ആറടിമണ്ണിന്നവകാശികൾ നാമിന്നേറെ
വീറോടെയവകാശപ്പെട്ടതു വൃഥാവിലോ ?
ആദിവാസികളെന്നല്ലേതുജീവികൾക്കുമേ
മോദമോടിവിടത്തിൽ വാഴുവാനധികാരം !
ആരുടെ പിതൃസ്വത്തുമല്ലിതു, പ്രകൃതിതൻ
വാരുറ്റ കൈയാൽ തന്ന സൌജന്യമറിയുക.
പഞ്ചഭൂതങ്ങൾക്കേവമെങ്ങനെ മനുഷ്യന്റെ
വഞ്ചനാപരമായ സ്വാർത്ഥത നിരക്കുന്നു ?
വായു,വാകാശം, വെള്ള,മഗ്നിയെന്നതുപോലെ
ജീവികൾക്കവകാശപ്പെട്ടതാണീഭൂമിയും.
വേലികെട്ടിയോ, കരിങ്കല്ലിനാൽ മതിൽ കെട്ടി
വേർതിരിക്കുവാനില്ലൊരാൾക്കുമിന്നവകാശം.
കുന്നിടിക്കുവാൻ, മണലൂറ്റുവാൻ, പുഴയുടെ
മുന്നോട്ടെ ഗതിനിർത്തി മാലിന്യം നിക്ഷേപിക്കാൻ,
ഈ പരിസ്ഥിതി മാറ്റിമറിക്കാൻ, പ്രകൃതിതൻ
ശാദ്വലപ്രതലത്തിൻ ശാന്തത നശിപ്പിക്കാൻ
കാടിനെ നാടാക്കുവാൻ, കാട്ടിലെ മൃഗങ്ങളെ
വേട്ടയാടുവാൻ, നാട്ടുമൃഗമായ് മാറ്റീടുവാൻ
പുഴയിൽ വിഷംചേർക്കാൻ, കീടനാശിനികളാൽ
പഴവും ഫലങ്ങളും രോഗവാഹിനിയാക്കാൻ
ആരുവാൻ നല്കീ മർത്ത്യന്നനുവാദമിന്നോർത്താൽ
ക്രൂരതതന്നെയെല്ലാം, ഒക്കെയുമഹങ്കാരം !
എവിടെ കാട്ടാറുകൾ, കിളികൾ കപോതങ്ങൾ,
കവികൾ പുകഴ്ത്തുന്ന മോഹനമയൂരങ്ങൾ ?
എവിടെ കാട്ടാനകൾ, സിംഹങ്ങൾ, മുയലുകൾ,
ചെവികളടപ്പിക്കും ചീവീടിൻ മൂളിച്ചകൾ ?
കാട്ടിലെവാസം വിട്ടിട്ടഭയം തേടുന്നല്ലോ
വീട്ടിലെ മുറിക്കുള്ളിൽ രാജവെമ്പാലക്കൂട്ടം !
മണ്ണിനെ മലീമസമാക്കുന്ന മനുഷ്യന്റെ
കണ്ണുകൾ ദയാപൂർണ്ണമാകുവതെന്നാണാമോ ?
കണ്ണീരു വറ്റിക്കേഴും ഭൂമിതൻ നെടുവീർപ്പിൽ
വെണ്ണീറായ്മാറും ലോകം, കല്പാന്തമടുത്തുപോയ്.
ആറടിമണ്ണിന്നവകാശികളൊരിക്കലു-
മാവില്ല നമ്മൾ, പഞ്ചഭൂതത്തിൻ കണിക നാം !
------------------------------
(2015- അന്താരാഷ്ട്ര മണ്ണ് വർഷം)
പഞ്ചഭൂതത്തിൻ കണിക നാം
മറുപടിഇല്ലാതാക്കൂഎല്ലാം മറന്നുകൊണ്ടുള്ള പാച്ചില്‍ എങ്ങോട്ട്...
ഇഷ്ടപ്പെട്ടു ഏറെ.
ഇല്ലാതാക്കൂസന്തോഷം. വളരെ നന്ദി റാംജി.
എവിടെ കാട്ടാറുകൾ, കിളികൾ കപോതങ്ങൾ,
മറുപടിഇല്ലാതാക്കൂകവികൾ പുകഴ്ത്തുന്ന മോഹനമയൂരങ്ങൾ ?
Manoharam.
Thank you Doctor for your prompt comment
ഇല്ലാതാക്കൂമനോഹരമായ കവിത. ചൊല്ലുക എന്ന, കവിതയുടെ അടിസ്ഥാന തത്ത്വത്തോട് നീതി പുലർത്തിയ കവിത. നല്ലൊരു ആശയം. അത് നന്നായി അവതരിപ്പിച്ചു. ഖണ്ഡിക ആകാമായിരുന്നു,ആശയങ്ങൾ മാറുന്ന മുറയ്ക്ക്. അത് വായനയ്ക്ക് ഒരു ചെറിയ അലസോരം ആയി. അതൊന്നും കവിതയുടെ ഭംഗിയെ ബാധിച്ചിട്ടില്ല.
മറുപടിഇല്ലാതാക്കൂകവിത വായിച്ച് അഭിപ്രായം കുറിച്ചതിന് നന്ദി.
ഇല്ലാതാക്കൂകവിത വായിച്ച് അഭിപ്രായം കുറിച്ചതിന് നന്ദി.
ഇല്ലാതാക്കൂ