ആകെ പേജ്‌കാഴ്‌ചകള്‍

2014, ഡിസംബർ 11, വ്യാഴാഴ്‌ച

എതിരാളി



“ആരുണ്ട്‌, ചൊല്ലുകെൻ കാന്തിക്കെതിരാളി-
യാരുണ്ടറിവാൻ തുടിക്കുന്നിതെൻ മനം”
ദന്തസിംഹാസനാരൂഢയായ് സങ്കടം
തൻപതിയോടോതി റാണി വിവശയായ്.
രത്നം പതിച്ചാഭയോലും മുകുരത്തി-
ലെത്തും മുഖത്തിൻ പ്രതിബിംബ സൌഷ്ഠവം
നോക്കി നെടുവീർപ്പിടും റാണിയാൾക്കെന്തി-
താകുലം വൈരിയൊന്നില്ലാതിരിക്കവെ ?
ചൊല്ലിനാൾ: “അങ്ങുന്നു സർവ്വമെനിക്കേകി-
യല്ലോ, സഫലീകരിക്കുകീയാശയെ,
ആരുണ്ട്‌ ചൊല്ലുകെൻ മോടിക്കെതിരാളി-
യാരുണ്ടറിവാൻ തുടിക്കുന്നിതെൻ മനം”.

ചിന്തയിൽ മുറ്റും മുഴുകിടും മന്നവ-
ന്നന്തക്കരണമെരിപൊരികൊള്ളവെ,
മന്ത്രിപ്രവരനോടൊത്തീ വിഷമത്തി-
നന്തം വരുത്തുവാൻ മുന്നിട്ടിറങ്ങയായ്.
ഏഴുകടലിനുമക്കരെയുണ്ട്‌ ന-
ല്ലൂഴി, മഹാസുന്ദരികൾ തൻ പാർപ്പിടം
രാജഭൃത്യന്മാരവിടെയും ചെന്നെത്തി
രാജീവലോചനമാരെ തിരയുവാൻ.

അന്നൊരു സായാഹ്നവേളയിൽ വന്നെത്തി
മന്നവൻ തന്മുന്നിലേഴു സുമുഖികൾ
സപ്തസൌന്ദര്യധാമങ്ങളുമായി സ-
ന്തപ്തയാം റാണിതൻ മുന്നിലണയവെ
ചുറ്റും മരതകക്കല്ലിൻ നടുവിലെ
വെട്ടിത്തിളങ്ങിടും വജ്രമോ റാണിയാൾ !
“എൻ മോടി വെല്ലുവാൻ സാദ്ധ്യമിവർക്കില്ല
മന്മനം വീണ്ടും വിവശം തളരുന്നു.
ആരുണ്ട്‌ ചൊല്ലുകെൻ കാന്തിക്കെതിരാളി-
യാരുണ്ടറിവാൻ കൊതിക്കുന്നിതെൻ മനം”

പാരം പ്രതീക്ഷതകർന്നപോൽ മന്നവൻ
പാടെ വിമൂകനായ് ദൂരത്തു നില്ക്കവെ
താരിളം കാൽ വെപ്പിനൊപ്പം സുമോഹന
സ്മേരവദനം വിടരും ചിരിയുമായ്
റാണിതൻ കൊച്ചുകുമാരിക വന്നുടൻ
നാണം കുണുങ്ങിയൊന്നമ്മയെ പുല്കവെ,
ആനന്ദബാഷ്പം പൊഴിച്ചോതി റാണിയാ-
ളാനവ്യ നിർവൃതിക്കൊപ്പമായീവിധം:
“എൻ കാന്തി വെല്ലുവാൻ സാദ്ധ്യമിവൾക്കുതാൻ
സന്മസസ്സംതൃപ്തിയേകിയെന്നോമലാൾ !”

(സരോജിനി നായഡുവിന്റെ   "Queen's rival"  എന്ന കവിതയോട്‌ കടപ്പാട്‌)

6 അഭിപ്രായങ്ങൾ:

  1. ഏറ്റവും ഉയരത്തിലെത്തിയാല്‍ പിന്നെ ഒരു നിരാശ വരുമെന്ന് പറയുന്നതുപോലെ!!

    മറുപടിഇല്ലാതാക്കൂ
  2. നല്ല കാഴ്ച്ചകൾ, നല്ല വാക്കുകൾ, നല്ല രചനകൾ ഇവയൊക്കെ നല്ലതുകളെത്തന്നെ ഓർമ്മിപ്പിക്കുമെന്ന് പറയാറുള്ളത്‌ അക്ഷരം പ്രതി ശരിയാണ്‌ ! ഈ കവിതയിലെ വരികളും മനസ്സിലേക്ക്‌ കോരിയിടുന്നത്‌ മാതൃത്വത്തിന്റെ മാധുര്യം തന്നെ. തന്നേക്കാളും സൗന്ദര്യവതികളായവരെ തിരഞ്ഞ്‌ വൈവശ്യം പ്രകടിപ്പിക്കുമ്പോഴും റാണിയുടെ ഉള്ളം അഹങ്കാരഭരിതമാണ്‌. എന്നാൽ മാതൃഭാവം ആ മനസ്സിലേക്ക്‌ ആവേശിക്കുമ്പോൾ അഹങ്കാരം അലിഞ്ഞില്ലാതാവുന്ന കാഴ്ച്ച ചേതോഹരം തന്നെ. മാതൃത്വം രണ്ടു തവണ ചിന്തിക്കുന്നു എന്നു പറയുന്നതെത്ര ശരി. !!

    മനോഹരമായ രചന. ഇഷ്ടം.

    ശുഭാശംസകൾ സർ......




    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി സൌഗന്ധികം. കവിത ഇഷ്ടപ്പെട്ടതിൽ സന്തോഷം

      ഇല്ലാതാക്കൂ
  3. manoharam ee rachana. madhusir nu abhinandanangal
    chinthoddheepakam aasayam, nalla kavitha

    മറുപടിഇല്ലാതാക്കൂ
  4. അതൊക്കെ സരോജിനി നായഡുവിനു അവകാശപ്പെട്ടതല്ലെ.

    മറുപടിഇല്ലാതാക്കൂ