ആകെ പേജ്‌കാഴ്‌ചകള്‍

2012, ഓഗസ്റ്റ് 2, വ്യാഴാഴ്‌ച

രാമായണം : കൃഷ്ണായണം


"ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ!
 ശ്രീരാമ! രാമ! രാമ! ശ്രീരാമഭദ്ര! ജയ!"
കര്‍ക്കിടകമാസം മുഴുവന്‍ രാമായണത്തിലെ ഈരടികള്‍ ഞങ്ങളുടെ ഗ്രാമത്തില്‍ മുഴങ്ങിയത്‌ കൃഷ്ണന്‍ പണിക്കരുടെ കണ്ഠത്തിലൂടെയായിരുന്നു. അക്ഷരസ്ഫുടവും ഘനഗംഭീരവുമായ ശബ്ദമാധുരി.  അറുപത്‌ കൊല്ലം മുമ്പത്തെ കഥയാണ്‌. അന്ന് സിനിമയോ, ടീവിയോ, ഫോണോ,വൈദ്യുതിപോലുമോ ഞങ്ങളുടെ നാട്ടില്‍ ഇല്ലാത്ത കാലം. ഗ്രാമത്തില്‍ ജനങ്ങളുടെ മാനസീകോല്ലാസത്തിന്‌ ഉത്സവങ്ങള്‍, നാടകങ്ങള്‍, ഹരികഥാകാലക്ഷേപങ്ങള്‍ എന്നിവയൊക്കെയായിരുന്നു.   ടൂറിംഗ്‌ ടോക്കീസുകളും, സര്‍ക്കസ്സുകളും വേനല്‍ക്കാലത്ത്‌ മൈതാനങ്ങളില്‍ ചിലപ്പോള്‍ തമ്പടിക്കാറുണ്ടായിരുന്നു.
കര്‍ക്കിടകമാസം തുടങ്ങിയാല്‍ ഉത്സവപ്പറമ്പുകളും മൈതാനങ്ങളുമൊക്കെ ശൂന്യം. അതോടൊപ്പം ജനങ്ങളുടെ പോക്കറ്റും ! ദിവസങ്ങള്‍ നീണ്ടുപോകുന്ന കനത്തു പെയ്യുന്ന തിമിര്‍ത്ത മഴ.
 ദാരിദ്ര്യം, പട്ടിണി. വിശക്കുന്ന വയറുകള്‍. വാഴത്തട കെട്ടിയും, തേങ്ങാത്തൊണ്ട്‌ കെട്ടിയും കുട്ടികള്‍ വെള്ളത്തില്‍ നീന്തിക്കളിക്കും. വയലെല്ലാം വെള്ളം കയറി പുഴപോലെയാകുന്നത്‌ കാണുമ്പോള്‍ പേടിതോന്നുമായിരുന്നു.
 ഞങ്ങളുടെ നാട്ടിലെ പേരുകേട്ട ക്ഷേത്രമാണ്‌ തൃക്കുന്ന് ശിവക്ഷേത്രം. അവിടെ കര്‍ക്കിടകമാസം രാമായണം സ്ഥിരമായി പാരായണം ചെയ്തിരുന്നത്‌ കൃഷ്ണന്‍ പണിക്കരായിരുന്നു. ക്ഷേത്രഗോപുരത്തിലിരുന്നായിരുന്നു വായന.  ഒരു കിലോമീറ്റര്‍ അകലെ ആ ശബ്ദം മുഴങ്ങി കേള്‍ക്കാമായിരുന്നു. വായന കേള്‍ക്കാന്‍ സ്ഥലത്തെ പൌരമുഖ്യന്‍മാരോടൊപ്പം വിദ്യാര്‍ത്ഥികളായ ഞങ്ങളും ചില ക്ഷേത്രസന്ദര്‍ശകരും.
 കൃഷ്ണന്‍ പണിക്കരുടെ നാട്‌ കൈതപ്പാടിയാണ്‌. അവിടെ സഹോദരിയും, ഭാര്യയും മരുമക്കളുമുണ്ട്‌. അനപത്യതാദു:ഖം പണിക്കരെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ദശരഥനേപ്പോലെ മൂന്ന് ഭാര്യമാരെ സംരക്ഷിക്കാനും പുത്രകാമേഷ്ടിയാഗം നടത്താനുമൊന്നും പാവം കൃഷ്ണന്‍ പണിക്കര്‍ക്ക്‌ ആവില്ലല്ലോ.
 കര്‍ക്കിടകമാസം മുഴുവന്‍ പണിക്കര്‍ക്ക്‌ തൃക്കുന്ന് അമ്പലത്തില്‍ രാമായണം വായന. അതുകഴിഞ്ഞ്‌ ചിങ്ങത്തില്‍ പുല്ല്യോട്ട്‌ യശമാനന്റെ വീട്ടില്‍ പൂമുഖത്തിരുന്ന് കൃഷ്ണഗാഥാ പാരായണം തുടങ്ങും. ക്ഷേത്രത്തില്‍ നിന്നു കിട്ടുന്ന തുഛമായ വരുമാനവും, പുല്ല്യോട്ട്‌ യശമാനന്‍ കൃഷ്ണപ്പാട്ട്‌ കേട്ട്‌ സന്തോഷിച്ച്‌ നല്‍കുന്ന പാരിതോഷികവും പണിക്കര്‍ക്ക്‌ വറുതിമാസങ്ങളില്‍ ആശ്വാസമായിരുന്നു. കാക്ക കണ്ണു തുറക്കാത്ത കര്‍ക്കിടകമാസത്തെ കോരിച്ചൊരിയുന്ന മഴയുള്ള ഒരു ദിവസം ക്ഷേത്രഗോപുരത്തില്‍ രാമായണ പാരായണം പതിവുപോലെ നടക്കുകയാണ്‌. കേള്‍വിക്കാര്‍ കുറവാണെങ്കിലും ഞാനും ഗോപാലേട്ടനും പിന്നെ തൊഴാന്‍ വന്ന കുറച്ചു സ്ത്രീകളും. അയോദ്ധ്യാകാണ്ഡം പാരായണം ചെയ്യുകയാണ്‌ കൃഷ്ണന്‍ പണിക്കര്‍.
 "ഹാ രാമ! ഹാ ഗുണവാരിധേ! ലക്ഷ്മണ!
വാരിജലോചനേ! ബാലേ! മിഥിലജേ!
 ദുഖം മുഴുത്തു മരിപ്പാന്‍ തുടങ്ങുന്ന
 ദുഷ്കൃതിയാമെന്നരികത്തിരിപ്പാനും
 മക്കളേയും കണ്ടെനിക്കു മരിപ്പാനു-
 മിക്കാലമില്ലാതെ വന്നു സുകൃതവും"
പെട്ടെന്ന് കൃഷ്ണന്‍ പണിക്കര്‍ വായിച്ചുകൊണ്ടിരുന്ന രാമായണ ഗ്രന്ഥത്തിലേക്കു തലകുമ്പിട്ടു വീണു. പിന്നീട്‌ ശബ്ദമില്ല !. ഞാനും ഗോപാലേട്ടനും ഓടിച്ചെന്നു പണിക്കരെ പിടിച്ചുയര്‍ത്തി. ആകെ വിയര്‍പ്പില്‍ മുങ്ങിക്കുളിച്ചിരുന്നു. കണ്ണുകള്‍ അടഞ്ഞുപോകുന്നു.
ആരോ ഓടിപ്പോയി പുല്ല്യോട്ട്‌ യശമനന്റെ കാറ്‌ പിടിച്ചുകൊണ്ടുവന്നു. മുന്നില്‍ ഡ്രൈവര്‍, പിന്‍സീറ്റില്‍ നടുവില്‍ കൃഷ്ണന്‍ പണിക്കര്‍, ഇടത്തും വലത്തുമായി ഞാനും, ഗോപാലേട്ടനും. പണിക്കരുടെ തല ഞങ്ങളുടെ ചുമലില്‍ ഇടക്കിടെ കുഴഞ്ഞു വീഴുന്നുണ്ട്‌. കാര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക്‌ കുതിച്ചു.
 ധാരാളം രോഗികള്‍ വരാന്തയില്‍ നില്‍ക്കുന്നുണ്ട്‌. കാര്‍ മുറ്റത്ത്‌ നിര്‍ത്തി ഞാനും ഗോപാലേട്ടനും കൂടി കൃഷ്ണന്‍ പണിക്കരെ താങ്ങിയെടുത്ത്‌ ഡോക്ടരുടെ പരിശോധനാമുറിയിലേക്കു കയറി. കാര്യത്തിന്റെ ഗൌരവം മനസ്സിലാക്കിയ മറ്റു രോഗികളും നഴ്സ്മാരും സഹകരിച്ചു. ഡോക്ടര്‍ പണിക്കരുടെ അടഞ്ഞ കണ്‍പോളകള്‍ തുറന്ന് ടോര്‍ച്ചടിച്ചു.. കൃഷ്ണമണികള്‍ നിശ്ചലം.
 "വേഗം വീട്ടിലേക്ക്‌ എടുത്തോളൂ. എല്ലാം കഴിഞ്ഞു. ഹാര്‍ട്ട്‌ അറ്റാക്ക്‌"
ഞാനും ഗോപാലേട്ടനും അമ്പരന്നുപോയി.
"കാറിലല്ലേ വന്നത്‌? മരിച്ച വിവരം ഡ്രൈവറോട്‌ പറയേണ്ട. സീരിയസ്സാണ്‌ വീട്ടിലേക്ക്‌ എടുക്കാനാണ്‌ ഡോക്ടര്‍ പറഞ്ഞത്‌ എന്നു പറഞ്ഞാല്‍ മതി. ഇല്ലെങ്കില്‍ ഡെഡ്ബോഡി കാറില്‍ കയറ്റില്ല. ഇവിടെ ആംബുലന്‍സും ഇല്ല"
ഞാനും ഗോപാലേട്ടനും അകത്ത്‌ കയറിയ അതേ വേഗതയില്‍ കൃഷ്ണന്‍ പണിക്കരേയും പൊക്കിയെടുത്ത്‌ നാടകീയമായിത്തന്നെ കാറിനകത്ത്‌ പഴയപടി ഇരിപ്പുറപ്പിച്ചു. ഒരു വ്യത്യാസം മാത്രം. ഇപ്പോള്‍ ഞങ്ങളുടെ തോളുരുമ്മി ഇരിക്കുന്നത്‌ ഒരു ശവശരീരമാണ്‌.
  ഞങ്ങള്‍ ഡ്രൈവറോട്‌ നേരെ കൈതപ്പാടിയില്‍ പണിക്കരുടെ വീട്ടിലേക്ക്‌ വണ്ടി വിടാന്‍ പറഞ്ഞു. 'സംഗതി കുറച്ച്‌ സീരിയസ്സാണ്‌. വീട്ടിലേക്ക്‌ എടുക്കാനും ബന്ധുക്കളെ വിവരം അറിയിക്കാനുമാണ്‌ ഡോക്ടര്‍ പറഞ്ഞത്‌' എന്നും കൂട്ടിച്ചേര്‍ത്തു. പാവം ഡ്രൈവര്‍ അതു വിശ്വസിച്ചു.
 കൈതപ്പാടി എന്ന കുഗ്രാമത്തില്‍ അരമണിക്കൂറ്‍ നീണ്ട യാത്രയ്ക്കുശേഷം ഞങ്ങള്‍ എത്തി. ഞങ്ങള്‍ക്ക്‌ ആര്‍ക്കും പണിക്കരുടെ വീട്‌ അറിയാമായിരുന്നില്ല. പലരോടും വഴി ചോദിക്കേണ്ടിവന്നു. കൈതപ്പാടി ഗോവിന്ദന്‍ മേസ്ത്രിയുടെ ടൈലറിംഗ്‌ ഷോപ്പുവരെയേ വണ്ടി പോകൂ. കാര്‍ അവിടെ നിര്‍ത്തി. മേസ്ത്രി കാറിന്നടുത്തേക്കു വന്നു. അപ്പോഴേക്കും ചുറ്റുവട്ടത്തുമുള്ള ആള്‍ക്കാര്‍ കാറിനുചുറ്റും കൂടി.
 'ഇത്‌ നമ്മുടെ കൃഷ്ണന്‍ പണിക്കരല്ലേ! എന്തു പറ്റി ? അയ്യോ നല്ല ക്ഷീണമുണ്ടല്ലോ, കണ്ണൂ മിഴിയുന്നില്ലല്ലോ'
മേസ്ത്രി വന്നു കൈ പിടിച്ചുനോക്കി. മുഖം ഉയര്‍ത്തി നോക്കി. ഭാഗ്യത്തിന്‌ അപ്പോഴും ദേഹത്തില്‍ ലേശം ചൂട്‌ അവശേഷിച്ചതുകൊണ്ട്‌ ഇത്‌ ശവശരീരമാണെന്ന് മനസ്സിലായില്ല.
 കൃഷ്ണന്‍ പണിക്കരുടെ വീട്ടിലെത്താന്‍ തോട്ടുവക്കിലൂടെ പതിനഞ്ച്‌ മിനുട്ട്‌ നടക്കണം. ആളുകള്‍ ഒരു ഈസിച്ചെയര്‍ സംഘടിപ്പിച്ചു. ഗോവിന്ദന്‍ മേസ്ത്രി എല്ലാറ്റിനും നേതൃത്വം വഹിച്ചു.
 'ബോധം കെട്ട്‌ കിടപ്പാണ്‌. സൂക്ഷിച്ച്‌ എടുക്കണം. കഴുത്ത്‌ ഒടിഞ്ഞുപോകല്ലേ കുഞ്ഞിരാമാ' മേസ്ത്രി നിര്‍ദ്ദേശം നല്‍കി.
കൃഷ്ണന്‍ പണിക്കരെ രണ്ടുമൂന്നുപേര്‍ താങ്ങി കസേരയില്‍ കിടത്തി വീട്ടിലേക്ക്‌ ഒരു ഘോഷയാത്രപോലെ തോട്ടുവക്കിലൂടെ നീങ്ങി. നിറഞ്ഞൊഴുകുന്ന തോട്‌. മുള്ള് നിറഞ്ഞ കൈതക്കാടുകള്‍. കുളക്കോഴിയുടെ ശബ്ദം. വഴുതുന്ന ഇടിഞ്ഞുപൊളിഞ്ഞ തോട്ടിന്‍ കരയിലെ നടവഴി. കാലുകള്‍ പൂണ്ടുപോകുന്ന പശിമയുള്ള ചെളി. ഘോഷയാത്രയുടെ പിന്‍ നിരയില്‍ വി.ഐ.പി പോലെ ഞാനും ഗോപാലേട്ടനും നീങ്ങി.
 വീട്ടില്‍നിന്ന് ഒരു കൂട്ട നിലവിളി കേട്ടു. മരുമക്കള്‍, ഭാര്യ, സഹോദരി.
 മരിച്ചതൊഴികെ ബാക്കിയൊക്കെ ഞങ്ങള്‍ കലാപരമായി വിശദീകരിച്ചു. 'ഇവിടെ കിടത്തിയതുകൊണ്ട്‌ കാര്യമില്ല. സീരിയസ്സാണ്‌. വീട്ടിലേക്ക്‌ എടുത്തോളൂ , ബന്ധുക്കളെ വിവരമറിയിച്ചോളൂ എന്നാണ്‌ ഡോക്ടര്‍ പറഞ്ഞത്‌' എന്നും.
 ഒരു പായ വിരിച്ച്‌ കൃഷ്ണന്‍ പണിക്കരെ അകത്ത്‌ കിടത്തി. നിലവിളക്ക്‌ കത്തിക്കാഞ്ഞത്‌ ഞങ്ങള്‍ക്ക്‌ ആശ്വാസമായി. ഇനി അധികസമയം ആ വീട്ടില്‍ നില്‍ക്കുന്നത്‌ ആരോഗ്യത്തിന്‌ പറ്റിയതല്ല എന്ന തിരിച്ചറിവോടെ ഞാനും ഗോപാലേട്ടനും അവരോട്‌ യാത്ര പറഞ്ഞു.
 'ഇങ്ങോട്ട്‌ വന്ന കാറ്‌ റോഡില്‍ കാത്തുനില്‍ക്കുന്നുണ്ട്‌. ഞങ്ങള്‍ പോകുന്നു'.
 മരുമക്കളിലൊരാള്‍ അകത്തുപോയി കുറച്ചു രൂപയുമായി തിരിച്ചു വന്നു.
 'കാറിന്റെ ചാര്‍ജ്ജ്‌'
'വേണ്ട ! ഇപ്പോള്‍ ഒന്നും വേണ്ട'
ഞങ്ങള്‍ ഉമ്മറപ്പടിയിറങ്ങി അതിവേഗം റോഡിലേക്ക്‌ കുതിച്ചു. തിരിഞ്ഞുനോക്കാന്‍ ധൈര്യമില്ലാതെ. 

4 അഭിപ്രായങ്ങൾ:

  1. ചില കാര്യങ്ങള്‍  തുറന്നു പറയാനാവില്ല. കൃഷ്ണന്‍ പണിക്കരുടെ മരണം ആ മട്ടിലാണ്. നല്ല എഴുത്ത്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി. ബ്ളോഗ്‌ സന്ദര്‍ശിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും

      ഇല്ലാതാക്കൂ
  2. ഇപ്പോള്‍ ഡെത്ത് സര്ടിഫികറ്റ്‌ ഇല്ലാതെ ഡെഡ്ബോഡി കൊണ്ടുപോയാല്‍ പോലിസ്‌ പിടിച്ചു കേസാക്കും.

    മറുപടിഇല്ലാതാക്കൂ