ആകെ പേജ്‌കാഴ്‌ചകള്‍

2015, ഡിസംബർ 18, വെള്ളിയാഴ്‌ച

ജവാന്റെ കവിത



ഞാനലയുകയാണ്‌ പകലും രാവും കയ്യിൽ
പാനപാത്രവുമായി പകരൂ ഗാനാമൃതം
ദാഹമാണെനിക്കെന്തു ദാഹമാണെന്നോ ! നിങ്ങൾ-
ക്കൂഹിക്കാൻ വയ്യെൻ ചുണ്ടുവരളുന്നല്ലോ വീണ്ടും
നീലനീരദങ്ങളേ! നിങ്ങൾതൻ മൃദുലമാം
തോളിലേക്കുയർത്തീട്ടെൻ നാട്ടിലൊന്നെത്തിച്ചെങ്കിൽ
അമ്മലയോരത്തൂടെയൊഴുകും മന്ദാനില-
ചുംബനമേറ്റെൻ ചുണ്ടിൽ കിനിയും ഗാനാമൃതം.
പച്ചിലത്തട്ടം നീക്കി നൃത്തമാടീടും കാട്ടു-
പിച്ചകപ്പൂവൊക്കെയും നുള്ളി ഞാനറുത്തീടും
അമ്മലരിതളുകൾ, കവിതാസങ്കല്പങ്ങ-
ളുമ്മവെച്ചൊരു സ്വർഗ്ഗസീമയിലണയും ഞാൻ
ഗാനവീചികൾ മീട്ടും കാട്ടുചോലതൻ വക്കിൽ
ഞാനൊരു പൊന്മാനായണഞ്ഞീടും ദാഹംതീർക്കാൻ
ചുറ്റിലും വെടിയൊച്ച, അട്ടഹാസങ്ങൾ, ശാന്തി
മൊട്ടിടാതെരിയുമീ പട്ടാളത്തീച്ചൂളയിൽ
ഒരു തേന്മലർമഴ പെയ്യിക്കാൻ. തളരുമീ-
വരളും ചുണ്ടിൽ ഗാനമധുരം പകർന്നീടാൻ
ആ മലയോരം വിട്ടു കവിതേ വന്നാലും ഞാ-
നോമനക്കിളിക്കൂടുവെച്ചു കാത്തിരിക്കുന്നു.

4 അഭിപ്രായങ്ങൾ:

  1. പ്രശാന്ത ലാവണ്യ,മിയന്ന ഭൂവിൻ
    വനാന്തലക്ഷ്മി,ക്കുടയോരു മാറിൽ
    കുതൂഹലത്തോ,ടൊരു കുട്ടിമാനായ്
    കൂത്താടിയാലും മതിയായിരുന്നു..
    -പണ്ടു കേട്ട ഈ വരികൾ ഓർത്തുപോയി

    മറുപടിഇല്ലാതാക്കൂ
  2. തളരുമീ-
    വരളും ചുണ്ടിൽ ഗാനമധുരം പകർന്നീടാൻ
    ആ മലയോരം വിട്ടു കവിതേ വന്നാലും ഞാ-
    നോമനക്കിളിക്കൂടുവെച്ചു കാത്തിരിക്കുന്നു.

    നല്ല ഭാവന. ഉഷാറായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ