ആകെ പേജ്‌കാഴ്‌ചകള്‍

2013, ഏപ്രിൽ 10, ബുധനാഴ്‌ച

കൊന്നപ്പൂവ്‌"പൂവേണോ കൊന്നപ്പൂക്കൾ ?"
പൂവിൽക്കും തെരുവിലെ
പൂക്കാരി ചോദിക്കുന്നൂ
"പത്തുറുപ്പിക,  വേണോ?"

ഞാനൊരു സ്വപ്നം പോലെ
നീങ്ങുന്നു, കൈനീട്ടുന്നു,
വാങ്ങുന്നു ചെറിയൊരു
കൊന്നപ്പൂങ്കുല മാത്രം

ആ മലരിതൾസ്പർശ-
മാത്രയിലൊരായിരം
രോമാഞ്ചമെന്നെ മൂടി
നിൽപുണ്ടീ മറുനാട്ടിൽ

എന്മനമൊരു വെള്ളി-
മേഘമായുയരുന്നു
ഗംഗയും ഹിമാദ്രിയും
കാൽക്കീഴിലമർത്തുന്നു

ദൂരെയെൻ മലനാട്ടിൻ
ശീതള കരങ്ങളിൽ
ചേരുന്നു, നേടീടുന്നു
മാതൃസാഫല്യം വീണ്ടും !

വിഷുവാണിന്നെന്നാലു-
മെൻ 'കണി' യൊടുങ്ങാത്ത
'വിഷമം' തന്നെ, മസ്തി-
ഷ്കത്തിലോ 'പടക്ക'വും

ഒടുവിൽ നിരാശയാം
'കൈനീട്ട' മതോടൊപ്പം
നെടുവീർപ്പാകും 'സദ്യ'
മറ്റെന്തുവേണം പിന്നെ ?

24 അഭിപ്രായങ്ങൾ:

 1. കൊന്നപ്പൂവ് എന്ന് വായിച്ചപ്പോൾ പെട്ടെന്ന്, എന്റെ ഗ്രാമത്തില ഒരുകാലത്ത് സുലഭമായിരുന്ന വാകപ്പൂവാണ് (ചുവന്ന) മനസ്സില് വന്നത്. പെട്ടെന്ന്, അത് കണിക്കൊന്നയിലേക്ക് മാറി. രചന നന്നായിരിക്കുന്നു.

  ''സ്വർണ്ണ''പ്പൂക്കളും, കൃഷ്ണ ഭഗവാന്റെ മുഖകമലവും, എല്ലാ ഐശ്വര്യവസ്തുക്കളും കണി കണ്ടു, ആണ്ടോട് ആണ്ടു അതിന്റെ നന്മ ഉണ്ടാവാൻ ഭാഗ്യമുണ്ടാവട്ടെ. ഭാവുകങ്ങൾ.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി, ഡോക്ടർ. താങ്കൾക്കും കുടുംബത്തിനും ഐശ്വര്യസമൃദ്ധമായ വിഷു ആശംസകൾ !

   ഇല്ലാതാക്കൂ
 2. മാറ്റിവയ്ക്കണം നെടു വീര്‍പ്പുകള്‍, കരിഞ്ഞിടും
  മോഹമൊക്കെയും തൂത്തു കൂട്ടണം, കൈനീട്ടമായ്
  ഒത്തിരി നവോന്മേഷമാര്‍ന്നിടും മനസ്സുമായ്
  കാത്തിരുന്നിടാം, വിഷു സംക്രമമൊരുങ്ങട്ടെ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നല്ലവാക്കുകൾ; നവോന്മേഷമായ്‌ പകരുന്ന
   വല്ലകീനാദം കാതിൽ വന്നു വീഴവെ, സഖേ
   ചൊല്ലട്ടെ, അതുതന്നെയല്ലയോ വിഷുവിന്റെ
   നല്ല കൈനീട്ടം, വിഷുവാശംസ നേർന്നീടട്ടെ !

   ഇല്ലാതാക്കൂ
 3. നിലാ ആണ്ടുകൾ നൂറു വേണ്ടും
  ഇതേ പോലവേ വാഴവേണ്ടും..

  നല്ലതുകൾ പലതുമിക്കാലത്ത് കണ്ടില്ലെന്നു വരുകിലും സാരമില്ല.
  ഇതിന്നിന്റെ കോലം എന്നു സമാധാനിക്കുക.

  എല്ലാവിധ ഐശ്വര്യവും,ആയുരാരോഗ്യസൗഖ്യങ്ങളും വിഷുവാശംസയോടൊപ്പം നേരുന്നു..

  നല്ല കവിത.

  ശുഭാശംസകൾ സർ..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി സൗഗന്ധികം. വിഷു ആശംസകൾ സസ്നേഹം

   ഇല്ലാതാക്കൂ


 4. സ്നേഹ വന്ദനം
  വിഷു പ്പുലരി കാത്തിരിക്കുമ്പോള്‍ ,വിഷുക്കവിത ഏതു തന്നെ ആയാലും പ്രിയംകരം
  തന്നെ.ഇപ്പോള്‍ മറു നാട്ടില്‍ അല്ലല്ലോ . അല്ലേ? മറുനാട്ടില്‍കഴിയുന്നവര്‍ക്ക് പൊന്‍ കണി ആശം സിക്കാം ...സര്‍ നു വീട്ടിലും . വിഷു ആശം സകള്‍ ..എല്ലാവര്‍ക്കും

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി ശാന്തകുമാരി. ഭാവനയ്ക്ക്‌ അതിരില്ലല്ലോ. ഞാൻ ഒരു മറുനാടൻ മലയാളിയുടെ കണ്ണിലൂടെ വിഷുക്കണി കണ്ടതാണ്‌. ആശാംസയ്ക്ക്‌ നന്ദി. വിഷു ആശംസകൾ

   ഇല്ലാതാക്കൂ
 5. വിഷു ആശംസകള്‍

  (60 രൂപ കൊടുത്താല്‍ ഒരു കുല കൊന്നപ്പൂവ് മാര്‍ക്കറ്റില്‍ കിട്ടും. ഒരിയ്ക്കലും വാടാത്ത പൂ. ചൈനീസ് മേഡ് ഇമിറ്റേഷന്‍ കൊന്നപ്പൂവ്. ഒറിജിനലിനെ വെല്ലുമത്രെ കാഴ്ചയില്‍. കാലം പോയ പോക്ക്. കൂട്ടത്തില്‍ ചൈനീസ് ബുദ്ധിയേയും ക്രാഫ്റ്റിനെയും മാര്‍ക്കറ്റിംഗിനായി അവര്‍ നടത്തുന്ന ഗവേഷണങ്ങളെയും അഭിനന്ദിയ്ക്കാതെ വയ്യ)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അജിത്ത്‌ എഴുതിയത്‌ ശരിയാണ്‌. എന്റെ മകൾ ഇക്കുറി ഈ പ്ലാസ്റ്റിക്ക്‌ കൊന്നപ്പൂങ്കുല വാങ്ങിയാണ്‌ സൗദിയിലേക്ക്‌ പോയത്‌. കണ്ടാൽ ഒറിജിനൽ ആണെന്നേ തോന്നൂ. സസ്നേഹം വിഷു ആശംസകൾ

   ഇല്ലാതാക്കൂ
 6. വിഷു ആശംസകൾ ..

  മനസ്സിൽ ഉണ്ടാവട്ടെ ഗ്രാമത്തിൻ ഭംഗിയും , ഒരു പിടി കൊന്നപ്പൂവും

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ

  1. മനസ്സിൽ ഗ്രാമത്തിന്റെ ഭംഗിയും ലാളിത്യവും എപ്പോഴും ഞാൻ സൂക്ഷിക്കുന്നു. അതോടൊപ്പം പഴഞ്ചനാവാതിരിക്കാനും ശ്രദ്ധിക്കുന്നു.
   വിഷു ആശംസകൾ

   ഇല്ലാതാക്കൂ
 7. ഉണർന്നെഴുനേൽക്കണമീയിരുളിൽ നിന്നും
  വണങ്ങീടേണമാ കരിമുകിൽവർണ്ണനെ
  കണ്ണനാമുണ്ണി കൈവിടില്ലൊരു നാളുമാരെയും
  കണിയായ്‌ കാണണമാ നന്മതൻ നിറവിനെ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അനുപമമാമീ വിഷുക്കണികണ്ട-
   ങെഴുന്നേറ്റുനിൽക്കാൻ മടിതോന്നുന്നെന്നാൽ
   അടുത്തവർഷവും മുടങ്ങാതെയെത്തും
   വിഷുവെന്നോർത്തുനാം സമാധാനിക്കുക

   ഇല്ലാതാക്കൂ
 8. പ്രിയപ്പെട്ട മധു സാർ,
  "ഒടുവിൽ നിരാശയാം
  'കൈനീട്ട' മതോടൊപ്പം
  നെടുവീർപ്പാകും 'സദ്യ'
  മറ്റെന്തുവേണം പിന്നെ ?"

  കവിത ഏറെ ഇഷ്ടമായി !
  വിഷു ആശംസകൾ !
  സ്നേഹത്തോടെ,
  ഗിരീഷ്‌

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ

  1. നന്ദി ഗിരീഷ്‌. ഈ വിഷു ശുഭകരമായിത്തീരട്ടെ

   ഇല്ലാതാക്കൂ
 9. മധു സർ
  ഈ കണി ക്കൊന്നപ്പൂക്കൾക്ക് സ്വർണ അരമണികളുടെ ഭംഗി
  സന്തോഷകരമായ ഒരു വിഷു ആശംസിക്കുന്നു സാറിനും കുടുംബത്തിനും

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ

  1. നല്ല വാക്കുകൾക്ക്‌ നന്ദി. താങ്കൾക്കും കുടുംബത്തിനും ഐശ്വര്യപൂർണ്ണമായ വിഷു ആശംസിക്കുന്നു.

   ഇല്ലാതാക്കൂ


 10. മധു സര്‍
  പൂ പറിക്കാന്‍ കണിക്കൊന്ന യ്ക്കരികില്‍ ചെന്നപ്പോള്‍ അവിടെയൊരു കി
  കിളി ക്കൂട് ...
  ,അതിനക ത്തൊരു കിളിക്കുഞ്ഞ്‌... ഹായ്...അതുതന്നെയൊരു പൊന്‍കണി യായി.

  മറുപടിഇല്ലാതാക്കൂ

 11. സര്‍,...

  നമസ്ക്കാരം
  മേട പൂക്ക ണികൊന്ന യ്ക്കൊത്തു മാനസം വര്‍ണ്ണ
  മേള മൊത്താ ഹ്ലാദിക്കെ പുലരി ക്കുഞ്ഞിന്‍ കൈയ്യില്‍
  ദൂരെ ദൂരെയായ് കാണാ ക്കൊമ്പത്തു പാടുന്നതാം
  കിളികള്‍ക്കായി പൂം തേന്‍ കണങ്ങള യ ക്കുക.
  സ്നേഹ വന്ദനം, വരും വിഷു വേളയിലെ ല്ലാം
  കൂടെ യുണ്ടാവാന്‍ ഗുരോ ...പ്രണമി ക്കുന്നേനഹം..
  ഈശ്വരന്‍ കാത്തു രക്ഷി ക്കട്ടെ...

  മറുപടിഇല്ലാതാക്കൂ
 12. മാഷെ വളരെ നന്നായീ ഈ കുറികൾ
  ബാല്യകാല ഓർമ്മകൾ ഒന്ന് തോട്ടുണർത്തി
  ഈ വരികൾ
  വൈകിയെത്തും ഈ ആശംസകൾ
  കൈക്കൊണ്ടീടുമല്ലൊ സാദരം

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി ഫിലിപ്പ്‌. വൈകിയെന്നു പറഞ്ഞുകൂടാ. വിഷു സീസൺ കഴിഞ്ഞില്ലല്ലോ. എന്റെ തൊടിയിൽ ഇപ്പൊഴും കൊന്നമരം സ്വർണ്ണമഴ പെയ്തുകൊണ്ടിരിക്കുന്നു.. താങ്കൾക്കും കുടുംബത്തിനും ഐശ്വര്യപൂർണ്ണമായ വിഷു ആശംസകൾ

   ഇല്ലാതാക്കൂ
 13. മസ്തിഷ്ക്കത്തിലെ പടക്കവുമായി ഓര്‍മ്മകളിലെ തിളക്കം.
  ഇഷ്ടായി.

  മറുപടിഇല്ലാതാക്കൂ