ആകെ പേജ്‌കാഴ്‌ചകള്‍

2012, ജൂലൈ 16, തിങ്കളാഴ്‌ച

മിഠായി



 രാവിലെ ഒരു കട്ടന്‍ ചായ ചൂടോടെ കഴിച്ച്‌ അയാള്‍ ടോയ്‌ലറ്റിലെ സിംഹാസനത്തില്‍ കയറിയിരുന്ന്‌ ദിനപത്ര രാജ്യഭരണം ആരംഭിച്ചു. അടുക്കളയില്‍ ഭാര്യ തിരക്കിട്ടപണിയിലാണ്‌. വലതുകൈകൊണ്ട്‌ ദോശയുണ്ടാക്കുന്നു, ഇടതുകൈകൊണ്ടു പാല്‍ തിളച്ചുതൂവാതിരിക്കാനായി സ്പൂണ്‍ ഇട്ട്‌ ഇളക്കിക്കൊണ്ടിരിക്കുകയും. അതായത്‌ പൂജാരി മണിയടിയും അര്‍ച്ചനയും ഒരുമിച്ചു നടത്തുന്നതുപോലെ. കോപ്പിയടിയും ഉത്തരമെഴുത്തും ഒരേസമയം നിര്‍വഹിക്കുന്ന കൃത്യതയില്‍. ടീച്ചര്‍ കൊടുത്ത ഇമ്പോസിഷ്യന്‍ എഴുതിക്കൂട്ടുന്ന തിരക്കിലത്രെ മകള്‍.
അപ്പോളാണ്‌ കോളിംഗ്‌ ബെല്ലിന്റെ തുടരെത്തുടരെയുള്ള ശബ്ദം. 
ആരും പ്രതികരിക്കുന്ന ലക്ഷണമില്ല. കോളിംഗ്‌ ബെല്ല്‌ വീണ്ടും ശബ്ദിച്ചു. കര്‍മ്മം മതിയാക്കി എഴുന്നേല്‍ക്കേണ്ടിവരുമോ, അയാള്‍ സംശയിച്ചു.
 ഭാഗ്യം ! വാതില്‍ തുറക്കുന്ന ശബ്ദംകേട്ടു.
 'എന്താ?' മകളുടെ ചോദ്യമാണ്‌.
 'അമ്മാ ! വല്ലോം തരണേ, സുനാമി വന്ന്‌ എല്ലാം പോയേ'
 ഇത്ര പെട്ടെന്ന്‌ മകളെ അമ്മയാക്കിയോ? മകള്‍ക്ക്‌ ദയ തോന്നിയെന്ന്‌ തോന്നുന്നു.
 'എവിടെയാ നാട്‌?'
 'മണ്ഡപത്തിനപ്പുറം ധനുഷ്കോടിയിലാ'
 അടുക്കളയില്‍ചെന്ന്‌ മകള്‍ അമ്മയോട്‌ പറയുന്നത്‌ കേട്ടു
 'ഒരു പിച്ചക്കാരനാ അമ്മേ'
'അച്ഛന്റെ പോക്കറ്റില്‍ചില്ലറകാണും മോള്‌ ചെന്നുനോക്ക്‌'
 തൂക്കിയിട്ട ഷര്‍ട്ടിന്റെ കീശയില്‍നിന്ന്‌ നാണയങ്ങള്‍ കിലുങ്ങുന്ന ശബ്ദം. ദൈവമേ ചതിച്ചോ?പരിപാടി വേഗം മതിയാക്കി ഒരുവിധത്തില്‍ അയാള്‍ പുറത്തേക്ക്‌ ഓടിവന്നു.
 ഭിക്ഷക്കാരന്‍ നടന്നുപോകുന്നത്‌ നോക്കി മകള്‍ ഉമ്മറത്തുതന്നെ നില്‍പുണ്ട്‌.
 'എത്രയാ കൊടുത്തത്‌?' അയാള്‍ ചോദിച്ചു.
 'അന്‍പതുപൈസാ. അച്ഛന്റെ കീശയില്‍ ബാക്കി രണ്ടു ഒറ്റരൂപാനാണയങ്ങളും ഒരു മിഠായിയുമെയുള്ളൂ. '
അയാള്‍ അകത്തേക്ക്‌ ഓടി. കീശയില്‍നിന്ന്‌ മിഠായി എടുത്ത്‌ ഭിക്ഷക്കാരന്റെ പിറകെ കുതിച്ചു ഗെയ്റ്റ്കടന്ന്‌ റോഡിലേക്ക്‌ കയറിയ അവനെ തടഞ്ഞുനിര്‍ത്തി.
 'അന്‍പതുപൈസ എവിടെ?'
ഭിക്ഷക്കാരന്‍ മകള്‍ കൊടുത്ത അന്‍പതുപൈസ നാണയം അയാളെ കാണിച്ചു. മിഠായി അവന്റെ കൈയില്‍ വെച്ചു കൊടുത്തു അന്‍പതുപൈസ നാണയം ഞൊടിയിടയില്‍ തട്ടിയെടുത്ത്‌ അയാള്‍ തിരികെ ഉമ്മറത്തു കയറി.
 'എന്താ പറ്റിയത്‌?'ഭാര്യയും മകളും പരിഭ്രമത്തോടെ ചോദിച്ചു.
 'അന്‍പതു പൈസയുടെ വില നിങ്ങള്‍ക്കറിയാമോ നിങ്ങളോട്‌ ചോദിച്ചിട്ടെന്തു കാര്യം? നിത്യവും നിങ്ങള്‍ ടൌണില്‍ പോകുന്നില്ലല്ലോ'അയാള്‍ തട്ടിക്കയറി.
 'എത്രമാത്രം ഒരുരൂപാനാണയങ്ങളാണ്‌ അന്‍പത്‌ പൈസ ഇല്ലാത്തതുകൊണ്ട്‌ നഷ്ടപ്പെട്ടതെന്ന്‌ നിങ്ങള്‍ക്ക്‌ മനസ്സിലാകുമോ? ഒരിക്കലുമില്ല...! എത്രമാത്രം മിഠായികളാണ്‌ കീശയിലായത്‌. '
അകത്തു കയറിയ അയാള്‍ വിജയശ്രീലാളിതനായി അന്‍പതുപൈസ ഷര്‍ട്ടിന്റെ പോക്കറ്റില്‍തന്നെ ഭദ്രമായി നിക്ഷേപിച്ചു.
 'അപ്പോ ,ആ മിഠായികളൊക്കെ ആരാ അച്ഛാ തിന്നുതീര്‍ത്തത്‌?'
മകളുടെ ചോദ്യം അയാള്‍ കേട്ടില്ലെന്ന്‌ നടിച്ചു. 

9 അഭിപ്രായങ്ങൾ:

  1. വളരെ നന്നായിപ്പറഞ്ഞു
    അമ്പതു പൈസ നാണയത്തുട്ടിന്റെ ഒരു വിലയെ!
    അതവര്‍ ഒന്നുകില്‍ മിഡായി ആയോ അല്ലെങ്കില്‍
    സോമ്പായോ തിരികെ തരും അല്ലെങ്കില്‍ കുറിപ്പില്‍
    പറഞ്ഞത് പോലെ നഷടായത് തന്നെ. കൊള്ളാം മാഷേ
    ബ്ലോഗില്‍ പലതു മിസ്സ്‌ ആയതു പോലെ. ഒരു ഫോല്ലോവേര്സ്
    ബട്ടന്‍ പിടിപ്പിക്കുക അങ്ങനെ പലതും
    ഇവിടെ ഇതാദ്യം വീണ്ടും വരാം
    എഴുതുക അറിയിക്കുക
    PS/ word verification yeduthu maattuka.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ബ്ളോഗ്‌ സന്ദര്‍ശിച്ഛതിനും അഭിപ്രായം എഴുതിയതിനും നന്ദി

      ഇല്ലാതാക്കൂ
  2. അമ്പതുപൈസ വലിയ തുകയായിരുന്ന കാലത്തെ ബാലനായിരുന്നു ഞാന്‍.
    ചെറുസ്വപ്നങ്ങളില്‍ പലതും സാധിക്കാന്‍ ഒന്നോ രണ്ടോ അമ്പതുപൈസ മതിയായിരുന്നു


    അതൊരു കാലം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സുഹൃത്തേ ബ്ളോഗ്‌ സന്ദര്‍ശിച്ഛതിനും അഭിപ്രായം എഴുതിയതിനും നന്ദി

      ഇല്ലാതാക്കൂ
  3. അമ്പതു പൈസയുടെ മൂല്യം. അതു കയ്യിലില്ലെങ്കിലുണ്ടാകാവുന്ന പ്രശ്നങ്ങൾ...നന്നായി പറഞ്ഞു.

    മറുപടിഇല്ലാതാക്കൂ
  4. സുഹൃത്തേ നന്ദി, ബ്ളോഗ്‌ സന്ദര്‍ശിച്ഛതിനും അഭിപ്രായം എഴുതിയതിനും

    മറുപടിഇല്ലാതാക്കൂ
  5. ഇതു വളരെ നന്നായി പറഞ്ഞു. ഇങ്ങനെ പേഴ്സൊക്കെ പള്ള വീര്‍ത്തു വരാറുണ്ട്, മിഠായി നിറച്ച്. ഒരിക്കല്‍ ഒരു കടയില്‍ ഞാന്‍ തിരിച്ചു മിഠായി കൊടുത്തു ചില്ലറക്കു പകരം. അയാള്‍ ചിരിച്ചു. തലേന്ന് അയാള്‍ തന്നതായിരുന്നു അത്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ബ്ളോഗ്‌ സന്ദര്‍ശിച്ഛതിനും അഭിപ്രായം എഴുതിയതിനും നന്ദി

      ഇല്ലാതാക്കൂ
  6. ആ മിഠായികളൊക്കെ ശരിക്കും അരാ കഴിച്ചേ ? സത്യം പറ മാഷെ, ഇതു സ്വന്തം അനുഭവമല്ലേ?

    മറുപടിഇല്ലാതാക്കൂ