ആകെ പേജ്‌കാഴ്‌ചകള്‍

2012, ഒക്‌ടോബർ 4, വ്യാഴാഴ്‌ച

പറശ്ശിനിക്കടവ്‌ മുത്തപ്പൻ




ജാതിമതങ്ങൾക്കതീതമായ്‌, മർത്ത്യന്റെ-
നീതിബോധങ്ങൾക്കു താങ്ങും തണലുമായ്‌
നിർദ്ധനന്നും ധനികന്നുമൊരുപോലെ
നിത്യമാം പുണ്യം പകരുന്ന മുത്തപ്പാ !

നിൻ തിരുമുറ്റത്തണയുവാൻ വെമ്പുമെൻ
ചിന്തകൾ, തെച്ചി-തുളസീമലരുകൾ
തോളോടുതോൾ ചേർന്നിരുന്നു നുകരുന്നി-
തേവരും നിൻ മാനവൈക്യപ്രസാദങ്ങൾ
 
നിന്മുന്നിൽ സർവ്വജ്നനും സാരമേയവു-
മൊന്നുപോൽ പ്രീതരായ്‌ മേവുന്നു ചുറ്റിലും
സത്യം ! ജനങ്ങൾക്കു കാണുന്ന ദൈവമായ്‌
നിത്യവും ഭക്തിയായ്‌ നീ വിരാജിക്കുന്നു.

ഇന്നു ഞാൻ കൈകൂപ്പി നിൽക്കുന്നു കേവല-
മൊന്നുമറിയാത്ത പൈതൽപോൽ മുത്തപ്പാ
എന്നെ നയിക്കുക മായാപ്രപഞ്ചമാം
വഹ്നിയും, ദു:ഖക്കടലും കടക്കുവാൻ

ആകെ നരച്ചുള്ളൊരദ്ധ്യാത്മചിന്തതൻ
താടിയ്ക്ക്‌ തീ കൊളുത്തീടുവാനായിതാ
ഓടുന്നു ഭക്തിയും യുക്തിയുമില്ലാത്തോർ
ഓട്ടക്കലങ്ങൾ തിരിച്ചറിയാത്തവർ

മാപ്പു നൽകീടുകവർക്കു നീ ദൈവമേ
കാട്ടുക നിൻ വിളയാട്ടമാം 'വെള്ളാട്ടം'
നിൻ തിരുചൈതന്യമാം തിരുവപ്പന
സന്തതം സായൂജ്യമേവർക്കുമേകട്ടെ !

5 അഭിപ്രായങ്ങൾ:

  1. പേടിക്കാന്‍ ആരെങ്കിലും ഉണ്ടാവണ്ടേ.

    മറുപടിഇല്ലാതാക്കൂ
  2. പ്രിയ മാഷേ,

    കവിത എനിക്ക് ഇഷ്ട്ടമായി. ഒരു പ്രാര്‍ത്ഥന പോലെ.

    "ഇന്നു ഞാൻ കൈകൂപ്പി നിൽക്കുന്നു കേവല-
    മൊന്നുമറിയാത്ത പൈതൽപോൽ മുത്തപ്പാ
    എന്നെ നയിക്കുക മായാപ്രപഞ്ചമാം
    വഹ്നിയും, ദു:ഖക്കടലും കടക്കുവാൻ"

    ഈ വരികള്‍ വളരെ ഇഷ്ട്ടമായി.

    സ്നേഹത്തോടെ,
    ഗിരീഷ്

    മറുപടിഇല്ലാതാക്കൂ
  3. പ്രിയ മാഷേ
    യദൃച്ഛയാ ഇവിടെ വന്നു ചാടി. കവിത വായിച്ചു. കവിതയുടെ ഉള്ളടക്കത്തെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല. എന്നെ ആകർഷിച്ചത് വാർന്നു വീഴുന്ന വരികളുടെ ഒഴുക്ക് അഥവാ അനുസ്യൂതതയാണ്.
    പൊതുവിദ്യാലയങ്ങളിൽ ഉപയേഗിക്കാവുന്ന പ്രാർത്ഥനാഗാനങ്ങളുടെ ഒരു ശേഖരമുണ്ടാക്കാൻ ആഗ്രഹമുണ്ട്. ഒരാളുടെ ഒന്നിലധികം രചനകളല്ല പലരുടെ ഒരോ മികച്ച രചനകളാകും നന്നാവുക. നിലവിൽ ഉപയോഗിച്ചു വരുന്ന നല്ല രചനകളുമാവാം. ശേഖരമുണ്ടാവട്ടെ. പിന്നീട് എന്തു വേണമെന്ന് ആലോചിക്കാം.
    ഇന്ന് അന്യംനിന്നു പൊയ്ക്കൊണ്ടിരിക്കുന്ന മലയാളത്തിൻറെ ആ സുവർണരചനാശൈലി പിൻതുടരുന്ന മാഷിന് എൻറെ ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  4. അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി. മോഹൻദാസിനു പ്രത്യേകിച്ചും

    മറുപടിഇല്ലാതാക്കൂ