ആകെ പേജ്‌കാഴ്‌ചകള്‍

2012, ഡിസംബർ 23, ഞായറാഴ്‌ച

കേരളം വരളുന്നു





കേരളം വരളുന്നൂ, പശ്ചിമഘട്ടങ്ങളെ
കേറാതെ കടക്കാതെ കേരളമണ്ണിൽത്തന്നെ
പാലപ്പൂമണം വീശും മന്ദമാരുതനില്ല,
പാൽനുരച്ചിരിതൂകും കുളിർ ചോലകളില്ല,
വയലോ കാണ്മാനില്ല, ദൂരെ ഹാ! മറഞ്ഞെങ്ങോ
വയലാർ മീട്ടും രാഗവീണതൻ നാദബ്രഹ്മം.
കേരളപ്പിറവിയെ ഓർമ്മിപ്പിച്ചിടാനെത്തും
നാളായ നവമ്പറിന്നൊന്നിനെ സ്മരിപ്പൂ ഞാൻ
ഒന്നു നീയെന്നാൽ, നമ്മളൊന്നല്ല, നിരവധി
ഭിന്നമാമാചാരത്തിന്നടിമച്ചന്തക്കൂട്ടം
ഒന്നിനെ രണ്ടായ്ക്കണ്ടൂ പൂർവ്വികരെന്നാൽ നമ്മ-
ളൊന്നിനെ പൂജ്യമാക്കുമാഗോളവിശാരദർ !
അന്ധമാം മതഭ്രാന്തും, തീവ്രമാം വാദോന്മുഖ-
ചിന്തയും, ധനലാഭമോഹവും പെരുകുന്നു.
അമ്മയെ വിറ്റീടുന്നു മക്കൾ, ഹാ! പിതാക്കളോ
അമ്മിഞ്ഞ നുണയേണ്ട മകളെ പ്രാപിക്കുന്നു
'പീഡനം' മലയാളഭാഷയ്ക്കു സമ്മാനിക്കും
നൂതനാർത്ഥത്തിൻ പൊരുൾ നിഘണ്ടുക്കളിലില്ല
കേരളം ഭ്രാന്താലയമെന്നു ചൊന്നതുമാറ്റി
കേരളം കാമഭ്രാന്തിൻ കൂടാരമെന്നോതീടാം
ലജ്ജിക്ക മലയാളമങ്കേ ! നീ പറയുന്ന-
തൊക്കെയും 'മംഗ്ലീഷാ'യി മാറിപ്പോയ്‌ ദയനീയം !
അരിയിലെഴുതിച്ചു നിന്നെയെൻ വിരൽത്തുമ്പാൽ
ഹരിശ്രീയാദ്യാക്ഷരമിന്നതുമറന്നോ നീ?
തുഞ്ചന്റെ കിളിക്കൊഞ്ചൽ കേട്ടു നീ വളർന്നൊപ്പം
കുഞ്ചന്റെ തുള്ളൽപ്പാട്ടിൽ പുഞ്ചിരി വിരിയിക്കെ,
'ഉന്തുന്തു' മട്ടിൻ ഗാഥാകാരനാം ചെറുശ്ശേരി
വൃന്ദാവനത്തിൽ നിന്നെസൽക്കരിച്ചിരുത്തവെ,
പൂന്താനം പാടും ഭക്തിസാന്ദ്രമാം ജ്ഞാനപ്പാന
പൂന്തേനായ്‌ നുകരവെ, കൈവല്യം പകരവെ,
മീൻ തൊട്ടുകൂട്ടും ഭട്ടതിരിയോ വിരൽത്തുമ്പാൽ
ചന്ദനലേപം പൂശി നാരായണീയം നൽകെ,
ഉള്ളൂരിന്നത്ത്യുജ്ജ്വല ശബ്ദാഢ്യതരംഗവും
വള്ളത്തോൾ തഴുകിയ സുന്ദരപദങ്ങളും
ആശാന്റെയചുംബിത ഭാവനാവിലാസമാ-
മാശയസമ്പത്തും നിൻ മേനിയെ പുണരവെ,
വളർന്നൂ തരുണിയായ്‌, കേരളനടനശ്രീ
തിരളും നിന്നെക്കാണാൻ പരദേശികളെത്തി
ചെണ്ടതൻ മുഴക്കത്തിൽ വേഷമിട്ടാടി, കലാ-
മണ്ഡലം കുചേലനായ്‌,കൃഷ്ണനായ്‌ മാറ്റീ നിന്നെ.
തല്ലിപോൽ കുചേലനാ കൃഷ്ണനെ, അനുഭവ-
മല്ലലായ്മാറ്റി തന്റെ കുടുംബം തകർത്തപ്പോൾ.
അന്നുതൊട്ടല്ലോ കഥമാറിപ്പോയ്‌, തവളകൾ
പന്നഗങ്ങളെ തിന്നു, എലിയോ മാർജ്ജാരനെ,
പുലിയെ കൊന്നീടുന്നു പശുക്കൾ, തകർക്കുന്നു
മലയെ ജേസീബികൾ, പുഴയെ മാലിന്യങ്ങൾ,
വയലോ നികത്തുന്നു, കൃഷിയില്ലാതാവുന്നു,
അയൽനാടുകളുടെ കനിവിന്നിരക്കുന്നു.
മന്ത്രിമാർ പൂരപ്പാട്ടുപാടുന്നു, പുണ്യക്ഷേത്ര-
തന്ത്രിമാർ വ്യഭിചാരശാലയിലുറങ്ങുന്നു,
ഗുരുവെ പൊതിക്കുവാൻ പാരതേടുന്നൂ ശിഷ്യർ
ഒരു രോഗിയായ്‌ ഡോക്ടർ കട്ടിലിൽ കിടക്കുന്നു.
കള്ളനെ പേടിച്ചല്ലോ പോലീസിന്നൊളിക്കുന്നു
വെള്ളവുമണക്കെട്ടുമുറക്കം കെടുത്തുന്നു
കണ്ണീരുപൊഴിക്കുന്ന കേരളമക്കൾക്കൊപ്പം
ഉണ്ണാതെയിരിക്കുന്നു രാഷ്ട്രത്തെ ഭുജിപ്പവർ
നീതിദേവതയെന്ന ഗാന്ധാരിതൻ കൺമുന്നിൽ
നൂറ്റവർ ചിരിക്കുന്നു, പാഞ്ചാലി വിതുമ്പുന്നു
കോടികൾ ഗാന്ധിച്ചിത്രം പേറി ഹാ! മറയുന്നു
കോഴകൾ അഴിമതിക്കൊപ്പമായ്‌ വളരുന്നു
റോഡിലെ കുഴികളിൽ ചോരവീണുറക്കുന്നു
രോഷാഗ്നി പടരുന്നു നെഞ്ചകമെരിയുന്നു
കേരമില്ലാതാം കൊച്ചു കേരളമയൽനാട്ടിൽ
കേരകേദാരം തിങ്ങിവളരുന്നതു കാൺകെ,
കേവലം തളരുന്നൂ, പശ്ചിമഘട്ടങ്ങളെ
കേറാതെ, കടക്കാതെ കേരളമണ്ണിൽത്തന്നെ.


21 അഭിപ്രായങ്ങൾ:

  1. സർ, ഇന്നത്തെ കേരളത്തെക്കുറിച്ച് ഇങ്ങനെയല്ലാതെ വർണ്ണിക്കൻ കഴിയുമെന്നു തോന്നുന്നില്ല....
    സത്യം പറയുന്ന വരികൾ....

    കഷ്ടമെന്നല്ലാതെ മറ്റെന്തു പറയാൻ....! അല്ലേ?

    കേരളം വരളുന്നൂ...തളരുന്നൂ.....

    ശുഭാശംസകൾ.....

    മറുപടിഇല്ലാതാക്കൂ
  2. കേരളത്തിന്റെ ഇന്നത്തെ അവസ്ഥ നന്നായി പറഞ്ഞു
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. 'ദൈവത്തിന്‍റെ ഈ സ്വന്തം നാട്'ഇപ്പോള്‍ പിശാചുക്കള്‍ വിഹരിക്കും നാടായതിന്‍റെ തനതായ ആവിഷ്കാരം. ഹൃദയത്തില്‍ തട്ടുന്ന കവിത അഭിനന്ദനങ്ങള്‍ക്കുമപ്പുറം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നല്ല വാക്കുകൾക്ക്‌ നന്ദി, മുഹമ്മദ്‌ കുട്ടി

      ഇല്ലാതാക്കൂ
  4. ചില നാറുന്ന വിഷയങ്ങളില്‍ കേരളം വളരുന്ന കാഴ്ച കാണാത്ത സാറിന്റെയീ ബ്ലോഗില്‍ ഇടിത്തീ വീഴും!


    (ആവേശം കൊള്ളിക്കുന്ന വരികള്‍ )

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. താങ്കളുടെ ഈ ശാപവചനത്തിൽ പ്രതിഷേധിച്ച്‌ നാളെ ബ്ലോഗ്‌ ഹർത്താൽ ആചരിക്കാൻ ഞാൻ എല്ലാ ബ്ലൂലോകവാസികളോടും ആഹ്വാനം ചെയ്യുന്നു.

      ഇല്ലാതാക്കൂ
  5. നാടിന്‍റെ നേര്‍ചിത്രം,അനുയോജ്യമായ പദാവലികളില്‍ .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആറങ്ങോട്ടുകര, അഭിപ്രായം കുറിച്ചതിൽ സന്തോഷം. നന്ദി.

      ഇല്ലാതാക്കൂ

  6. “തല്ലിപോല്‍ കുചേലനാ കൃഷ്ണനെ”

    -ഇഷ്ടപ്പെട്ടു...

    ഒപ്പം, വയലാറിനെ ഓര്‍മ്മ വന്നു.

    -ഇതാ....

    കൃഷ്ണനെത്തല്ലീ കുചേലന്‍-ആ ധിക്കാര-
    കൃത്യമിരമ്പീ ജനഹൃദയങ്ങളില്‍ !
    ആത്മാവിലെങ്ങാണ്ടു തേളുകടിച്ചപോ-
    ലാല്‍ത്തറസ്സന്യാസിമാരമ്പരന്നു പോയ്‌!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വയലാറിന്റെ കവിത ഓർത്തുകൊണ്ടുതന്നെ കുറിച്ചതാണ്‌ ആ വരി. കവിത വായിച്ചതിനും അഭിപ്രായം എഴുതിയതിനും നന്ദി. അശോകൻ

      ഇല്ലാതാക്കൂ
  7. മറുപടികൾ
    1. ഇങ്ങനെ മതിയോ അനൂപ്‌ ? ഇതിനൊരു മാറ്റം വേണ്ടേ ?

      ഇല്ലാതാക്കൂ
  8. Nannaayittundu...keralathe kurichulla varnana athimanoharam aayittundu...

    മറുപടിഇല്ലാതാക്കൂ
  9. ഇതാണ് നമ്മ പറഞ്ഞ കേരളം ......... !!!!
    മനോഹരമായി എഴുതി

    മറുപടിഇല്ലാതാക്കൂ
  10. കേഴുക മമ നാടേ.
    അതെ, കേരളം വളരുന്നു - എന്ത്? വരളുന്നു, തളരുന്നൂ എന്നൊക്കെ തന്നെ.
    ദൈവത്തിന്റെ സ്വന്തം നാട്!
    വിദ്യാസമ്പന്നരുടെ നാട്!
    നല്ല ചിത്രീകരണം, സര്‍.

    മറുപടിഇല്ലാതാക്കൂ
  11. കേരളം വളരുന്നൂ, രൗദ്രമാം കാലത്തിന്റെ
    വേരുകള്‍ നിലത്താഴ്ത്തി വന്യമായ് ദിനം പ്രതി!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ

    1. ആരുണ്ടീ ദുരവസ്ഥ മാറ്റുവാൻ, കാലത്തിന്റെ
      വേരുകളറുക്കുവാൻ, രൗദ്രതയകറ്റുവാൻ ?

      ഇല്ലാതാക്കൂ