ആകെ പേജ്‌കാഴ്‌ചകള്‍

2013 നവംബർ 21, വ്യാഴാഴ്‌ച

എ.ടി.എം



ഇപ്പോൾ പ്രധാന സംസാരവിഷയം മലയാളി യുവതി എ.ടി.എം കൌണ്ടറിൽ ക്രൂരമായി അക്രമിക്കപ്പെട്ട സംഭവമാണല്ലൊ.
രാവിലെ മകൾ വന്നു പരഞ്ഞു “ അമ്മെ ഇന്നു ഫീസ്‌ കൊടുക്കേണ്ട ലാസ്റ്റ്‌ ഡെയ്റ്റ്‌ ആണ്‌. വൈകുന്നേരം  4 മണിക്കു മുൻപ് ഓഫീസിൽ കൊടുക്കണം.”.
അവൾ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നെങ്കിലും പല ബദ്ധപ്പാടുകൾക്കിടയിൽ  മറന്നുപോയി.
മകൾ സ്ക്കൂളിൽ പോകും മുൻപുതന്നെ അവൾക്ക്‌ കാശ്‌ ഏല്പിക്കാമെന്ന്‌ തീരുമാനിച്ച്‌ ഞാൻ ടൌണിലുള്ള എ.ടി.എം ലക്ഷ്യമാക്കി നടന്നു. സമയം രാവിലെ 7.30.
 ഞാൻ ചുറ്റും നോക്കി. വല്ല പിടിച്ചുപറിക്കാരോ ആയുധധാരികളോ എവിടെയെങ്കിലും പതുങ്ങിയിരിപ്പുണ്ടോ എന്ന്‌. ആരുമില്ല. എല്ലാം ശാന്തം.  ഞാൻ എ.ടി.എം.കൌണ്ടറിന്റെ വാതിൽ തള്ളി അകത്തു കയറി.
കാശെടുക്കാൻ കാർഡ്‌ ഇൻസർട് ചെയ്തതും  ഒരു മോട്ടോർ ബൈക്ക്‌ കൌണ്ടറിനു മുന്നിൽ വന്നു നിന്നു.   അതിലുള്ള രണ്ട്‌ തടിമാടന്മാർ എ.ടി.എം.കൌണ്ടറിൽ പ്രവേശിച്ചു.  അവരുടെ കയ്യിൽ സാമാന്യം വലിയ ഹേന്റ്‌ ബാഗും ഉണ്ടായിരുന്നു. കൊടുവാൾ,.ഹാമർ, തോക്ക്   എന്നിവ ഏതു നിമിഷവും പുറത്തു വരാം.
ഞാൻ എല്ല ദൈവങ്ങളേയും ഉറക്കെ വിളിച്ചുപോയി. തല കറങ്ങുന്ന പോലെ എനിക്കു തോന്നി . എന്റെ മകളെ പെട്ടെന്നു ഞാൻ ഓർത്തു. വിദേശത്തുള്ള ഭർത്താവിനെയും.
ബോധമറ്റ്‌ ഞാൻ താഴെ വീണതു മാത്രം എനിക്ക്‌ ഓർമ്മയുണ്ട്‌. കണ്ണു തുറന്നപ്പോൾ. ഒരു ഭീകരൻ എന്റെ മുഖത്തു വെള്ളം കുടയുന്നു. മറ്റേ ഭീകരൻ. എ. ടി.എം മെഷിൻ തുറന്നു എന്തൊക്കെയോ ചെയ്യുന്നു. താഴെ സ്ക്രൂ ഡ്രൈവർ, ഹാമർ തുടങ്ങിയ ഉപകരണങ്ങൾ ചിതറിക്കിടക്കുന്നു..
അയാൾ എന്നോട്` പറഞ്ഞു.
“സഹോദരീ, മെഷിൻ നന്നാക്കാൻ വന്നവരാണ്‌ ഞങ്ങൾ. ഇങ്ങനെ പേടിച്ചാലോ ?”

2013 നവംബർ 20, ബുധനാഴ്‌ച

ശല്യം




എന്തൊരു ശല്യം !
രാവിലെത്തെ വീട്ടുജോലികളൊക്കെ തീർത്ത്‌ മകളെ സ്ക്കൂൾ ബസ്സിൽ കയറ്റിവിട്ട്‌, അമ്മയ്ക്ക്‌വേണ്ട മരുന്ന്‌, ഉച്ചഭക്ഷണം, വെള്ളം എന്നിവ കിടയ്ക്കക്കരികെ  കൊണ്ടുവച്ച്‌ ധൃതിയിൽ സാരി മാറ്റി ഞാൻ നടക്കുകയായി.   ഓഫീസിലേക്ക്‌. 
അപ്പോൾ  ഒരു കള്ളനെപ്പോലെ അവൻ എന്നെ പിൻതുടരാൻ തുടങ്ങും. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ അവനും തിരിഞ്ഞു നോക്കും. ഒന്നും അറിയാത്തപോലെ. 
ഒരുവിധത്തിൽ ഓടി ഞാൻ ബസ്സിൽ കയറിയാൽ പിന്നെ ആ ശല്യമില്ല.   ആശ്വാസം.
ഓഫീസ്‌ വിട്ട്‌ ബസ്സിറങ്ങി വീട്ടിലേക്ക്‌ മടങ്ങുമ്പോൾ വീണ്ടും അവൻ പിൻ തുടരും.  എന്തൊരു ശല്യം!  
ഞാനീ കാര്യം ചേട്ടനോട്‌ മടിച്ചു മടിച്ചു പറഞ്ഞു.
 “പ്രതിവിധിയുണ്ടാക്കാം. നീ വിഷമിക്കാതെ” ചേട്ടന്റെ മറുപടി.
അടുത്ത ദിവസം ഒരു പുത്തൻ കുട ചേട്ടൻ എനിക്ക്‌ സമ്മാനിച്ചു.

2013 നവംബർ 16, ശനിയാഴ്‌ച

ചെണ്ട



അമ്പലപ്രാവു കുറുകുന്ന ക്ഷേത്രത്തിൽ
കുമ്പിട്ടു നിത്യം തൊഴും ഭക്തനാണു ഞാൻ
അത്താഴപൂജ കഴിഞ്ഞു നടയട-
ച്ചമ്പലവാസികൾ പോയ്ക്കഴിഞ്ഞെങ്കിലും
ദേവനു കാവലായ് നില്പു ഞാനീക്ഷേത്ര-
സോപാനവും നോക്കി രാവുമുഴുവനും
പൊള്ളയല്ലെന്മനം, , ഭക്തി തുളുമ്പിടു-
ന്നുള്ളിൽ സദാ, ദേവചൈതന്യമേല്ക്കയാൽ.
ഏറും തൊലിക്കട്ടിയെങ്കിലും കേവലം
കോറിയാലെൻ നാദമപ്പോളുയർന്നിടും
വൃക്ഷമായ് മണ്ണിൽ പിറന്നു ഞാൻ നേടിയീ-
മോക്ഷം, മൃഗത്തോലണിഞ്ഞുകൊണ്ടീവിധം
ഐകമത്യത്തിന്റെ ശക്തിയാൽ മാറ്റിടാം
വൈരുദ്ധ്യമെന്നു തെളിയിച്ചിടും വിധം
ഒറ്റയ്ക്കൊരിക്കലും നേടുവാനാവാത്ത
ശബ്ദസൌഭാഗ്യം ലഭിച്ചൂ പരസ്പരം !
ചിഞ്ചിലം ചൊല്ലുന്ന ചേങ്ങിലയാണെന്റെ 
ചങ്ങാതി ചഞ്ചല, ഞാനോ ‘വലന്തല’
കാത്തിരിപ്പൂ  സുപ്രഭാതം, ഉയരുന്ന
കീർത്തനം, പൊങ്ങുന്ന ശംഖനാദം, പിന്നെ
ദേവനുണർന്നുകഴിഞ്ഞാൽ തുടങ്ങുമെൻ
പാവനമാം വാദ്യ പൂജനം നിത്യവും
എന്നെ തഴുകുന്ന കൈകളെ സത്യത്തി-
ലുമ്മവെച്ചീടാൻ കൊതിച്ചിടുന്നെന്മനം.

2013 നവംബർ 7, വ്യാഴാഴ്‌ച

മരുപ്പച്ച


പറയാനറിയാത്തൊ-
രനുഭൂതിതൻ ദിവ്യ-
പരിവേഷമെൻ മുന്നിൽ 
വെളിച്ചം വിതറുമ്പോൾ,
അറിയുന്നൂ ഞാൻ പണ്ടേ-
തേടിയ മരുപ്പച്ച
മരുഭൂവിലല്ലെന്റെ 
മാനസമതിലല്ലോ !
കാണുവാനാവാതൊട്ടും 
കേൾക്കുവാനാവാതെന്റെ
കാലുകൾ ചലിക്കുവാൻ
ബലഹീനമാകുമ്പോൾ
ഏതൊരുകരസ്പർശ-
മെന്നെ ഹാ ! തഴുകുന്നു,
ദാഹനീർ പകരുന്നു, 
കൈപിടിച്ചുയർത്തുന്നു.
ആ ദിവ്യ ചൈതന്യത്തി-
നായിരം നമോവാകം
നേരുവാൻ മാത്രം സ്നേഹ-
സമ്പന്നനാം ഞാൻ ശക്തൻ

2013 ഒക്‌ടോബർ 3, വ്യാഴാഴ്‌ച

രണ്ടു ഭക്തർ



ഉത്സവസ്ഥലത്തെത്തിയന്നു ഞാൻ, ജനങ്ങൾത-
ന്നുത്സാഹം മുറുകവെ,ദേവബിംബത്തെക്കാണാൻ
അത്തള്ളൽ പെരുംചുഴിക്കുള്ളിൽ ഞാൻ കുടുങ്ങിപ്പോയ്
ഭക്തിതൻ കയറെന്നെക്കെട്ടി ഞാനറിയാതെ
കൈകൂപ്പി നിന്നൂ, തെച്ചിമാലകളണിയിച്ച
കൈവല്യരൂപം മുന്നിൽ പ്രത്യക്ഷപ്പെടുന്നേരം
ചെയ്തുപോയതാം തെറ്റുകുറ്റങ്ങൾ സമസ്തവും
കൈതൊഴുതുണർത്തി ഞാൻ മൌനിയായ് വിനീതനായ് !
ഹൃദയം കുളിർത്തൂ മേ, ദൈവീകകാരുണ്യത്താ-
ലുദയംചെയ്തൂ പാപനാശനകിരണങ്ങൾ
പൊലിയാതതു ഹൃത്തോടൊതുക്കിപ്പിടിച്ചു ഞാൻ
പുലരിപ്പെണ്ണാൾ ബാലസൂര്യനെയെന്നപോലെ.
അമ്പലപ്പടിയിറങ്ങീടവെ, പോലീസിനെ
കുമ്പിട്ടു തൊഴും സാക്ഷാൽ ഭക്തനെ കണ്ടൂ മുന്നിൽ
കാക്കിവേഷത്തിന്നുള്ളിൽ തെറിതന്നമിട്ടുകൾ
കർക്കശഭാവം, കൂടെ ശൌര്യത്തിൻ തുടിപ്പുമായ്
കണ്ണുകൾ ചുഴറ്റിക്കൊണ്ടുന്നതാകാരൻ ലാത്തി-
യൊന്നേന്തിനില്പൂ മുന്നിൽ നീതിപാലനാം ദേവൻ !
കണ്ണുനീർ മഹാനദിയൊഴുക്കി തിരുപാദം 
നന്നായിട്ടഭിഷേകം ചെയ്യുന്നു കള്ളൻഭക്തൻ
തെറ്റുകൾ തുറന്നെല്ലാം ചൊല്ലുന്നു, ആൾക്കൂട്ടത്തിൻ-
തിക്കിലുംതിരക്കിലും പൊന്മാലപൊട്ടിച്ചതും,
കൃത്യമായ് പതിനൊന്നു പോക്കറ്റുമുറിച്ചതും
സത്യമായ് പറയുന്നു കിളികൾ മൊഴിയുമ്പോൽ
കെഞ്ചുന്നു, കരയുന്നു, മാപ്പുനല്കീടാൻ പാദം
രണ്ടിലും മുഖം ചേർത്തു ചുംബിച്ചു വണങ്ങുന്നു
എന്തൊരു ഫലം കൈയിൽ ചങ്ങലയിടുവിച്ചു
അന്തികേ കിടക്കുന്ന ജീപ്പതിൽ കയറ്റിനാർ.
ഒന്നാണ്‌ ഭക്തർ ഞങ്ങൾ, വ്യത്യസ്ത കുറ്റം ചെയ്തു-
വെന്നുമാത്രമേയുള്ളു രണ്ടാളും ശിക്ഷാർഹന്മാർ
ഞാനൊരു പെണ്ണിൻ ചിത്തം കട്ടവൻ, നിരവധി
കാമുകിമാർതൻ ചേല മോഷ്ടിക്കാൻ തുനിഞ്ഞവൻ
എന്താകുമെനിക്കിപ്പോൾ കിട്ടീടും മഹാശിക്ഷ
വെന്തുനീറീടും സാക്ഷാൽ ജീവിതത്തീച്ചൂളയോ ?


2013 സെപ്റ്റംബർ 18, ബുധനാഴ്‌ച

സഞ്ജയസ്മൃതി




വിസ്മൃതിക്കുള്ളിൽ മറയാതെ നിത്യവു-
മസ്മൽ സ്മരണയിൽ മിന്നുന്ന താരമേ !
ഹാസ്യസാമ്രാട്ടേ !, മലയാളനാടിന്റെ
ഭാസുരദീപമെ പ്രോജ്ജ്വലിച്ചീടുക
നീതിതൻ ചാട്ടവാറേന്തി പരിഹാസ-
വീഥിയിലാശയാശ്വത്തിൽ  കുതിച്ചു നീ
ആഞ്ഞടിച്ചല്ലോ നിരന്തരം രാഷ്ട്രീയ
സാമൂഹ്യമാലിന്യ നിർമ്മാർജ്ജനത്തിനായ്
ചുറ്റും ചെളിക്കുള്ളിലാണ്ടു കിടക്കുന്ന
മുത്തു ചൂഴ്ന്നോരോന്നെടുത്തു കാട്ടീടവെ
ഞങ്ങളണഞ്ഞതിൻ ദിവ്യപ്രകാശത്തിൽ
മുങ്ങി പരിസരംപോലും മറന്നുപോയ് !
നിത്യവും കാണുന്ന കാഴ്ചയിലങ്ങതൻ
യുക്തിയാം ഭാവന താഴ്ന്നിറങ്ങീടവെ
ആയിരമായിരമുജ്ജ്വലസൃഷ്ടികൾ
മായികമായിട്ടുയരുന്നു ഹാസ്യമായ്
സഞ്ജയനാമധേയത്തിന്റെ പിന്നിലെ
സഞ്ചിതഹാസ്യ സഞ്ജീവനഗായകാ !
കേരളത്തിന്നഭിമാനമാമങ്ങതൻ
തൂലികാസ്പർശങ്ങൾ ഹാസ്യശരങ്ങളായ്
ആംഗ്ലേയദാസ്യം തലയ്ക്കുപിടിച്ചുള്ള
സങ്കുചിതത്വത്തിൽ ചെന്നുകൊണ്ടീടവെ
നീങ്ങീ ദുരാചാരമെന്ന മൂടൽ മഞ്ഞു
നേടീ സമത്വസാഹോദര്യ സൌഹൃദം !
സ്വർഗലോകത്തിലും ഹാസ്യംതുളുമ്പുന്ന
സർഗ്ഗാത്മഭാവന  പൂത്തുവിടരവെ
ഹാസ്യാഞ്ജലികൾ ഹാ ! നേരുന്നു ഞങ്ങൾ-
ക്കൊരാശ്വാസമങ്ങതൻ ഹാസ്യസ്മരണകൾ.
ഇന്നത്തെ രാഷ്ട്രീയനാടകം ദർശിക്കെ,
അങ്ങതന്നാത്മാവു പൊട്ടിച്ചിരിക്കയാം !


2013 സെപ്റ്റംബർ 7, ശനിയാഴ്‌ച

അമ്മുവിന്റെ പൂക്കളം


എൻ മകൾ പൂപറിക്കാൻ പോയ് മണിക്കൂറി-
തൊന്നു കഴിഞ്ഞല്ലൊ, വൈകിയല്ലോ
മുറ്റത്തു മുല്ലയും, മല്ലികപ്പൂക്കളും
ഒത്തൊരുമിച്ചിതാ പുഞ്ചിരിപ്പൂ
തെച്ചിപ്പൂ വേണമൊരല്പം നടുവിലായ്
മെച്ചമായ് പൂക്കളം സജ്ജമാക്കാൻ
പൂതേടി കുന്നിൻ ചെരിവിലേക്കാണവൾ
പൂക്കളം പൂർത്തിയാക്കാതെയോടി
“അച്ഛനിന്നെത്തുമെൻ മുറ്റത്തപ്പോഴേക്കും
ഇഛപോൽ പൂക്കളം തീർത്തിടേണം”
ചൊന്നവൾ രാവിലെതന്നെയുത്സാഹമായ്
“അമ്മേ, ഞാൻ പൂക്കളം തീർത്തീടട്ടെ”
ചെന്നു ഞാൻ പ്രാതലൊരുക്കുവാനായ്, പ്രിയ-
നിന്നെത്തുമെന്ന പ്രതീക്ഷയോടെ.
   എൻ മകൾ പൂപറിക്കാൻപോയ് മണിക്കൂറി-
   തൊന്നു കഴിഞ്ഞല്ലൊ, വൈകിയല്ലോ
   കൂട്ടിനു കൂട്ടുവാനാളില്ല, ഞാനെന്റെ
   കുഞ്ഞിനെ തേടി പടിയിറങ്ങി
   കുന്നിൻ ചെരിവിലും, തെച്ചിപ്പടർപ്പിലും
   അമ്മുവെ കാണാതുഴറിനില്ക്കെ
   ഒന്നു ഞാൻ ഞെട്ടിയോ?, താഴെ കുഴിയതിൽ
   എന്മകൾ വീണുകിടക്കയല്ലോ.
   പാവാടതന്നിൽ ചിതറിക്കിടപ്പത്
   പൂവല്ല, ചോരതൻ തുള്ളിയല്ലോ.
   രണ്ടുപേരോടിമറയുന്നു ദൂരെ, ഞാൻ
   കണ്ടതു നാളത്തെ വാർത്തയെന്നോ?
   മാവേലിനാടിന്റെ ദുർഗ്ഗതിയോ, പെണ്ണിൻ
   മാനത്തിനേറ്റതാം ശാപമെന്നോ?
   മണ്ണുപിളർന്നുടൻ സീതയെപ്പോലെ ഹാ !
   ഒന്നു ഞാൻ താഴോട്ടു താഴ്ന്നുവെങ്കിൽ !