ആകെ പേജ്‌കാഴ്‌ചകള്‍

2013, ജനുവരി 16, ബുധനാഴ്‌ച

ഇലയും പൂവും





പുലരിച്ചെന്തുടുപ്പേറ്റു
മലകൾ പുഞ്ചിരിക്കവെ,
കാനനങ്ങൾ കരിങ്കൂന്തൽ
കോതി കണ്ണുതുറക്കവെ,

തേനൂറും പൂക്കൾ വണ്ടത്താൻ
തേടിച്ചുറ്റും പറക്കവെ,
തൈമണിക്കാറ്റിലാടുന്നു
ദൂരെ പിച്ചക വല്ലരി

ഏറെ നാളായ്‌ കൊതിക്കുന്നു
പിച്ചിത്തൈയൊന്നു നേടുവാൻ
കിട്ടിയില്ല ശ്രമിച്ചിട്ടും
വിത്തൊന്നും, കാലദോഷമോ?

എന്റെ മുറ്റത്തൊരു കരി-
ന്തുളസിച്ചെടിയേകയായ്‌
എത്രയോ കാലമായ്‌ നിൽപ്പൂ
സ്വപ്നദർശനലോലയായ്‌

ചുറ്റും പൂമണമേകീടാൻ
പിച്ചിപ്പൂക്കൾ വിരിഞ്ഞീടിൽ
കരിന്തുളസി മുറ്റത്തെ
പച്ചക്കാടായി മാറുമോ?

മോടിയുള്ള നറും പൂക്കൾ
മാടിമാടി വിളിക്കവെ
സൗഹൃദങ്ങൾ വളർന്നീടും
സൗഗന്ധത്തിലലിഞ്ഞിടും

കരിന്തുളസി നിത്യേന
പരിശുദ്ധ ദളങ്ങളാൽ
സന്ധ്യാനാമം ജപിച്ചീടും
മുക്തിചിന്ത വളർത്തിടും

എങ്കിലും ഞാനുമാശിപ്പൂ
പിച്ചകച്ചെടി നട്ടിടാൻ
മൃദുലപ്പൂം ദളം കൊണ്ടു
പൂജിക്കാനിഷ്ടദേവിയെ.....

ഇഛയ്ക്കൊപ്പം സുഹൃത്തേകി
പിച്ചകച്ചെടിവിത്തുകൾ
പാകി ഞാനവമുറ്റത്തു
പാകമായി മുളച്ചിടാൻ

മാസം രണ്ടു കഴിഞ്ഞിട്ടും
മാനം പൂത്തു വിരിഞ്ഞിട്ടും
മനസിൽ നട്ടുപോയുള്ളോ-
രാശാവല്ലരി പൂത്തില്ല

മഴക്കാലം കഴിഞ്ഞെങ്ങും
വിരിഞ്ഞൂ പല പൂവുകൾ
തുളസിക്കും തെഴുപ്പേറെ
മുളച്ചില്ലൊരു പിച്ചിയും

ഒരുനാൾ കണ്ടു കാലത്തു
പറമ്പിന്നൊരു കോണിലായ്‌
മുൾപ്പടർപ്പിനിടയ്ക്കെന്റെ
പിച്ചി പൂവിട്ടു നിൽപ്പതായ്‌

മഴയിൽ മുങ്ങി വിത്തെല്ലാ-
മൊഴുകിപ്പോയപോക്കിലും
തളിരും താരുമേന്തീട്ടു
തലയാട്ടിച്ചിരിക്കയായ്‌ !

കാലമെന്നെ ചതിക്കിലും
കാത്തിരുന്നു മടുക്കിലും,
തുളസിക്കൊപ്പം മുറ്റത്തു
പിച്ചിച്ചെടി നടില്ല ഞാൻ.


13 അഭിപ്രായങ്ങൾ:

  1. മോടിയുള്ള നറും പൂക്കൾ
    മാടിമാടി വിളിക്കവെ
    സൗഹൃദങ്ങൾ വളർന്നീടും
    സൗഗന്ധത്തിലലിഞ്ഞിടും....
    ഒരു നാല് വരികള്‍ എടുത്തെഴുതി എന്ന് മാത്രം. ഒരു പ്രകൃതിസൗന്ദര്യാരാധകന് ഇതില്‍ കൂടുതല്‍ എന്ത് വേണം. എല്ലാം ഹൃദ്യം.
    http://drpmalankot0.blogspot.com

    http://drpmalankot2000.blogspot.com

    മറുപടിഇല്ലാതാക്കൂ
  2. പിച്ചകപ്പൂമണക്കുന്നോ?
    മെച്ചമായ് കെട്ടിമാല്യവും.
    വാച്ച കൗതുകമൊടെ ഞാന്‍
    നിശ്ചയം വീണ്ടുമെത്തിടും.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഷാജിതൻ കുറിമാനത്തി-
      ന്നായിരം നന്ദി ചൊല്ലിടാം
      ആയപോലെ ശ്രമിപ്പൂ ഞാൻ
      പ്രായമെന്നെ തളർത്തിലും.

      ഇല്ലാതാക്കൂ
  3. പിച്ചകവും കരിംതുളസിയും മണക്കുന്ന കവിത ഹൃദ്യമായി

    മറുപടിഇല്ലാതാക്കൂ
  4. സര്‍ വളരെ നല്ലൊരു കവിത !ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  5. പ്രിയപ്പെട്ട മാഷെ,
    പിച്ചകപ്പൂ മാലപോലെ ഭംഗിയുള്ള വരികള്‍
    നല്ല കവിത
    ആശംസകള്‍ മാഷെ
    സ്നേഹത്തോടെ,
    ഗിരീഷ്‌

    മറുപടിഇല്ലാതാക്കൂ
  6. വായിച്ചു ഞാനും മടങ്ങവേ
    ചോദിച്ചു മെല്ലെയെന്‍ മാനസം
    ലാളിച്ചു ഞാനന്ന് വളര്‍ത്തിയ
    പിച്ചക പൂച്ചെടി ഉണങ്ങിയോ ..........
    സ്നേഹം മാഷേ ..ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  7. സുഭാഷ്‌ ചന്ദ്രൻ, അമൃതംഗമയ, മിനി, ഗിരീഷ്‌, അഷ്‌റഫ്‌ കവിത വായിച്ച്‌ അഭിപ്രായം കുറിച്ചതിന്‌ ഒരുപാട്‌ നന്ദി

    മറുപടിഇല്ലാതാക്കൂ
  8. സുഭാഷ്‌ ചന്ദ്രൻ, അമൃതംഗമയ, മിനി, ഗിരീഷ്‌, അഷ്‌റഫ്‌ കവിത വായിച്ച്‌ അഭിപ്രായം കുറിച്ചതിന്‌ ഒരുപാട്‌ നന്ദി

    മറുപടിഇല്ലാതാക്കൂ