വെണ്ണിലാവെന്നപോൽ, എൻ കണ്ണിലുണ്ണിപോൽ,
മണ്ണിന്നഭിമാനമായിപ്പിറന്നവൾ
ഉണ്ണിയാർച്ചേ ! നിന്നെയോർക്കുന്നനാരതം
എണ്ണിയാൽ തീരാത്തപദാനമോടെ ഞാൻ.
ഇന്നലെ അങ്കം കഴിഞ്ഞു നീ പോരവെ,
മുന്നിലും പിന്നിലും പല്ലക്കു നീങ്ങവെ,
നീയോർത്തുകാണില്ല ജോനകവീഥിയിൽ
നിന്നെക്കുടുക്കുവാൻ നിൽക്കും ചതിയരെ.

വെള്ളം കുടിക്കാനിറങ്ങിയ വേളയിൽ
ഉറ്റവർ ചാരെ കരിക്കിനായ് നീങ്ങവെ
ചുറ്റിലും കൂടി ചതിയരാം ജോനകർ.
"അല്ലിമലർക്കാവിലെ കൂത്തു കണ്ട നീ
അല്ലലെന്താണെന്നറിഞ്ഞില്ലിതുവരെ,
തെല്ലും മടിക്കാതെ കൂടെ വന്നീടുക,
അല്ലെങ്കിൽ കൂത്തിച്ചീ ! നിന്നെ പിളർന്നിടും"
ചൊന്നവർ; ജോനകർ, ഒട്ടുമേ കൂസാതെ
ഒന്നു നിവർന്നുണ്ണിയാർച്ചയും നിന്നുപോയ് !
പുത്തൂരംവീട്ടിലെ അങ്കക്കളരിയും
നിത്യം തൊഴുമിളയന്നൂർമഠത്തെയും
ഭക്ത്യാസ്മരിച്ചവൾ കൈയൊന്നുവീശവെ,
പത്തടി ദൂരെ തെറിച്ചുപോയ് ജോനകർ.
പല്ലുപോയെല്ലും തകർന്നു, നടക്കുവാൻ
തെല്ലും കഴിയാതെ വീണൂ കിടക്കയായ് !
ഇന്നിതാ ! കേട്ടു ഞാൻ, ടിപ്പുവിന്നുറ്റവർ
ചൊല്ലീ: "തുറുങ്കിലടക്കുകീപ്പെണ്ണിനെ
ആണിനെ തല്ലാൻ മിടുക്കിവൾക്കോ?, ഇവൾ
ആണിന്റെ തല്ലുകൊള്ളാനായ് പിറന്നവൾ " ! !