ആകെ പേജ്‌കാഴ്‌ചകള്‍

2013 ഡിസംബർ 30, തിങ്കളാഴ്‌ച

സ്വാഗതം 2014




വർണ്ണപ്പൊലിമയെഴും പീലി കാലമാം
സ്വർണ്ണകിരീടത്തിൽ വീണ്ടും തിരുകിയും
സ്വപ്നം നുണയുന്ന താമരമൊട്ടുകൾ-
ക്കർക്കകിരണങ്ങൾ കുങ്കുമം പൂശിയും
പൊട്ടിവിടരുന്ന പൂവുകൾ തന്നുള്ളി-
ലിറ്റിറ്റു പൂന്തേൻ കണം ഹാ ചുരത്തിയും
മത്തുപിടിപ്പിച്ചിടുംവിധം തൂമണം
ചുറ്റിലും കാറ്റിന്റെ കൈയാൽ പരത്തിയും
ആർത്തലച്ചെത്തി വിഭാതം, കടൽത്തിര-
ച്ചാർത്തുപോൽ തൂനുരപ്പാലല ചാർത്തിയും
പന്ത്രണ്ടു കൂറ്റൻ കുതിരയെ കെട്ടിയൊ-
രിന്ദ്രന്റെ തേരിൽ കയറി നീയെത്തവെ
സ്വാഗതം നൂതന വത്സരമേ, നിന്റെ-
യാഗമം ഞങ്ങൾക്കു സന്തോഷദായകം
യാത്രയിൽ നേരിട്ട ദാഹവും ക്ഷീണവും
രാത്രിയിൽ പന്ഥാവു തെറ്റിയ കാര്യവും
ഓടും കുതിരകൾ കാൽ തെറ്റി വീണതും,
നാടും നഗരവും തെണ്ടിയലഞ്ഞതും
ഒക്കെയും ഞങ്ങൾ മറക്കുന്നു കേവലം
ത്വൽ കൃപാ വീക്ഷണ കോണിൽ പതിയവെ
സല്ക്കലാ വല്ലഭയായി നീ വന്നെത്തി
സല്ക്കരിച്ചാലും സമൃദ്ധികളംബികേ
ഉല്ക്കട ദാഹാർത്തർ ഞങ്ങൾ ഹാ ! നീട്ടുന്നി-
തല്പവും കെല്പെഴാതുള്ളൊരീ കൈയുകൾ
ആത്മാവിൽ നിന്നുയർന്നുള്ളൊരീ ഗീതിയിൽ
സാത്മ്യം പ്രപഞ്ചം വരിക്കാനൊരുങ്ങവെ
ഞങ്ങൾ മറക്കുന്നു ഞങ്ങളെത്തന്നെയും
പൊങ്ങിടും ഭീതിയിൽ സംതൃപ്തരാകവെ.

2013 ഡിസംബർ 17, ചൊവ്വാഴ്ച

കവികൾ അറിയാൻ



“അക്ഷര ജാലകം” എന്ന പംക്തിയിൽ ശ്രീ. എം.കെ. ഹരികുമാർ എഴുതിയ ‘യാഥാർത്ഥ്യം വേശ്യയോ’ എന്ന ലേഖനത്തിലെ ചില ഭാഗങ്ങളാണ്‌. ചുവടെ ചേർത്തിരിക്കുന്നത്‌. മാന്യ വായനക്കാരുടെ - പ്രത്യേകിച്ചു കവികളുടെ- പ്രതികരണം അറിയുവാൻ ആഗ്രഹമുണ്ട്‌.


"ഏതു പരീക്ഷണവും കുറെ കഴിയുമ്പോ ചീയും. അതു മനുഷ്യന്റെ ആവശ്യങ്ങക്ക് പോരാതെ വരും. അപ്പോ വിണ്ടും കണ്ടെത്തണം.സ്വയം പഴയതാകാതിരുന്നാ വലിയ വലിയ ലോകങ്ങ എങ്ങനെ ഉയിരെടുക്കുന്നു എന്ന് മനസ്സിലാക്കാം.ആപ്രതീക്ഷിതവും അവിചാരിതവുമായ കൂടിച്ചേരലിലൂടെ സഗാത്മകതയിലെത്താം.ഗാത്മകത ഒരു രാഗ നിമ്മിതിയാണ്. അതു നമ്മുടെ ദൈനംദിന സാന്നിദ്ധ്യങ്ങക്കു മുകളി വ്യത്യസ്തമായ ഒരു ലോകത്തെ അന്വേഷിക്കുകയാണ്.
ഛന്ദസ്സല്ല , ഛന്ദസ്സിനു പുറത്തുള്ള പരുഷമായ തലങ്ങളാണ് ആരായേണ്ടത്. പിതാവ് കാലു തല്ലിയൊടിച്ച് ആശുപത്രിയി കഴിയുന്ന ഒരു ബാല കാകളി പാടണോ?
ഗീതാത്മകതയെ  നാം പരിഹസിച്ചുകൊണ്ടിരിക്കുന്നത് ഇങ്ങനെയാണ്. വൃത്തത്തിലും ഈണത്തിലും പാടി    ഉറക്കേണ്ടജീവിതാവസ്ഥയുടെ കലയാണോ  പിതാവിന്റെ ചവിട്ടുകൊണ്ട് മരണാസന്നനായി കഴിയുന്ന കുട്ടിയുടേത്?
കേരളത്തിന്റെ ആത്മനിന്ദയും ചതിയും കരാളതയും തുടിച്ചുനിക്കുന്ന അവസ്ഥക കണ്ടിട്ടു അതിനെയൊക്കെ പദ്യവക്കരിച്ച് ഈണമായി ആഘോഷിക്കുന്നത്  ജീവിതത്തെ പരിഹസിക്കുന്നതിനു തുല്യമല്ലേ?
വല്ലാതെ ചതിക്കപ്പെട്ട് അപമാനിതനായി തലതാഴ്ത്തി നിക്കുമ്പോ ഒരുവ വഞ്ചിപ്പാട്ട് പാടണോ? കളകാഞ്ചിയി സ്വാനുഭവങ്ങളെ പൊലിപ്പിക്കണോ?
https://mail.google.com/mail/u/0/images/cleardot.gif


നമ്മുടെ അതിരുകളെ ഭേദിക്കാനാണ് എഴുതേണ്ടത്.
ഇത് എപ്പോഴും പ്രായോഗികമല്ലെന്നറിയാം.
എങ്കിലും ഒരു  borderless whole ഉണ്ടാക്കാ പ്രയത്നിക്കുക എന്നതായിരിക്കണം ലക്ഷ്യം. ഇതൊന്നുമല്ല അതിത്തി.
അതു വിവിധ സംസ്കാരങ്ങളിലും നാടുകളിലുമായിചിതറിക്കിടക്കുന്നു.അല്ലെങ്കി അതിത്തി ഉണ്ടായിക്കൊള്ളണമെന്നില്ല.
ഒരു നിശ്ചിതമേഖലയുടെ വളത്തുപുത്രനാകാ എന്തിനു ശ്രമിക്കണം?
മലയാളസാഹിത്യത്തിന്റെ പരാധീനത അതിനു ഇപ്പോഴും അതിത്തിക്കപ്പുറത്തേക്ക് നോക്കാ പറ്റുന്നില്ല എന്നതാണ്. ലോകം വലുതാകുന്നത് അതിന്റെ ദൃഷ്ടി പഥത്തിലില്ല.
എപ്പോഴും ഗ്രാമത്തിലേക്ക് ഓടുകയാണ്.
എഴുത്ത് എന്ന കലയുടെ ചരിത്രപരമായ വ്യവസ്ഥയി സ്വയമേ ഉണ്ടാകുന്ന അത്ഥങ്ങളുടെ ആനുകൂല്യത്തി നിന്ന് വഴുതി മാറാ സാഹിത്യത്തിനാവണം.അല്ലെങ്കി അത് ഗതാനുഗതികത്വത്തിന്റെ ചെളിക്കുണ്ടി പുതഞ്ഞുപോകും."

2013 ഡിസംബർ 9, തിങ്കളാഴ്‌ച

"പ്രവാസി കാഹളം"

കവി  ഉത്തമൻ  ചേടിക്കുന്ന്‌ നിരാശനായിരുന്നു. തനിക്ക്‌ വേണ്ട അംഗീകാരം കിട്ടുന്നില്ല. നാലാൾ തന്നെപ്പറ്റി സംസാരിക്കുന്നില്ല. തന്റെ കൃതികളേപ്പറ്റി മഹനീയം എന്നു പറയുന്നില്ല. ഒടുവിൽ ഉത്തമൻ സ്വയം ഒരു അവാർഡ്‌ സൃഷ്ടിക്കാൻ തീരുമാനിച്ചു.
അതിനുള്ള ഭാവനാവിലാസങ്ങൾ അയാൾക്ക്‌ ഉണ്ടായിരുന്നു.
ഒരു കടലാസെടുത്ത്‌ അയാൾ ഇങ്ങനെ എഴുതി.. "പ്രവാസി കാഹളം" അവാർഡ്‌ ഉത്തമൻ ചേടിക്കുന്നിന്‌. ടൈറ്റിലിന്‌ അടിവരയിട്ടു.
പിന്നീട്‌ കണ്ണുമടച്ചു കാച്ചി.  ഭീലായിലുള്ള “പ്രവാസികാഹളം” മാസിക സംഘടിപ്പിച്ച കവിതാമത്സരത്തിൽ ഉത്തമൻ ചേടിക്കുന്ന്‌ ഒന്നാം സ്ഥാനം നേടിയിരിക്കുന്നു.. 2013 ലെ പ്രവാസി കാഹളം അവാർഡ്‌ ഉത്തമൻ ചേടിക്കുന്നിന്‌ ഭീലായിയിൽ ഡിസമ്പർ 25ന്‌ നടക്കുന്ന പ്രത്യേക ചടങ്ങിൽ അവർഡ്‌ തുകയായ 11,111  രൂപയും ശില്പവും പ്രശസ്തിപത്രവും സമ്മാനിക്കുന്നതായിരിക്കും. യാത്രാചിലവും മറ്റും മാസിക വഹിക്കും. പ്രശസ്ത നോവലിസ്റ്റ്‌ ആനക്കുളം കുഞ്ഞിപ്പോക്കർ പുരസ്ക്കാരം നല്കുന്നതായിരിക്കും.
മാസികയുടെ ഒരു ലെറ്റർ ഹെഡ്ഡ്‌ തന്റെ ഭാവനപോലെ രൂപകല്പന ചെയ്തു കമ്പ്യൂട്ടറിൽ ഉണ്ടാക്കി. അയാൾ ഭംഗിയായി വാചകങ്ങൾ പകർത്തി എഴുതി. നിരവധി ഫോട്ടൊകോപ്പികൾ പ്രമുഖ പത്രമോഫീസുകളിൽ എത്തിച്ചു. അടുത്ത ദിവസത്തെ പത്രങ്ങളിലൊക്കെ ഫോട്ടൊ സഹിതം വാർത്ത അച്ചടിച്ചുവന്നു.
ഉത്തമന്‌ അഭിനന്ദനങ്ങളുടെ ഒരു തുലാവർഷം തന്നെയുണ്ടായി.  അവാർഡിനേക്കാൾ വലുതല്ലെ ജനങ്ങളുടെ ഈ അനുമോദനം. പുളകിത ഗാത്രനായ ഉത്തമൻ കോൾമയിർകൊണ്ടു.
പിറ്റേന്ന്‌   പത്രത്തിൽ വന്ന വാർത്ത ഇങ്ങനെയായിരുന്നു. :
"പ്രവാസി കാഹളം" എന്ന  മാസിക അങ്ങനെയൊരു അവാർഡ് ആർക്കും നല്കുവാൻ ഉദ്ദേശിച്ചിട്ടില്ല. പത്രത്തിൽ  വന്ന വാർത്ത ഉത്തമൻ ചേടിക്കുന്ന്‌  പ്രശസ്തിക്കുവേണ്ടി വ്യാജമായി സ്വയം  സൃഷ്ടിച്ചതാണെന്നും ആകയാൽ നിയമ നടപടികൾ കൈക്കൊള്ളുന്നതാണെന്നും മാസികയുടെ മാനേജർ അറിയിക്കുന്നു.
ഉത്തമൻ വാർത്ത വായിച്ചതും ബോധംകെട്ടു വീണു.

2013 നവംബർ 21, വ്യാഴാഴ്‌ച

എ.ടി.എം



ഇപ്പോൾ പ്രധാന സംസാരവിഷയം മലയാളി യുവതി എ.ടി.എം കൌണ്ടറിൽ ക്രൂരമായി അക്രമിക്കപ്പെട്ട സംഭവമാണല്ലൊ.
രാവിലെ മകൾ വന്നു പരഞ്ഞു “ അമ്മെ ഇന്നു ഫീസ്‌ കൊടുക്കേണ്ട ലാസ്റ്റ്‌ ഡെയ്റ്റ്‌ ആണ്‌. വൈകുന്നേരം  4 മണിക്കു മുൻപ് ഓഫീസിൽ കൊടുക്കണം.”.
അവൾ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നെങ്കിലും പല ബദ്ധപ്പാടുകൾക്കിടയിൽ  മറന്നുപോയി.
മകൾ സ്ക്കൂളിൽ പോകും മുൻപുതന്നെ അവൾക്ക്‌ കാശ്‌ ഏല്പിക്കാമെന്ന്‌ തീരുമാനിച്ച്‌ ഞാൻ ടൌണിലുള്ള എ.ടി.എം ലക്ഷ്യമാക്കി നടന്നു. സമയം രാവിലെ 7.30.
 ഞാൻ ചുറ്റും നോക്കി. വല്ല പിടിച്ചുപറിക്കാരോ ആയുധധാരികളോ എവിടെയെങ്കിലും പതുങ്ങിയിരിപ്പുണ്ടോ എന്ന്‌. ആരുമില്ല. എല്ലാം ശാന്തം.  ഞാൻ എ.ടി.എം.കൌണ്ടറിന്റെ വാതിൽ തള്ളി അകത്തു കയറി.
കാശെടുക്കാൻ കാർഡ്‌ ഇൻസർട് ചെയ്തതും  ഒരു മോട്ടോർ ബൈക്ക്‌ കൌണ്ടറിനു മുന്നിൽ വന്നു നിന്നു.   അതിലുള്ള രണ്ട്‌ തടിമാടന്മാർ എ.ടി.എം.കൌണ്ടറിൽ പ്രവേശിച്ചു.  അവരുടെ കയ്യിൽ സാമാന്യം വലിയ ഹേന്റ്‌ ബാഗും ഉണ്ടായിരുന്നു. കൊടുവാൾ,.ഹാമർ, തോക്ക്   എന്നിവ ഏതു നിമിഷവും പുറത്തു വരാം.
ഞാൻ എല്ല ദൈവങ്ങളേയും ഉറക്കെ വിളിച്ചുപോയി. തല കറങ്ങുന്ന പോലെ എനിക്കു തോന്നി . എന്റെ മകളെ പെട്ടെന്നു ഞാൻ ഓർത്തു. വിദേശത്തുള്ള ഭർത്താവിനെയും.
ബോധമറ്റ്‌ ഞാൻ താഴെ വീണതു മാത്രം എനിക്ക്‌ ഓർമ്മയുണ്ട്‌. കണ്ണു തുറന്നപ്പോൾ. ഒരു ഭീകരൻ എന്റെ മുഖത്തു വെള്ളം കുടയുന്നു. മറ്റേ ഭീകരൻ. എ. ടി.എം മെഷിൻ തുറന്നു എന്തൊക്കെയോ ചെയ്യുന്നു. താഴെ സ്ക്രൂ ഡ്രൈവർ, ഹാമർ തുടങ്ങിയ ഉപകരണങ്ങൾ ചിതറിക്കിടക്കുന്നു..
അയാൾ എന്നോട്` പറഞ്ഞു.
“സഹോദരീ, മെഷിൻ നന്നാക്കാൻ വന്നവരാണ്‌ ഞങ്ങൾ. ഇങ്ങനെ പേടിച്ചാലോ ?”

2013 നവംബർ 20, ബുധനാഴ്‌ച

ശല്യം




എന്തൊരു ശല്യം !
രാവിലെത്തെ വീട്ടുജോലികളൊക്കെ തീർത്ത്‌ മകളെ സ്ക്കൂൾ ബസ്സിൽ കയറ്റിവിട്ട്‌, അമ്മയ്ക്ക്‌വേണ്ട മരുന്ന്‌, ഉച്ചഭക്ഷണം, വെള്ളം എന്നിവ കിടയ്ക്കക്കരികെ  കൊണ്ടുവച്ച്‌ ധൃതിയിൽ സാരി മാറ്റി ഞാൻ നടക്കുകയായി.   ഓഫീസിലേക്ക്‌. 
അപ്പോൾ  ഒരു കള്ളനെപ്പോലെ അവൻ എന്നെ പിൻതുടരാൻ തുടങ്ങും. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ അവനും തിരിഞ്ഞു നോക്കും. ഒന്നും അറിയാത്തപോലെ. 
ഒരുവിധത്തിൽ ഓടി ഞാൻ ബസ്സിൽ കയറിയാൽ പിന്നെ ആ ശല്യമില്ല.   ആശ്വാസം.
ഓഫീസ്‌ വിട്ട്‌ ബസ്സിറങ്ങി വീട്ടിലേക്ക്‌ മടങ്ങുമ്പോൾ വീണ്ടും അവൻ പിൻ തുടരും.  എന്തൊരു ശല്യം!  
ഞാനീ കാര്യം ചേട്ടനോട്‌ മടിച്ചു മടിച്ചു പറഞ്ഞു.
 “പ്രതിവിധിയുണ്ടാക്കാം. നീ വിഷമിക്കാതെ” ചേട്ടന്റെ മറുപടി.
അടുത്ത ദിവസം ഒരു പുത്തൻ കുട ചേട്ടൻ എനിക്ക്‌ സമ്മാനിച്ചു.

2013 നവംബർ 16, ശനിയാഴ്‌ച

ചെണ്ട



അമ്പലപ്രാവു കുറുകുന്ന ക്ഷേത്രത്തിൽ
കുമ്പിട്ടു നിത്യം തൊഴും ഭക്തനാണു ഞാൻ
അത്താഴപൂജ കഴിഞ്ഞു നടയട-
ച്ചമ്പലവാസികൾ പോയ്ക്കഴിഞ്ഞെങ്കിലും
ദേവനു കാവലായ് നില്പു ഞാനീക്ഷേത്ര-
സോപാനവും നോക്കി രാവുമുഴുവനും
പൊള്ളയല്ലെന്മനം, , ഭക്തി തുളുമ്പിടു-
ന്നുള്ളിൽ സദാ, ദേവചൈതന്യമേല്ക്കയാൽ.
ഏറും തൊലിക്കട്ടിയെങ്കിലും കേവലം
കോറിയാലെൻ നാദമപ്പോളുയർന്നിടും
വൃക്ഷമായ് മണ്ണിൽ പിറന്നു ഞാൻ നേടിയീ-
മോക്ഷം, മൃഗത്തോലണിഞ്ഞുകൊണ്ടീവിധം
ഐകമത്യത്തിന്റെ ശക്തിയാൽ മാറ്റിടാം
വൈരുദ്ധ്യമെന്നു തെളിയിച്ചിടും വിധം
ഒറ്റയ്ക്കൊരിക്കലും നേടുവാനാവാത്ത
ശബ്ദസൌഭാഗ്യം ലഭിച്ചൂ പരസ്പരം !
ചിഞ്ചിലം ചൊല്ലുന്ന ചേങ്ങിലയാണെന്റെ 
ചങ്ങാതി ചഞ്ചല, ഞാനോ ‘വലന്തല’
കാത്തിരിപ്പൂ  സുപ്രഭാതം, ഉയരുന്ന
കീർത്തനം, പൊങ്ങുന്ന ശംഖനാദം, പിന്നെ
ദേവനുണർന്നുകഴിഞ്ഞാൽ തുടങ്ങുമെൻ
പാവനമാം വാദ്യ പൂജനം നിത്യവും
എന്നെ തഴുകുന്ന കൈകളെ സത്യത്തി-
ലുമ്മവെച്ചീടാൻ കൊതിച്ചിടുന്നെന്മനം.

2013 നവംബർ 7, വ്യാഴാഴ്‌ച

മരുപ്പച്ച


പറയാനറിയാത്തൊ-
രനുഭൂതിതൻ ദിവ്യ-
പരിവേഷമെൻ മുന്നിൽ 
വെളിച്ചം വിതറുമ്പോൾ,
അറിയുന്നൂ ഞാൻ പണ്ടേ-
തേടിയ മരുപ്പച്ച
മരുഭൂവിലല്ലെന്റെ 
മാനസമതിലല്ലോ !
കാണുവാനാവാതൊട്ടും 
കേൾക്കുവാനാവാതെന്റെ
കാലുകൾ ചലിക്കുവാൻ
ബലഹീനമാകുമ്പോൾ
ഏതൊരുകരസ്പർശ-
മെന്നെ ഹാ ! തഴുകുന്നു,
ദാഹനീർ പകരുന്നു, 
കൈപിടിച്ചുയർത്തുന്നു.
ആ ദിവ്യ ചൈതന്യത്തി-
നായിരം നമോവാകം
നേരുവാൻ മാത്രം സ്നേഹ-
സമ്പന്നനാം ഞാൻ ശക്തൻ