ആകെ പേജ്‌കാഴ്‌ചകള്‍

2014 ഒക്‌ടോബർ 25, ശനിയാഴ്‌ച

ഗാന്ധാരിയുടെ ചിരി



“എല്ലാവർക്കും തിമിരം” , പാടീ പണ്ടൊരു കവി ഞാനതുകേട്ടപ്പോൾ
വല്ലാതായീ, ബാധയതെന്നെ ഒഴിവാക്കട്ടെ, കാഴ്ചയ്ക്കെന്നാൽ തകരാറല്പവു-
മില്ലാതാകാൻ പ്രാർത്ഥിക്കട്ടെ, വാർദ്ധക്യത്തെ തോല്പ്പിക്കട്ടെ, യുവത്വത്തിന്റെ സുഗന്ധം തൂവും
മുല്ലപ്പൂപോൽ വീണു കൊഴിഞ്ഞെൻ പല്ലുകൾ മണ്ണിൽ മുളച്ചീടട്ടെ.

“കണ്ണട വേണം”, തെറ്റീ കവിതൻ വചനം ഡോക്ടർ ചൊല്ലീ വേണ്ടതു
കണ്ണുകൾ രണ്ടും കീറണമിരുളാം തിമിരം മാറ്റാൻ, സ്വാഭാവികമാം-
വർണ്ണാഞ്ചിതമീ ലോകം കാണാൻ, പ്രകൃതിയെ നുകരാൻ, പൂവുകൾ തമ്മിൽ വേറിട്ടറിയാൻ

കണ്ണുകൾ കീറാൻ തയ്യാറായൊരു ഡോക്ടർ ചൊൽവൂ “എവിടെപ്പോയെൻ കണ്ണട?  തിമിരം തോണ്ടാൻ കണ്ണട വേണമെനിക്കിനി ഞാനും രോഗി”
‘എല്ലാവർക്കും തിമിരം വന്നാൽ ഗതിയെന്താകും’ എന്നിലുറങ്ങും
നല്ലവനാം ധൃതരാഷ്ട്രർ ചൊല്ലീ, ഗാന്ധാരീ നീ ചിരി തൂകുന്നോ?


2014 ഒക്‌ടോബർ 22, ബുധനാഴ്‌ച

പാഥേയം


നേർത്ത തിരശ്ശീല പോലെ വിഷാദമെ-
ന്നാത്മാവൊരുക്കിയ വേദിയിൽ വീഴവെ,
ഇത്രയും നാളായ് പണിതീർത്ത മാനസ-
ചിത്രവർണ്ണോജ്ജ്വല മണ്ഡപം മൂകമായ്
സ്തബ്ധമായ് നർത്തനശാല, ചിലങ്കതൻ
ശബ്ദം നിലച്ചൂ, നശിച്ചൂ പ്രതീക്ഷകൾ
പ്രേമസംഗീതത്തുടിപ്പുമായ് വിങ്ങുന്നി-
തോമൽ വിപഞ്ചിതൻ മീട്ടാത്ത തന്തികൾ
ചുണ്ടിന്റെ മാധുരിയേലാതെ കൈവിരൽ-
ത്തുമ്പാൽ പുളകമണിയാതെ മൂകമായ്
പാടാൻ കൊതിച്ചു കിടക്കുന്നു മൂലയി-
ലോടക്കുഴലെന്റെ ജീവിതചിത്രമായ് !
എത്രയോ മുഗ്ധവസന്തം വരച്ചിട്ട
ചിത്രങ്ങൾ മുന്നിലൂടോടി മറയവെ,
ഈ വഴിയമ്പലമുറ്റത്തു വന്നു ഞാൻ
നോവിന്റെ ഭാരച്ചിറകൊതുക്കീടുവാൻ
തീരെ പരിചയമില്ലാത്ത കൈകളാ-
ലാരോ പകർന്ന പാഥേയം നുകരവെ,
എന്തിനോ മോഹിച്ചു മാനസം, ഒന്നു നിൻ
സുന്ദരരൂപമുയിർത്തെഴുന്നേല്ക്കുവാൻ.

2014 ഒക്‌ടോബർ 1, ബുധനാഴ്‌ച

കൂപ്പുകൈ







വന്ദിപ്പൂ സരസ്വതീ വിദ്യതൻ മാതാവേ നിൻ-
മന്ദിരം ഭുവനത്തിൽ സംസ്ക്കാരം ചൊരിയട്ടെ !
പുലർകാലത്തിൽ തവ കീർത്തനം പാടീടുന്നു
പുതുപുഷ്പത്തിൽ താളം മുട്ടുന്ന മന്ദാനിലൻ
അതുകേട്ടല്ലോ പക്ഷിജാലങ്ങൾ ജാതോന്മേഷം
പതിവായ് പാടീടുന്നു താവക സ്തുതിഗീതം
നർത്തനം ചെയ്തീടുന്നു പർണ്ണപാളികൾ സ്വഛ-
നിമ്നഗ വിപഞ്ചിതൻ തന്ത്രികൾ മീട്ടീടുന്നു
കുങ്കുമപ്പൊട്ടുംതൊട്ടു ശ്യാമവാരിദമാകും
കുന്തളം പുലരിയൊന്നൊതുക്കി കെട്ടീടുന്നു
താവക സ്തുതിഗീതി പാടിയൊരാനന്ദത്താൽ
തൂവിയ സന്തോഷാശ്രു പുല്ക്കൊടി തുടയ്ക്കുന്നു
ഭക്ത്യാ കണ്ണുകൾ പൂട്ടി നിശ്ചലമായ്നിന്നിട്ട-
വ്യക്തമാമെന്തോ  ചിലമന്ത്രങ്ങളുരയ്ക്കുന്നു.
കീചകം മുരളികയൂതുന്നു, അരുവിതൻ
വീചികളതുകേട്ടു നർത്തനമാടീടുന്നു
കേരളം തവാഗമം കാത്തിരിക്കയാണേതു-
നേരവും വിദ്യയ്ക്കായി കൈക്കുമ്പിൾ നീട്ടീടുന്നു
വിദ്യകൾ പലവിധമാകുമ്പോൾ ഗുരുഭൂതർ
ശിഷ്യരെ മറക്കുന്നു, മൃഗമായ് മാറീടുന്നു
പട്ടിയാക്കീടാൻ മടിയില്ലാത്ത ചിലർ, ഹാ ! വെ-
പ്പാട്ടിയാക്കീടാൻ കാത്തുനില്പുണ്ട്‌ കാമഭ്രാന്തർ
ഒക്കെയും പൊറുക്കുക, അജ്ഞതയകറ്റിയീ
കൊച്ചുകേരളത്തിനെയൊന്നനുഗ്രഹിക്കുക
വാഗീശ്വരീ നിൻ മുന്നിലിന്നിതാ സമസ്തവും
നേദിച്ചു കൈകൾ കൂപ്പി ഞങ്ങൾ ഹാ! നമിക്കുന്നു.

2014 സെപ്റ്റംബർ 9, ചൊവ്വാഴ്ച

ഗുരുസ്മൃതി




ഈറനായൊരു കർക്കിടകത്തിൻ
ചേല ചിങ്ങപ്പെണ്ണാറ്റിയണിഞ്ഞു
സൂനമെങ്ങും വിടർന്നു, മാവേലീ-
ഗാനം പാടി കിളികൾ പറന്നു.
എങ്ങുമുല്ലാസമെങ്ങും സമൃദ്ധി
തിങ്ങീടും നല്ല നാളുകളൊന്നിൽ
വന്നു നാരായണ ഗുരുദേവ
ജന്മനക്ഷത്രമാകും ചതയം
ദാരിദ്ര്യത്തിന്നിരുട്ടറയാകും
കൂരയൊന്നിൻ മടിത്തട്ടിൽനിന്നും
പൊന്തീ ദിവ്യ പ്രഭാപൂരമായ
സുന്ദരമൊരു ഭാസുരതാരം


പൊങ്ങീയന്ധവിശ്വാസങ്ങൾ വാനിൽ
തിങ്ങിക്കൂടും കരിങ്കാറുപോലെ
ധർമ്മമെങ്ങും ക്ഷയിച്ചു, മനുഷ്യ-
ജന്മം ഭീതിദമായി ഭവിച്ചു
ബിംബാരാധന, പൂജാദികർമ്മം
ഭിന്നിപ്പിച്ചു മനുഷ്യരെയാകെ
നാലുഭാഗവും ജാതിമതങ്ങൾ
വേലി കെട്ടി ജനത്തെയകറ്റി


എങ്ങും കാണുമസമത്വമോർത്തു
വിങ്ങീ താവക മാനസമാകെ
ജാതിതൻ വേലി നീക്കി, മനുഷ്യ-
ജാതിയൊന്നെന്നുപദേശമേകി
ദേവാരാധനയെല്ലാർക്കുമൊപ്പ-
മാവാമെന്നുള്ള സന്ദേശമേകി
തന്നിൽ ദൈവമിരിപ്പതു കാട്ടാൻ
മുന്നിൽ കണ്ണാടിബിംബം നിരത്തി
ഇന്നും ഞങ്ങൾതൻ ഹൃത്തിൽ വസിപ്പൂ
വന്ദ്യ നാരായണ ഗുരുദേവൻ


2014 സെപ്റ്റംബർ 6, ശനിയാഴ്‌ച

പൂക്കളമത്സരം





വിരിയും പൂവിൻ ചുണ്ടിൽ പലപല
രാഗം ചിതറീ, വളകൾ കിലുങ്ങി,
തിരുവോണത്തിനു സ്വാഗതമോതാ-
നുണരുകയായി കേരളഭംഗി

പഴകിക്കീറിയ കർക്കിടകത്തി-

ന്നീറൻ ചേലയുണക്കിയെടുത്തി-
ട്ടഴകായ് ചിങ്ങപ്പെണ്ണു ഞൊറിഞ്ഞു ച-
മഞ്ഞു വരുന്നതു കാണുന്നേരം,


മഴവില്ലൊരു പൂ ചൂടിക്കുന്നു,
കുങ്കുമതിലകം  നെറ്റിയിലന്തി-
ക്കിഴവി വിറയ്ക്കും കയ്യാൽ ചാർത്തി
ചന്തം നോക്കി രസിക്കുന്നല്ലൊ !

മിഴികളിലഞ്ജനമെഴുതാൻ കരിമുകി-

ലിന്നലെ രാത്രിയുറങ്ങാതല്ലോ
മെഴുകിയെടുത്തൂ കണ്മഷി വിണ്ണിൻ
സ്ഫടികത്തളികയുണങ്ങും മുമ്പെ

കലിതാമോദം തന്മുഖകാന്തി നു-

കർന്നു രസിക്കാനല്ലൊ നീല-
ക്കടലൊരു കണ്ണാടിയുമായ് വന്നു വി-
ളിപ്പൂ പൂവിളിയെങ്ങും കേൾപ്പൂ !

വരവായ് വരവായ് ! മലനാടിന്റെ ഹൃ-

ദന്തം തോറും മധുരം വിതറാൻ
തിരുവോണത്തിൻ പുഷ്പവിമാനമി-
റങ്ങുന്നല്ലൊ  പുളകം പാകാൻ

മാറിവരുന്നൊരു കാലത്തിന്റെ മി-

ടിപ്പിനു മുന്നിൽ സൂര്യവെളിച്ചം
കീറിമുറിച്ചു വരുന്നു, മനുഷ്യൻ-
നേടിയ  മാന്ത്രിക വൈദ്യുതശക്തി

നീ|റിപ്പുകയും ചൂടിനെ വെല്ലാൻ

കൊട്ടിയടച്ച തലയ്ക്കകമെല്ലാം
കോരിനിറയ്പ്പൂ കുളിരല മർത്ത്യൻ
നേടിയ ശാസ്ത്രപരിജ്ഞാനങ്ങൾ

ഓണംകേറാമൂലകൾ കൂടി 

പൂക്കളമിട്ടു, പരിഷ്ക്കാരത്തിൻ
മോബൈൽ നാദമുയർന്നതിനൊപ്പം
സ്ത്രീയും ടീവിയുമൊന്നായ് മാറി

പുതുതായ് ഞങ്ങടെ നാട്ടിലുമങ്ങനെ 

ഓണപ്പൂക്കളമത്സരമെത്തി
കുതുകം സ്വാഗതമോതി പലരും
സമ്മാനത്തിനു പൂവുകൾ തേടി

പലവിധമഴകുകൾ തേടും തരുണികൾ 

‘പ്രേമം’ കണ്ടും കൊണ്ടും മലരായ്
മലയാളക്കരയാകെ കോൾമയിർ
കൊള്ളും സുന്ദര ഗാനം പാടി.

പൂവുകൾ തേടി കാടും മേടും

തെണ്ടിയലഞ്ഞു, മറന്നൂ നോവുകൾ
പൂവിതളൊക്കും വിരലുകൾ നീട്ടി
പൂപ്പാലികയിൽ പൂക്കൾ കൂട്ടി


രാവിലുറങ്ങാതല്ലോ വീട്ടിൻ

മുറ്റത്തിട്ടവർ പൂക്കളമേതോ
ഭാവന കാട്ടിയ ചിത്രം പോലെ
വരച്ചും മായ്ച്ചും വീണ്ടും വീണ്ടും

പുതിയൊരു സൂര്യനുദിച്ചെൻ മുറ്റ-

ത്തായതു കാണ്മാനല്ലോ വന്നൂ
പരിശോധകർ,   മിഴിനട്ടുംകൊണ്ടു
കൊതിച്ചൂ, കിട്ടും സമ്മാനം ഞാൻ

പുലരിപ്പെണ്ണിനു കണ്ണു കലങ്ങി,

കോപം പൂണ്ടു മറഞ്ഞൂ സൂര്യൻ,
അലറിക്കൊണ്ടൊരു കാറ്റും മഴയും
മുറ്റത്തെത്തിയതപ്പോഴല്ലൊ !

പാറിപ്പോവുകയായീ പൂവുക-

ളെങ്ങോ മഴയിൽ ചിതറി, പൂക്കള-
മാകെ യുദ്ധക്കളമായ് തീർന്നു, ത-
കർന്നൂ കവിയുടെ ഭാവനപോലും

കാറ്റും മഴയും നിന്നൂ, സൂര്യനു-

യർന്നൂ, മഞ്ഞണി മാമലമേലൊരു
പൂക്കളമായി, പുലരിപ്പെണ്ണിനു
സമ്മാനവുമായ് തിരുവോണവുമായ് !

2014 സെപ്റ്റംബർ 2, ചൊവ്വാഴ്ച

ചോരക്കളി




ചോരക്കളിയിനി വേണ്ട, മണ്ണിലു-
യർത്തുക നമ്മൾ ശാന്തീമന്ത്രം
കാരുണ്യത്തിൻ മുല്ലപ്പൂവുകൾ
 ചോരയുണങ്ങാൻ വിതറീടുക നാം

ഇതിഹാസങ്ങൾ, വടക്കൻ പാട്ടുകൾ
നമ്മിലുണർത്തീ സമരാവേശം
അതിമോഹം താൻ സർവ്വ വിപത്തിനു-
മോർക്കിൽ കാരണമെന്നറിയുന്നേൻ

മതിയാക്കുക നാം ക്രൂരത, വന്യമൃ-
ഗങ്ങൾ പോലും മർത്ത്യർ കാട്ടും
അതിഭീകരമാം ചെയ്തികൾ കണ്ടു ശി-
രസ്സു കുനിച്ചു ശപിക്കുന്നുണ്ടാം

ഇനിയൊരു യുദ്ധം വേണ്ടാ, മണ്ണിൽ,
വിണ്ണിൽ, നമ്മുടെ നാട്ടിൽ, വീട്ടിൽ
കിനിയട്ടെ കനിവിൻ തേൻ തുള്ളികൾ
ചോരത്തുള്ളികൾ ചിന്തിയ വഴിയിൽ

ഹിമഗിരി ചൂഴും കാർഗിൻ നെറുകയി-
ലിന്ത്യ തൊടീച്ചൊരു കുങ്കുമതിലകം
നിരവധിയംഗനമാരുടെ നെറ്റിയിൽ
നിന്നുമടർത്തിച്ചാർത്തിയതല്ലോ !

വിരഹച്ചൂടിൽ കരിയും കരളുക-
ളായിരമിവിടെ അനാഥർ പെരുകും
ധരയാണിവിടം “ഭ്രാന്താലയമെൻ
കേരള“മെന്നു പറഞ്ഞാൽ സത്യം !

ഇവിടെ തേടി നടപ്പൂ ദ്രൌപദി-
മാരെ ദുശ്ശാസനരും, സീതയെ
കപട പരാശരിവേഷം പൂണ്ടു
നടക്കും രാവണരും തെരുതോറും

അധികാരത്തിൻ മോഹച്ചൂടിൽ 
പൊട്ടും ബോംബുകൾ തട്ടിയെടുപ്പൂ
അരുമക്കുഞ്ഞിൻ കൈയും കാലും
കണ്ണും പുതിയൊരു സംസ്കാരം പോൽ

മതിയാക്കുക നാം നരബലി: വാളും
പരിചയുമെറിയുക ദൂരെ, രക്ത-
ക്കൊതിയിൽ നേടുക ദുരിത മാത്രം
ഓർത്താൽ സർവ്വവിനാശം നേട്ടം !

ഇനിയീ ചാവേർ വേണ്ട, മണ്ണി-
ലുയർത്തുക നമ്മൾ  മൈത്രീ മന്ത്രം
കനിവിൻ തുമ്പപ്പൂവുകൾ ചോരയു-
ണങ്ങിയ വീഥിയിൽ വിതറീടുക നാം.




2014 ഓഗസ്റ്റ് 14, വ്യാഴാഴ്‌ച

ആഗസ്ത്‌ 15





ധീരമാം പരീക്ഷണഘട്ടങ്ങളോരോന്നായി
വീരമാതാവെ, നിന്റെ കോവണിപ്പടിയായി
നീയുയർത്തിയ കാലിന്നടിയിൽനിന്നാണല്ലോ
തീതുപ്പും മുള്ളും കല്ലും പാപമോചനം ചെയ് വൂ

പണ്ടൊരു മഹാബലിക്കേകിപോൽ മോക്ഷം പുണ്യ
പൊൻപാദ,മതുപോലെ പാപിയാമഹല്യയ്ക്കും
നന്മതിന്മകൾ തിരിച്ചറിയാൻ കഴിയാത്ത
ജന്മങ്ങൾക്കംബേ നിന്റെ കൈകളാൽ വഴി കാട്ടൂ

നിന്മഹിമാവാൽ മാത്രമല്ലയോ ദിഗന്തങ്ങ-
ളെന്നുമേ സ്തുതിഗീതമാലപിക്കുനൂ തായേ,
ഞങ്ങളീ സുദിനത്തിലോർമ്മിപ്പൂ ഭക്ത്യാ നിന്റെ-
മംഗളചരിതങ്ങളാവേശത്തുടിപ്പോടെ

കെട്ടുപോയിതുവരെ കത്തിയ ദീപം, നിന്റെ
കൊട്ടാരപ്പടിവാതിലന്ധകാരത്തിൽ താണൂ
നിൻ തിരുമുറ്റത്തന്നേ വാടിയ പനിനീരി-
ന്നന്തിമദളംകൂടി മണ്ണിലേക്കിതാ വീണു

നൊമ്പരപ്പെട്ടൂ ഞങ്ങൾ: ചുറ്റിലും നോക്കീട്ടല്പ-
മമ്പരന്നമ്മയ്ക്കെങ്ങാനാപത്തു പിണയുമോ ?
എന്തിനീയപശ്രുതി, ശകുനപ്പിഴ ?, പാഴിൽ
പിന്തിരിഞ്ഞോടും ഭീതർ ഞങ്ങളല്ലറിഞ്ഞാലും !

അമ്മതൻ മാനം കാക്കാൻ രക്ഷിക്കാൻ മടിക്കാത്ത
കർമ്മധീരരാം മക്കളാണുനാം പണ്ടേ തന്നെ.
കെട്ടതാം മണിദീപം മാറ്റി വെച്ചിതാ പുത്തൻ
ഭദ്രദീപിക വീണ്ടും കത്തിച്ചുവെച്ചു ഞങ്ങൾ

കൂരിരുട്ടകലട്ടെ, ദുർഗന്ധമെല്ലാം ദൂരെ
മാറട്ടെ, യുയർത്തൂ നിൻ ദീപവും, സുഗന്ധവും
ഉയർന്നു പാറീടട്ടെ മൂവർണ്ണക്കൊടി വാനിൽ,
ഉണർന്നു പാടീടട്ടെ നിൻ സ്തുതിഗീതം ലോകം  !