ഇന്ത്യതൻ പ്രതിരോധസേനയ്ക്കായിനിനമ്മ-
ളെന്തിനായന്യരാജ്യവെടിക്കോപ്പിറക്കണം?
എന്തിനും തികയുന്നൊരായുധം നമുക്കില്ലേ !
‘എൻഡോസൾഫാനെ’ന്നുള്ള മാരകവിഷായുധം
ശത്രുക്കൾനേരെ വർഷിച്ചീടുകിൽ അവരുടെ
ശത്രുതയ്ക്കൊപ്പംതന്നെ രാജ്യവും നശിച്ചീടും
അണുവായുധം പോലെ മാരകമല്ലോ ശത്രു-
പിണമായ്ത്തീരും, സർവ്വം നിശ്ശബ്ദം നിസ്സംശയം
കേരളമല്ലാതെങ്ങും കണ്ടില്ലേ പരീക്ഷണ
കേളികൾ നടത്തീടാൻ പറ്റിയ സ്ഥലം നിങ്ങൾ?
നിർത്തുകീ കരാളത, പൂട്ടുകീ കൊടുംവിഷം-
നിർമ്മിക്കും പണിശ്ശാലയൊക്കെയുമുടനടി
കേരളസംസ്ഥാനത്തിൻ ശിരസ്സാം കാസർക്കോട്ടിൽ
കേണുകൊണ്ടിഴയുന്നു കൊച്ചുങ്ങൾ വികലാംഗർ
അല്പവും സഹജീവിസ്നേഹമോ, ദയാവായ്‌പോ
കെല്പ്പെഴും നേതാക്കളേ നിങ്ങൾക്കു തോന്നുന്നില്ലേ ?
നിങ്ങൾതൻ കുടുംബങ്ങൾക്കീവിധം ദുരവസ്ഥ
വന്നാലേ പാഠം നിങ്ങൾ പഠിക്കുവെന്നാണെങ്കിൽ
ഭാരതതലസ്ഥാനം ‘എൻ മകജെ’യാക്കീടൂ
പോരുക സകൗടുംബമിവിടെ കുടിയേറൂ
നേരിട്ടൊന്നറിയുക ക്രൂരമാം കരാളത
ആരിലും ഭയംചേർക്കും ബീഭത്സനിഗൂഢത
നോവിന്റെ കരിനിഴൽ വീഴുമീ മണ്ണിന്മാറിൽ
ഭാവിയില്ലാതെ നില്പ്പൂ വർത്തമാനമാം കാലം
ഈ വിഷപർവ്വം താണ്ടാൻ കെല്പ്പില്ലാതുഴലുന്നു
ജീവിതം, മണ്ണും വിണ്ണും വിഷലിപ്തമായ് മാറി
തേങ്ങുന്നു ചന്ദ്രഗിരിപ്പുഴയും, കാര്യങ്കോടും,
മൊഗ്രാലും, ചിത്താരിയും മറ്റൊരു കാളിന്ദിയായ്
അമ്മിഞ്ഞപ്പാലിൽ പോലും വിഷമാണിവിടത്തിൽ
അമ്മമാർക്കാരുനല്കും പൂതനാമോക്ഷം കൃഷ്ണാ ?
കൺ തുറക്കുക, കൊല്ലാക്കൊല ചെയ്തിടും നാടിൻ
കണ്മണികൾതൻ നോവിൽ പങ്കുചേരുക നമ്മൾ.
സര്‍ ,കവിത വളരെ ഇഷ്ട്ടമായി.സമൂഹത്തിന്‍റെ ദുരവസ്ഥകളിലേക്ക് കണ്ണ് തുറപ്പിക്കുന്ന നല്ല കവിത.
മറുപടിഇല്ലാതാക്കൂഎങ്ങും വിഷലിപ്തമായ ഈ കാലത്തിനു ഈ കവിത ഒരു ആവശ്യം തന്നെ.ഭാരതത്തിന്‍റെ കാവല്‍ഭടനായി ജീവിതം സമര്‍പ്പിച്ച ,രാജ്യ സ്നേഹിയായ കവി , എന്‍ഡോസള്‍ഫാന്‍ ദുരിതത്തില്‍ നിന്ന് ഒരു ജനതയെ എങ്ങനെ രക്ഷിക്കാം എന്ന് തിരയുന്നു
ആരു നല്‍കും മോക്ഷം?ആരു നല്‍കും ഒരുത്തരം?ഈ കവിത അതിനൊരു നിമിത്തമാകട്ടെ. മധു സാറിനു അഭിനന്ദനങ്ങള്‍...
Aayudhangal..!
മറുപടിഇല്ലാതാക്കൂ.
Manoharam, Ashamsakal...!!
"അമ്മിഞ്ഞപ്പാലിൽ പോലും വിഷമാണിവിടത്തിൽ
മറുപടിഇല്ലാതാക്കൂഅമ്മമാർക്കാരുനല്കും പൂതനാമോക്ഷം കൃഷ്ണാ ?
കൺ തുറക്കുക, കൊല്ലാക്കൊല ചെയ്തിടും നാടിൻ
കണ്മണികൾതൻ നോവിൽ പങ്കുചേരുക നമ്മൾ."
ഈവരികൾ ഏറെ ഇഷ്ടമായി..
ദൈവം തന്നെ രക്ഷ...
ആശംസകൾ മധുസാർ..
ഇപ്പോഴും ഈ വിഷത്തെ ന്യായീകരിക്കുന്നവര്‍ ഏറെയുണ്ട് അധികാരത്തിന്റെ കോട്ടകൊത്തളങ്ങളില്‍
മറുപടിഇല്ലാതാക്കൂകവിതയില് സൂചിപ്പിച്ചതുപോലെ സ്വയം അനുഭവിക്കാതെ അറിയില്ലെന്നാകില്‍ എല്ലാരെയും ആ സ്ഥലത്ത് കൊണ്ടുചെന്നിടണം.
മറുപടിഇല്ലാതാക്കൂകണ്ണടച്ച് ഇരുട്ടാക്കുന ഭരണ വര്‍ഗ്ഗങ്ങള്‍ക്ക് ഒരു ഉണര്‍ത്തു പാട്ടാവട്ടെ ഈ കവിത
മറുപടിഇല്ലാതാക്കൂ