ആകെ പേജ്‌കാഴ്‌ചകള്‍

2013, ഫെബ്രുവരി 2, ശനിയാഴ്‌ച

ദേവേന്ദ്രന്റെ അതിഥി





"നാകലോകത്തിൽ വന്നു നല്ലൊരു കലാസൃഷ്ടി-
യേകുവാനയച്ചിതു ഞങ്ങളെ ദേവാധിപൻ
വരണം ഭവാൻ, രത്നരഥവും നയിച്ചസ്മൽ-
പുരിയിൽ പൂജിച്ചീടാൻ ഞങ്ങളും തയ്യാറല്ലോ"
ചൊന്നവർ, കലാലോല ദേവനർത്തകിമാരെൻ
മന്ദിരേ വന്നിട്ടിത്ഥം, ദേവാഭ്യർത്ഥനയുമായ്‌

തെല്ലു ഞാൻ ചിന്തിച്ചയ്യോ ഞാനെന്തു കലാസൃഷ്ടി
ചെയ്യുവാനസമർത്ഥനനഭിജ്ഞനുമല്ലോ !
ദേവലോകത്തിൻ കീർത്തി പാടുവാൻ, ദേവേന്ദ്രന്റെ
പാവനസ്തുതി ഗീതം ചെയ്യുവാൻ പുകഴ്ത്തുവാൻ
അറിവില്ലെനിക്കൊട്ടും, കസവിൻ വർണ്ണപ്പൂക്കൾ
ഉറുമാൽതന്നിൽ തുന്നാൻ പൊട്ടിയ സൂചിത്തുമ്പാൽ
ദീനരാം മനുഷ്യർ തൻ ശോകഗാഥകൾ മാത്രം
ഞാനറിയാതെ പാടിപ്പോവുകിലതെൻ ഗാനം !
എങ്ങനെ  ക്ഷണിച്ചെന്നെയമരാധിപനെന്തി-
ന്നംഗനാരത്നങ്ങളെ വിളിക്കാനയപ്പിച്ചു ?

തേരേറി ഞാനാസ്വഛനിർമ്മല വിഹായസ്സിൽ
നേരിയ പുള്ളിക്കുത്തായ്‌ മാഞ്ഞുപോയിടുന്നേരം
മേഘമാലകൾ കൈയിലുരുമ്മീ സൗന്ദര്യത്തിൻ
മേഖല സമീപിക്കും സൂചനകളെപ്പോലെ
ഓർമ്മയില്ലെനിക്കൽപ്പനിമിഷം, കണ്ണഞ്ചിക്കും
വാർമഴവില്ലാണെങ്ങും ദേവലോകമെന്മുന്നിൽ
നാകലോകത്തിൻ ദ്വാരമേറി ഞാൻ ചുറ്റും നോക്കി,
മാനവരാരെങ്ങാനുമിവിടെ കാണ്മാനുണ്ടോ ?

കണ്ടു ഞാൻ വഴിവക്കിൽ യേശുവെ, ശ്രീബുദ്ധനെ,
ശങ്കരഗുരുവിനെ, നബിയെ, നാനാക്കിനെ,
ശാന്തിതൻ പ്രഭാപൂരം പരത്തി പ്രശോഭിക്കും
ഗാന്ധിയെ, ചുടുരക്ത സാക്ഷിയാം ലുമുംബയെ,
കർമ്മധീരനാം പണ്ഡിറ്റ്‌ നെഹ്രുവെ, കുടുംബത്തെ,
നർമ്മഭാഷികളായ രാഷ്ട്രീയ നേതാക്കളെ.

"എങ്ങനെ ഭൂവിൽ സൗഖ്യമല്ലയോ ? സമാധാന
മംഗളധ്വനി മണ്ണിൽ മുഴങ്ങിക്കേൾക്കുന്നില്ലേ?
കള്ളവും, ചതിയും. കാൽ വാരലും, അധികാര-
ഭള്ളും, പീഡന ബലാത്സംഗവും, കൊലകളും
അന്യമായില്ലേ നാട്ടിൽ ?, ശാന്തിതൻ മണിനാദ-
മെങ്ങുമേ മുഴങ്ങുന്നതില്ലയോ, ഓങ്കാരം പോൽ ? "
ചോദിച്ചു മഹാത്മാക്കളുത്തരം ചൊല്ലാനൊട്ടും
സാധിക്കാതുഴറി ഞാൻ നിന്നുപോയൊരുവേള

"കാത്തിരിക്കുന്നുണ്ടിന്ദ്രൻ, വേഗത്തിൽ നടന്നാലും,
വാർത്തകൾ പിന്നെച്ചൊല്ലാം "
ചൊന്നുടൻ ദേവസ്ത്രീകൾ
ഞെട്ടി ഞാൻ, തുറന്നെന്റെ കണ്ണുകൾ, മുന്നിൽ ദിന-
പത്രിക, ദിവാസ്വപ്നലീനനായ്‌ നേരം പോയി.
നട്ടുച്ചപ്പൊരിവെയ്‌ലിൻ മാറത്തു കിനാവിന്റെ
കൊച്ചാറൊന്നൊഴുകിപ്പോയ്‌ ദേവഗംഗയെപ്പോലെ.!





26 അഭിപ്രായങ്ങൾ:

  1. നല്ല കവിതയാണ് മാഷെ
    സ്നേഹത്തോടെ,
    ഗിരീഷ്‌

    മറുപടിഇല്ലാതാക്കൂ
  2. മാഷിന്‍റെ ഓരോ കവിതയും വ്യത്യസ്തമാണ്. നല്ല വരികള്‍. ഇഷ്ടായി

    മറുപടിഇല്ലാതാക്കൂ
  3. കണ്ടു ഞാൻ വഴിവക്കിൽ യേശുവെ, ശ്രീബുദ്ധനെ,
    ശങ്കരഗുരുവിനെ, നബിയെ, നാനാക്കിനെ.....

    പുരാണവും, ചരിത്രവുമെല്ലാം വര്‍ത്തമാനത്തില്‍ കോര്‍ത്തിണക്കിയ വീക്ഷണത്തിന്റെ കാവ്യാത്മകമായ രചന ഒന്നല്ല, പലകുറി വായിച്ചു, ചിന്തിച്ചു. ഭാവുകങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  4. ഈ സ്വപ്നത്തെപ്പറ്റി അങ്ങൊരിയ്ക്കൽ സൂചിപ്പിച്ചിരുന്നു. കവിതാ രൂപത്തിൽ വന്നപ്പോൾ മാറ്റ് കൂടി. എന്തായാലും ഈ സ്വപ്നം ഫലിക്കട്ടെ.സ്വർഗ്ഗവാതിലുകൾ തന്നെ അങ്ങേയ്ക്കു മുന്നിൽ തുറക്കപ്പെടട്ടെ.ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.


    ശുഭാശംസകൾ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശരിയാണ്‌. കുറച്ചുകൂടി മസാല ചേർത്ത്‌ എഴുതിയെന്നുമാത്രം

      ഇല്ലാതാക്കൂ
  5. കണ്ടുഞാന്‍ വഴിവക്കില്‍ .....എന്നുതുടങ്ങിയ വരികള്‍ ഏറെ ശ്രേഷ്ഠം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി അജിത്ത്‌. കുറെ ആയല്ലോ പുതിയ സൃഷ്ടികൾ കാണാതെ

      ഇല്ലാതാക്കൂ
  6. സര്‍, ഭാവനകളുടെ ദേവലോകത്തേക്ക് കൂടെ കൊണ്ടുപോയല്ലോ ..നന്ദി .
    സ്നേഹനമസ്ക്കാരം...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇവിടെ കണ്ടതിലും അഭിപ്രായം കുറിച്ചതിലും വളരെ സന്തോഷം. നന്ദി. പുതിയ രചനകൾ ബ്ലോഗിൽ ഇടുമല്ലോ.

      ഇല്ലാതാക്കൂ
    2. മേഘമാലകൾ കൈയിലുരുമ്മീ സൗന്ദര്യത്തിൻ
      മേഖല സമീപിക്കും പോലെ ...
      മനോഹരമായ കവിത
      ആശംസകൾ

      ഇല്ലാതാക്കൂ
  7. നട്ടുച്ചപ്പൊരിവെയിലില്‍ കിനാവിന്റെ കൊച്ചാറൊന്നുഴുകിയത് വളരെയിഷ്ടമായി.... കാവ്യഭംഗിയേറുന്ന വരികള്‍ .... വളരെ നന്നായിരിയ്ക്കുന്നു .. ആശംസകള്‍ ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കവിത വായിച്ചതിനും അഭിപ്രായം കുറിച്ചതിനും വളരെ നന്ദി വിനോദ്‌

      ഇല്ലാതാക്കൂ
    2. കവിത വായിച്ചതിനും അഭിപ്രായം കുറിച്ചതിനും വളരെ നന്ദി വിനോദ്‌

      ഇല്ലാതാക്കൂ
  8. നന്ദി മാഷേ ഈ വരികള്‍ക്ക്
    പുരാണ വൃത്തം കാലതിനനുസൃതമായ ഭാഷയില്‍ മനോഹരമായി ഇവിടെ കോറിയിട്ടു , ഹൃദ്യമായ ഭാഷയില്‍
    മുഖപുസ്തകത്തിലെ വരികള്‍ വായിച്ചിവിടെ ഓടിയെത്തി ഈ വരികള്‍ വായിച്ചു. പുതിയ മുഖം അഭിപ്രായം
    ഞാന്‍ അവിടെ കുറിച്ചിട്ടുണ്ട്. തുഞ്ചന്‍ പറമ്പില്‍ വരുന്നുണ്ടല്ലോ എന്റെ പുതിയ പോസ്റ്റു കണ്ടു കാണുമല്ലോ

    മറുപടിഇല്ലാതാക്കൂ


  9. നനി ഫിലിപ്പ്‌. കുറിപ്പ്‌ ഞാൻ വായിച്ചിരുന്നു. തുഞ്ചൻ പറമ്പിൽ കാണാമെന്നു പ്രതീക്ഷയോടെ

    മറുപടിഇല്ലാതാക്കൂ
  10. കേകയില്‍ ദിവാസ്വപ്നലീനനായ് വരച്ചിട്ട
    ശീലുകള്‍ക്കുള്ളില്‍ ശ്ലഥ ചിന്തകള്‍ പരക്കുന്നൂ!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കേകികൾനടനമാടീടുന്ന തവ മൊഴി-
      യേകിടുന്നാനന്ദത്തിൻ തേന്മഴയനാരതം

      ഇല്ലാതാക്കൂ
  11. കൊള്ളാം.
    നല്ല ഒഴുക്കോടെ കവിതയൊഴുകും ഈ വഴി!

    മറുപടിഇല്ലാതാക്കൂ
  12. സര്‍ വളരെ നല്ല കവിത ,അങ്ങനെ ദേവലോകത്തും എത്താന്‍ കഴിഞ്ഞു .ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

  13. നന്ദി മിനി. ഭാവനയിൽ നമുക്ക്‌ പോകാൻ കഴിയാത്ത സ്ഥലമുണ്ടോ?

    മറുപടിഇല്ലാതാക്കൂ
  14. Nattucha veyilil kocharonnu ozhukippoyadu ishtamayi..enkilum swargam swapnam kananulla prayamakumbol pore mashe swarga yatra..?ippo boomiyekurichu swapnam kandal pore..!?

    മറുപടിഇല്ലാതാക്കൂ
  15. സ്വർഗ്ഗത്തെക്കുറിച്ച്‌ സ്വപ്നം കാണാൻ അങ്ങിനെ പ്രായത്തിന്റെ നിബന്ധനയൊന്നുമില്ല . ഭൂമിയെക്കുറിച്ച്‌ എന്ത്‌ സ്വപനം കാണാൻ ?. നേരിൽ കാണുന്നത്‌ പോരേ ?

    മറുപടിഇല്ലാതാക്കൂ
  16. സ്വർഗ്ഗത്തെക്കുറിച്ച്‌ സ്വപ്നം കാണാൻ അങ്ങിനെ പ്രായത്തിന്റെ നിബന്ധനയൊന്നുമില്ല . ഭൂമിയെക്കുറിച്ച്‌ എന്ത്‌ സ്വപനം കാണാൻ ?. നേരിൽ കാണുന്നത്‌ പോരേ ?

    മറുപടിഇല്ലാതാക്കൂ