ചോരക്കളിയിനി വേണ്ട, മണ്ണിലു-
യർത്തുക നമ്മൾ ശാന്തീമന്ത്രം
കാരുണ്യത്തിൻ മുല്ലപ്പൂവുകൾ
ചോരയുണങ്ങാൻ വിതറീടുക നാം
ഇതിഹാസങ്ങൾ, വടക്കൻ പാട്ടുകൾ
നമ്മിലുണർത്തീ സമരാവേശം
അതിമോഹം താൻ സർവ്വ വിപത്തിനു-
മോർക്കിൽ കാരണമെന്നറിയുന്നേൻ
മതിയാക്കുക നാം ക്രൂരത, വന്യമൃ-
ഗങ്ങൾ പോലും മർത്ത്യർ കാട്ടും
അതിഭീകരമാം ചെയ്തികൾ കണ്ടു ശി-
രസ്സു കുനിച്ചു ശപിക്കുന്നുണ്ടാം
ഇനിയൊരു യുദ്ധം വേണ്ടാ, മണ്ണിൽ,
വിണ്ണിൽ, നമ്മുടെ നാട്ടിൽ, വീട്ടിൽ
കിനിയട്ടെ കനിവിൻ തേൻ തുള്ളികൾ
ചോരത്തുള്ളികൾ ചിന്തിയ വഴിയിൽ
ഹിമഗിരി ചൂഴും കാർഗിൻ നെറുകയി-
ലിന്ത്യ തൊടീച്ചൊരു കുങ്കുമതിലകം
നിരവധിയംഗനമാരുടെ നെറ്റിയിൽ
നിന്നുമടർത്തിച്ചാർത്തിയതല്ലോ !
വിരഹച്ചൂടിൽ കരിയും കരളുക-
ളായിരമിവിടെ അനാഥർ പെരുകും
ധരയാണിവിടം “ഭ്രാന്താലയമെൻ
കേരള“മെന്നു പറഞ്ഞാൽ സത്യം !
ഇവിടെ തേടി നടപ്പൂ ദ്രൌപദി-
മാരെ ദുശ്ശാസനരും, സീതയെ
കപട പരാശരിവേഷം പൂണ്ടു
നടക്കും രാവണരും തെരുതോറും
അധികാരത്തിൻ മോഹച്ചൂടിൽ
പൊട്ടും ബോംബുകൾ തട്ടിയെടുപ്പൂ
അരുമക്കുഞ്ഞിൻ കൈയും കാലും
കണ്ണും പുതിയൊരു സംസ്കാരം പോൽ
മതിയാക്കുക നാം നരബലി: വാളും
പരിചയുമെറിയുക ദൂരെ, രക്ത-
ക്കൊതിയിൽ നേടുക ദുരിത മാത്രം
ഓർത്താൽ സർവ്വവിനാശം നേട്ടം !
ഇനിയീ ചാവേർ വേണ്ട, മണ്ണി-
ലുയർത്തുക നമ്മൾ മൈത്രീ മന്ത്രം
കനിവിൻ തുമ്പപ്പൂവുകൾ ചോരയു-
ണങ്ങിയ വീഥിയിൽ വിതറീടുക നാം.
വരികൾ ഏറെ ഇഷ്ടമായി..
മറുപടിഇല്ലാതാക്കൂകനിവിൻ തുമ്പപ്പൂവുകളും.
കാരുണ്യത്തിൻ മുല്ലപ്പൂവുകളും.
എന്നും മൊട്ടിട്ടു വിരിഞ്ഞുവെങ്കിൽ എന്ന് ആശിക്കുന്നു..
ആശംസകൾ മധു സാർ.
സന്തോഷം ഗിരീഷ്. . ആശിക്കുന്നപോലെ നടക്കാൻ ഇടവരട്ടെ !
ഇല്ലാതാക്കൂ"ഹിമഗിരി ചൂഴും കാർഗിൻ നെറുകയി-
മറുപടിഇല്ലാതാക്കൂലിന്ത്യ തൊടീച്ചൊരു കുങ്കുമതിലകം
നിരവധിയംഗനമാരുടെ നെറ്റിയിൽ
നിന്നുമടർത്തിച്ചാർത്തിയതല്ലോ !" ഈ വരികൾ ഏറെയിഷ്ടപ്പെട്ടു.
ഗിരിജ ടീച്ചർ, നന്ദി. ഈ നല്ല വാക്കുകൾക്ക്
ഇല്ലാതാക്കൂമതിയാക്കുക നാം ക്രൂരത...
മറുപടിഇല്ലാതാക്കൂനല്ല കവിത.
റാംജി, നന്ദി സന്തോഷം
ഇല്ലാതാക്കൂനല്ല കവിത..
മറുപടിഇല്ലാതാക്കൂന്യൂ ജനറേഷന്‍ കവിതയല്ല...ഈണമോക്കെ ചേര്‍ത്ത് ആലപിക്കാം
ഭാവുകങ്ങള്‍
നന്ദി അഹമ്മദ് സാബിത്. ഈ വരവിനും അഭിപ്രായം കുറിച്ചതിനും. ന്യൂ ജനറേഷൻ കവിതകൾ എഴുതാനുള്ള വ്യുല്പത്തി എനിക്കില്ല
ഇല്ലാതാക്കൂആശയഗാംഭീര്യമുള്ള കവിത
മറുപടിഇല്ലാതാക്കൂഅജിത്ത്, നന്ദി.ഈ നല്ല വാക്കുകൾക്ക്
ഇല്ലാതാക്കൂയുദ്ധവും ചോരത്തുള്ളികളുമില്ലാത്ത ഒരു നാളേക്കുവേണ്ടി ഞാനും പ്രാർഥിക്കുന്നു ....നല്ല വാക്കുകൾ ..നല്ല വരികൾ ..
മറുപടിഇല്ലാതാക്കൂ