ആകെ പേജ്‌കാഴ്‌ചകള്‍

2015, സെപ്റ്റംബർ 8, ചൊവ്വാഴ്ച

"പുകവലി ആരോഗ്യത്തിനു ഹാനികരം"



എന്തിനോ കണ്ണുനീരിറ്റിറ്റുവീഴുന്നു
ചിന്ത ചിറകു വിടർത്തിപ്പറക്കുന്നു
വെന്തുനീറീടുകയാണു മന്മാനസം
ഹന്ത! നിന്നോർമ്മകളെന്നിൽ തുടിക്കുന്നു.
കേവലം സുന്ദരിമാത്രമായ് വന്നു നിൻ
ഭാവനാലോകം പടുത്തു ഞാനെന്തിനോ
ആയിരമായിരം ചുംബനം നല്കി നീ
ഗായകാ മാനസതന്ത്രികൾ മീട്ടവെ,
തന്നു ഞാൻ മാമക ദേഹവും ദേഹിയു-
മൊന്നുപോൽ ദേവാ തവസവിധത്തിലായ്
നിൻ ഗീതകങ്ങൾക്കുറവിടമായി ഞാൻ
ഭംഗിയിൽ നർത്തനലാസ്യം തുടരവെ
പൊന്തിപ്പടർന്നു സ്വയമെരിഞ്ഞെന്നിലെ
ഗന്ധം, പരിസരം മാദകമാകയായ്
എൻ കാല്ച്ചിലങ്കകൾ പൊട്ടിനുറുങ്ങവെ,
എൻ നൂപുരമഴിഞ്ഞൂർന്നു വീണീടവെ,
എന്നെയും നോക്കി നുകർന്നു നീ കൺകളിൽ
നന്ദിയും ചുണ്ടിൽ ചിരിയുമായ് ജീവിതം
കെട്ടിപ്പുണർന്നു മുകർന്നെന്നെയന്ത്യമായ്
തട്ടിത്തെറിപ്പിച്ചു മണ്ണിലേക്കിന്നു നീ
കത്തിക്കരിയുന്ന ചിത്തവുമായി ഞാ-
നെത്തി നിൻ കാലടിക്കീഴിലമരുവാൻ
ശപ്തയാം ഞാനാരഹല്യയോ, കേവലം
തപ്തയാകും ‘ചാരസുന്ദരി’ മാത്രമോ?

5 അഭിപ്രായങ്ങൾ: