ജീവിതയാത്രയ്ക്കെന്റെ തോഴിയായ്, തുണയായി
നീ വരുന്നതും കാത്തു നാളുകൾ കഴിച്ചൂ ഞാൻ
കൺകളിൽ പ്രതീക്ഷയും കരളിൽ കിനാവുമായ്
മുൻപിലൂടൊരു നൂറുവാസരം കടന്നു പോയ്
വന്നു നീ, കാണ്മൂ മുന്നിൽ കാത്തു കാത്തിരുന്നൊരാ
സുന്ദരരൂപം മമ ജീവിത പ്രതിരൂപം.
കാർമുകിൽ കരിങ്കൂന്തലിഴയും മുല്ലപ്പൂവും,
വാരൊളി ചിന്നും മുഖത്തായിരം മഴവില്ലും,
നീലനീൾമിഴികളും തേൻ ചിന്തും മൊഴികളും,
ഫാലത്തിൽ പുലരൊളിക്കുങ്കുമതിലകവും,
കൈവളക്കിലുക്കവും താളവുമൊപ്പിച്ചേതോ
കൈവല്യരൂപം പോലെ നീ വന്നുചേർന്നൂ മുന്നിൽ !
എങ്ങു നിന്നണയുവതീ കുളിരിളം തെന്ന-
ലെങ്ങുനിന്നുയരുവതീ മണിവീണാനാദം !
പാൽമഴ പെയ്യും നീലരാവിലീ മലർവാടി
പാതിയും കിനാവിന്റെ വേദിയിലുയർന്നപ്പോൾ
ഓമലേ നീയെൻ മുന്നിൽ വന്നെത്തിയനഘമാം
പ്രേമസംഗീതം പാർന്ന ചഷകം ചുണ്ടിൽ ചേർക്കാൻ
ഈ മധുവിധുവിന്റെ മാദകലഹരിയിൽ
ഹാ! മണൽത്തരികളിൽ പുളകം പൊങ്ങീടുമ്പോൾ
ചൊന്നു ഞാൻ :- “ആരോമലേ ! എന്തുനിന്നഭിലാഷം?
ചൊന്നാലു, മെന്താകിലും നിറവേറ്റുവേനിവൻ ”
നിന്നിളം ചുണ്ടിൻ പനിനീരലരിതളല്പം
തെന്നലിലിലിളകിപ്പോയ്, ചൊന്നു നീ മന്ദം മന്ദം:-
“വേണമൊരോടക്കുഴൽ.....”തുഛമാമിതിനാണോ
പ്രാണനായികക്കിത്ര താമസം ? വരുന്നൂ ഞാൻ...
ഓമലിന്നാശയ്ക്കൊപ്പം തേടി ഞാൻ തെരുതോറും
പ്രേമസംഗീതം പാടും മോഹന മുരളിക
(തോഴിയാം രാധയ്ക്കെങ്ങാൻ കാർവർണ്ണൻ യമുനതൻ
തീരത്തു വനവേണു തേടിപ്പണ്ടലഞ്ഞുവോ?)
സപ്തവർണ്ണങ്ങൾ നൃത്തമാടുന്ന മധുരിത
സപ്തനിസ്വന രാഗസുധതൻ മുരളിക
വാങ്ങി ഞാനണഞ്ഞെന്നാരോമലിൻ മുന്നിൽ സുന്ദ-
രാംഗിതൻ മുരളികാഗീതകം കേൾക്കാൻ വെമ്പി
കണ്ടു ഞാനാച്ചെഞ്ചുണ്ടിൽ പുഞ്ചിരി, കടക്കണ്ണിൽ
പണ്ടില്ലാത്തതാമൊരു മിന്നൊളി, അവളോതി:-
“എന്തിനു തുളച്ചിത്ര ദ്വാരങ്ങൾ? പുകയൂതാൻ
രണ്ടല്ലേ ദ്വ്വരം വേണ്ടൂ, ഞാനിതെന്താക്കും ചൊല്ലൂ !”
എൻ കരൾക്കിളിക്കൂട്ടിൽ ചേർത്തൊരീ പുത്തൻ പക്ഷി
പൂങ്കുയിലല്ല, കരിങ്കാക്കയാണറിഞ്ഞൂ ഞാൻ !
അത് വല്ലാത്ത ഒരു ചതിയായിപ്പോയി. ഇനിയിപ്പോ ഓട്ടയില്ലാത്ത ഒരു ഓടക്കുഴല്‍ വാങ്ങി കൊടുക്കുക തന്നെ!!
മറുപടിഇല്ലാതാക്കൂമുരളീഗാനം ഇഷ്ടപ്പെട്ടു.
മറുപടിഇല്ലാതാക്കൂഅവസാനം ഒന്നു പിടിച്ചു കുലുക്കിയല്ലോ,അനുവാചകനെ .....!പ്രിയതമക്ക് നല്‍കാന്‍ ഇനിയും മറ്റൊരു 'ഓടക്കുഴല്‍' തേടിപ്പിടിക്കേണ്ടി വരുമോ ?ഹാസ്യ രസങ്ങള്‍ ചാലിച്ച നല്ല കവിത!
മറുപടിഇല്ലാതാക്കൂ