ആകെ പേജ്‌കാഴ്‌ചകള്‍

2017 ഏപ്രിൽ 25, ചൊവ്വാഴ്ച

സലോമി







“നീലത്തിരശ്ശീല നീക്കാതെയീവിധം
നാണിച്ചു നില്ക്കുകയാണോ സലോമി നീ
വിശ്വൈകമാദകനൃത്തം തുടങ്ങേണ്ട
നർത്തകി കാലിനാൽ ചിത്രം വരയ്ക്കയോ ?
കൈമുദ്രകാട്ടി കവിത രചിക്കേണ്ട
കൈയിലെ തൂനഖത്തുമ്പു കടിക്കയോ?
മുന്നോട്ടുപോകൂ മകളേ! അരങ്ങിതിൽ
നിന്നെയും കാത്തിരിപ്പല്ലോ കലോത്സുകർ
മായികമാം നിന്റെ നൃത്തത്തിമിർപ്പിനാൽ
മാരിവിൽതീർക്കുക” ചൊന്നു ഹെറോദിയ.
‘അച്ഛന്റെ ജന്മദിനത്തിലുയരട്ടെ
കൊച്ചുമകളുടെ കാല്ച്ചിലങ്കാക്വണം’
‘അച്ഛൻ’ ! - അതോർക്കുന്നനേരം സലോമിക്ക്‌
പുച്ഛം!, തുടുത്തുചുവന്നു കവിൾത്തടം.
‘എന്തൊരെളുപ്പം വിളിക്കുവാൻ! സ്നേഹൈക-
ബന്ധങ്ങൾ പേരിനുമപ്പുറമല്ലയോ?
പൊന്നും പണവും പദവിയും മോഹിച്ചു
കൊന്നു നീയച്ഛനെ, പാവം ഫിലിപ്പിനെ
ഇന്നീ ഹെറോദേസ്മന്നന്റെ റാണിയായ്
വന്ന നീ അമ്മയോ, സാക്ഷാൽ കുലടയോ?’
ഒന്നു കിലുങ്ങി ചിലങ്ക, നിശ്വാസമു-
യർന്നു, കുലുങ്ങിയാമാറിലെ മാലകൾ.

*  *  *  *  *  *  *  *  *  *  *  *  *  *  *

രാജാജ്ഞലംഘിച്ച ദ്രോഹികൾക്കായ് രാജ-
പാലകൻ തീർത്ത തടവുമുറികളിൽ
കെട്ടിപ്പടുത്ത കരിങ്കല്ലറയൊന്നിൽ
പട്ടിണിതിന്നു കിടപ്പൊരു സാത്വികൻ
സ്നേഹസംഗീതം പകർന്നതാം യോഗിയാം
സ്നാപകജോൺ, ഹെറോദേസിനോ വഞ്ചകൻ
നാട്ടുകാരോടയാൾ ചൊന്നത്രെ മന്നവൻ
വേട്ടതു സ്വന്തം സഹോദരപത്നിയെ
സത്യമതെങ്കിലും നാലുപേർ കേൾക്കുകിൽ
സൽഗുണശീലനായ് വാഴ്ത്തുമോ മന്നനെ?
പട്ടുവിരിപ്പിലമരുന്ന തൻപ്രിയ
പട്ടമഹിഷിയോ കോപിച്ചു ചൊന്നത്രെ
“കൊല്ലുകാഭ്രാന്തനെ, വീട്ടുരഹസ്യങ്ങ-
ളങ്ങാടിതോറുംപരത്തുന്ന നീചനെ
ദൈവം മനുഷ്യനായ് വന്നുപിറന്നെന്നു
ദൈവദോഷം ഹാ! പറയുന്ന മൂഢനെ
പൂച്ചസന്ന്യാസിയാമാപ്പെരുങ്കള്ളന്റെ
പൂച്ചിൽ ഗലീലാനഗരം കുടുങ്ങിയോ?"
*  *  *  *  *  *  *  *  *  *  *  *  *  *
കെട്ടിപ്പടുത്ത കരിങ്കല്ലറയ്ക്കുള്ളിൽ
ദുഷ്ടർതൻ പീഡനമേറ്റൊരാസ്നാപകൻ
കട്ടിയിരുമ്പഴിതന്നിൽ തലചായ്ച്ചു
കേട്ടൊരു സാന്ദ്രമധുരമാംഗീതിക.
സപ്തസ്വരദിവ്യമാലാഖമാർ കാറ്റി-
ലുല്പക്ഷമായ് നീങ്ങിടുന്നതാം വീഥിയിൽ
എല്ലാം മറന്നങ്ങുയർന്നുപോയ് മഞ്ഞുപോൽ
കല്ലിനാൽചുറ്റിവരിഞ്ഞൊരാ ചേതന.

*  *  *  *  *  *  *  *  *  *  *  *  *  *
കൈതവമെന്തെന്നറിയാത്ത പൈതൽ തൻ-
കൈവിരലീമ്പിക്കുടിച്ച സംതൃപ്തിപോൽ
രാജസദസ്സുലയിച്ചുപോയ്, മദ്യവും
ഗാനതരംഗവും നൃത്തവും ചേരവേ
കണ്ടതില്ലീസദസ്സീവിധം നർത്തനം
കൺകൾക്കു പുത്തനാമീ കലാദർപ്പണം
നിന്നുതുളുമ്പി നവരസഭാവങ്ങൾ
മുന്നിൽ സഭയുടെ മാനസക്കുമ്പിളിൽ
പൊട്ടിത്തെറിച്ചു ചിലങ്കകൾ, നൂപുരം
കെട്ടഴിഞ്ഞൂർന്നു, വളകളുടഞ്ഞുപോയ്!
പട്ടുടയാടയുലഞ്ഞു, കാർകൂന്തലിൽ-
പ്പെട്ടു വിളറി മുഖചന്ദ്രബിംബവും!
“നിർത്തൂ സലോമി നിൻ നർത്തന” മമ്മതൻ
ജല്പനം കേട്ടവൾ നിന്നൂ ഞൊടിയിട
വെണ്ണക്കുളിർക്കല്ലുപാവിയ വേദിയിൽ
വെണ്ണക്കുളിർക്കല്ലുപാവിയ വേദിയിൽ
വെള്ളിക്കതിർ ചിന്നിവീണു വിയർപ്പുനീർ
“എന്തുതന്നാലാണധികമായ്ത്തീരുക
എന്റെ സലോമിക്ക്, സ്വർണ്ണമോ രാജ്യമോ?
എന്തുവേണെങ്കിലും ചൊല്ലൂ” ഹെറോദേസു
മുന്തിരിവീഞ്ഞുനുകർന്നു പതുക്കവെ
അമ്മതൻ മാറിൽ സലോമി മുഖംചായ്ച്ചു
തിന്മയെന്തെന്നറിയാതെ കരഞ്ഞുപോയ്
അപ്പോളാണമ്മ ചെവിയിൽ പറഞ്ഞതീ
പുത്തൻരഹസ്യം, വിറച്ചുവോ ചുണ്ടുകൾ ?

*  *  *  *  *  *  *  *  *  *  *  *  *  *  *  *

2017 മാർച്ച് 30, വ്യാഴാഴ്‌ച

കാമുകി





ചിന്തകൾ - ഹൃദന്തത്തിൻ ചുമരിൽ പതിച്ചുള്ള
സുന്ദരമാകും വർണ്ണചിത്രങ്ങൾ - മനോജ്ഞങ്ങൾ
എന്തിനോ മധുരിക്കും വേദന പകർന്നെന്റെ-
യന്തരാത്മാവിൽ പേർത്തും നൊമ്പരം കിളിർപ്പിക്കേ,
വന്നതില്ലിന്നും നിദ്ര, നഷ്ടസങ്കല്പം നെയ്ത
പൊന്നുനൂലിഴമാത്രം താലോലിച്ചിരിപ്പൂ ഞാൻ
പട്ടുമെത്തയിലില്ല ചുളിവോ, കുടമുല്ല-
മൊട്ടിന്റെ ചതഞ്ഞതാം ദളമോ, പുളകമോ
എൻ വളക്കിലുക്കവും ദീർഘനിശ്വാസങ്ങളും
പൊൻനിലാക്കതിർ വീണ മുറിയിൽ തുടിക്കുമ്പോൾ
സങ്കടം തീരാതാഴി തേങ്ങുമ്പോൾ, കരിമുകിൽ
തിങ്കളെ ചുറ്റിച്ചുറ്റിയലയാൻ തുടങ്ങുമ്പോൾ
കേട്ടു ഞാനൊരു പാദവിന്യാസം പ്രതീക്ഷതൻ
കോട്ടവാതിലിലാരോ കൈമുട്ടി വിളിക്കുന്നോ ?
കാത്തു ഞാനിരുന്നിന്നു വൃദ്ധയായെന്നാകിലും
തീർത്ഥയാത്രയ്ക്കെൻകൂടെ തോഴനും വരുന്നെന്നോ ?
ഒടുവിൽ കതകല്പം തുറക്കുംമുമ്പേതന്നെ
തുടരെയൊരായിരം ചുംബനമുതിർത്തെന്നെ
ആ വിശാലമാം മാറിൽ ചേർത്തെന്റെ പ്രിയതോഴൻ
കേവലം കുളിർകാറ്റിൻ കാമുകിയീ ഞാൻ ധന്യ !



2016 ജൂലൈ 4, തിങ്കളാഴ്‌ച

അന്തിവെളിച്ചം



വിങ്ങുമീ കരളിനൊരാശ്വാസംപകർന്ന നീ
തേങ്ങുവതെന്തേ? പുണ്യമംഗളമുഹൂർത്തത്തിൽ
പൊങ്ങുന്നിതെങ്ങും വാദ്യഘോഷം, പൂമണമേന്തി
തെന്നലുമണയുന്നു കല്യാണപ്പൂപ്പന്തലിൽ
പട്ടുതൊങ്ങലും, പൊന്നിൻകസവും, പനിനീരിൻ
പുത്തനാം സുഗന്ധവും നിന്നെ കാത്തിരിക്കുന്നു
ചന്ദനച്ചാറും, മഞ്ഞക്കളഭച്ചാന്തും ചേർന്നു
വന്നിതാ മണിയറവാതിലും തുറക്കുന്നു.
പോവുകെന്നനുജത്തീ വിരിയുംദാമ്പത്യത്തിൻ-
പൂവുകൾ കൊരുക്കാനായ്, തേൻകനി നുകരാനായ്
പഴുതേ പാഴാക്കാതെ നിമിഷം, കണ്ണീരൊപ്പൂ
പവിഴം ചൊരിയേണ്ട ചുണ്ടുകൾ ചുവപ്പിക്കൂ.
നീലനീൾമിഴികളിൽ ചേർക്കുക സുറുമ, നിൻ-
ലോലമാം കൈയിൽ മയിലാഞ്ചിയുമണിയുക
ഒക്കെയും കാണാൻ ദൈവം കണ്ണുകൾ തന്നില്ലെന്നാ-
ലുൾക്കണ്ണാൽ കാണ്മൂ സർവ്വം ദുർഭഗയാമീ ചേച്ചി
മിഥ്യയാം സങ്കല്പത്തിൻ മേഖലയേറിപ്പോകും
മദ്ധ്യാഹ്നമാണെൻ ജന്മമെന്നിരുന്നാലും പാഴിൽ
എന്തിനോ പ്രതീക്ഷതൻ കുമ്പിളുമായ് ഞാൻ നിന്നൂ
നൊന്തിടും ഹൃത്തിൽപൂത്ത പൂക്കളുമായന്നാളിൽ
മുറ്റത്തെ കണിക്കൊന്ന പൂത്തും ഹാ! കൊഴിഞ്ഞുമേ
മുപ്പതു സംവത്സരം മുന്നോട്ടു കടന്നുപോയ്
നിറയും കണ്ണീർത്തുള്ളിയിറ്റിറ്റുവീണീമണ്ണിൻ-
തറയിൽ കുറിച്ചെത്ര കഥകൾ, കവിതകൾ.
തകരും പ്രതീക്ഷകൾക്കൊപ്പമെന്നാത്മാവിൽ നീ
പകരും സമാശ്വാസമെന്നെ ജീവിപ്പിക്കുന്നു.
പോവുകെന്നനുജത്തീ വിരിയും ദാമ്പത്യത്തിൻ-
പൂവുകൾ കൊരുക്കാനായ്, ഭാവുകമേകുന്നൂ ഞാൻ.

2016 ഫെബ്രുവരി 2, ചൊവ്വാഴ്ച

ഓടക്കുഴലിന്റെ ഓർമ്മയ്ക്ക്‌.



ഒരു ‘നിമിഷ’മെന്മുന്നിൽ ‘സൂര്യകാന്തീ’ നല്കി
പുതു ‘വിശ്വദർശനം’, കാവ്യോപഹാരമായ്!
‘പഥികന്റെ പാട്ടു’മാ‘യോടക്കുഴൽ’നാദ-
മുയരവേ, ‘ജീവനസംഗീത’മൊഴുകവേ,
‘ഓർമ്മയുടെ ഓളങ്ങൾ’ മന്ദം തുടിക്കവേ,
ഓർക്കുന്നു ഞങ്ങളിന്നങ്ങതൻ സിദ്ധികൾ.
‘എന്റെ വെയിൽ’ എന്റെ നിഴലെന്നു ചിന്തിച്ചഹോ
സംതൃപ്തനായുള്ളൊരാ ‘പെരുന്തച്ചനെ’,
കൈകൂപ്പി വന്ദിച്ചിടട്ടെ ഞാൻ ‘ജീ’യെന്ന
കൈത്തിരിനാളത്തെ, കാവ്യപ്രപഞ്ചത്തെ,
ആദ്യമായ് കേരളമണ്ണിലേക്കെത്തിച്ചൊ-
രാജ്ഞാനപീഠവിശിഷ്ടജേതാവിനെ.
തൻ കാവ്യശില്പങ്ങളിൽ ചേർത്ത ‘സാഹിത്യ-
കൌതുകം‘ കാൺകവേ, വിസ്മയമെങ്ങുമേ.
ശ്രേഷ്ഠം, വിശിഷ്ടം, മലയാളമണ്ണിന്റെ
ഭാഗ്യം, സഹർഷം കുനിപ്പു ഞാൻ ശീർഷവും !

2016 ജനുവരി 15, വെള്ളിയാഴ്‌ച

ഇത്തിരി മധുരം



കയ്പുനീർ മോന്തിക്കുടിച്ചു ശീലിച്ച ഞാൻ കൈക്കുമ്പിൾ നീട്ടീ മധുരം നുകരുവാൻ നീലക്കറവീണപാടുള്ള മാനസ- ത്താലത്തിലല്പമമമൃതം നുണയുവാൻ മാരിവില്ലൂന്നി തുടരെ കരിമേഘ- പാളികൾ മിന്നൽ തൊടുക്കുന്നു ചുറ്റിലും പാടേവരണ്ട കവിൾത്തട്ടിൽ രണ്ടിറ്റു ചൂടുള്ള കണ്ണീരുതിർന്നു തകരവേ കണ്ടൂ പുതുമഴ, കർഷകരാദ്യമാ- യുണ്ടൂ മധുരം, മണലിൻതരികളും വിങ്ങുന്നൊരായിരം ചിന്താശകലങ്ങൾ തിങ്ങി ഹാ! നിശ്ചലം നില്ക്കുമീരാവിതിൽ ചന്ദനക്കൈയിൽ വിശറിയുമായുടൻ വന്നൂ മധുരം പകരുവാൻ തെന്നലും നീറുന്ന മാനസവേദിയിൽ വീഴുന്നു നീളുന്ന നിശബ്ദതതൻ യവനിക ലോലമായ് പാടുന്നിതെങ്ങുനിന്നോ ഗാന- മാല മധുരം പുരട്ടിയാ പൂങ്കുയിൽ കണ്ണിണ പൂട്ടിയുയരുന്നു സ്വപ്നമാം- വിണ്ണിലുറക്കിൻ ചിറകിലൂടെങ്കിലും തന്മണിപ്പൈതലി‘ന്നമ്മാ’വിളിമതി യമ്മയ്ക്കു നിത്യം മധുരം പകരുവാൻ യാതനാനിർഭര ജീവിതയാത്രയിൽ പാതിയും തോണി തുഴയും കരങ്ങളിൽ
ഒട്ടിപ്പിടിച്ചു കിടപ്പതു തന്നെയാം തട്ടിപ്പറിക്കാൻ കഴിയാത്ത മാധുരി ലോകം മുഴുവൻ മധുരമമാണെങ്കിലും ശോകമുണ്ടീ കയ്പുനീരു കുടിക്കുവാൻ.

2015 ഡിസംബർ 31, വ്യാഴാഴ്‌ച

ഓലക്കുട





ഇന്നലെയുച്ചയുറക്കിൽ പുതിയൊരു
സ്വപ്നം കണ്ടോ കണ്ണൂതുറന്നൂ
പൊന്മുകിൽമാലകൾ ? കവിളുതുടുത്തൊരു
മഴവില്ലഴകു വിരിഞ്ഞുവരുന്നു.
ആരും കാണാതാപ്പൂംകവിളിൽ
തുടരെത്തുടരെ ചുംബനമേകാൻ
വാരിപ്പുണരാൻ, കോൾമയിരേകാൻ
മാമലനിരകൾക്കെന്തോ മോഹം !
അമിതാനന്ദംകൊണ്ടോ ചൊല്ലൂ
കണ്ണുനിറഞ്ഞു, കവിളുനനഞ്ഞു,
അറിയാതോ നിൻ വളകൾ കിലുങ്ങീ
പട്ടുടയാടകൾ കാറ്റിലുലഞ്ഞൂ ?
പുതുമഴപെയ്തെന്നാരോ ചൊന്നു
കാറ്റോ, മണമോ, കുളിരോ, മണ്ണിൻ-
പുളകച്ചാർത്തോ, വറ്റിയ കിണറി-
ന്നടിയിലുയർന്നൊരു നാദസ്വരമോ?
എന്റെ മനസ്സിൻകൂട്ടിലുറങ്ങിയ
വേഴാമ്പൽപിട കണ്ണുതുറന്നു,
ചുണ്ടുവിടർത്തീ, ചിറകുവിരുത്തീ-
ട്ടതിദയനീയം ചുറ്റും നോക്കി
പീലിച്ചുരുളുനിവർത്തിയ മയിലിൻ
നൃത്തം കാണ്മൂ ഞാനീപഴകിയൊ-
രോലക്കുടയിൽ മങ്ങിമയങ്ങിയൊ-
രോർമ്മയുയർത്തിയ വെള്ളിത്തിരയിൽ
പത്തുവയസ്സിൻ പ്രസരിപ്പോടെൻ
കൌമാരത്തിൻ പദയാത്രകളുടെ
മുദ്രാവലികൾ തെളിഞ്ഞുകിടപ്പു-
ണ്ടിന്നും മുന്നിൽ, സ്മൃതിയുടെ മണ്ണിൽ
കൈയിൽ ചട്ടംപൊട്ടിയ കല്പല,
താളുകൾകീറിയപുസ്തക, മതിനുടെ-
യുള്ളിൽ പ്രസവം കാത്തുകിടക്കും
നീലപ്പീലികൾ, കടലാസുറകൾ,
കുപ്പായത്തിൻ കീശയ്ക്കുള്ളിൽ
ഗോട്ടികളൊപ്പം കിങ്കിലമാടും
കുപ്പിച്ചില്ലുകൾ, അങ്ങനെ പലതും
പേറി ഞാനൊരു വിദ്യാർത്ഥിയുമായ്
ഓർമ്മിക്കുന്നേനിന്നും പഴയൊരു
കാറ്റും മഴയും, ചക്രംപൂട്ടിയൊ-
രോലക്കുടയും, അതുപങ്കിട്ടൊരു
പാവാടപ്പെൺകൊടിയുടെ ചൊടിയും
ആലിൻചോട്ടിൽ വിരിഞ്ഞൊരു മഴവി-
ല്ലൊളിപോൽ നില്പ്പാണവളന്നൊരുനാൾ
കാലുവിറയ്ക്കും കുളിരിൽ, മഴയി-
ലുരുമ്മും കാറ്റിൽ കുടയില്ലാതെ.
“കൂടെ വരുന്നോ?” ചൊന്നൂ ഞാനതു-
കേൾക്കുംപൊഴുതവൾ വന്നെൻകുടയുടെ
ചോടെ നിന്നൂ, വിരിയും മുല്ല-
പ്പൂവിൻ പുഞ്ചിരിയല്ലോ തന്നൂ.
“എന്തിനു പെണ്ണേ പഞ്ചാരച്ചിരി,
നിൻമണവാളൻ വന്നിട്ടുണ്ടോ?
എന്തെന്തെല്ലാം സമ്മാനങ്ങൾ
തന്നൂ, തളയോ, വളയോ ചൊല്ലൂ”
ഒന്നു ചൊടിച്ചവൾനിന്നൂ, പിന്നെ
ചെവിയിൽ ചൊന്നൂ പരമരഹസ്യം...
“തന്നതു പറയാം...പിന്നെ...പിന്നെയൊ-
രോലക്കുടയാണോടിമറഞ്ഞൂ.”

2015 ഡിസംബർ 18, വെള്ളിയാഴ്‌ച

ജവാന്റെ കവിത



ഞാനലയുകയാണ്‌ പകലും രാവും കയ്യിൽ
പാനപാത്രവുമായി പകരൂ ഗാനാമൃതം
ദാഹമാണെനിക്കെന്തു ദാഹമാണെന്നോ ! നിങ്ങൾ-
ക്കൂഹിക്കാൻ വയ്യെൻ ചുണ്ടുവരളുന്നല്ലോ വീണ്ടും
നീലനീരദങ്ങളേ! നിങ്ങൾതൻ മൃദുലമാം
തോളിലേക്കുയർത്തീട്ടെൻ നാട്ടിലൊന്നെത്തിച്ചെങ്കിൽ
അമ്മലയോരത്തൂടെയൊഴുകും മന്ദാനില-
ചുംബനമേറ്റെൻ ചുണ്ടിൽ കിനിയും ഗാനാമൃതം.
പച്ചിലത്തട്ടം നീക്കി നൃത്തമാടീടും കാട്ടു-
പിച്ചകപ്പൂവൊക്കെയും നുള്ളി ഞാനറുത്തീടും
അമ്മലരിതളുകൾ, കവിതാസങ്കല്പങ്ങ-
ളുമ്മവെച്ചൊരു സ്വർഗ്ഗസീമയിലണയും ഞാൻ
ഗാനവീചികൾ മീട്ടും കാട്ടുചോലതൻ വക്കിൽ
ഞാനൊരു പൊന്മാനായണഞ്ഞീടും ദാഹംതീർക്കാൻ
ചുറ്റിലും വെടിയൊച്ച, അട്ടഹാസങ്ങൾ, ശാന്തി
മൊട്ടിടാതെരിയുമീ പട്ടാളത്തീച്ചൂളയിൽ
ഒരു തേന്മലർമഴ പെയ്യിക്കാൻ. തളരുമീ-
വരളും ചുണ്ടിൽ ഗാനമധുരം പകർന്നീടാൻ
ആ മലയോരം വിട്ടു കവിതേ വന്നാലും ഞാ-
നോമനക്കിളിക്കൂടുവെച്ചു കാത്തിരിക്കുന്നു.