ആകെ പേജ്‌കാഴ്‌ചകള്‍

2015 ഏപ്രിൽ 2, വ്യാഴാഴ്‌ച

വേഴാമ്പൽ



ദാഹിച്ചുനില്ക്കുന്ന മൺതരിയെക്കണ്ടു
മോഹിച്ചു നില്ക്കുന്ന നീരദവ്യൂഹമേ,
നിന്നനുരാഗ സന്ദേശവുമായിതാ
വന്നൂ ശിരസ്സു കുനിക്കുന്നു മാരിവിൽ !

ആശിച്ചു മണ്ണുകുഴിച്ചു വെൺകല്ലിനാൽ
പേശലകാന്തിയിൽ കെട്ടിപ്പടുത്തു ഞാൻ
കൂപമൊന്നെന്നാലിതുവരെ കണ്ടില്ല
ദാഹം ശമിപ്പിച്ചിടാൻ ജലലേശവും

കൂടുതലാഴങ്ങൾ തേടുമെൻ ഭാവന-
കൂടി തളർന്നു, വരണ്ടുപോയ് ചുണ്ടുകൾ
കത്തിജ്ജ്വലിക്കുന്ന ചൂടാണു ചുറ്റിലും
വറ്റിയ കൂപമായ് മാറിയെൻ കണ്ണുകൾ

അന്നു പതിവിലും നേരത്തെ മാനത്തു
വന്നുനിരന്നു കരിമുകിൽ കന്യകൾ
മിന്നി അവരുടെ പൊന്നിൻ ചിലങ്കകൾ
പൊങ്ങി മൃദംഗരവവുമിടയ്ക്കിടെ

ചുട്ടുതപിക്കും ഗിരിനിര കൈകൂപ്പി
വൃഷ്ടിവരത്തിനായ് മോഹിച്ചു നില്ക്കവെ,
ചില്ലകൾ വിണ്ണിൽ തൊടുക്കുവാനായ് സ്വയം
വില്ലൂന്നി മാമരജാലമൊരുങ്ങവെ

ധാരയായ് താഴോട്ടു വീണു കുളിരണി-
ത്തോരണം മണ്ണിന്നു ചാർത്തുവാൻ മാരിയും
തോടും പുഴയും കവിഞ്ഞു, വരണ്ടുള്ള
നാടും നഗരവുമൊക്കെ കുളിർക്കിലും

ഞാൻ കുഴിച്ചുള്ളൊരീ കൂപത്തിലിപ്പൊഴും
കാണ്മാൻ കഴിഞ്ഞില്ല തെല്ലും ജലകണം !
എന്തിനോ ഞാനറിയാതെയടർന്നുപോയ്
രണ്ടിറ്റു ചൂടുള്ള കണ്ണുനീർത്തുള്ളികൾ.

2015 മാർച്ച് 29, ഞായറാഴ്‌ച

കടലാസുപൂക്കൾ




ആയിരം ദീർഘനിശ്വാസസന്ദേശവു-
മായിവരും കുളിർതെന്നലിൻകൈകളിൽ
തൻജീവചൈതന്യസത്തു പിഴിഞ്ഞേകി
സഞ്ചിതമോദം വരിക്കുന്ന പൂക്കളേ!
നിങ്ങളുയർത്തുന്ന വാസനയല്ലയോ
ഞങ്ങളിലൂറിടും ജീവിതസാധന
പൊങ്ങിപ്പറന്നുയർന്നെങ്ങോ മറയുന്ന
സംഗീതസാന്ദ്രവിലോലമാം ഭാവന !
സപ്തസ്വരസുരവല്ലകി മീട്ടി നി-
സ്തബ്ധരായ് മാറ്റുന്നു ഞങ്ങളെ പൂങ്കുയിൽ
വെള്ളിത്തളികയുമായ് വന്നുനില്ക്കുന്നു
വിണ്ണിലെ വീഥിയിൽ താരാകുമാരിമാർ
വട്ടത്തിലുള്ളൊരീ മേശമേൽ സ്ഥാപിച്ച
കൊച്ചുപളുങ്കുപൂപ്പാത്രത്തിലെന്നുമെ
വാടാതെനില്ക്കും, മനുഷ്യഹസ്തങ്ങൾതൻ-
പാടവം ചിന്തും കടലാസുപൂക്കളേ!
തട്ടിയുണർത്താത്തതെന്തഹോ നിദ്രയിൽ-
പ്പെട്ടിടും മാനസവീണയെ നിങ്ങളും ?
നിങ്ങളിലില്ലയോ പൂമണം ചുറ്റിക്ക-
റങ്ങുന്ന പങ്കതൻകാറ്റിൽ പരത്തുവാൻ?
പൊങ്ങുന്ന നാടിന്റെ ദുർഗന്ധമൊക്കെയും

അങ്ങനെ നീക്കുവാൻ ശുദ്ധീകരിക്കുവാൻ.

ജീവിതനശ്വരകടലാസുപൂക്കൾപാഠം പഠിപ്പിച്ചു
തേനലരെല്ലാമടർന്നു പതിച്ചിടും
വാടുന്ന പൂക്കളേ ! ദൈവഹസ്തങ്ങൾതൻ
പാടവം ചിന്തും മണമുള്ള പൂക്കളേ!
നിങ്ങൾതൻ ചൈതന്യമല്പം പകരുകീ
ഞങ്ങൾ ചമച്ചതാം കൃത്രിമപ്പൂക്കളിൽ.

2015 ഫെബ്രുവരി 16, തിങ്കളാഴ്‌ച

ജവാന്റെ ശിവരാത്രി






ശാന്തിതൻ പീയൂഷധാരയാൽ സ്വർഗ്ഗീയ-
കാന്തിപകരുന്ന കാനനഛായയിൽ,
ഗംഗതൻ കല്ലോലരുദ്രാക്ഷമെണ്ണിയും,
മഞ്ഞിന്റെ ഹോമധൂപങ്ങൾ പരത്തിയും
നിത്യതപസ്സിലിരിപ്പൂ ഹിമാലയ-
മത്യന്തഭക്ത്യാ യുഗാന്തരമെന്നിയേ.
പാടെ നരച്ചുപോയ് താടി നിലാവിന്റെ
പാടലകാന്തിയിൽ മുങ്ങിക്കുളിക്കവെ,
പാവനമാമേതു മന്ത്രമാണങ്ങതൻ
നാവിൽ തുടിപ്പൂ സദാ ഹാ! മഹത്‌ഗുരോ!

ആ മന്ത്രധാരയാൽ ശത്രുക്കളൊക്കെയും
നാമാവശേഷരായ് മാറട്ടെ കേവലം!
നേരുന്നു സായൂജ്യമങ്ങതൻ ദർശനം
നേരിലെൻ ചേതനയ്ക്കെന്നെന്നുമോർക്കുകിൽ
ശൈവചൈതന്യം തുടിക്കുമീ ഭൂമിയിൽ
കൈകൂപ്പി നില്പാണു മാമക സിദ്ധികൾ
ശത്രുവൃന്ദങ്ങളെ തേടുമെൻ കണ്ണുകൾ
സത്യത്തിലെത്ര ശിവരാത്രി നോറ്റുപോയ്

ഓർമ്മതൻ ദീപികയേന്തി മറവിതൻ
കൂരിരുൾക്കോട്ടകൾക്കപ്പുറം കാണ്മു ഞാൻ
ആദ്യമായ് നോറ്റ ശിവരാത്രി, നേർന്ന നി-
വേദ്യം, നുകർന്ന പ്രസാദവും, മോദവും !
ഏഴുവയസ്സുള്ള പൈതലിൻ സാഹസം
പാഴിലാണെന്ന പരിഹാസ ഭാഷണം
മൂകമാം മാമക ഭീതിദ മാനസ-
വീഥിയിൽ പുത്തനാമാവേശമാകവെ,
പാട്ടും കളിയുമായ് രാവിന്റെ യാമങ്ങൾ
നീക്കുമെൻ കൂട്ടരോടൊത്തു ഞാൻ ധൈര്യമായ്

“എട്ടുമണിക്കു മുമ്പെന്നുമുറങ്ങുന്ന
കുട്ടനുറക്കൊഴിയാനോ? മഹാത്ഭുതം !
പാട്ടറിയാത്ത, കളിയറിയാത്തവൻ
നീക്കുവതെങ്ങിനെ നാഴിക മൂകനായ്!“
ചോദ്യങ്ങളിങ്ങനെയായിരം ചുറ്റിലും
ചേങ്ങലവാദ്യം മുഴക്കുന്ന വേളയിൽ
എങ്ങിനെ കൈവരാൻ നിദ്ര, മനസ്സിന്റെ
തുംഗ കവാടങ്ങൾ കൊട്ടിയടക്കവെ?

ഭക്തിയേക്കാളേറെ നേടി പ്രതിരോധ-
ശക്തിയെൻ ചേതനയാദ്യമായങ്ങിനെ
കെട്ടിപ്പടുത്തു പ്രതിബന്ധമൊക്കെയും
തട്ടിത്തകർക്കേണ്ട കോട്ടകളന്നു ഞാൻ
പൊട്ടിത്തരിക്കുന്ന നിർവൃതിക്കൊപ്പമായ്
പുത്തൻ പുലരി പിറക്കുന്ന വേളയിൽ
എന്നിലെ ജേതാവിനെ കണ്ടു പേടിച്ചു
പിന്നിട്ടു പോകയോ കൂരിരുളൊക്കെയും

ഇന്നീ ഹിമാലയപ്രാന്തത്തിലായിരം
പൊന്നുഷസ്സന്ധ്യകൾ മാഞ്ഞു മറയവെ,
ആ ശിവരാത്രിതൻ സിദ്ധികളെന്നെവ-
ന്നാശീർവദിക്കുന്നു മൂകമാം ഭാഷയാൽ
ആയിരം ശത്രുക്കളെ നേരിടാനുള്ളൊ-
രായുധമീ ജവാന്നേകുന്നു നിസ്തുലം!



2015 ഫെബ്രുവരി 3, ചൊവ്വാഴ്ച

മാഞ്ചോട്ടിൽ





ഞാൻ മുമ്പിലെന്നുചൊല്ലി ധൃതിയിൽ പാഞ്ഞീടുന്നു
മാമ്പഴം പെറുക്കാനായ് ജ്യേഷ്ഠനുമനുജനും
കാണുമാ കനിഷ്ഠന്ന്‌ രണ്ടാണ്ട്‌, ജ്യ്യേഷ്ഠന്നതിൽ-
ക്കൂടുതൽ മൂന്നുവർഷം മാത്രമേ തോന്നുന്നുള്ളു
ധൃതിയിൽ പെറുക്കിയാ മാമ്പഴം വരജന-
ങ്ങതിയായ് സന്തോഷിച്ചു; ചുണ്ടുകൾ വികസിക്കെ,
പിന്നിൽനിന്നതാ രണ്ടു കണ്ണുകൾ നിറയുന്നു,
തന്നുടെ മുഖപത്മം വാടുന്നൂ ദയനീയം,
കേഴുകയായപ്പാവം ദീനദീനമായ് തനി-
ക്കേശിയ നിരാശതന്നാശുശുക്ഷണിയേല്ക്കേ,
കുഞ്ഞിനെക്കരയിച്ചതെന്തിനെന്നോതിക്കൊണ്ട-
ങ്ങഞ്ജസാ ജനയിത്രിയുമ്മറപ്പടിയെത്തി.
“മാമ്പഴം കൊടുക്കെടാ കുഞ്ഞിനെ” ന്നതു കേട്ട
മാത്രയിൽ മാണവ്യമാം ചൊടിയാലപ്പൂർവ്വജൻ
അലക്ഷ്യമായെറിഞ്ഞാൻ മാമ്പഴം കുഞ്ഞിൻ നേരെ
പെരുത്ത കോപവ്യസനാദിയാൽ നിറയവെ,
കുഞ്ഞിനു മുന്നിൽ വീണ മാമ്പഴമെടുത്തതാ-
കുഞ്ഞിക്കൈയ്യല്ല, തക്കം പാർത്തിരുന്നൊരു കാകൻ;
പുഞ്ചിരി തൂകി, കൊച്ചുകൈയിണകൊട്ടി, ബാലൻ
കൊഞ്ചലിലോതി ‘കാക! കാക’ എന്നവ്യക്തമായ്
ഏതൊരു മായാമയമാകിയ കരമാണാ
സേതുവെയണകെട്ടിനിർത്തിയന്നിമിഷത്തിൽ ?

( ദേശമിത്രം ആഴ്ചപ്പതിപ്പിൽ 1955 ൽ പ്രസിദ്ധീകരിച്ചത്‌)

പ്രതീക്ഷ




                (പതിനാലാം വയസ്സിൽ ഞാൻ ആദ്യമായി എഴുതിയ കവിത)

2015 ജനുവരി 28, ബുധനാഴ്‌ച

അവകാശി



ആറടിമണ്ണിന്നവകാശികൾ നാമിന്നേറെ
വീറോടെയവകാശപ്പെട്ടതു വൃഥാവിലോ ?
ആദിവാസികളെന്നല്ലേതുജീവികൾക്കുമേ
മോദമോടിവിടത്തിൽ വാഴുവാനധികാരം !
ആരുടെ പിതൃസ്വത്തുമല്ലിതു, പ്രകൃതിതൻ
വാരുറ്റ കൈയാൽ തന്ന സൌജന്യമറിയുക.
പഞ്ചഭൂതങ്ങൾക്കേവമെങ്ങനെ മനുഷ്യന്റെ
വഞ്ചനാപരമായ സ്വാർത്ഥത നിരക്കുന്നു ?
വായു,വാകാശം, വെള്ള,മഗ്നിയെന്നതുപോലെ
ജീവികൾക്കവകാശപ്പെട്ടതാണീഭൂമിയും.
വേലികെട്ടിയോ, കരിങ്കല്ലിനാൽ മതിൽ കെട്ടി
വേർതിരിക്കുവാനില്ലൊരാൾക്കുമിന്നവകാശം.
കുന്നിടിക്കുവാൻ, മണലൂറ്റുവാൻ, പുഴയുടെ
മുന്നോട്ടെ ഗതിനിർത്തി മാലിന്യം നിക്ഷേപിക്കാൻ,
ഈ പരിസ്ഥിതി മാറ്റിമറിക്കാൻ, പ്രകൃതിതൻ
ശാദ്വലപ്രതലത്തിൻ ശാന്തത നശിപ്പിക്കാൻ
കാടിനെ നാടാക്കുവാൻ, കാട്ടിലെ മൃഗങ്ങളെ
വേട്ടയാടുവാൻ, നാട്ടുമൃഗമായ് മാറ്റീടുവാൻ
പുഴയിൽ വിഷംചേർക്കാൻ, കീടനാശിനികളാൽ
പഴവും ഫലങ്ങളും രോഗവാഹിനിയാക്കാൻ
ആരുവാൻ നല്കീ മർത്ത്യന്നനുവാദമിന്നോർത്താൽ
ക്രൂരതതന്നെയെല്ലാം, ഒക്കെയുമഹങ്കാരം !
എവിടെ കാട്ടാറുകൾ, കിളികൾ കപോതങ്ങൾ,
കവികൾ പുകഴ്ത്തുന്ന മോഹനമയൂരങ്ങൾ ?
എവിടെ കാട്ടാനകൾ, സിംഹങ്ങൾ, മുയലുകൾ,
ചെവികളടപ്പിക്കും ചീവീടിൻ മൂളിച്ചകൾ ?
കാട്ടിലെവാസം വിട്ടിട്ടഭയം തേടുന്നല്ലോ
വീട്ടിലെ മുറിക്കുള്ളിൽ രാജവെമ്പാലക്കൂട്ടം !
മണ്ണിനെ മലീമസമാക്കുന്ന മനുഷ്യന്റെ
കണ്ണുകൾ ദയാപൂർണ്ണമാകുവതെന്നാണാമോ ?
കണ്ണീരു വറ്റിക്കേഴും ഭൂമിതൻ നെടുവീർപ്പിൽ
വെണ്ണീറായ്മാറും ലോകം, കല്പാന്തമടുത്തുപോയ്.
ആറടിമണ്ണിന്നവകാശികളൊരിക്കലു-
മാവില്ല നമ്മൾ, പഞ്ചഭൂതത്തിൻ കണിക നാം !
------------------------------
(2015- അന്താരാഷ്ട്ര മണ്ണ്‌ വർഷം)

2015 ജനുവരി 1, വ്യാഴാഴ്‌ച

പിറവി




ചെമ്പകപ്പൂക്കളിലന്തിയിലിന്നലെ
പൈമ്പാൽ പകരുവാനമ്പിളി വന്നില്ല
തൂമണം പൂശുവാൻ ചില്ലകുലുക്കുവാൻ
താരാട്ടുപാടുവാൻ തെന്നലും വന്നില്ല.

മൂകമാം രാവിന്റെ ഭീതിയിൽ കൂരിരുൾ
മൂടിപ്പുതച്ചുമയങ്ങുന്നു ഭൂമിയും
അക്കൂരിരുട്ടിൻ കരിമ്പടം കീറിയ
ദിക്കിലായ് താരകൾ നൂലുകൊരുക്കുന്നു

തെക്കുവടക്കു നടപ്പു ഞാൻ, കേൾപ്പൂ ഞ-
രക്കം, നെടുവീർപ്പു വാതിലിനപ്പുറം
ജീവൻ കൊടുക്കാൻ പിടയ്ക്കുന്ന സൃഷ്ടിതൻ
നോവിതാപൊങ്ങുന്നു, പേറ്റുനോവെന്നപോൽ

ചാരിയ വാതിൽപലക വിഭജിപ്പൂ
കൂരിരുളിങ്ങും പകലങ്ങുമെങ്കിലും
കാത്തിരുന്നീടും പ്രതീക്ഷയിൽ ഭാവനാ-
കാമുകനാം ഞാൻ വെളിച്ചം നുകരുന്നു.

തൈമണിത്തെന്നൽ വെൺചാമരം വീശുന്നു
പൂമണം പൂശുന്നു, പൂനിലാവെത്തുന്നു
ആടിയതെല്ലാം നടനമറിയാതെ
പാടിയതെല്ലാം മഹത്‌ഭാവഗീതകം !

കൂരിരുൾ പൊട്ടിത്തകർത്തു പുലരിയാം
ചോരക്കിടാവിൻ പിറവിനടക്കവെ
പേരിട്ടവൾക്കു കവിതയെന്നാനറും
താരിളം ചെങ്കവിൾ മുത്തിടും ഞാൻ കവി

അമ്മിഞ്ഞനീട്ടും പ്രകൃത്യാംബതൻ മുഖ-
ത്തുന്മേഷ വീചികൾ നർത്തനം ചെയ്യവെ
ജീവചൈതന്യം തുടിക്കുന്നു ചുറ്റിലും
രാവല്ല, തങ്കക്കതിരൊളിയെങ്ങുമേ !