ആകെ പേജ്‌കാഴ്‌ചകള്‍

2015 ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

പെൺകുട്ടി




പത്തൊമ്പതല്ലോ പ്രായം, പേടിയാവുന്നു, തൊട്ടാൽ
പൊട്ടുന്ന പളുങ്കിന്റെ പാത്രമാണീ പെൺകുട്ടി.
എങ്ങിനെ വിളിക്കും ഞാൻ ‘കുട്ടീ’ യെന്നിക്കാൽ വെപ്പിൽ
പൊങ്ങിടും യുവത്വത്തിൻ ശിഞ്ജിതം കേൾക്കുന്നേരം.
കുട്ടിയല്ലിനിമുതൽ, വിടരാൻ വേണ്ടിക്കാക്കും
മൊട്ടല്ല; തിരിതാഴ്ത്തിവച്ചതാം വിളക്കല്ല,
സ്വർണ്ണനൂലിഴകളാൽ ജീവിതം ചരിത്രത്തിൻ
വർണ്ണത്തൂവാലത്തുമ്പിൽ തുന്നും നീ കലാകാരി.
എന്തൊരു തിളക്കമാക്കൺകൾക്ക്‌, നിഗൂഢമാ-
മന്തരീക്ഷത്തിൽ വെള്ളിത്താരകളൊളിക്കുന്നു.
സന്ധ്യകൾ മുഖം താഴ്ത്തി നില്ക്കുന്നു, പ്രവഹിക്കും
സിന്ദൂരഛവിയാൽ നിൻ പൂങ്കവിൾ തുടുക്കുമ്പോൾ
തൂമിന്നലൊളി വീണ്ടും വീശുന്നു, കരിങ്കൂന്തൽ
തൂമയിലലസം നിൻ കൈവിരൽ തലോടുമ്പോൾ
ഓരോ നിൻ ചലനവുമെന്റെയീ ഹൃദന്തത്തിൽ
മാരിവിൽച്ചായം വാരിപ്പൂശുകയല്ലോ ചെയ് വൂ.
അന്ധനായ് പോകുന്നൂ ഞാൻ മോദത്താൽ, പരസ്പര-
ബന്ധത്താൽ, നുകരുമീ ഗന്ധത്താലനുവേലം !
തേന്മഴ ചൊരിയുന്നു കാതിലും മനസ്സിലു-
മോമലേ നിൻ സംഗീതം ഗന്ധർവലോകം തീർക്കെ
ഓർമ്മകൾ കെട്ടിത്തന്ന ചിറകും പൊക്കീട്ടേവം
വാർമഴവില്ലിൻ മീതെ പൊന്തി ഞാൻ പറക്കുന്നു.
വേനലിൽ, കൊടുംചൂടിലന്നൊരു മരച്ചോട്ടിൽ
ദീനയായ് കേഴും സ്ത്രീയെ കണ്ടു ഞാൻ നടുങ്ങിപ്പോയ്
പട്ടിണിത്തീച്ചൂളയിൽ വെന്തൊരാരൂപം കാൺകെ
പട്ടടയനാവശ്യമെന്നല്ലോ പറയേണ്ടു
കഷ്ടിച്ചു നാണം മൂടാൻ വസ്ത്രമില്ലെന്നാല്ക്കൂടി
ഗർഭമാം ഭാണ്ഡം ലോകമേഴയാമിവൾക്കേകി
ഉണ്ടൊരു പുതുജീവൻ വെമ്പുന്നു, തുടിക്കുന്നു
ചുണ്ടുകൾ പിളർന്നീടാൻ, പ്രാണവായുവേറ്റീടാൻ
ബന്ധനവിമുക്തമായ് നാളിതുവരെ താണ്ടു-
മന്ധകാരത്തിന്നന്ത്യം കാണുവാൻ കൊതിക്കുന്നു.
സ്വാതന്ത്ര്യമാകും ദിവ്യപദമേറീടാൻ, നീണ്ട
പാരതന്ത്ര്യത്തിൻ പൊക്കിൾച്ചങ്ങലയറുത്തീടാൻ,
മുഷ്ടികൾ ചുരുട്ടുന്നു, പൊങ്ങുന്നു മുദ്രാവാക്യ-
മഷ്ടദിക്കുകൾ തോറും മാറ്റൊലി മുഴങ്ങുന്നു.
വേദനയനുഭവിച്ചല്പവും കരയാതെ
നോവുന്നൊരുദരത്തിൻ ഭാരവും പേറിപ്പേറി,
ഏകയായ്, കൊടുംചൂടിൽ പച്ചിലത്തണൽ പറ്റി
ദീനയായഗതിയായമ്മേ നീ പ്രസവിച്ചു.
“ആഗസ്ത്‌ പതിനഞ്ചാ”ണാദിനം, നിൻ കുഞ്ഞിന്റെ
ജാതകം കുറിച്ചതുമന്നല്ലോ ദൈവജ്ഞന്മാർ
കണ്ടുനിന്നവർ ചൊല്ലീയീവിധം: “ഈ കുഞ്ഞെന്തേ
മിണ്ടാത്തൂ?, കൈകാലിട്ടു തല്ലാത്തൂ, കരയാത്തൂ ?
ജീവനീ കുഞ്ഞിന്നില്ലേ?” സത്യത്തിൽ സ്വാതന്ത്ര്യത്തിൻ
ജീവവായുവേറ്റാകുഞ്ഞങ്ങനെ മയങ്ങിപ്പോയ് !
വളർന്നു വളർന്നു നീ ഞങ്ങൾതൻ കണ്ണിൻ മുത്തായ്
പകർന്നൂ മധുരമീ മാനസ ചഷകത്തിൽ
ഈ നവലഹരിയിലാമഗ്നമാമെൻ ചിത്തം
നീ തീർത്ത വികാസത്തിലറിയാതല്ലോ ചൊല്ലീ?
പത്തൊമ്പതല്ലോ പ്രായം, പേടിയെന്തിനു? തൊട്ടാൽ
പൊട്ടുന്ന പളുങ്കിന്റെ പാത്രമല്ലീ പെൺകുട്ടീ. !
(15-08-1966)

2015 ജൂലൈ 1, ബുധനാഴ്‌ച

നമോവാകം


(ഡോ. സാമുവൽ ഹാനിമാനെ  ഡോക്ടേഴ്സ്‌ ദിനമായ ഇന്നു അനുസ്മരിച്ചുകൊണ്ട്‌ ഞാനെഴുതിയ കവിത. ഈ കവിതയുടെ “മ്യൂസിക്ക് വീഡിയോ ആല്ബം” കണ്ണൂർ ജില്ലാ കലക്ടർ പി. ബാലകിരൺ  I.A.S. ഹോമിയോ ഡോക്ടർമാരുടെ സമ്മേളനത്തിൽ  പ്രകാശനം ചെയ്തു.)

ഈശ്വര ചൈതന്യത്തിൻ തെളിമയിൽ ശാസ്ത്രീയതയുടെ തേജസ്സേ
ഞങ്ങൾ നമോവാകം ചൊല്ലട്ടെ, ജന്മം നിൻ കൃപയാൽ സഫലം
വിജ്ഞാനത്തിൻ പാരാവാരം ശാന്തമപാരം നീന്തീ നാം
ബൌദ്ധികമീ തേജസ്സിൻ ദീപ്തിയിൽ സാന്ത്വനമേകാനണയുന്നു.
കർമ്മപഥം തെളിയിച്ചിട്ടല്ലോ മുന്നോട്ടേക്കു നടപ്പൂ നാം
വർണ്ണസ്വപ്നം താലോലിക്കും സ്നേഹം മാത്രം പകരുന്നോർ
മുന്നിൽ വന്നുഴലുന്നൊരു ജീവനു രക്ഷകനായണയുന്നൂ നാം
ഒന്നിച്ചീ വൈദ്യത്തിൻ ശാസ്ത്രച്ചിറകു വിരുത്തീട്ടുയരുന്നു.
കരിയില്ലൊട്ടും നമ്മുടെ ചിറകുകൾ സൂര്യൻ കനലായ് നിന്നാലും
അലകടൽ തിരമാലകളാൽ നമ്മുടെ തൂവൽ നനക്കാൻ വന്നാലും
അതിശക്തം തന്മാത്രകൾ കാട്ടും പൊരുളായറിവായുയരും നാം
അതിനില്ലൊട്ടും സംശയമറിയുക പൊരുതും നമ്മൾ മരിപ്പോളം
അറിവിൻ പാല്ക്കടൽ മഥനം ചെയ്തിട്ടല്ലോ നേടീ സാന്ത്വനമാ-
മമൃതിൻ കുംഭം ദിവ്യൌഷധിയായ് സുഖദായിനിയായെന്നും നാം
പകരൂ കഴിവുകൾ പുണ്യാക്ഷരിയായെഴുതാനൌഷധമോരോന്നും
കടലാസ്സിൽ വിരിയട്ടെ മുല്ലപ്പൂപോൽ നമ്മുടെ കുറിമാനം
പകരട്ടെ നറുപരിമളമെങ്ങും പൂങ്കാവനമായ് മാറട്ടെ
അകലട്ടെ ദുർഗന്ധം രോഗഗ്രസിതർ വിമോചിതരാവട്ടെ
കയറട്ടെ നവവിജ്ഞാനത്തിൻപടവുകൾ കാലിടറാതെ നാം
ഉയരട്ടെ ഉണർവിൻ ബോധതലം അകലട്ടെ അജ്ഞാനതമം
ഡോക്ടർ ഹാനിമാൻ നല്കിയ കൈത്തിരിയണയാതല്ലോ സൂക്ഷിപ്പൂ
നീട്ടുക തെളിയിച്ചീടുക നിരവധി ദീപിക നമ്മൾ തുടർച്ചക്കാർ
കൂപ്പുക കൈ ഹൃദയത്തിൽ തൊട്ടു നമിക്കുക, ഗുരുവിൻ കാരുണ്യം
കൂടെയെന്നും ദിശ കാട്ടട്ടെ ദീപസ്തംഭം പോൽ മുന്നിൽ
ഇന്നീ യാത്രയിലോർമ്മിപ്പൂ നാമേകകുടുംബക്കാരേപ്പോൽ
നിൻ ചൈതന്യം സർവ്വസുഖങ്ങളുമേകീടട്ടെ നേർവഴിയിൽ.
---------------------------------------------------------------------------


2015 മേയ് 19, ചൊവ്വാഴ്ച

അരുണം




മരണമണി ചെവിയോർത്തു ബോധശൂന്യം തന്റെ
മനവുമുടലും സദാ കാരാഗൃഹത്തിലായ്
കരുണവധമില്ലാതെ പരലോകമണയുന്ന
അരുണയൊരു നോവായി നൊമ്പരപ്പൂവായി.

വിടരുമൊരു പൂവുപോൽ പൂമണം പൂശി നീ
വനികയിതിൽ മേവവെ വന്നുവോ കശ്മലൻ
അതികഠിനമായ് നിന്റെ ഞെട്ടറുത്തീവിധം
മൃദുലദളമാകെ കശക്കിയെറിഞ്ഞുവോ

വിധിവിഹിതമായിടാമെന്നു നീയോർത്തതി-
ല്ലതിനുമുമ്പാതുരശുശ്രൂഷവ്യഗ്രയായ്
മനുജസംസേവനം ദീനർതൻ വേദന-
യ്ക്കിനിയതാം സാന്ത്വനം നിൻ സത്യചിന്തനം

കപടതയറിഞ്ഞിടാതുള്ള നീ വീണുപോ-
യപകട മഹാഗർത്തമൊന്നിൽ മാൻപേടപോൽ
മധുരതര സ്വപ്നങ്ങളൊക്കെ തകർന്നുപോയ്
വ്യഥയുടെ ശാപാഗ്നികുണ്ഡത്തിലാണ്ടുപോയ്

അവനിയിതിൽ സസുഖമൊരു മാന്യനായ് വാഴുന്നി-
തവനെന്ന നീചനാം നായാടിയെങ്കിലും
ഒരുദിനമവൻ ചെല്ലുമീശന്റെ കോടതി
തരുമതിനൊത്തുള്ള ശിക്ഷയെന്നോർത്തു ഞാൻ

അരിശമിയലുന്നൊരെൻ ചിന്തയിൽ ചാമ്പലാം
കരിനിറമെഴും പുഷ്പചക്രമർപ്പിച്ചിടാം
ഒരുവൾക്കുമീ ഗതി നല്കല്ലെയൊന്നോതി
ഒരു നിമിഷമാത്മശാന്തിക്കു പ്രാർത്ഥിച്ചിടാം.

2015 മേയ് 13, ബുധനാഴ്‌ച

പാദമുദ്ര


എത്രനേരമായ് നിന്നെ
കാത്തു ഞാനിരിക്കുന്നു
എത്തുവാൻ വൈകുന്നെന്തു
നീയെന്റെ പ്രിയതോഴി ?

കൺചിമ്മിച്ചിരിപ്പാണു
താരകൾ, സന്ധ്യാംബരം
കുങ്കുമക്കുറിമായ്ച്ചു
കാർകൂന്തലഴിച്ചിട്ടു

ആഴിവീചികൾ കൊച്ചു
കൈകളാൽ തള്ളി കളി-
ത്തോഴനാം കാറ്റിൻ കൈകൾ
ചിത്രമൊന്നെഴുതവെ,

ആരുവാൻ കമഴ്ത്തിയീ
വാനിന്റെ നീലച്ചായം
കോരിയ താമ്പാളമീ-
ക്കടലിൻ കടലാസിൽ ?

മൂടിടും വിജനത
ചുറ്റിലുമൊരു മുനി
നേടിയ മന:ശാന്തി
പോലെ വന്നെതിരേല്ക്കെ,

പാടല സൌന്ദര്യം ഞാൻ
കാണുന്നു പ്രകൃതിതൻ
പാടവം പണിതീർത്ത
ദിനരാത്രാന്ത്യങ്ങളിൽ

മൂകനായിരിപ്പൂ ഞാൻ
സ്മൃതിതന്നിഴപൊട്ടി-
പ്പോകാതെയുയരുന്ന
വീചികളെണ്ണിത്തന്നെ

കേൾപ്പീല നിൻ കാലൊച്ച
യെങ്കിലും നിൻ ചൈതന്യം
കാണ്മു ഞാൻ മണലിലെ
പാദമുദ്രകൾ തോറും !

2015 മേയ് 10, ഞായറാഴ്‌ച

സ്നേഹാമൃതം


വാടകയ്ക്കൊരു വീട്‌, മാസവാടകയ്ക്കതിൽ
മേശയും, കസേരയും, കട്ടിലും, പാത്രങ്ങളും.
വാടകയ്ക്കൊരുപെണ്ണ്‌, ക്രിക്കറ്റ്‌ കാണാനായി
വാടകയ്ക്കൊരു ടീവി, മറ്റെന്തുവേണം പിന്നെ?
കൃത്യമായ് പണമെണ്ണിക്കൊടുത്താൽ മതിയല്ലോ
ഉത്തരവാദിത്വത്തിൻ തലവേദനയില്ല!
വാടകയ്ക്കൊരു യാത്രാവണ്ടിയിൽ കയറുമ്പോൾ
പേടിയോ കടലുണ്ടിപ്പുഴപോൽ മുന്നിൽ കാണ്മൂ?
വാടകയ്ക്കൊരു രക്ഷിതാവിനെ കൂട്ടി പ്രിൻസി-
പ്പാളിനു സമർപ്പിക്കാം,തുടർന്നും ക്ലാസ്സിൽ പോകാം
വാടകയ്ക്കൊന്നോ രണ്ടോ വൃദ്ധരെകൂട്ടി പെണ്ണു-
കാണുവാൻ പോകാം, സദ്യയുണ്ടിടാം പലനാട്ടിൽ
വാടകയ്ക്കുടൻ കിട്ടാം കണ്ണും, വൃക്കയും, ഹൃത്തും
ചോരയും, പുതിയൊരു ഗർഭപാത്രവും, കുഞ്ഞും !
പ്രേമവും, അനുശോചനാനുമോദനങ്ങളും
കേവലം കാശെത്തീടും ദൂരത്തു കിടക്കുന്നു.
വാടകയ്ക്കൊരിക്കലും കിട്ടാത്ത നിധിയൊന്നേ
പാരിതിൽ, അതാണമ്മചുരത്തും സ്നേഹാമൃതം !

2015 മേയ് 5, ചൊവ്വാഴ്ച

കുഞ്ചൻ ദിനം

കുഞ്ചൻ ദിനം

പുഞ്ചിരിയില്ലാ ലോകം കാൺകേ,
വഞ്ചന ചുറ്റും വലകൾ വിരിക്കേ,
പഞ്ചാരച്ചിരി തൂകിത്തൂകി
തഞ്ചം നോക്കി കത്തി കഴുത്തിൽ
ഇഞ്ചിഞ്ചായി താഴ്ത്തും നാട്ടിൽ
കുഞ്ചൻ ദിനമിതു ചിന്തിച്ചിട്ടി-
ന്നഞ്ചോ പത്തോ വരികൾ കുറിക്കാൻ
വന്നൂ ഞാനൊട്ടിവിടെയിരിക്കെ
എന്നെ വിളിപ്പൂ ചിരിയുടെ ലോകം.
ഒന്നിനുമിപ്പോൾ സമയം പോരാ
എന്നിട്ടല്ലേ ചിരിയുടെ കാര്യം?
വീട്ടിലുമില്ല, നാട്ടിലുമില്ല
പൊട്ടിച്ചിരിയോ, കൂട്ടച്ചിരിയോ
എല്ലാവർക്കും ധൃതിയാണിപ്പോൾ
വല്ലാതുള്ളൊരു ലോകം തന്നെ.
ടീവീ സീരിയലൊക്കെ കോമഡി-
ഷോവായ് ഹാസ്യം കാട്ടീടുകിലും
കുഞ്ചൻ നല്കിയ ഹാസ്യം വഴിയും
പുഞ്ചിരി തീരേ കാണ്മാനില്ല
തുള്ളല്ക്കളിതൻ രൂപം മാറി
തുള്ളിക്കളിയായ് വേദിയിലെത്തി
എള്ളോളം ചിരി പകരാൻ നമ്മുടെ
തുള്ളല്ക്കാരനു കഴിയുന്നില്ല
മർമ്മം തന്നിൽ കൊണ്ടീടുന്നൊരു
നർമ്മവുമെങ്ങും കാണ്മാനില്ല
ഇതിലും ഭേദം നിയമസമാജികർ
പതിവായ് കാട്ടും കോപ്രായങ്ങൾ!
കുഞ്ചാ ! നല്കുക മാപ്പീ കലയുടെ
നെഞ്ചു പിളർക്കും ദ്രോഹികളെങ്ങും !






2015 മേയ് 2, ശനിയാഴ്‌ച

സ്വപ്നഗംഗ


സാഹസമെന്നോതീടാം നിങ്ങളെൻ പരിശ്രമ-
മീ ഹിമാലയശൃംഗാരോഹണ മഹത്കർമ്മം
സാമോദമയവിറക്കുന്നു ഞാൻ ഹിമാലയ-
സാനുവിൻ മധുരാനുഭൂതികൾ! രഹസ്യങ്ങൾ!
നിശ്ചലതപം ചെയ്യും നഗ്നമാമലകളെ
വല്ക്കലമുടുപ്പിക്കും വെള്ളിമേഘത്തിൻ ചുണ്ടിൽ
മൊട്ടിട്ടുനില്ക്കും ഹാസം കണ്ടതാണല്ലോ വിശ്വാ-
മിത്രന്റെ തപോവനപ്രാന്തങ്ങൾ പണ്ടേതന്നെ.
കെട്ടിറക്കട്ടേ ഞാനീ ദിവ്യഭൂമിയിൽ, പൊക്കി-
ക്കെട്ടട്ടെ, പഴകിയൊരോർമ്മതൻ കൂടാരങ്ങൾ.
ഉഗ്രമാം മരുത്തിലും ഹിമവാഹിനിയുടെ
ശക്തമാമൊഴുക്കിലും പ്രകൃതിക്ഷോഭത്തിലും
അശ്രാന്തം ശിവനാമമോതി ഞാനൊരുവേള
വിശ്രമിക്കട്ടേ മോക്ഷകമ്പളങ്ങളും മൂടി

ചുറ്റിലുമിരുട്ടാണെന്നാകിലും കാണ്മൂ ദൂരെ
കത്തുന്ന തിരിയൊന്നെൻ മങ്ങിയ നയനങ്ങൾ
യതിതൻ കഥകളിലൂളമിട്ടുയർന്നെന്റെ
ഹൃദയം ഞൊടിനേരം മദ്ദളം മുഴക്കവെ
കേൾപ്പതുണ്ടൊരു വളക്കിലുക്കം, ചിലമ്പിട്ട കാല്പ്പെരുമാറ്റം
ലോലലോലമാമൊരുഗാനം
വന്നവൾ; സ്വരരാഗസുധയും സുദീപ്തിയും
ചിന്നിയെന്നിരുട്ടറ സ്വർഗ്ഗലോകമായ് മാറി.
“കവികൾ പുകഴ്ത്തുന്ന സൌഭാഗ്യത്തിടമ്പൊത്ത
കമനീമണിയാർനീ? എന്തുനിന്നഭിലാഷം?”
“പറയാം പരമാർത്ഥം, ഗംഗതൻ സഖി ഞാനെൻ
വിറയും കൈയാൽ നല്കും സന്ദേശം വായിച്ചാലും”
കൈനീട്ടി വാങ്ങി; നീർത്തി, മുന്നിൽ ഞാൻ കദനത്തിൻ
കൈരേഖപോൽ തോന്നിക്കും ഗംഗതൻ സന്ദേശത്തെ

“മനുജാ! കണ്ണീരിന്റെ കഥയാണല്ലോ നല്കാൻ
തുനിവൂ ഞാനങ്ങയ്ക്ക്‌ കാഴ്ചയായിവിടത്തിൽ.
ഗംഗയെ കേട്ടിട്ടില്ലേ? ഞാനവൾ വ്യഥയുടെ
തുംഗ ഗോപുരവാതില്പ്പടിയിൽ മയങ്ങുവോൾ
ഒന്നുവന്നെന്നെ കാണാൻ ദയയുണ്ടാമോ, പ്രേമ-
ഖിന്നയാമിവളുടെ കണ്ണുനീരൊപ്പീടാമോ?
പുഷ്ടയൌവ്വനമെന്റെ മാനസം മഥിക്കുന്നു
കെട്ടിയിട്ടിരിക്കുന്നു ശിവനെൻ സ്ത്രീത്വം സർവ്വം
വൃദ്ധനായ് ജരാനരബാധിതനായെന്നാലും
വിട്ടതില്ലെന്നെ കാമദഹനൻ, മഹാധമൻ!
എത്രനാൾ വാഴും ഞാനീ ജടതൻ കിളിക്കൂട്ടി-
ലെത്രനാൾ സഹിക്കുമീ ദുസ്സഹ ദുർഗന്ധങ്ങൾ?
വിടരാൻ കൊതിക്കുന്നൊരെന്റെ മോഹങ്ങൾക്കല്പം
മധുരം പകരുവാൻ മനുജാ കനിഞ്ഞാലും”

എന്നിലെ പുരുഷത്വമെന്തിനോ സടപൊക്കി 
നിന്നുപോയ് ഞൊടിയിട ഗംഗതൻ കത്തും നോക്കി.
“ഞാനിതാ വരുന്നെന്നു പറയൂ; നില്ക്കൂ! നീല
വാനിലേക്കുയരുന്നതെന്തു നീ സുരകന്യേ?
വീഴുന്നൂ ചിലങ്കകൾ, പൊന്മുത്തുവള, യര-
ഞ്ഞാണൂരി, യുടയാട കാറ്റിന്റെ കൈയ്യിൽ തങ്ങി.
ഭഗ്നമോഹങ്ങൾ തീർത്ത നിദ്രയിലൊഴുകുന്നു
സ്വപ്നഗംഗയും ഞാനുമൊരുപാൽനുരപോലെ!