾ മണ്ണിൽ മുളച്ചീടട്ടെ.

“കണ്ണട വേണം”, തെറ്റീ കവിതൻ വചനം ഡോക്ടർ ചൊല്ലീ വേണ്ടതു
കണ്ണുകൾ രണ്ടും കീറണമിരുളാം തിമിരം മാറ്റാൻ, സ്വാഭാവികമാം-
വർണ്ണാഞ്ചിതമീ ലോകം കാണാൻ, പ്രകൃതിയെ നുകരാൻ, പൂവുകൾ തമ്മിൽ വേറിട്ടറിയാൻ

കണ്ണുകൾ കീറാൻ തയ്യാറായൊരു ഡോക്ടർ ചൊൽവൂ “എവിടെപ്പോയെൻ കണ്ണട?  തിമിരം തോണ്ടാൻ കണ്ണട വേണമെനിക്കിനി ഞാനും രോഗി”
‘എല്ലാവർക്കും തിമിരം വന്നാൽ ഗതിയെന്താകും’ എന്നിലുറങ്ങും
നല്ലവനാം ധൃതരാഷ്ട്രർ ചൊല്ലീ, ഗാന്ധാരീ നീ ചിരി തൂകുന്നോ?


2014, ഒക്‌ടോബർ 22, ബുധനാഴ്‌ച

പാഥേയം


നേർത്ത തിരശ്ശീല പോലെ വിഷാദമെ-
ന്നാത്മാവൊരുക്കിയ വേദിയിൽ വീഴവെ,
ഇത്രയും നാളായ് പണിതീർത്ത മാനസ-
ചിത്രവർണ്ണോജ്ജ്വല മണ്ഡപം മൂകമായ്
സ്തബ്ധമായ് നർത്തനശാല, ചിലങ്കതൻ
ശബ്ദം നിലച്ചൂ, നശിച്ചൂ പ്രതീക്ഷകൾ
പ്രേമസംഗീതത്തുടിപ്പുമായ് വിങ്ങുന്നി-
തോമൽ വിപഞ്ചിതൻ മീട്ടാത്ത തന്തികൾ
ചുണ്ടിന്റെ മാധുരിയേലാതെ കൈവിരൽ-
ത്തുമ്പാൽ പുളകമണിയാതെ മൂകമായ്
പാടാൻ കൊതിച്ചു കിടക്കുന്നു മൂലയി-
ലോടക്കുഴലെന്റെ ജീവിതചിത്രമായ് !
എത്രയോ മുഗ്ധവസന്തം വരച്ചിട്ട
ചിത്രങ്ങൾ മുന്നിലൂടോടി മറയവെ,
ഈ വഴിയമ്പലമുറ്റത്തു വന്നു ഞാൻ
നോവിന്റെ ഭാരച്ചിറകൊതുക്കീടുവാൻ
തീരെ പരിചയമില്ലാത്ത കൈകളാ-
ലാരോ പകർന്ന പാഥേയം നുകരവെ,
എന്തിനോ മോഹിച്ചു മാനസം, ഒന്നു നിൻ
സുന്ദരരൂപമുയിർത്തെഴുന്നേല്ക്കുവാൻ.

2014, ഒക്‌ടോബർ 1, ബുധനാഴ്‌ച

കൂപ്പുകൈ







വന്ദിപ്പൂ സരസ്വതീ വിദ്യതൻ മാതാവേ നിൻ-
മന്ദിരം ഭുവനത്തിൽ സംസ്ക്കാരം ചൊരിയട്ടെ !
പുലർകാലത്തിൽ തവ കീർത്തനം പാടീടുന്നു
പുതുപുഷ്പത്തിൽ താളം മുട്ടുന്ന മന്ദാനിലൻ
അതുകേട്ടല്ലോ പക്ഷിജാലങ്ങൾ ജാതോന്മേഷം
പതിവായ് പാടീടുന്നു താവക സ്തുതിഗീതം
നർത്തനം ചെയ്തീടുന്നു പർണ്ണപാളികൾ സ്വഛ-
നിമ്നഗ വിപഞ്ചിതൻ തന്ത്രികൾ മീട്ടീടുന്നു
കുങ്കുമപ്പൊട്ടുംതൊട്ടു ശ്യാമവാരിദമാകും
കുന്തളം പുലരിയൊന്നൊതുക്കി കെട്ടീടുന്നു
താവക സ്തുതിഗീതി പാടിയൊരാനന്ദത്താൽ
തൂവിയ സന്തോഷാശ്രു പുല്ക്കൊടി തുടയ്ക്കുന്നു
ഭക്ത്യാ കണ്ണുകൾ പൂട്ടി നിശ്ചലമായ്നിന്നിട്ട-
വ്യക്തമാമെന്തോ  ചിലമന്ത്രങ്ങളുരയ്ക്കുന്നു.
കീചകം മുരളികയൂതുന്നു, അരുവിതൻ
വീചികളതുകേട്ടു നർത്തനമാടീടുന്നു
കേരളം തവാഗമം കാത്തിരിക്കയാണേതു-
നേരവും വിദ്യയ്ക്കായി കൈക്കുമ്പിൾ നീട്ടീടുന്നു
വിദ്യകൾ പലവിധമാകുമ്പോൾ ഗുരുഭൂതർ
ശിഷ്യരെ മറക്കുന്നു, മൃഗമായ് മാറീടുന്നു
പട്ടിയാക്കീടാൻ മടിയില്ലാത്ത ചിലർ, ഹാ ! വെ-
പ്പാട്ടിയാക്കീടാൻ കാത്തുനില്പുണ്ട്‌ കാമഭ്രാന്തർ
ഒക്കെയും പൊറുക്കുക, അജ്ഞതയകറ്റിയീ
കൊച്ചുകേരളത്തിനെയൊന്നനുഗ്രഹിക്കുക
വാഗീശ്വരീ നിൻ മുന്നിലിന്നിതാ സമസ്തവും
നേദിച്ചു കൈകൾ കൂപ്പി ഞങ്ങൾ ഹാ! നമിക്കുന്നു.