ആകെ പേജ്‌കാഴ്‌ചകള്‍

2013 ഓഗസ്റ്റ് 23, വെള്ളിയാഴ്‌ച

പൂജ്യം


മംഗളം നേർന്നീടട്ടെ ചിങ്ങമേ, മലയാള-
മങ്കതൻ ചിലമ്പൊലി നിന്നിലൂടുയരട്ടെ.
നിൻ പുതു  കാൽ വെപ്പൊപ്പമാവട്ടെ, യുയരുവാൻ
വെമ്പുന്ന  യുവജനകോടിതൻ നെടുവീർപ്പും
ആശിച്ചു നിന്നോടൊപ്പം ചേരുവാൻ, പരിമളം
പൂശിടും തിരുവോണപ്പൂങ്കാവിലുലാത്തിടാൻ,
ആശപോൽ പുതുപൂക്കൾ കോർത്തൊരു ശ്രേഷ്ഠഭാഷാ-
മാല്യമാ തിരുമാറിൽ ചാർത്തുവാനെന്നാൽ കഷ്ടം
വീടങ്ങും, ചോറിങ്ങുമായ് കഴിവോരല്ലോ മറു-
നാടരാം ഞങ്ങൾ മലയാളികളറിഞ്ഞാലും.
മൊട്ടിടാറുണ്ടെൻ ശൂന്യഭാവനയിരുട്ടാണു
ചുറ്റിലുമെന്നാൽപ്പോലും വെളിച്ചം കണ്ടെത്തുന്നു
വറ്റാത്ത ചുടു കണ്ണുനീർക്കടൽ തന്നിൽ മുങ്ങി
മുത്തുകൾ കൊരുക്കാനും പവിഴം ചികയാനും
ആയിരം പ്രതികൂലവീചികളിരമ്പുന്നൊ-
രാഴിയിൽ നിസ്സങ്കോചമെൻ വഞ്ചിയിറക്കാനും
കെട്ടുപോയിടും താരാദീപിക നോക്കിത്തന്നെ
യക്കരെയപകടംകൂടാതെ എത്തീടാനും
ഉറ്റ ബന്ധുക്കൾക്കൊപ്പമിരുന്നിട്ടൊരു പിടി-
വറ്റുണ്ടു മാവേലിയെ സ്റ്റോറിലായ് പൂട്ടീടാനും,
ഓണമെന്നില്ലാതെന്നുമുയരുമോണത്തല്ലിൻ-
മേളവും പുലിക്കളിച്ചന്തവും കണ്ടീടാനും
മറ്റെങ്ങുകിട്ടും ഭാഗ്യം ! സോളാറിൻ വെളിച്ചത്തിൽ
കറ്റക്കാർകുഴലിമാർ നർത്തനമാടീടുമ്പോൾ
ഞാനെത്ര ധന്യൻ !  നിന്റെ പാദാരവിന്ദങ്ങളിൽ
ചേലൊത്ത സവാളതൻ തൊലിയാൽ പൂജിക്കുന്നേൻ !



2013 ജൂലൈ 24, ബുധനാഴ്‌ച

റീത്ത്‌




ബസ്സ്സ്റ്റാന്റിലെ വാകമരച്ചോട്ടിൽ അയാൾ പൂക്കൾ വിൽക്കാൻ തുടങ്ങിയിട്ട്‌ 50 വർഷങ്ങളായി. പ്ലൈവൂഡ്‌കൊണ്ട്‌ തട്ടിക്കൂട്ടിയ ഒരു ആടുന്ന മേശപ്പുറത്താണ്‌ പൂക്കൊട്ടകളും ബൊക്കെയും റീത്തുമൊക്കെ നിരത്തിവച്ചിരുന്നത്‌.
അന്നും പൂമാല വാങ്ങാനും ഓർഡർ കൊടുക്കാനും പതിവുപോലെ ആളുകളുണ്ടായി. 
അയാൾ ഒരു റീത്ത്‌ തയ്യാറാക്കിക്കൊണ്ടിരിക്കയായിരുന്നു. 
പണി പൂർത്തിയായതും അയാൾ റീത്തും കയ്യിൽ മുറുകെ പിടിച്ചുകൊണ്ടു മലർന്നുവീണു. 
മറ്റൊരാൾ റീത്ത്‌ വെക്കേണ്ട ആവശ്യം വന്നില്ല. 

2013 ജൂലൈ 5, വെള്ളിയാഴ്‌ച

ഒരു താമരയുടെ കഥ



ദൂരെ, കവിത തിരയുന്ന കൺകൾക്ക്‌
പാരം കുളിരേകും ഗ്രാമമുണ്ട്‌
നാലുപേർ കേട്ടാലറിയും ഗൃഹമൊന്നിൽ
താലോലം പാടുന്നൊരമ്മയുണ്ട്‌
ആകാശനീലിമയാകെ പകർത്തിയ
ചേതോഹരമൊരു പൊയ്കയുണ്ട്‌
കോമളമാകും കമലം വിരിഞ്ഞതിൽ
കോൾമയിർക്കൊൾവൂ മധുപവൃന്ദം
നീർമാതളപ്പൂക്കൾ കാറ്റിലുലഞ്ഞാടി
നീലാംബരി പാടി കോകിലങ്ങൾ
ചൂളും തണുപ്പിൽ മതിലുകൾക്കപ്പുറം
ബാല്യകാലസ്മൃതി പൂവിടുമ്പോൾ
എന്റെ കഥ കേട്ടു ഞെട്ടരുതെന്നോതി
മുന്നിടുന്നൂ വണ്ടിക്കാളകളും
ആരെയും കണ്ടാലറിയാത്ത കേൾക്കാത്തൊ-
രാരവം ചൂഴും നഗരമൊന്നിൽ
അട്ടിയായ്‌ കെട്ടിയുയർത്തിയ വീടുകൾ
പട്ടണച്ചന്തമായ്‌ മാറിടുന്നു
കോൺക്രീറ്റുകൊണ്ടു പണിതുള്ള മുറ്റത്ത്‌
കോമളമായൊരുദ്യാനമൊന്നിൽ
ഓർക്കിഡുമാന്തൂറിയംതൊട്ടു മുന്തിയ
പൂച്ചെടിച്ചട്ടികളേറെയുണ്ട്‌
പാറക്കഷണങ്ങൾകൊണ്ടു പണിതീർത്ത
തൂമയേഴും ശിലാശിൽപ്പമുണ്ട്‌
അച്ഛസ്പടികസമാനമാം മാർബിളിൽ
കെട്ടിയൊരുദ്യാനവാപിയുണ്ട്‌
ആരുവാൻ കൊണ്ടുവന്നിട്ടൂ വേരറ്റൊരാ-
താമരപ്പൂമലരിന്നിവിടെ
നാനാ തരം വർണ്ണമീനുകൾ ചുറ്റിലും
നീന്തിത്തുടിപ്പുണ്ട്‌ ശങ്കയോടെ
സൂര്യകിരണങ്ങൾ മങ്ങി, സാന്ധ്യാംബര-
ശോണിമ മാഞ്ഞിരുൾ മൂടിടുമ്പോൾ
ആകവെ കൂമ്പും കമലദളങ്ങളെ
രാവിന്റെ മൂടുപടം മറച്ചൂ
രാകേന്ദു പൂനിലാച്ചുംബനം നൽകവെ
രാജീവനേത്രമടഞ്ഞു മന്ദം !


2013 ജൂൺ 30, ഞായറാഴ്‌ച

പഞ്ചാക്ഷരി




മിച്ചിടുന്നേൻ ശിവശങ്കരാ നിൻ
പദാംബുജം ഞാൻ പരിചോടു നിത്യം
കനിഞ്ഞു നൽകീടുക മോക്ഷമെന്നെ
കരേറ്റിടൂ പാപജഗത്തിൽനിന്നും

ഹാപരാധങ്ങൾ ദിനേ നടക്കും
മഹീതലേ ശോകമകറ്റിടാനായ്‌
മലർശരൻ തന്നെയെരിച്ച മുക്കൺ
തുറന്നു പാർത്തീടുക വിശ്വനാഥാ !

ശിരസ്സിൽ നീ ചൂടിയ ചന്ദ്രബിംബം
പരത്തിടട്ടെ പ്രഭ പാരിലെങ്ങും
കുളിർത്തിടട്ടെ വ്യഥയാൽ വരണ്ട
മനസ്സ്‌ ഗംഗാജലധാരയാലും

വാരുറ്റ നിൻ നീലഗളത്തിലെന്നും
ചേരുന്ന കാകോള ഫണിക്കു തുല്യം
മോഹാന്ധകാരച്ചുരുൾ ചുടിയിങ്ങു
മേവും ജനം നിന്നെ വണങ്ങിടട്ടെ

ഥാക്രമം നിൻ സവിധത്തിൽ വന്നു
ചേർന്നിന്നു പഞ്ചാക്ഷരി ചൊല്ലിടാനും
ദേവാ ! കനിഞ്ഞെന്നിലനുഗ്രഹങ്ങൾ
നേർന്നീടുവാനും തല കുമ്പിടുന്നേൻ !

2013 മേയ് 27, തിങ്കളാഴ്‌ച

വേഴാമ്പൽ



ദാഹിച്ചുനിൽക്കുന്ന മൺതരിയെക്കണ്ടു
മോഹിച്ചു നിൽക്കുന്ന നീരദവ്യൂഹമേ
നിന്നനുരാഗ സന്ദേശവുമായിതാ
വന്നു ശിരസ്സു കുനിക്കുന്നു മാരിവിൽ !

ആശിച്ചു മണ്ണുകുഴിച്ചു വെൺകല്ലിനാൽ
പേശലകാന്തിയിൽ കെട്ടിപ്പടുത്തു ഞാൻ
കൂപമൊന്നെന്നാലിതുവരെ കണ്ടില്ല
ദാഹം ശമിപ്പിച്ചിടാൻ ജലലേശവും

കൂടുതലാഴങ്ങൾ തേടുമെൻ ഭാവന-
കൂടി തളർന്നു, വിളർത്തുപോയ്‌ ചുണ്ടുകൾ
കത്തിജ്ജ്വലിക്കുന്ന ചൂടാണു ചുറ്റിലും
വറ്റിയ കൂപമായ്‌ മാറിയെൻ കണ്ണുകൾ

അന്നു പതിവിലും നേരത്തെ മാനത്തു
വന്നു നിരന്നൂ കരിമുകിൽ കന്യകൾ
മിന്നി അവരുടെ പൊന്നിൻ ചിലങ്കകൾ
പൊങ്ങി മൃദംഗരവവുമിടയ്ക്കിടെ

ചുട്ടുതപിക്കും ഗിരിനിര കൈകൂപ്പി
വൃഷ്ടിവരത്തിനായ്‌ പ്രാർത്ഥിച്ചു നിൽക്കവെ
ചില്ലകൾ വിണ്ണിൽ തൊടുക്കുവാനായ്‌ സ്വയം
വില്ലൂന്നി മാമരജാലമൊരുങ്ങവെ

ധാരയായ്‌ താഴോട്ടു വീണു കുളിരണി-
ത്തോരണം മണ്ണിനു  ചാർത്തുവാൻ മാരിയും
തോടും പുഴയും കവിഞ്ഞു, വരണ്ടുള്ള
നാടും നഗരവുമൊക്കെ കുളിർക്കിലും

ഞാൻ കുഴിച്ചുള്ളൊരീ കൂപത്തിലിപ്പൊഴും
കാണ്മാൻ കഴിഞ്ഞില്ല തെല്ലും ജലകണം !
എന്തിനോ ഞാനറിയാതെയടർന്നുപോയ്‌
രണ്ടിറ്റു ചൂടുള്ള കണ്ണുനീർത്തുള്ളികൾ.
   

2013 മേയ് 23, വ്യാഴാഴ്‌ച

സൃഷ്ടി





കണ്ണിൽ കരിയും, കരളിൽ കുസൃതിയും
ചുണ്ടിൽ ചിരിയുമായ്‌ മേവുമെൻ കുഞ്ഞിനെ
നിർദ്ദയം താഡിച്ചു കോപകലുഷാത്മ-
മർദ്ദിതനായ ഞാൻ ചോരപൊട്ടുംവരെ

ഒന്നല്ല, രണ്ടല്ലിതേഴാം തവണയാ-
ണെന്മകൾ ധിക്കാരമീവിധം കാട്ടുന്നു
തെറ്റു തിരുത്തുവാനില്ലമ്മ ലാളിച്ചു
മുത്തം കൊടുക്കുവാ,നപ്പമേകീടുവാൻ

എങ്ങനെ മിണ്ടാതെ ഞാനിരിക്കും? കരൾ
തേങ്ങുകയാകിലും, കണ്ണു ചുവക്കണം !
നേരമിരുട്ടിയ നേരം പതുക്കവെ
ചാരിയ വാതിൽക്കതവു തുറന്നു ഞാൻ

ഏറെ കരയുകകാരണം നിദ്രയി-
ലൂറുമെൻ പൈതലെ കാണ്മാനണയവെ
കൂമ്പിയ താമരക്കൺകളിൽ കണ്ടു ഞാൻ
തേൻ തുള്ളിപോലുള്ള രണ്ടിറ്റു കണ്ണുനീർ

അക്കണ്ണുനീരെന്റെ ചുണ്ടാൽ തുടയ്ക്കവെ,
അക്കരിങ്കൂന്തലെൻ കണ്ണുനീരൊപ്പവെ,
തെറ്റുകൾ സർവ്വം
 പൊറുക്കേണ്ട മാനസ-
ശക്തിയുണർന്നെന്നിൽ വിദ്യുല്ലതികപോൽ

കണ്ടു ഞാൻ മെത്തയ്ക്കരികിൽ പളുങ്കിന്റെ
തുണ്ടുകൾ, വർണ്ണശബളമാം ചിപ്പികൾ,
കുപ്പിവളകൾ, പൂച്ചെണ്ടുകൾ, നിത്യവും
പെറ്റുപെരുകുന്ന പീലികൾ, മാലകൾ

ഒക്കെയും ചേർത്തു വിഷാദാർത്തചിത്തയെൻ
പുത്രി വിരചിച്ച നോവിന്റെ ചിത്രണം
എത്ര മനോഹരം ! നിശ്ചയം വേദനാ-
ചിത്രമാണെന്നും മനുഷ്യന്റെ സൃഷ്ടികൾ !

2013 മേയ് 2, വ്യാഴാഴ്‌ച

ജവാന്റെ കവിത





വരു വരു ! സുരവര സുന്ദരിമാരെ
സുരുചിര നർത്തനമാടുക ചാരെ
തരിവളയിട്ട കരാംഗുലിയാലെ
പെരുമാറീടുക മാനസവീണ
തവപദ ധൂളികൾ വീണുകിടക്കും
ഗഗനതലത്തിലുതിർന്നു കിടന്നു
ചുരുൾ കാർകൂന്തലുമൊരു പൊൻപൂവും
തരള ഹൃദന്ത തരംഗംപോലെ
മുകുളിത ഹസ്തമുയർത്തുവതെന്തേ
പ്രകൃതി വിമൂകം മാമലയാലെ
മിഴിനീർത്തുള്ളി തുളുമ്പുവതെന്തേ
മഴമുകിലിൻ കൺപീലിയിലാകെ
വരു വരു ! സുരവര സുന്ദരിമാരെ
വിരവൊടു സൈനിക സങ്കേതത്തിൽ
പലവുരു സ്വപ്നം കണ്ടുകിടന്നേൻ
പകലിരവനിശം താവക ദൃശ്യം
കുതുകമൊടൊഴുകും ചോലകൾ തന്നിൽ
പുതുതായ്‌ കേട്ടു മോഹനഗാനം
മധുവൊഴുകും മലരിതളുകൾ തന്നിൽ
മധുപൻ വെച്ചു മറന്നു മരന്ദം
തിരമാലകളുടെ താരാട്ടുകളിൽ
കരിമിഴിപൂട്ടിയുറങ്ങി ദിനാന്തം
വരു വരു ! സുരവര സുന്ദരിമാരെ
കുളിരുവിതയ്ക്കുക മാനസമാകെ.