ആകെ പേജ്‌കാഴ്‌ചകള്‍

2014 ഡിസംബർ 11, വ്യാഴാഴ്‌ച

എതിരാളി



“ആരുണ്ട്‌, ചൊല്ലുകെൻ കാന്തിക്കെതിരാളി-
യാരുണ്ടറിവാൻ തുടിക്കുന്നിതെൻ മനം”
ദന്തസിംഹാസനാരൂഢയായ് സങ്കടം
തൻപതിയോടോതി റാണി വിവശയായ്.
രത്നം പതിച്ചാഭയോലും മുകുരത്തി-
ലെത്തും മുഖത്തിൻ പ്രതിബിംബ സൌഷ്ഠവം
നോക്കി നെടുവീർപ്പിടും റാണിയാൾക്കെന്തി-
താകുലം വൈരിയൊന്നില്ലാതിരിക്കവെ ?
ചൊല്ലിനാൾ: “അങ്ങുന്നു സർവ്വമെനിക്കേകി-
യല്ലോ, സഫലീകരിക്കുകീയാശയെ,
ആരുണ്ട്‌ ചൊല്ലുകെൻ മോടിക്കെതിരാളി-
യാരുണ്ടറിവാൻ തുടിക്കുന്നിതെൻ മനം”.

ചിന്തയിൽ മുറ്റും മുഴുകിടും മന്നവ-
ന്നന്തക്കരണമെരിപൊരികൊള്ളവെ,
മന്ത്രിപ്രവരനോടൊത്തീ വിഷമത്തി-
നന്തം വരുത്തുവാൻ മുന്നിട്ടിറങ്ങയായ്.
ഏഴുകടലിനുമക്കരെയുണ്ട്‌ ന-
ല്ലൂഴി, മഹാസുന്ദരികൾ തൻ പാർപ്പിടം
രാജഭൃത്യന്മാരവിടെയും ചെന്നെത്തി
രാജീവലോചനമാരെ തിരയുവാൻ.

അന്നൊരു സായാഹ്നവേളയിൽ വന്നെത്തി
മന്നവൻ തന്മുന്നിലേഴു സുമുഖികൾ
സപ്തസൌന്ദര്യധാമങ്ങളുമായി സ-
ന്തപ്തയാം റാണിതൻ മുന്നിലണയവെ
ചുറ്റും മരതകക്കല്ലിൻ നടുവിലെ
വെട്ടിത്തിളങ്ങിടും വജ്രമോ റാണിയാൾ !
“എൻ മോടി വെല്ലുവാൻ സാദ്ധ്യമിവർക്കില്ല
മന്മനം വീണ്ടും വിവശം തളരുന്നു.
ആരുണ്ട്‌ ചൊല്ലുകെൻ കാന്തിക്കെതിരാളി-
യാരുണ്ടറിവാൻ കൊതിക്കുന്നിതെൻ മനം”

പാരം പ്രതീക്ഷതകർന്നപോൽ മന്നവൻ
പാടെ വിമൂകനായ് ദൂരത്തു നില്ക്കവെ
താരിളം കാൽ വെപ്പിനൊപ്പം സുമോഹന
സ്മേരവദനം വിടരും ചിരിയുമായ്
റാണിതൻ കൊച്ചുകുമാരിക വന്നുടൻ
നാണം കുണുങ്ങിയൊന്നമ്മയെ പുല്കവെ,
ആനന്ദബാഷ്പം പൊഴിച്ചോതി റാണിയാ-
ളാനവ്യ നിർവൃതിക്കൊപ്പമായീവിധം:
“എൻ കാന്തി വെല്ലുവാൻ സാദ്ധ്യമിവൾക്കുതാൻ
സന്മസസ്സംതൃപ്തിയേകിയെന്നോമലാൾ !”

(സരോജിനി നായഡുവിന്റെ   "Queen's rival"  എന്ന കവിതയോട്‌ കടപ്പാട്‌)

2014 ഡിസംബർ 8, തിങ്കളാഴ്‌ച

ചെങ്കോൽ



ഉച്ചയുറക്കിന്നൊഴുക്കിൽ കിനാവിന്റെ
പച്ചിലത്തോണിയിലേറുമെൻ മാനസം
ഉച്ചത്തിൽ മുറ്റത്തുനിന്നുമുയരുന്ന
പുത്രന്റെ ചെണ്ടവാദ്യം കേട്ടുണർന്നുപോയ് !

അഞ്ചുവയസ്സിന്റെ കൌതുകത്തോടവൻ
നെഞ്ചോടു ചേർത്തതാം പുസ്തകപ്പെട്ടിമേൽ
പഞ്ചവാദ്യത്തിന്നലകളുയർത്തുന്നു
പുഞ്ചിരി പൂക്കുന്നു കുഞ്ഞിക്കവിളിലും

ചുറ്റും വിതറിക്കിടക്കുന്ന നേഴ്സറി-
പ്പുസ്തകങ്ങൾ കാറ്റിൽ നാമം ജപിക്കുന്നു
അക്ഷരമാലയെഴുതേണ്ട പെൻസിലോ
കൊച്ചു ചെണ്ടക്കോലവൻതൻകരത്തിലും !

“ഹോം വർക്ക്‌ ചെയ്യാതെ കൊട്ടിക്കളിക്കുന്നോ ?
റേങ്ക്‌ കിട്ടേണ്ടേ പരീക്ഷയിൽ ? നേഴ്സറി-
പ്പാട്ടുകളെല്ലാം ഹൃദിസ്ഥമായോ ? ” കൊടു-
ങ്കാറ്റുപോൽ വന്നൂ പ്രിയതമ മുന്നിലായ്.

അംബരചുംബിയാം കൊട്ടാരമൊന്നിൽ വെ-
ഞ്ചാമരം വീശുന്ന രാജസോപാനത്തിൽ,
മന്ത്രിമാർ കാക്കും സിംഹാസനത്തിൽ, രാജ-
തന്ത്രമിംഗ്ലീഷിലുരുവിടും ചുണ്ടുമായ്

നാളെയീ ഭാരതരാജ്യം ഭരിക്കേണ്ട
രാജനാവേണ്ടൊരെൻ പൊന്മകൻ കൈയിതിൽ
ചെങ്കോലോ, ചെണ്ടതൻ കോലോ, കടലാസു-
പെൻസിലോ ? സത്യത്തിൽ ശങ്കിച്ചുപോയി ഞാൻ !

2014 നവംബർ 28, വെള്ളിയാഴ്‌ച

ദേശാടനപ്പക്ഷിയോട്‌




പോകാതെയാലപ്പുഴ പ്രാന്തത്തിൽ ദിശ തെറ്റി
പോരിക തിരിച്ചുനീ ദേശാടനപ്പക്ഷീ.
ചുട്ടുകൊന്നീടും നാടാണവിടം,അറിയുക
ഒട്ടുമേ ദയാവായ്പ്പില്ലാതവർ പെരുമാറും
പക്ഷി, നീ മിണ്ടാപ്രാണി, രോഗവാഹിനിയെന്ന
മുദ്രയുംകുത്തി നിന്നെ നിർദ്ദയം കരിച്ചേക്കും
ആരറിവൂ നിൻ ശാപമഗ്നിപ്രവേശം മുന്നെ
മാനവരൊക്കെ നാളെ ഇതുപോൽ കരിഞ്ഞാലോ
വേഗം നീ മടങ്ങുക ഹിമസാനുവും താണ്ടി
മാതൃരാജ്യത്തിൽ തന്നെ ചാവുന്നതല്ലോ ഭേദം !






2014 നവംബർ 16, ഞായറാഴ്‌ച

ചുംബനം



രാജകുമാരി
--------------

പുതുപനിനീർദളരാജികൾതൻ
മൃദുലത വെല്ലുന്ന തല്പമൊന്നിൽ
അഴകിനെവെന്നു കിടക്കയാണാ-
തളിരിളം മേനി കിനാവിൽ മുങ്ങി.
മുകളിലിളംകാറ്റിലാടി നീല-
ഞൊറികളും പട്ടുമേലാപ്പുമെല്ലാം
മുറിയതിൽ മങ്ങി പ്രഭപരത്തും
മണിവിളക്കിൻ മഞ്ജുകാന്തി ചിന്നി
കുനുകൂന്തൽ നീലച്ചുരുളുതന്നിൽ
പവിഴമണികൾ തെളിഞ്ഞുമിന്നി.
കസവിട്ട പട്ടുതലയണയിൽ
ചുളിവുകൾ മന്ദമമർത്തിനിർത്തി
കവിത വിരിയുന്ന നീലരാവിൽ
അവളാ സുഷുപ്തിയിലാണ്ടുപോയി.
മദനവികാരവിജൃംഭിതമാം
മുഴുമാറിൽ സൌഗന്ധകുന്തളത്തിൻ
കരലാളനങ്ങളുമേറ്റുമന്ദ-
മവൾ ഗാഢനിദ്രയിലാണ്ടുപോയി.

രാജകുമാരൻ
-----------------

അണയുകയാണവൻ, കിട്ടിടാത്തോ-
രസുലഭരത്നം കവർന്നെടുക്കാൻ
ഹൃദയം മിടിക്കുന്നു, കാത്തിരുന്നോ-
രുദയമടുക്കുന്നു മുന്നിലിപ്പോൾ
പിടയുകയാണവൻ, തന്മുഖത്തിൽ
സ്ഫുടമായ് തെളിയുന്നതുണ്ടു ചിത്തം
അടിവെച്ചടിവെക്കേ, കാലടികൾ-
ക്കടിയിൽ നിന്നൂർന്നൊരു മന്ദ്രനാദം
അതിശാന്തമന്ത:പുരത്തിനുള്ളി-
ലൊരു യുദ്ധമേഖല തീർത്തിരുന്നു.

ഈരടികൾ
---------------


ഒരു ഞെട്ടൽ, ചുണ്ടിന്നിണകൾതീർത്ത
സ്മരശരചുംബനമത്രമാത്രം !
അവളുണർന്നാപ്പട്ടുമെത്ത ഞെങ്ങി
പവിഴമണിക്കവിളൊന്നുരുമ്മി
പടപട വാതിൽ പലക തട്ടി
പടിവാതിൽ കാവല്ക്കാരൊന്നു ഞെട്ടി
പടപട നീണ്ട കുളമ്പടികൾ
ഇടയിലീ പ്രേമത്തിന്നീരടികൾ:
“കമിതാവാമെന്നെ വലിച്ചിഴച്ചോ-
രമിതസൌന്ദര്യമേ മാപ്പു നല്കൂ !”

(ടെനിസൺ എഴുതിയ ‘സ്ലീപ്പിങ്ങ്‌ ബ്യൂട്ടി’ എന്ന കവിതയോട്` കടപ്പാട്‌)

2014 ഒക്‌ടോബർ 25, ശനിയാഴ്‌ച

ഗാന്ധാരിയുടെ ചിരി



“എല്ലാവർക്കും തിമിരം” , പാടീ പണ്ടൊരു കവി ഞാനതുകേട്ടപ്പോൾ
വല്ലാതായീ, ബാധയതെന്നെ ഒഴിവാക്കട്ടെ, കാഴ്ചയ്ക്കെന്നാൽ തകരാറല്പവു-
മില്ലാതാകാൻ പ്രാർത്ഥിക്കട്ടെ, വാർദ്ധക്യത്തെ തോല്പ്പിക്കട്ടെ, യുവത്വത്തിന്റെ സുഗന്ധം തൂവും
മുല്ലപ്പൂപോൽ വീണു കൊഴിഞ്ഞെൻ പല്ലുകൾ മണ്ണിൽ മുളച്ചീടട്ടെ.

“കണ്ണട വേണം”, തെറ്റീ കവിതൻ വചനം ഡോക്ടർ ചൊല്ലീ വേണ്ടതു
കണ്ണുകൾ രണ്ടും കീറണമിരുളാം തിമിരം മാറ്റാൻ, സ്വാഭാവികമാം-
വർണ്ണാഞ്ചിതമീ ലോകം കാണാൻ, പ്രകൃതിയെ നുകരാൻ, പൂവുകൾ തമ്മിൽ വേറിട്ടറിയാൻ

കണ്ണുകൾ കീറാൻ തയ്യാറായൊരു ഡോക്ടർ ചൊൽവൂ “എവിടെപ്പോയെൻ കണ്ണട?  തിമിരം തോണ്ടാൻ കണ്ണട വേണമെനിക്കിനി ഞാനും രോഗി”
‘എല്ലാവർക്കും തിമിരം വന്നാൽ ഗതിയെന്താകും’ എന്നിലുറങ്ങും
നല്ലവനാം ധൃതരാഷ്ട്രർ ചൊല്ലീ, ഗാന്ധാരീ നീ ചിരി തൂകുന്നോ?


2014 ഒക്‌ടോബർ 22, ബുധനാഴ്‌ച

പാഥേയം


നേർത്ത തിരശ്ശീല പോലെ വിഷാദമെ-
ന്നാത്മാവൊരുക്കിയ വേദിയിൽ വീഴവെ,
ഇത്രയും നാളായ് പണിതീർത്ത മാനസ-
ചിത്രവർണ്ണോജ്ജ്വല മണ്ഡപം മൂകമായ്
സ്തബ്ധമായ് നർത്തനശാല, ചിലങ്കതൻ
ശബ്ദം നിലച്ചൂ, നശിച്ചൂ പ്രതീക്ഷകൾ
പ്രേമസംഗീതത്തുടിപ്പുമായ് വിങ്ങുന്നി-
തോമൽ വിപഞ്ചിതൻ മീട്ടാത്ത തന്തികൾ
ചുണ്ടിന്റെ മാധുരിയേലാതെ കൈവിരൽ-
ത്തുമ്പാൽ പുളകമണിയാതെ മൂകമായ്
പാടാൻ കൊതിച്ചു കിടക്കുന്നു മൂലയി-
ലോടക്കുഴലെന്റെ ജീവിതചിത്രമായ് !
എത്രയോ മുഗ്ധവസന്തം വരച്ചിട്ട
ചിത്രങ്ങൾ മുന്നിലൂടോടി മറയവെ,
ഈ വഴിയമ്പലമുറ്റത്തു വന്നു ഞാൻ
നോവിന്റെ ഭാരച്ചിറകൊതുക്കീടുവാൻ
തീരെ പരിചയമില്ലാത്ത കൈകളാ-
ലാരോ പകർന്ന പാഥേയം നുകരവെ,
എന്തിനോ മോഹിച്ചു മാനസം, ഒന്നു നിൻ
സുന്ദരരൂപമുയിർത്തെഴുന്നേല്ക്കുവാൻ.

2014 ഒക്‌ടോബർ 1, ബുധനാഴ്‌ച

കൂപ്പുകൈ







വന്ദിപ്പൂ സരസ്വതീ വിദ്യതൻ മാതാവേ നിൻ-
മന്ദിരം ഭുവനത്തിൽ സംസ്ക്കാരം ചൊരിയട്ടെ !
പുലർകാലത്തിൽ തവ കീർത്തനം പാടീടുന്നു
പുതുപുഷ്പത്തിൽ താളം മുട്ടുന്ന മന്ദാനിലൻ
അതുകേട്ടല്ലോ പക്ഷിജാലങ്ങൾ ജാതോന്മേഷം
പതിവായ് പാടീടുന്നു താവക സ്തുതിഗീതം
നർത്തനം ചെയ്തീടുന്നു പർണ്ണപാളികൾ സ്വഛ-
നിമ്നഗ വിപഞ്ചിതൻ തന്ത്രികൾ മീട്ടീടുന്നു
കുങ്കുമപ്പൊട്ടുംതൊട്ടു ശ്യാമവാരിദമാകും
കുന്തളം പുലരിയൊന്നൊതുക്കി കെട്ടീടുന്നു
താവക സ്തുതിഗീതി പാടിയൊരാനന്ദത്താൽ
തൂവിയ സന്തോഷാശ്രു പുല്ക്കൊടി തുടയ്ക്കുന്നു
ഭക്ത്യാ കണ്ണുകൾ പൂട്ടി നിശ്ചലമായ്നിന്നിട്ട-
വ്യക്തമാമെന്തോ  ചിലമന്ത്രങ്ങളുരയ്ക്കുന്നു.
കീചകം മുരളികയൂതുന്നു, അരുവിതൻ
വീചികളതുകേട്ടു നർത്തനമാടീടുന്നു
കേരളം തവാഗമം കാത്തിരിക്കയാണേതു-
നേരവും വിദ്യയ്ക്കായി കൈക്കുമ്പിൾ നീട്ടീടുന്നു
വിദ്യകൾ പലവിധമാകുമ്പോൾ ഗുരുഭൂതർ
ശിഷ്യരെ മറക്കുന്നു, മൃഗമായ് മാറീടുന്നു
പട്ടിയാക്കീടാൻ മടിയില്ലാത്ത ചിലർ, ഹാ ! വെ-
പ്പാട്ടിയാക്കീടാൻ കാത്തുനില്പുണ്ട്‌ കാമഭ്രാന്തർ
ഒക്കെയും പൊറുക്കുക, അജ്ഞതയകറ്റിയീ
കൊച്ചുകേരളത്തിനെയൊന്നനുഗ്രഹിക്കുക
വാഗീശ്വരീ നിൻ മുന്നിലിന്നിതാ സമസ്തവും
നേദിച്ചു കൈകൾ കൂപ്പി ഞങ്ങൾ ഹാ! നമിക്കുന്നു.