ആകെ പേജ്‌കാഴ്‌ചകള്‍

2014, ഡിസംബർ 8, തിങ്കളാഴ്‌ച

ചെങ്കോൽ



ഉച്ചയുറക്കിന്നൊഴുക്കിൽ കിനാവിന്റെ
പച്ചിലത്തോണിയിലേറുമെൻ മാനസം
ഉച്ചത്തിൽ മുറ്റത്തുനിന്നുമുയരുന്ന
പുത്രന്റെ ചെണ്ടവാദ്യം കേട്ടുണർന്നുപോയ് !

അഞ്ചുവയസ്സിന്റെ കൌതുകത്തോടവൻ
നെഞ്ചോടു ചേർത്തതാം പുസ്തകപ്പെട്ടിമേൽ
പഞ്ചവാദ്യത്തിന്നലകളുയർത്തുന്നു
പുഞ്ചിരി പൂക്കുന്നു കുഞ്ഞിക്കവിളിലും

ചുറ്റും വിതറിക്കിടക്കുന്ന നേഴ്സറി-
പ്പുസ്തകങ്ങൾ കാറ്റിൽ നാമം ജപിക്കുന്നു
അക്ഷരമാലയെഴുതേണ്ട പെൻസിലോ
കൊച്ചു ചെണ്ടക്കോലവൻതൻകരത്തിലും !

“ഹോം വർക്ക്‌ ചെയ്യാതെ കൊട്ടിക്കളിക്കുന്നോ ?
റേങ്ക്‌ കിട്ടേണ്ടേ പരീക്ഷയിൽ ? നേഴ്സറി-
പ്പാട്ടുകളെല്ലാം ഹൃദിസ്ഥമായോ ? ” കൊടു-
ങ്കാറ്റുപോൽ വന്നൂ പ്രിയതമ മുന്നിലായ്.

അംബരചുംബിയാം കൊട്ടാരമൊന്നിൽ വെ-
ഞ്ചാമരം വീശുന്ന രാജസോപാനത്തിൽ,
മന്ത്രിമാർ കാക്കും സിംഹാസനത്തിൽ, രാജ-
തന്ത്രമിംഗ്ലീഷിലുരുവിടും ചുണ്ടുമായ്

നാളെയീ ഭാരതരാജ്യം ഭരിക്കേണ്ട
രാജനാവേണ്ടൊരെൻ പൊന്മകൻ കൈയിതിൽ
ചെങ്കോലോ, ചെണ്ടതൻ കോലോ, കടലാസു-
പെൻസിലോ ? സത്യത്തിൽ ശങ്കിച്ചുപോയി ഞാൻ !

6 അഭിപ്രായങ്ങൾ:

  1. “ഹോം വർക്ക്‌ ചെയ്യാതെ കൊട്ടിക്കളിക്കുന്നോ ?
    റേങ്ക്‌ കിട്ടേണ്ടേ പരീക്ഷയിൽ ? നേഴ്സറി-
    പ്പാട്ടുകളെല്ലാം ഹൃദിസ്ഥമായോ ? ” കൊടു-
    ങ്കാറ്റുപോൽ വന്നൂ പ്രിയതമ മുന്നിലായ്. Good lines....

    മറുപടിഇല്ലാതാക്കൂ
  2. പ്രിയതമൻ ശങ്ക വിട്ടുണർന്ന്, പ്രിയതമയെ കാര്യം പറഞ്ഞു മനസ്സിലാക്കിയിരുന്നെങ്കിൽ..... :) ആ ബാലകന്റെയുള്ളിൽ തളിരിടുന്ന കലാവാസനയെ തല്ലിക്കെടുത്താതിരുന്നെങ്കിൽ... പഠനത്തോടൊപ്പം ഉള്ളിലെ കലാ-സാഹിത്യവാസനയേയും പരിപോഷിപ്പിച്ച്‌ , രണ്ടു രംഗത്തും തിളങ്ങിയ സർവ്വശ്രീ. കെ.ജയകുമാർ സർ (IAS), ടോമിൻ തച്ചങ്കരി സർ (IPS), ഒ.എൻ.വി.കുറുപ്പ്‌ സാറിന്റെ മകൻ രാജീവൻ സർ (IRS) എന്നിവരൊക്കെ നമ്മുടെ കണ്മുന്നിൽത്തന്നെയുണ്ട്‌. !

    ഒരു കുഞ്ഞു ജനിക്കുന്നതിനു മുൻപ്‌ തന്നെ മികച്ച സ്ക്കൂളിൽ അഡ്മിഷൻ തരപ്പെടുത്താനും മറ്റുമായി ആധി പിടിച്ചോടുന്ന മാതാപിതാക്കളുടെ വർത്തമാനകാല മനോവ്യാപാരങ്ങൾ നല്ല ഭംഗിയായിത്തന്നെ സർ അവതരിപ്പിച്ചു.ഇഷ്ടമായി.

    ശുഭാശംസകൾ സർ.....

    മറുപടിഇല്ലാതാക്കൂ
  3. മക്കളെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ക്ക് എല്ലാ അച്ഛനമ്മമാര്‍ക്കും ഒരേ വഴിയാണ് ...

    മറുപടിഇല്ലാതാക്കൂ
  4. മകന്റെ കൈയ്യില്‍ ചെങ്കോല്‍ തന്നെയാണെന്ന് കാലം തെളിയിക്കട്ടെ .
    നല്ല കവിത, കവിക്ക്‌ അഭിനന്ദനങ്ങള്‍ ,,,

    മറുപടിഇല്ലാതാക്കൂ
  5. ചിന്തിപ്പിക്കുന്ന മനോഹരമായൊരു കവിത.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ