നീലക്കാടിൻ മുകളിൽ കുങ്കുമരാഗം പുലരൊളി പൂശുമ്പോൾ,
പൂമണമേന്തിയ കാറ്റിൽ കുയിലുകൾ പഞ്ചമരാഗം പാടുമ്പോൾ,
മഞ്ഞപ്പൂക്കൾ വിരിഞ്ഞൊരു പാടം മഞ്ഞിൻ കമ്പളമണിയുമ്പോൾ,
കുഞ്ഞലപോലെ നീരദനിരകൾ മഞ്ജുള നർത്തനമാടുമ്പോൾ,
ഓടിനടപ്പുണ്ടൊരുകുഞ്ഞകലെ, കൂടെ പിന്നിൽ മാതാവും.
കുന്നിൻ വളവുതിരിഞ്ഞവർ തെരുവിൽ നിന്നും ദൂരെയകന്നല്ലോ.
ലീലോത്സുകനായീടും കുഞ്ഞിൻ വളയം മുന്നിലുരുണ്ടപ്പോൾ,
കൈയിൽ കോലുപിടിച്ചാ പൈതൽ വളയമുരുട്ടിപ്പാഞ്ഞപ്പോൾ,
വളയംതന്നിൽ കോർത്ത കിലുക്കുകൾ കിലുകിലെ പാടിയുണർന്നപ്പോൾ
ലോലതരം ചെറുകാറ്റാക്കുഞ്ഞിൻ നെറുകയിൽ മന്ദം ചുംബിച്ചു.
-2-
നാല്കവലയിലെ വഴിയോരത്തിൽ നില്ക്കുകയാണൊരു പടുവൃദ്ധൻ
വളയമുരുട്ടും കുഞ്ഞിൻ കളികൾ കിഴവനെയൊന്നു രസിപ്പിച്ചു.
കഷണ്ടി കയറിയ തലയിൽ പൊങ്ങീ കനത്ത ചിന്തകളീവിധമായ്:
‘നല്ലൊരു കുഞ്ഞിവനേതോ മാന്യൻ തന്മകനുന്നത കുലജാതൻ,
മാതാവിന്റെ ശകാരം, പ്രഹരം ഒന്നുമിവന്നു ലഭിക്കില്ല,
ബാലിശമാകിയ ചാപല്യം കണ്ടാളുകൾ പരുഷം ചൊല്ലില്ല,
താനൊരു കുഞ്ഞാം കാലം യാതനയൊന്നേ ലാളനയതു മാത്രം !
പട്ടിണിതിന്നും പ്രഹരം വാങ്ങിയുമത്രെ കഴിഞ്ഞൂ തൻ ബാല്യം.
കിട്ടിയതില്ലക്കാലം നല്ല കളിപ്പാട്ടങ്ങൾ, വളയങ്ങൾ.
ഓർമ്മിക്കാനൊരു നല്ല വസന്തം ജീവിതവാടിയിൽ വന്നില്ല‘
പല്ലില്ലാത്തൊരു നൊണ്ണു പിളർത്തി ചൊല്ലീ വൃദ്ധൻ സ്വയമേവം
“കഥയില്ലാത്തൊരു കളിയാണല്ലോ കഷ്ടം നോക്കിരസിപ്പൂ ഞാൻ”.
-3-
ബാല്യം മുതലെ താൻ പോകും പണിശാലയിൽ വൃദ്ധൻ ചെന്നെത്തി
ചിന്തകൾ കെട്ടുതകർത്തു കവിഞ്ഞൊരു വൻ കടലായി പ്രവഹിച്ചു
യന്ത്രത്തിന്റെ കറക്കം തന്നിൽ വൃദ്ധൻ കണ്ടൂ വളയങ്ങൾ !
വളയമുരുട്ടും കുഞ്ഞിനെയോർത്തു, വഴിയിൽ കാണ്മാനാശിച്ചു.
കുഞ്ഞിക്കൈകൾ, വെളുത്തുകൊഴുത്തൊരു കാലുകൾ, രാജകുമാരനവൻ!
അന്നിരവിൽ പലവട്ടം കണ്ടൂ കുഞ്ഞിനെ വൃദ്ധൻ സ്വപ്നത്തിൽ.
’താനൊരു പൈതൽ, മാന്യ സ്ത്രീ തൻ തായ, കളിക്കോപ്പൊരു വളയം‘
കണ്ടൂ സങ്കല്പത്തിൻ ചില്ലിൽ, കണ്ണീർ കഥകൾ മറപ്പാനായ്.
ഏകാന്തതയിൽ തന്നെ തള്ളി, ദൂരെ മറഞ്ഞൂ ബന്ധുക്കൾ
ഒരു ദിവസം തൻ ജോലികഴിഞ്ഞാ കിഴവൻ വീട്ടിൽ വരുന്നേരം
തെരുവിൽ കണ്ടൂ മണ്ണിൽ പൂണ്ടൊരു വളയം (വീപ്പച്ചുറ്റാവാം)!
ആനന്ദത്താൽ കൈകൾ വിറച്ചൂ, പിന്നെ കണ്ണു നിറഞ്ഞൊഴുകി
വൃദ്ധൻ ചുറ്റും നോക്കി, എടുത്താ വളയം വിറയും കൈയോടെ
എന്തിനെടുത്തെന്നറിയില്ലപ്പോൾ ചിന്തകളങ്ങനെ തോന്നിച്ചു
താൻ പാർത്തീടും മുറിയുടെ മുക്കിൽ സ്ഥാപിച്ചാനാ വളയമയാൾ
നിത്യം കാലത്തെഴുനേറ്റാലാ വളയം വൃദ്ധൻ തഴുകീടും
വേദന നീക്കാനാനന്ദത്തിൻ വളയം വലയം ചെയ്തല്ലോ.
വാർദ്ധക്യത്തെ മറന്നൊരു കുഞ്ഞായ് മാറീ വൃദ്ധൻ ചെയ്തികളിൽ
-4-
സുന്ദരമന്നൊരു ദിവസം തരുനിര ചന്തം ചോപ്പു പുതച്ചപ്പോൾ,
പറവകൾ തളിരുകൾ തേടിപ്പാറിപ്പോകും പുലരിയണഞ്ഞപ്പോൾ,
ബഹളം നിറയും നഗരം വിട്ടാ വൃദ്ധൻ കാട്ടിൽ നടന്നെത്തി.
തോളിൽ തൂക്കിയിരിപ്പൂ വളയം, (ആളുകൾ വെറുതെ കളിയാക്കും !)
നീലപ്പൊന്തയിൽ മഞ്ഞിൻ തുള്ളികൾ ചേലിൽ വളയം വരയുമ്പോൾ,
ചെറിയൊരു പൈതൽ പോലാ വൃദ്ധൻ കാട്ടിൽ വളയമുരുട്ടീടും
വള്ളിക്കെട്ടുകൾ, കാട്ടുമരങ്ങൾ, കാട്ടിൽ വിരിഞ്ഞൊരു കുസുമങ്ങൾ
ശബ്ദവിഹീനം കാഴ്ചക്കാരായ് വൃദ്ധന്നേകീയാവേശം !
ചുണ്ടിൽ ചെറിയൊരു പുഞ്ചിരിയോടെ ചൊല്ലീ വൃദ്ധൻ സ്വയമേവം:
‘താനൊരു പൈതൽ, മാന്യസ്ത്രീ തൻ തായ, കളിക്കോപ്പൊരു വളയം’.
കളി മതിയാക്കി, വേർപ്പിൻ തുള്ളികളൊളിചിന്നീടും മെയ്യോടെ,
നഷ്ടപ്പെട്ടൊരു തൻ ബാല്യത്തിൻ ശിഷ്ടം കിട്ടിയ സുഖമോടെ,
കാട്ടുമരത്തിൻ തണൽ വിട്ടല്ലോ വീട്ടിൽ വൃദ്ധൻ ചെന്നെത്തി.
നാളുകൾ നിരവധിയിങ്ങനെ വൃദ്ധൻ വളയമുരുട്ടും കുഞ്ഞായി.
ഒരു നാൾ മരണം വന്നു വിളിച്ചൂ, കരയാനുറ്റവരില്ലാതെ.
മുറിയിൽ വീണു കിടപ്പൂ വൃദ്ധൻ, മുകളിൽ വളയം ‘റീത്താ’യും.
കളി മതിയാക്കിയുറങ്ങും കുഞ്ഞിൻ അനുപമ ശാന്തത വന്നെത്തി
ചുളിവീണുള്ള മുഖത്തു പരന്നൂ സകലം നേടിയ സംതൃപ്തി!
-----------------------------------------------------------------------------------------
( ഫെയൊദോർ സോലോഗുബ് (1863) എന്ന റഷ്യൻ സാഹിത്യകാരന്റെ സൃഷ്ടിയുടെ പുനരാവിഷ്കരണം)
ഇത് വികൃതിയല്ലല്ലോ മാഷെ..
മറുപടിഇല്ലാതാക്കൂഉഗ്രന് വരികള്‍..
നനുത്ത ആ ബാല്യത്തിലേക്ക് കൈപിടിച്ച് നടത്തുന്ന വരികള്‍..
എഴുത്ത് തുടരൂ..
കൂടെയുണ്ട്
സന്തോഷം മുബാറക്ക്. വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
ഇല്ലാതാക്കൂ