ഇന്ന് ഫെബ്രവരി 13.
പണ്ടേ മനസ്സിൽ പതിഞ്ഞ വിശ്വാസം, 13 അശുഭത്തെ സൂചിപ്പിക്കുന്നു എന്ന്. ശരിയാണോ?
സമയം ഉച്ച കഴിഞ്ഞു. 3 മണി. നല്ല ചൂട്. വൈദ്യുതി ഇല്ലാത്തതുകൊണ്ട് ഫാൻ പണിമുടക്കിലാണ്. ഇല്ലായ്മയുടേയും മുടക്കിന്റേയും ദിവസങ്ങളാണല്ലോ ഇപ്പോൾ. അൽപം കാറ്റ് തേടി മുറ്റത്ത് ഇറങ്ങി. ഇലകൾപോലും അനങ്ങുന്നില്ല. അപ്പോഴാണ് അടുത്ത വീട്ടിൽനിന്നും ഒരു കൂട്ട നിലവിളി കേട്ടത്. ശബ്ദത്തിന്റെ ഉടമകൾ സ്ത്രീകളാണ്.
ഞാൻ ഷർട്ട് എടുത്തിട്ട് അയൽപക്കത്തേക്ക് ധൃതിയിൽ നടന്നു. വൃദ്ധയായ നാണിയമ്മയും മകന്റെ ഭാര്യ രോഹിണിയും മത്സരിച്ച് നിലവിളിക്കുകയാണ്. എന്നെ കണ്ടപ്പോൾ നിലവിളി ഉച്ചസ്ഥായിയിലായി.മുറ്റത്തുതന്നെ അടുത്ത ടെലിഫോൺ ബൂത്തിൽനിന്ന് വന്ന ഒരു പയ്യൻ നിൽപ്പുണ്ട്. അവന്റെ കയ്യിലെ കുറിപ്പിൽ നിന്നും സംഗതി പിടികിട്ടി. നാണിയമ്മയുടെ മകൻ പ്രഭാകരൻ രാവിലെത്തന്നെ ജോലിക്കായി കണ്ണൂരിലേക്ക് പോയതാണ്. അത്യാസന്ന നിലയിൽ ഇപ്പോൾ കണ്ണൂർ ഗവൺമന്റ് ആശുപത്രിയിൽ ഐ.സി.യു.വിലാണ്.ഉടനെ ബന്ധുക്കൾ എത്തണം എന്നാണ് ബൂത്ത് ഉടമ എഴുതിക്കൊടുത്തിരിക്കുന്നത്.
നാണിയമ്മയും മകൻ പ്രഭാകരനും ഭാര്യ രോഹിണിയുമടങ്ങുന്നതാണ് ആ കൊച്ചുകുടുംബം. പ്രഭാകരൻ സർക്കാർ ഓഫീസിൽ ഗുമസ്തനാണ്. രോഹിണി വീട്ടമ്മ കൂടാതെ 6 മാസം ഗർഭിണിയും.
എന്തു സഹായത്തിനും ഓടിയെത്തുക എന്റെ വീട്ടിലേക്കാണ്.
"നമക്ക് കണ്ണൂര് ആശുപത്രീല് പോവ്വാ വാസ്വേട്ടാ" രോഹിണി ദയനീയമായി എന്നെ നോക്കി അപേക്ഷിച്ചു.. നല്ല അയൽവാസിയായ ഞാൻ സമ്മതിച്ചു.
നാണിയമ്മയെ ആശ്വസിപ്പിച്ചശേഷം ഞാനും രോഹിണിയും പുറപ്പെട്ടു. ഫ്ലാസ്ക്,ടിഫിൻ പാത്രം, പ്ലാസ്റ്റിക്ക്‌കുപ്പി, കുറച്ചു വസ്ത്രം എന്നിവ രോഹിണി ഒരു ബേഗിൽ കൂടെ എടുത്തു. പെരളശ്ശേരിയിൽനിന്ന് ഭാഗ്യത്തിന് ഒരു ലിമിറ്റഡ് സ്റ്റോപ്പ് ബസ്സ് കിട്ടി. രോഹിണിക്ക് ഇരിക്കാൻ ഒരു സ്ത്രീ അൽപം ഇടം കൊടുത്തു. ഞാൻ കമ്പിയിൽ തൂങ്ങിനിന്നു.
യാത്രയിൽ ഞാൻ പ്രഭാകരനെപ്പറ്റി ചിന്തിച്ചു. അധികം സംസാരിക്കാത്ത താടിക്കാരനായ ആ നല്ല മനുഷ്യൻ സർക്കാർ ഗുമസ്തനുപരി അൽപം സാഹിത്യകാരൻ കൂടിയായിരുന്നു.
ആറടി പൊക്കം, വെളുത്തു മെലിഞ്ഞ ശരീരം. ആരെയും ആകർഷിക്കുന്ന പുഞ്ചിരി. എഴുതുന്ന സൃഷ്ടികൾ എന്നെ കാണിച്ച് അഭിപ്രായം ചോദിക്കും. തെറ്റുകൾ തിരുത്താൻ ആവശ്യപ്പെടും. രണ്ടുമൂന്നു കവിതകൾ വാരികയിൽ അച്ചടിച്ചുവന്നിട്ടുണ്ട്.
നാണിയമ്മയ്ക്ക് സ്ഥിരം നടുവേദനയാണ്.. നാലഞ്ചു കൊല്ലമായി നമ്പീശൻ വൈദ്യരുടെ ചികിത്സയിലാണ്.
"എങ്ങിനെയുണ്ട് നാണിയമ്മേ നടുവേദന...?"
"ഒന്നും പറയേണ്ട മോനെ. ഇരിക്കാനും നിൽക്കാനും പറ്റുന്നില്ലാ.. എല്ലാറ്റിനും ഞാൻ തന്നെ വേണ്ടേ"?
അങ്ങിനെയാണ് 25 പൂർത്തിയായ ദിവസം പ്രഭാകരൻ വിവാഹിതനായത്.മുറപ്പെണ്ണ് രോഹിണി ഭാര്യയായി. മുൻപ് മഹിളാപ്രധാൻ ജോലിയുണ്ടായിരുന്നു. അതും പോയി.
ഇപ്പോൾ കുടുംബിനി.
ബസ്സ് താഴെചൊവ്വ ബൈപ്പാസ്സ് തുടങ്ങുന്നേടത്ത് നിന്നു. ട്രാഫിക്ക് ബ്ലോക്കാണ്. പാർട്ടിസമ്മേളനത്തിനുള്ള കൊടിമരജാഥ അൽപം മുൻപ് കടന്നുപോയതേയുള്ളൂ.
വെയിലിന് ചൂട് കുറയുന്നു. സമയം 5 മണി കഴിഞ്ഞു. വാഹനങ്ങൾ ഇഴഞ്ഞു മുന്നോട്ട് നീങ്ങാൻ തുടങ്ങി. താഴെചൊവ്വ തെഴുക്കിലെപീടികയിലെത്തിയപ്പോൾ വീണ്ടും ബ്ലോക്ക്. വാഹനങ്ങൾ ഇടത്തോട്ട് തിരിഞ്ഞ് ചൊവ്വ സ്പിന്നിംഗ് മില്ല് വഴി കണ്ണൂർ സിറ്റിയിലൂടെ തിരിച്ചുവിടുകയാണ്.
ആശ്വാസമായി. ആശ്വാസം പെട്ടെന്നുതന്നെ ദീർഘനിശ്വാസമായി നിന്നു. റെയിൽവെ ഗെയ്റ്റ് അടച്ചിരിക്കുന്നു. ഒരു നീണ്ട ചരക്കുവണ്ടി കുറെ കാത്തിരിപ്പിനുശേഷം കടന്നുപോയി.
ബസ്സ് കുതിച്ചുപായാൻ തുടങ്ങി. ഇടുങ്ങിയ വളഞ്ഞുപുളഞ്ഞ റോഡ്. പരിചിതമല്ലാത്ത സ്ഥലങ്ങൾ. കുളിർമയുള്ള കടൽക്കാറ്റ്. പെട്ടെന്നാണ് ബസ്സ് ഗവണ്മന്റ് ആശുപത്രിക്ക് മുൻപിലൂടെ കടന്നുപോയത്. ഞാൻ ചാടി എഴുന്നേറ്റു. ബസ്സ് നിർത്താൻ അപേക്ഷിച്ചു.
"ഇല്ല. നിർത്താൻ പറ്റില്ല. ഇത് ലിമിറ്റഡ് സ്റ്റോപ്പാ... ഇനി സ്റ്റാന്റിലേ നിർത്തൂ." കണ്ടക്ടരുടെ മറുപടി.
എന്തൊരു കഷ്ടം !.
ആശുപത്രിക്കു പുറപ്പെട്ട ഞങ്ങൾ ആശുപത്രിയുടെ സമീപം ഇറങ്ങാൻ പറ്റാതെ രണ്ടു കിലോമീറ്റർ അപ്പുറത്ത് ഇറങ്ങാൻ നിർബന്ധിതരായിത്തീരുന്നു.. ഞങ്ങളുടെ വിഷമവും പരിഭ്രമവുമൊന്നും കണ്ടക്റ്റരെ സ്വാധീനിച്ചില്ല. ആ മുഖത്ത് ഒരു നിർവ്വികാരത.
"സാരമില്ല. സ്റ്റാന്റിൽ നിന്നും ഒരു ഓട്ടൊ പിടിച്ച് നമുക്ക് ആശുപത്രിക്ക് വരാം"
ഞാൻ രോഹിണിയെ സമാധാനിപ്പിച്ചു.
ബസ്സ് മെയിൻ റോഡിൽനിന്ന് മുൻസിപ്പാൽ ബസ്സ് സ്റ്റാന്റിൽ കയറ്റിയിട്ടു.
ഭാഗ്യത്തിന് ഏതാനും ഓട്ടോറിക്ഷകൾ കാണാനുണ്ട്`.
ഏറ്റവും മുൻപിൽ കണ്ട ഓട്ടോയിൽ ഞാനും രോഹിണിയും കയറി ആശുപത്രിക്ക് വിട്ടോ എന്നു പറഞ്ഞു.
"എ.കെ.ജി.യോ ധനലക്ഷ്മിയോ" ഓട്ടോ ഡ്രൈവർ
"ഗവണ്മന്റ് അശുപത്രി"
"താവക്കര അണ്ടർബ്രിഡ്ജ് വഴി മാത്രമെ പോകാൻ പറ്റൂ. അതും കൊടിമരജാഥ കാരണം ട്രാഫിക്ക് ബ്ലോക്ക് ഇല്ലെങ്കിൽ."
ഓട്ടോ മുന്നോട്ടു നീങ്ങി.
കണ്ണൂർ പട്ടണമാകെ ചുവന്നിരിക്കുന്നു.
കൊടിമരജാഥ, ദീപശിഖാജാഥ, സ്വീകരണ സമ്മേളനം.
കാൾടെക്സ് ജംഗ്ഷനിൽ എത്തിയപ്പോൾ താവക്കര റോഡിലൂടെയാണ് ഇപ്പോൾ ജാഥ നീങ്ങുന്നതെന്നു മനസ്സിലായി.
റോഡ് ബ്ലോക്ക്. ഇനിയെന്തു വഴി ?
സമയം ആറ് മണി കഴിഞ്ഞിരിക്കുന്നു.
പ്രഭാകരന്റെ ആശുപത്രിയിലെ അവസ്ഥ എന്തായിരിക്കും? എന്താണ് പറ്റിയത് ?
ഒന്നും വ്യക്തമല്ല.
അടുത്തുകണ്ട ട്രാഫിക്ക് പോലീസിനോട്` ചോദിച്ചു : ബസ്സ് സ്റ്റാന്റ് അണ്ടർബ്രിഡ്ജ് വഴി പോകാൻ പറ്റുമോ എന്ന്.
"ഇപ്പോൾ വിടുന്നുണ്ട്" എന്ന് മറുപടി.
ട്രാഫിക്ക് ഐലന്റ് ചുറ്റി പുറപ്പെട്ട ദിശയിലേക്കുതന്നെ ഞങ്ങൾ തിരിച്ചു. ചില വാഹനങ്ങൾ അണ്ടർബ്രിഡ്ജ് കടന്നു പോകുന്നത് ഞങ്ങൾ കണ്ടു. ഞങ്ങളും അവരോടൊപ്പം മുന്നോട്ട് നീങ്ങി.
അണ്ടർബ്രിഡ്ജ് കടന്നു റെയിൽവെ സ്റ്റേഷനടുത്തെത്തി. അപ്പോൾ ജാഥ വരുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.
ഇനി മുന്നോട്ട് പോകാൻ പറ്റില്ല.എന്നായി.
"നിങ്ങൾ ഇറങ്ങിക്കോളൂ" ഓട്ടോ ഡ്രൈവർ.
ഞങ്ങൾ താഴെ ഇറങ്ങീ കാശുകൊടുത്തു. അപ്പോഴേക്കും ജാഥ അടുത്തെത്തിക്കഴിഞ്ഞിരുന്നു.
ഞാനും രോഹിണിയും റോഡ് മുറിച്ചുകടന്നു മറുവശത്തെത്തി.
ബേന്റ് വാദ്യം തകൃതിയായിമുഴങ്ങുന്നു. ചുകന്ന പട്ടിൽ പൊതിഞ്ഞ വാഹനത്തിൽ ചുകപ്പു വർണ്ണം പൂശിയ നീണ്ട കൊടിമരം. ലോറിക്കു പുറത്തു നീണ്ടുകിടക്കുന്ന അതിന്റെ പാദം ബന്ധിച്ചിരിക്കുന്നു. അതിന്റെ തലക്കൽ ഒരു ദീപം എരിയുന്നുണ്ട്. ചുകന്ന ദീപം.
ഇത് കൊടിമരമോ, പ്രഭാകരനോ ?
കൊടിമരവും ദീപശിഖയുമേന്തിയ ചുകപ്പിൽ മുങ്ങിയ ജാഥ ഞങ്ങളെ തൊട്ടുരുമ്മി കടന്നുപോയി.
റോഡ് ചുകന്നു. കടകൾ ചുകന്നു...
ഞങ്ങൾ രണ്ടുപേരും കൂടുതൽ വെളുത്തു വിളറി.
എങ്ങിനെയാണ് വേഗം ആശുപത്രിയിൽ എത്താൻ പറ്റുക എന്നായിരുന്നു എന്റെ ചിന്ത.
ഓട്ടോ ഡ്രൈവർമാർക്ക് ജാഥ കണ്ട് ആസ്വദിക്കാനായിരുന്നു താൽപര്യം. ആശുപത്രിയിലേക്ക് ട്രിപ്പ് വരാൻ അവരാരും തയ്യാറായില്ല.
"സാരമില്ല. നമുക്ക് വേഗം നടക്കാം" രോഹിണി പറഞ്ഞു.
രോഹിണിയുടെ കയ്യിലെ ബാഗ് ഞാൻ വാങ്ങി. അതിനു കനമുണ്ടായിരുന്നില്ല.
ഞങ്ങൾ നടക്കാൻ തുടങ്ങി. ആശുപത്രിയിലെത്താൻ 20 മിനുട്ട് എടുത്തു.
ഐ. സി. യു.വിന്റെ വാതിൽക്കലെത്തി. പ്രഭാകരനെ ഞങ്ങൾ അന്വേഷിച്ചു.
നഴ്സ് പറഞ്ഞു.
"നിങ്ങൾ അൽപം വൈകിപ്പോയി.
പ്രഭാകരൻ....പോയി.......
ഇപ്പോൾ താഴെ കൊണ്ടുപോയതേയുള്ളു. രണ്ടു കൂട്ടുകാർ കൂടെയുണ്ട്.
അവരാ സ്റ്റ്രച്ചർ എടുത്തത്.
ജനറൽ വാഡിലാ ബെഡ്ഡ് കിട്ടിയത്"
കീശയിൽനിന്ന് കർച്ചീഫെടുത്തു ഞാൻ വിയർപ്പൊപ്പി.
രോഹിണി ഒരു ദീർഘ നിശ്വാസം വിട്ടു. ഞങ്ങൾ ജനറൽ വാഡിലേക്കു നടന്നു.
ജനറൽ വാഡിന്റെ വരാന്തയിൽ വച്ച് പ്രഭാകരന്റെ കൂട്ടുകാരിലൊരാൾ ഞങ്ങളുടെ അടുത്തുവന്നു. ഞങ്ങളെ കൂട്ടി വർഡിനകത്തു പ്രവേശിച്ചു.
വെളിച്ചം കുറഞ്ഞ ഹാൾ.
പടിഞ്ഞാറ് അറബിക്കടലിന്റെ ബേന്റ് വാദ്യം കേൾക്കാമായിരുന്നു.
പെയിന്റ് അടിക്കാത്ത കട്ടിലിൽ,
ചുകന്ന പട്ട് വിരിക്കാത്ത കിടക്കയിൽ,
കിടക്കക്കപ്പുറം നീണ്ട കാലുകളുമായി,
പാദം ബന്ധിക്കപ്പെടാതെ,
തലയ്ക്കൽ ദീപനാളം എരിയാതെ,
ഈ കിടക്കുന്നത് പ്രഭാകരനോ
അതോ മറ്റൊരു കൊടിമരമോ?
കഥ ഉദ്വേഗജനകമായി. ഇങ്ങനെ എത്രയോ കൊടിമരജാഥകൾ നമ്മുടെ നാട്ടിൽ മറികടന്നു പോയിരിക്കുന്നു. അതുണ്ടാക്കുന്ന സാധാരണ മനുഷ്യരുടെ അവശതകൾ ആരു കാണാൻ ?
മറുപടിഇല്ലാതാക്കൂവഴിയിലെ തടസ്സങ്ങള്‍ രാഷ്ട്രീയമായാലും മതപരമായാലും അനുഭവിക്കുന്നവന്റെ മാനസികാവസ്ഥ വളരെ ഭീകരമാണ്.
മറുപടിഇല്ലാതാക്കൂകഥ നന്നയി. ഇഷ്ടമായി. സാമാന്യ ജനത്തിന്റെ ജീവിതം സ്തംഭിപ്പിക്കുന്ന തടസ്സങ്ങൾ എവിടെ നിന്നായാലും ഒഴിവാക്കപ്പെടേണ്ടതാണ്.
മറുപടിഇല്ലാതാക്കൂപ്രിയപ്പെട്ട മധുസുദനന്‍,
മറുപടിഇല്ലാതാക്കൂമനസ്സിന്റെ വിങ്ങലായി മാറിയല്ലോ, ഈ പോസ്റ്റ്.
ഹൃദ്യമായ വിവരണം. മനസ്സാകെ ഒന്നുലഞ്ഞു.
ഒരു പാട് പേര്‍ വായിക്കണം, ഈ പോസ്റ്റ്.
അഭിനന്ദനങ്ങള്‍ !
സസ്നേഹം,
അനു
നബിത, ഉദയപ്രഭൻ, വിജയകുമാർ, അനുപമ, അഭിപ്രായം കുറിച്ചതിന് ആത്മാർത്ഥമായ നന്ദി
മറുപടിഇല്ലാതാക്കൂനന്നായി അവതരിപ്പിച്ചിരിക്കുന്നു...
മറുപടിഇല്ലാതാക്കൂഇത്തരം പരിപാടികള്‍ നടത്തുമ്പോള്‍ ചില അത്യാവശ്യ കാര്യങ്ങള്‍ ബന്ധപ്പെട്ടവര്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടതാണ്.
മറുപടിഇല്ലാതാക്കൂപോസിടുമ്പോള് ഒരു മെയിലയച്ചാല്‍ നന്നായിരുന്നു മാഷെ.
നമ്മുടെ നാട്
മറുപടിഇല്ലാതാക്കൂനാട് ചിലപ്പോള്‍ അങ്ങനെയാണ്
മറുപടിഇല്ലാതാക്കൂമനുഷ്യത്വത്തോട് നോ എന്ന് പറയും
കഥ ചിന്തനീയം
നന്ദി സുഹൃത്തുക്കളേ ബ്ലോഗ് സന്ദർശിച്ച്തിനും അഭിപ്രായം കുറിച്ച്തിനും
മറുപടിഇല്ലാതാക്കൂ