ആകെ പേജ്‌കാഴ്‌ചകള്‍

2013, ജൂലൈ 5, വെള്ളിയാഴ്‌ച

ഒരു താമരയുടെ കഥ



ദൂരെ, കവിത തിരയുന്ന കൺകൾക്ക്‌
പാരം കുളിരേകും ഗ്രാമമുണ്ട്‌
നാലുപേർ കേട്ടാലറിയും ഗൃഹമൊന്നിൽ
താലോലം പാടുന്നൊരമ്മയുണ്ട്‌
ആകാശനീലിമയാകെ പകർത്തിയ
ചേതോഹരമൊരു പൊയ്കയുണ്ട്‌
കോമളമാകും കമലം വിരിഞ്ഞതിൽ
കോൾമയിർക്കൊൾവൂ മധുപവൃന്ദം
നീർമാതളപ്പൂക്കൾ കാറ്റിലുലഞ്ഞാടി
നീലാംബരി പാടി കോകിലങ്ങൾ
ചൂളും തണുപ്പിൽ മതിലുകൾക്കപ്പുറം
ബാല്യകാലസ്മൃതി പൂവിടുമ്പോൾ
എന്റെ കഥ കേട്ടു ഞെട്ടരുതെന്നോതി
മുന്നിടുന്നൂ വണ്ടിക്കാളകളും
ആരെയും കണ്ടാലറിയാത്ത കേൾക്കാത്തൊ-
രാരവം ചൂഴും നഗരമൊന്നിൽ
അട്ടിയായ്‌ കെട്ടിയുയർത്തിയ വീടുകൾ
പട്ടണച്ചന്തമായ്‌ മാറിടുന്നു
കോൺക്രീറ്റുകൊണ്ടു പണിതുള്ള മുറ്റത്ത്‌
കോമളമായൊരുദ്യാനമൊന്നിൽ
ഓർക്കിഡുമാന്തൂറിയംതൊട്ടു മുന്തിയ
പൂച്ചെടിച്ചട്ടികളേറെയുണ്ട്‌
പാറക്കഷണങ്ങൾകൊണ്ടു പണിതീർത്ത
തൂമയേഴും ശിലാശിൽപ്പമുണ്ട്‌
അച്ഛസ്പടികസമാനമാം മാർബിളിൽ
കെട്ടിയൊരുദ്യാനവാപിയുണ്ട്‌
ആരുവാൻ കൊണ്ടുവന്നിട്ടൂ വേരറ്റൊരാ-
താമരപ്പൂമലരിന്നിവിടെ
നാനാ തരം വർണ്ണമീനുകൾ ചുറ്റിലും
നീന്തിത്തുടിപ്പുണ്ട്‌ ശങ്കയോടെ
സൂര്യകിരണങ്ങൾ മങ്ങി, സാന്ധ്യാംബര-
ശോണിമ മാഞ്ഞിരുൾ മൂടിടുമ്പോൾ
ആകവെ കൂമ്പും കമലദളങ്ങളെ
രാവിന്റെ മൂടുപടം മറച്ചൂ
രാകേന്ദു പൂനിലാച്ചുംബനം നൽകവെ
രാജീവനേത്രമടഞ്ഞു മന്ദം !


25 അഭിപ്രായങ്ങൾ:

  1. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഗ്രാമഭംഗിയുടെയും,പൊങ്ങച്ചതൊങ്ങലുകള്‍ ഏച്ചുകെട്ടി പ്രൌഢി പ്രദര്‍ശിപ്പിക്കുന്ന നഗരത്തിന്‍റെയും സമ്മോഹനച്ചിത്രമാണ്‌ 'ഒരു താമരയുടെ കഥ'.
    നന്നായിരിക്കുന്നു കവിത.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ

    1. നന്ദി, തങ്കപ്പൻ. അഭിപ്രായം ആദ്യംതന്നെ കുറിച്ചതിന്‌

      ഇല്ലാതാക്കൂ
  2. പ്രിയപ്പെട്ട മധുസൂദൻ ജി,
    ഹൃദ്യം,ഈ കവിത !

    മനോഹരം,വരികൾ !

    അഭിനന്ദനങ്ങൾ !

    സസ്നേഹം,

    അനു

    മറുപടിഇല്ലാതാക്കൂ
  3. പ്രിയ മധു സര്‍,
    ഈ താമരയുടെ .(കമലം.)കഥ സൂചിപ്പിച്ചതിനു വളരെ നന്ദി.വളരെ നാളായി
    പ്രിയപ്പെട്ട കഥാകാരിയെ കുറിച്ച് ഞാന്‍ വായിച്ചിട്ട്. .. മാധവിക്കുട്ടി- അതുല്ല്യ പ്രതിഭക്കു സ്മരണാഞ്ജലി യായ ഈ കവിത ഇഷ്ട്ടമായി സര്‍ നു നന്ദി നമസ്കാരം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ. ഈ കവിത കമലാദാസ്‌ എന്ന മാധവിക്കുട്ടിയെന്ന, കമലാസുരയ്യയെ ഓർത്തുകൊണ്ട്‌ എഴുതിയതായിരുന്നു. നന്ദി, ശാന്തകുമാരി

      ഇല്ലാതാക്കൂ
  4. വാക്കുകൾ കൊണ്ടും അമ്മാനമാടുന്നു.
    മനോഹരം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ

    1. കലാവല്ലഭൻ, നന്ദി. അമ്മാനം ആടിയെന്നു തോന്നിയില്ല

      ഇല്ലാതാക്കൂ
  5. നാട്ടിൻപുറത്തിന്റെ നൈർമല്യം (മൊബൈൽ ഫോൺ,ഇന്റെർനെറ്റ്,അനുബന്ധ സാങ്കേതിക വിസ്ഫോടനങ്ങൾ ആദിയായവ 'ടി'
    നൈർമ്മല്യം വല്ലാതെ കെടുത്തുന്നോ എന്നൊരു സംശയം) നഗരജീവിതത്തിലും തുടർന്നുകൊണ്ട് പോകാൻ, -വിശിഷ്യ ചെറുപ്പകാലത്ത്-
    കഴിയുന്നവർ അഭിനന്ദനമർഹിക്കുന്നു.അങ്ങനെ ചിലരെ,പരിചിതരായ ചില സ്ഥിതപ്രജ്ഞരെ ഓർമ്മ വന്നു, ഈ കവിത വായിച്ചപ്പോൾ.കവിത വളരെ ഹൃദ്യം. വരികളെല്ലാം മനോഹരം. എന്നാലും അവസാന ആറു വരികൾ ഏറെ ആകർഷിച്ചു.


    ശുഭാശംസകൾ സർ....

    മറുപടിഇല്ലാതാക്കൂ
  6. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  7. പ്രിയപ്പെട്ട മധു സാർ,

    "നീർമാതളപ്പൂക്കൾ കാറ്റിലുലഞ്ഞാടി
    നീലാംബരി പാടി കോകിലങ്ങൾ"

    മനോഹരമായി, എല്ലാ വരികളും ഇഷ്ടമായി.
    സ്നേഹത്തോടെ,
    ഗിരീഷ്‌

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കവിത ഇഷ്ടപ്പെട്ടതിൽ സന്തോഷം. നന്ദി. ഗിരീഷ്‌

      ഇല്ലാതാക്കൂ
  8. തെളിവെള്ളത്തിന്‌ കുളിര് സ്വന്തം
    കവിതയ്ക്കോ കവന ഭംഗി സ്വന്തം
    ഒരു ക്ലാസ്സിൽ ഇരുന്നു ചൊല്ലി പഠിക്കുന്ന കുട്ടിയെ പോലെ ഈ കവിത വായിക്കുമ്പോൾ ഈ കവിതയുടെ മുമ്പിൽ ഒരു കുട്ടി ..പഠിക്കുന്ന പഠിക്കേണ്ട കുട്ടി തന്നെ ഞാൻ
    നമസ്കാരം മധു സർ

    മറുപടിഇല്ലാതാക്കൂ
  9. ഗ്രാമത്തിന്റെ നൈര്‍മ്മല്യവും ,സൌന്ദര്യവും ഉള്ള കവിത.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ ആദ്യവരവിനും അഭിപ്രായത്തിനും നന്ദിയുണ്ട്‌ സരിത മോഹൻ

      ഇല്ലാതാക്കൂ
  10. കൊള്ളാം മനോഹരമായ വരികള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി. ഷരഫ്‌ മുഹമ്മദ്‌, ഈ ആദ്യവരവിനും അഭിപ്രായത്തിനും

      ഇല്ലാതാക്കൂ