"നാകലോകത്തിൽ വന്നു നല്ലൊരു കലാസൃഷ്ടി-
യേകുവാനയച്ചിതു ഞങ്ങളെ ദേവാധിപൻ
വരണം ഭവാൻ, രത്നരഥവും നയിച്ചസ്മൽ-
പുരിയിൽ പൂജിച്ചീടാൻ ഞങ്ങളും തയ്യാറല്ലോ"
ചൊന്നവർ, കലാലോല ദേവനർത്തകിമാരെൻ
മന്ദിരേ വന്നിട്ടിത്ഥം, ദേവാഭ്യർത്ഥനയുമായ്
തെല്ലു ഞാൻ ചിന്തിച്ചയ്യോ ഞാനെന്തു കലാസൃഷ്ടി
ചെയ്യുവാനസമർത്ഥനനഭിജ്ഞനുമല്ലോ !
ദേവലോകത്തിൻ കീർത്തി പാടുവാൻ, ദേവേന്ദ്രന്റെ
പാവനസ്തുതി ഗീതം ചെയ്യുവാൻ പുകഴ്ത്തുവാൻ
അറിവില്ലെനിക്കൊട്ടും, കസവിൻ വർണ്ണപ്പൂക്കൾ
ഉറുമാൽതന്നിൽ തുന്നാൻ പൊട്ടിയ സൂചിത്തുമ്പാൽ
ദീനരാം മനുഷ്യർ തൻ ശോകഗാഥകൾ മാത്രം
ഞാനറിയാതെ പാടിപ്പോവുകിലതെൻ ഗാനം !
എങ്ങനെ ക്ഷണിച്ചെന്നെയമരാധിപനെന്തി-
ന്നംഗനാരത്നങ്ങളെ വിളിക്കാനയപ്പിച്ചു ?

തേരേറി ഞാനാസ്വഛനിർമ്മല വിഹായസ്സിൽ
നേരിയ പുള്ളിക്കുത്തായ് മാഞ്ഞുപോയിടുന്നേരം
മേഘമാലകൾ കൈയിലുരുമ്മീ സൗന്ദര്യത്തിൻ
മേഖല സമീപിക്കും സൂചനകളെപ്പോലെ
ഓർമ്മയില്ലെനിക്കൽപ്പനിമിഷം, കണ്ണഞ്ചിക്കും
വാർമഴവില്ലാണെങ്ങും ദേവലോകമെന്മുന്നിൽ
നാകലോകത്തിൻ ദ്വാരമേറി ഞാൻ ചുറ്റും നോക്കി,
മാനവരാരെങ്ങാനുമിവിടെ കാണ്മാനുണ്ടോ ?
കണ്ടു ഞാൻ വഴിവക്കിൽ യേശുവെ, ശ്രീബുദ്ധനെ,
ശങ്കരഗുരുവിനെ, നബിയെ, നാനാക്കിനെ,
ശാന്തിതൻ പ്രഭാപൂരം പരത്തി പ്രശോഭിക്കും
ഗാന്ധിയെ, ചുടുരക്ത സാക്ഷിയാം ലുമുംബയെ,
കർമ്മധീരനാം പണ്ഡിറ്റ് നെഹ്രുവെ, കുടുംബത്തെ,
നർമ്മഭാഷികളായ രാഷ്ട്രീയ നേതാക്കളെ.
"എങ്ങനെ ഭൂവിൽ സൗഖ്യമല്ലയോ ? സമാധാന
മംഗളധ്വനി മണ്ണിൽ മുഴങ്ങിക്കേൾക്കുന്നില്ലേ?
കള്ളവും, ചതിയും. കാൽ വാരലും, അധികാര-
ഭള്ളും, പീഡന ബലാത്സംഗവും, കൊലകളും
അന്യമായില്ലേ നാട്ടിൽ ?, ശാന്തിതൻ മണിനാദ-
മെങ്ങുമേ മുഴങ്ങുന്നതില്ലയോ, ഓങ്കാരം പോൽ ? "
ചോദിച്ചു മഹാത്മാക്കളുത്തരം ചൊല്ലാനൊട്ടും
സാധിക്കാതുഴറി ഞാൻ നിന്നുപോയൊരുവേള
"കാത്തിരിക്കുന്നുണ്ടിന്ദ്രൻ, വേഗത്തിൽ നടന്നാലും,
വാർത്തകൾ പിന്നെച്ചൊല്ലാം "
ചൊന്നുടൻ ദേവസ്ത്രീകൾ
ഞെട്ടി ഞാൻ, തുറന്നെന്റെ കണ്ണുകൾ, മുന്നിൽ ദിന-
പത്രിക, ദിവാസ്വപ്നലീനനായ് നേരം പോയി.
നട്ടുച്ചപ്പൊരിവെയ്‌ലിൻ മാറത്തു കിനാവിന്റെ
കൊച്ചാറൊന്നൊഴുകിപ്പോയ് ദേവഗംഗയെപ്പോലെ.!