ആകെ പേജ്‌കാഴ്‌ചകള്‍

2015, ഫെബ്രുവരി 16, തിങ്കളാഴ്‌ച

ജവാന്റെ ശിവരാത്രി






ശാന്തിതൻ പീയൂഷധാരയാൽ സ്വർഗ്ഗീയ-
കാന്തിപകരുന്ന കാനനഛായയിൽ,
ഗംഗതൻ കല്ലോലരുദ്രാക്ഷമെണ്ണിയും,
മഞ്ഞിന്റെ ഹോമധൂപങ്ങൾ പരത്തിയും
നിത്യതപസ്സിലിരിപ്പൂ ഹിമാലയ-
മത്യന്തഭക്ത്യാ യുഗാന്തരമെന്നിയേ.
പാടെ നരച്ചുപോയ് താടി നിലാവിന്റെ
പാടലകാന്തിയിൽ മുങ്ങിക്കുളിക്കവെ,
പാവനമാമേതു മന്ത്രമാണങ്ങതൻ
നാവിൽ തുടിപ്പൂ സദാ ഹാ! മഹത്‌ഗുരോ!

ആ മന്ത്രധാരയാൽ ശത്രുക്കളൊക്കെയും
നാമാവശേഷരായ് മാറട്ടെ കേവലം!
നേരുന്നു സായൂജ്യമങ്ങതൻ ദർശനം
നേരിലെൻ ചേതനയ്ക്കെന്നെന്നുമോർക്കുകിൽ
ശൈവചൈതന്യം തുടിക്കുമീ ഭൂമിയിൽ
കൈകൂപ്പി നില്പാണു മാമക സിദ്ധികൾ
ശത്രുവൃന്ദങ്ങളെ തേടുമെൻ കണ്ണുകൾ
സത്യത്തിലെത്ര ശിവരാത്രി നോറ്റുപോയ്

ഓർമ്മതൻ ദീപികയേന്തി മറവിതൻ
കൂരിരുൾക്കോട്ടകൾക്കപ്പുറം കാണ്മു ഞാൻ
ആദ്യമായ് നോറ്റ ശിവരാത്രി, നേർന്ന നി-
വേദ്യം, നുകർന്ന പ്രസാദവും, മോദവും !
ഏഴുവയസ്സുള്ള പൈതലിൻ സാഹസം
പാഴിലാണെന്ന പരിഹാസ ഭാഷണം
മൂകമാം മാമക ഭീതിദ മാനസ-
വീഥിയിൽ പുത്തനാമാവേശമാകവെ,
പാട്ടും കളിയുമായ് രാവിന്റെ യാമങ്ങൾ
നീക്കുമെൻ കൂട്ടരോടൊത്തു ഞാൻ ധൈര്യമായ്

“എട്ടുമണിക്കു മുമ്പെന്നുമുറങ്ങുന്ന
കുട്ടനുറക്കൊഴിയാനോ? മഹാത്ഭുതം !
പാട്ടറിയാത്ത, കളിയറിയാത്തവൻ
നീക്കുവതെങ്ങിനെ നാഴിക മൂകനായ്!“
ചോദ്യങ്ങളിങ്ങനെയായിരം ചുറ്റിലും
ചേങ്ങലവാദ്യം മുഴക്കുന്ന വേളയിൽ
എങ്ങിനെ കൈവരാൻ നിദ്ര, മനസ്സിന്റെ
തുംഗ കവാടങ്ങൾ കൊട്ടിയടക്കവെ?

ഭക്തിയേക്കാളേറെ നേടി പ്രതിരോധ-
ശക്തിയെൻ ചേതനയാദ്യമായങ്ങിനെ
കെട്ടിപ്പടുത്തു പ്രതിബന്ധമൊക്കെയും
തട്ടിത്തകർക്കേണ്ട കോട്ടകളന്നു ഞാൻ
പൊട്ടിത്തരിക്കുന്ന നിർവൃതിക്കൊപ്പമായ്
പുത്തൻ പുലരി പിറക്കുന്ന വേളയിൽ
എന്നിലെ ജേതാവിനെ കണ്ടു പേടിച്ചു
പിന്നിട്ടു പോകയോ കൂരിരുളൊക്കെയും

ഇന്നീ ഹിമാലയപ്രാന്തത്തിലായിരം
പൊന്നുഷസ്സന്ധ്യകൾ മാഞ്ഞു മറയവെ,
ആ ശിവരാത്രിതൻ സിദ്ധികളെന്നെവ-
ന്നാശീർവദിക്കുന്നു മൂകമാം ഭാഷയാൽ
ആയിരം ശത്രുക്കളെ നേരിടാനുള്ളൊ-
രായുധമീ ജവാന്നേകുന്നു നിസ്തുലം!



4 അഭിപ്രായങ്ങൾ:

  1. എന്നിലെ ജേതാവിനെ കണ്ടു പേടിച്ചു
    പിന്നിട്ടു പോകയോ കൂരിരുളൊക്കെയും

    നന്നായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. തികച്ചും അപ്രതീക്ഷിതം ആയാണ് ഈ ബ്ലോഗില്‍ വന്നത്. വളരെ മനോഹരം.. ആഴമുള്ള വരികള്‍.. ഇത്തരം ബ്ലോഗുകള്‍ കുറേക്കൂടി ശ്രദ്ധിക്കപെടണം
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി, സുഹൃത്തേ, സന്ദർശനത്തിനും അഭിപ്രായത്തിനും. വീണ്ടും കാണാം.

      ഇല്ലാതാക്കൂ