ഓർമ്മതൻ കളിവീടു കെട്ടിയും തകർത്തും ഞാ-
നോരോരോ വികൃതികളാടുകയാണെന്നാലും,
ഓതുവാൻ കഴിയാത്തൊരാത്മനിർവൃതി തന്നിൽ
വേദന മറപ്പൂ ഞാൻ, ചിരിക്കാൻ ശ്രമിപ്പൂ ഞാൻ.
മഴയെ ഗർഭംധരിച്ചിന്നലെ മാനത്തെത്തി
മഴവിൽത്തുടിപ്പുമായ് മേഘമാലകൾ മന്ദം
അഴൽ പോയ്മറഞ്ഞെങ്ങോ മണ്ണിന്റെ ഹൃദന്തത്തിൽ
പൊഴിവൂ സന്തോഷാശ്രുവെൻ കവിൾത്തടത്തിലും
വിഷുവാണിന്നെൻ നാട്ടിലേവരുമൊരുദിനം
വിഷമം മറന്നൊത്തുചേരുന്നു, ചിരിക്കുന്നു
അവരോടൊപ്പം സ്നേഹം പങ്കിടാൻ കൊതിക്കുമീ
കവിയാം ജവാൻ തന്റെ മാനസം യുദ്ധക്കളം
ഈ ഹിമാലയശൃംഗഗോപുരം കടന്നെത്തും
ശീതളപവനനും വെള്ളിനക്ഷത്രങ്ങളും
ശാന്തസുന്ദരമൊരു പർണ്ണശാലയായ്മാറ്റും
കാന്താരഹൃദന്തവുമെൻ വിഷുക്കണിയല്ലോ !
* * *
ഉമ്മറത്തൊരു പുല്ലുപായയിലിരുന്നമ്മ
തന്മണികണ്ഠം മീട്ടി വായിപ്പൂ ‘ജ്ഞാനപ്പാന’
വെറ്റില മുറുക്കിയശേഷം തൻ വിരൽ വെള്ള-
ഭിത്തിയിൽ തുടച്ചച്ഛനതുകേട്ടിരിക്കുമ്പോൾ
അപ്പുറത്തടുക്കളക്കുള്ളിലായ് ചൂടുള്ളുണ്ണി-
യപ്പവും വിഷുവിന്റെ അടയും തിന്നല്ലോ ഞാൻ
കോടിമുണ്ടഴിക്കേണ്ട പാകമെത്തിയ നേരം
കോണകമഴിക്കേണ്ട ശങ്ക തോന്നിയ നേരം
ഞാനെഴുന്നേറ്റു (സത്യം അമ്മൂമ്മതൻ കൈത്തണ്ടിൽ
ഞാന്നാണേ !), പടിഞ്ഞാറെ പറമ്പിൽ കുതിച്ചെത്തി
മാമ്പഴം തിന്നും പാട്ടുപാടിയുമൂഞ്ഞാലാടീ-
ട്ടേമ്പക്കംവിട്ടെൻ കൂട്ടരവിടെ സമ്മേളിപ്പൂ
ഞാനതിൽ മുടങ്ങാത്തൊരംഗമാണതിൽ പ്പരം
സ്ഥാനമെന്തുണ്ടക്കാലമഭികാമ്യമായോർക്കിൽ !
പന്താടും ഞങ്ങൾ, വല്ല കാട്ടിലോ പടർപ്പിലോ,
പൊന്തയിലെങ്ങാൻ വീണു കാണാതെപോകുംവരെ
ഊഞ്ഞാലിലാടും ഞങ്ങൾ കയറോ പലകയോ
തേഞ്ഞുരഞ്ഞാരാൻ വീണു ചോരപൊട്ടീടുംവരെ
കൂട്ടരെ വിളിച്ചു ഞാൻ മുണ്ടിന്റെമടിക്കുത്തിൻ
കോന്തലയഴിച്ചെന്റെ വിഷുക്കൈനീട്ടം കാട്ടി
അത്രമേൽ ത്ളങ്ങുന്ന നാണയമവർകണ്ടി-
ല്ലിത്രയും നാളായ്, ഞാനോ വാനോളമുയർന്നുപോയ് !
അപ്പോഴാണുണ്ണിച്ചന്തുവന്നതു,മടിക്കുത്തി-
ലപ്പമല്ലെന്തോമറ്റു മുഴച്ചുകാണായ് വന്നു
അല്പമൊരധികാരം സ്ഫുരിക്കും മട്ടിൽ ചൊന്നാൻ
“അത്ഭുതം കാട്ടാം, മാറിനില്ക്കുക”, മാറീ ഞങ്ങൾ.
പച്ചയും ചോപ്പും ചേർന്ന കടലാസ്സുറകളെ
മെച്ചമായ് മണ്ണിൽ കുത്തിനിർത്തിയശേഷം മന്ദം
തീപ്പെട്ടിയുരച്ചവൻ കൊളുത്തീ, ഇടിവെട്ടും
തീപ്പൊരിച്ചാർത്തും മാത്രം കണ്ടതായോർമ്മിപൂ ഞാൻ.
കൂട്ടുകാർ മിഴിക്കവെ പുഞ്ചിരിച്ചെത്തി മൂളി-
പ്പാട്ടുമായുണ്ണിച്ചന്തു “പടക്കം കണ്ടോ നിങ്ങൾ”
“അമ്മാമ വാങ്ങിക്കൊണ്ടുതന്നതാണല്ലോ നിങ്ങൾ-
ക്കെങ്ങാനുമുണ്ടോ കൈയിൽ താക്കോൽ പൊട്ടാസല്ലാതെ.”
വിഷുക്കൈനീട്ടത്തിന്റെ വീലപോയഭിമാനം
പരക്കെ തകർന്നല്ലോ, വിയർത്തുകുളിച്ചല്ലോ !
വിറയുംകൈയിൽനിന്നു വീണുപോയ് വെള്ളിക്കാശ്
തറയിൽ, ഹൃദന്തത്തിൽ തന്ത്രീകൾ നുറുങ്ങിപ്പോയ്
“കാശിങ്ങു തന്നാൽ നല്കാം പടക്കം മുഴുവനു-
മാശയുണ്ടെങ്കിൽ” ഉണ്ണിച്ചന്തു വന്നെത്തി മുന്നിൽ.
പണമോ, പടക്കമോ മനസ്സിൽ തുലാസ്സാടി
പലവട്ടവുമപമാനമാനങ്ങൾ തൂക്കി
പടക്കം തരികെന്നു പറയും മുമ്പേ തന്നെ
പണവും വാങ്ങി ചന്തു പോയല്ലോ, ജയിച്ചൂ ഞാൻ !
ചാണകം മെഴുകിയ മുറ്റത്തു പുതിയൊരു
ജാലവിദ്യയുമായി ഞാനെത്തി ശരവേഗം
അമ്മൂമ്മ കാണാതൊരു തീക്കൊള്ളി വടക്കിനി-
യുമ്മറത്തൂടെ പാറുത്തള്ള തന്നതു ഭാഗ്യം !
തീക്കൊള്ളി വെച്ചൂ, മുറ്റത്തഗ്നിപർവ്വതം പൊട്ടി-
യൂക്കോടെ, നിന്നൂ ജ്ഞാനപ്പാനയും മുറുക്കലും
അച്ഛന്റെയിരുമ്പൊക്കും കൈയ്യുകൾ മുതുകിന്മേ-
ലിഛപോൽ പെരുമാറി, അമ്മയോ ശകാരവും.
“തീ കൊണ്ടു കളിക്കുമോ, തൊടുമോ വെടിമരു-
ന്നീവിധം നിരവധി ചോദ്യവുമിടയ്ക്കിടെ.
കോടിമുണ്ടഴിഞ്ഞുപോയ്, മുതുകോ പൊട്ടി, പട്ടു-
കോണകം മഴപെയ്തു തൂമുറ്റം വഷളാക്കി.
നിഷ്ക്കളങ്കമാം കൊച്ചുമനസ്സിന്നറകളി-
ലിത്തരമൊരു സത്യവാചകം കുറിച്ചുപോയ്
”ഇനിമേൽ തൊടില്ല ഞാൻ തീക്കൊള്ളി വെടിമരു-
ന്നിവകൾ രണ്ടും കുലദേവതയാണെ സത്യം“
* * *
ഈ ഹിമാലയശൃംഗ ഗോപുരം കാക്കും ദ്വാര-
പാലകനല്ലോ ഞാനെൻ കൈയ്യിലും മനസ്സിലും
നിറയെ വെടിമരുന്നാണതുപൊട്ടാൻ മാത്രം
സദയം തരികൊരു തീക്കൊള്ളി പൊൻ താരകേ !
ആഘോഷങ്ങളുടെ വർണ്ണപ്പൊലിമയിൽ രാജ്യം മുഴുവൻ മതിമറക്കുമ്പോൾ, അതെല്ലാം മറന്ന്, രാജ്യത്തിന്റേയും,ജനങ്ങളുടേയും രക്ഷയൊന്നിലേക്ക് മാത്രം മനസ്സിനെ ജാഗരൂകമാക്കുന്ന, നമ്മുടെ ധീരജവാന്മാരുടെ ത്യാഗനിർഭരമായ ജീവിതത്തിന്റെ നേർക്കാഴ്ച്ചയായി ഈ വരികൾ.
മറുപടിഇല്ലാതാക്കൂഅവരുടെ സമർപ്പിത നിമിഷങ്ങൾക്ക് ഏതു നൈമിഷികഘോഷങ്ങളേക്കാളും തിളക്കമേറുന്നു. ദേശസ്നേഹത്തിന്റേയും, ആത്മത്യാഗത്തിന്റേയും തങ്കത്തിളക്കം !!!
ഗൃഹാതുരത്വത്തിന്റെ ആർദ്രമായ സ്നേഹനിമിഷങ്ങളും, ദേശസ്നേഹത്തിന്റെ ധീരോദാത്ത നിമിഷങ്ങളും ഇഴചേർന്ന മനോഹരമായ കവിത.
ശുഭാശംസകൾ സർ.....
ഇല്ലാതാക്കൂസൌഗന്ധികം, ഈ നല്ലവാക്കുകൾക്ക് ഒരുപാട് നന്ദി.
കാര്യമായ അഭിപ്രായം എഴുതാന്‍ ഞാനാളല്ല.
മറുപടിഇല്ലാതാക്കൂകവിത എനിക്കിഷ്ടായി.
റാംജി കവിത ഇഷ്ടപ്പെട്ടതിൽ സന്തോഷം
ഇല്ലാതാക്കൂസുഖമുള്ള ഓർമ്മകൾ.... കാവ്യഭംഗിയിലൂടെ. ഞാനും എന്തൊക്കെയോ ഓർത്തുപോയി.
മറുപടിഇല്ലാതാക്കൂആശംസകൾ, സർ.
ഇല്ലാതാക്കൂഅതെ. ബാല്യകാലത്തെ മരിക്കാത്ത ഓർമ്മകൾ നമ്മെ പിന്തുടർന്നുകൊണ്ടിരിക്കും.. നന്ദി ഡോക്ടർ
ഇക്കഴിഞ്ഞ ആഴ്ച്ച ഹിമാലയപ്രാന്തങ്ങളിലൂടെ ഒറ്റയ്ക്ക് ബൈക്ക് യാത്ര നടത്തിയ ഒരു സാഹസികന്‍ തന്റെ അനുഭവക്കുറിപ്പുകള്‍ ബ്ലോഗില്‍ എഴുതിയത് വായിച്ചപ്പോള്‍ ഞാന്‍ അത്ഭുതപ്പെടുകയും അവിടെ കാവല്‍ നില്‍ക്കുന്ന സൈനികരെ മനം കൊണ്ട് സല്യൂട്ട് ചെയ്യുകയും ഉണ്ടായി. ഈ കവിത വായിയ്ക്കുമ്പോഴും ജയ് ജവാന്‍ എന്ന് പറയാന്‍ തോന്നുന്നു. അതിമനോഹരമായെഴുതി!!
മറുപടിഇല്ലാതാക്കൂ
ഇല്ലാതാക്കൂഅജിത്. ഞാൻ കരസേനയിൽ സേവനമനുഷ്ഠിച്ചിട്ടില്ല. ന്യു ഡെൽ ഹിക്കു വടക്കു കണ്ടിട്ടുമില്ല. ഭാവനയും, ഉൾക്കാഴ്ചയും ബാല്യസ്മരണകളും ചേർന്നപ്പോൾ ഒരു കവിതയായി. സന്തോഷം. നന്ദി.
ഈ ഹിമാലയശൃംഗ ഗോപുരം കാക്കും ദ്വാര-
മറുപടിഇല്ലാതാക്കൂപാലകനല്ലോ ഞാനെൻ കൈയ്യിലും മനസ്സിലും
ഭാരമായ് ഭയങ്കരം തീമരുന്നിരിക്കുന്നു-
ണ്ടാരെരിച്ചു തീര്‍ക്കുവാന്‍, താരകേ പറഞ്ഞാലും
ഭാരമില്ലെനിക്കൊട്ടും, ഭീതിയുമില്ല തെല്ലും
ഇല്ലാതാക്കൂഭാരതമാതാവിന്റെ രക്ഷകൻ ഞാനാണല്ലൊ
ആരെയുമെരിച്ചിതു തീർക്കുവാൻ വിടില്ലെന്റെ
ചോരയീ ഗംഗയ്കൊപ്പം പ്രവഹിച്ചീടും വരെ
ഈ കവിത ചൊല്ലുമ്പോൾ കൂട്ടക്ഷരങ്ങളുടെ കൂടിച്ചേരലാണോ അറിയില്ല നമ്മുടെ കവി “മധുസൂതനൻ നായർ”സാറിന്റെ കവിത ചൊല്ലലിനെ ഓർത്തുപോകുന്നു.
മറുപടിഇല്ലാതാക്കൂസന്തോഷം.നന്ദി
ഇല്ലാതാക്കൂമനസ്സിൽ സദാ ഞാൻ വണങ്ങുന്നവരാണ് യാതൊരു ലഭേച്ഹയുമില്ലാതെ സ്വന്തം നാടും വീടും വിട്ടു രാജ്യാതിർത്തികളിൽ കാവൽ നില്ക്കുന്ന ധീര ജവാന്മാർ. (ധാരാളിത്തത്തിന്റെ മടിയിൽ തിന്നും കുടിച്ചും പാർടികൾ നടത്തിയും ആജ്ഞാപിച്ചും സുഖലോലുപരായി കഴിഞ്ഞുപോരുന്ന, വേണ്ടിവന്നാൽ രാജ്യരഹസ്യങ്ങൾ വരെ ചോർത്തി കൊടുത്ത് കീശ വീർപ്പിക്കുന്നവരുടെ ശ്രേണിയിലുള്ള ജവാന്മാരെ അല്ല ഉദ്ദേശിച്ചത്)
മറുപടിഇല്ലാതാക്കൂഅവർ ജീവന്മരണ പോരാട്ടം നടത്തി നമ്മുടെ സ്വാതന്ത്ര്യം കാക്കുന്നതു കൊണ്ടാണ് നമുക്കിവിടെ സ്വന്തം കൂരയ്ക്ക് കീഴെ വെടിയുണ്ടകളെയും, ബോംബിനെയും ഭയക്കാതെ സുന്ദരസ്വപ്നങ്ങൾ കണ്ട് ഉറങ്ങാൻ കഴിയുന്നത്. ദൈവത്തിനെ നമിക്കുന്ന കൂട്ടത്തിൽ നമിക്കണം ഇവരെയും. ഇവരെ മാത്രമല്ല, ലോകത്തിനു മുഴുവൻ അന്നം വിളമ്പാൻ മണ്ണിൽ പണിയുന്ന കൃഷിക്കാരനെയും.( ഓരോ മണി ധാന്യത്തിലും ലാഭം കൊയ്യുന്ന അരിക്കച്ചവടക്കാരനെയല്ല!) ഇവർ ചെയ്യുന്ന സേവനം എത്ര വലുതാണെന്ന് ഞാനെന്റെ കൊച്ചു വിദ്യാർത്ഥികളെ സാധിക്കുമ്പോഴെല്ലാം ഓർമിപ്പിക്കാറുണ്ട് .
ഞാൻ പലപ്പോഴും എഴുതാൻ ആഗ്രഹിച്ച വിഷയമാണ് ജവാനും, കർഷകനും. അവരെ നമിക്കാൻ എന്റെ വാക്കുകളുടെ ആഴം മതിയാകില്ല എന്ന തോന്നൽ കൊണ്ട്
ഇതുവരെ അങ്ങിനെ ഒരെഴുത്ത് ഉണ്ടായില്ല. അത് കൊണ്ട് തന്നെ ഈ കവിത വായിച്ചപ്പോൾ ഒരു സന്തോഷം. നന്നായി സർ.
ഇല്ലാതാക്കൂവായിച്ചു. ഒരുപാട് നന്ദി പരിചയപ്പെടാൻ സാധിച്ചതിൽ പ്രത്യേകിച്ചും.. ഞാൻ ഒരു വിമുക്തഭടൻ കൂടിയാണ്. പട്ടാള പശ്ചാത്തലത്തിൽ എഴുതിയ ഒരു കവിതാ സമാഹാരം “ഇത്തിരി മധുരം” മേൽ വിലാസം അറിയിച്ചാൽ കോപ്പി അയച്ചു തരാമായിരുന്നു. ടീച്ച്ര്ക്ക് അത് ഇഷ്ടപ്പെടും www.wix.com/madhuvas/pvm
സുഖമുള്ള ഓർമ്മകൾ....
മറുപടിഇല്ലാതാക്കൂ