ആകെ പേജ്‌കാഴ്‌ചകള്‍

2013, ഏപ്രിൽ 21, ഞായറാഴ്‌ച

എന്താണ്‌ കവിത
ഏതാനും ദിവസം മുമ്പ്‌ "രാമായണ ദളങ്ങൾ" എന്ന ഒരു കാവ്യസമാഹാരം വായിക്കുവാൻ എനിക്ക്‌ ഇടവന്നു. അതിന്റെ അവതാരികയിൽ പ്രതിപാദിച്ച ചില വരികൾ വളരെ ശ്രദ്ധേയമായി എനിക്കു തോന്നി. മാതൃഭൂമി മുൻ  പത്രാധിപർ ടി. ബാലകൃഷ്ണന്റെ ആ വാചകങ്ങൾ ശദ്ധിക്കുക:

"സാഹിത്യത്തിന്റെ മൂലരൂപം കവിതയാണല്ലോ. പാടാനും പഠിക്കാനും, ഓർമ്മയിൽ സൂക്ഷിക്കാനും പദ്യത്തിനുള്ളൊരു സൗകര്യം മറ്റൊന്നിനുമില്ല. സാഹിത്യം പുഷ്ടിപ്പെട്ടതും പ്രചരിച്ചതും, തലമുറയിൽനിന്ന്‌ തലമുറയിലേക്ക്‌ പാടിപ്പകർന്നുകൊണ്ടാണ്‌. ഗദ്യത്തിന്റെ ആധിപത്യം സാഹിത്യരംഗത്ത്‌ പ്രബലമായപ്പൊഴും കവിത പുഷ്ക്കലശോഭയോടെതന്നെ നിലനിൽക്കുകയും ജനപ്രിയത നേടി വളരുകയും ചെയ്തു. എന്നാൽ, ഇപ്പോഴത്തെ നില അതല്ലെന്നു പറയേണ്ടിയിരിക്കുന്നു. സാഹിത്യമണ്ഡലത്തിന്റെ എത്രയോ പിന്നിലേക്ക്‌ അത്‌ ദൂരീകരിക്കപ്പെട്ടു.  ആസ്വാദകമനസ്സുകളിൽ അതിന്റെ വേരോട്ടം ഉപരിതലസ്പർശിയായിത്തീരുകയും ചെയ്യുന്നു.
ഒരുകാലത്ത്‌ മാസികകളിലും, ആഴ്ചപ്പതിപ്പുകളിലും കവിത നിറഞ്ഞു നിന്നിരുന്നു. ഇപ്പോൾ ഓണപ്പതിപ്പുകൾ പോലുള്ള പ്രത്യേക പ്രസിദ്ധീകരണങ്ങളിൽപ്പോലും കവിതയുടെ എണ്ണം കുറയുകയും വായിക്കുന്നവരുടെ എണ്ണം വിരളമാവുകയും ചെയ്തു. ഈ അപചയത്തിനു കാരണം കവിതയിലെ കവിത്വം ചോർന്നതായിരിക്കാം.
പറയാനുള്ളതു പറയുക എന്നതു മാത്രമല്ലല്ലോ കവിത. അതിൽ അർത്ഥഭാവങ്ങൾ സമ്മേളിക്കണം. കാവ്യബിംബങ്ങൾ അഴകു ചേർക്കണം. മധുരപദാവലിയുടെ ശയ്യാപാകം അനുഭവപ്പെടണം. അതിന്നൊരു അടുക്കും ചിട്ടയും താളവും വേണം. ആലോചനാമൃതമാവണം അതിന്റെ ചമൽക്കാര സംവിധാനം. എന്നാൽ, ഇന്ന്‌  അതെല്ലാം ഉല്ലംഘിക്കപ്പെട്ടിരിക്കുന്നു. പഴയ കാവ്യസങ്കൽപമല്ല ഇന്ന്‌.  അതിനാകട്ടെ പലഭാഗത്തുനിന്നും അംഗീകാരമുണ്ടുതാനും. ന്യായീകരണങ്ങളെക്കൊണ്ട്‌ നവാഗതരായ വിമർശകർ അതിനെ അധികതുംഗപദത്തിലേക്ക്‌ ഉയർത്താൻ പണിപ്പെടുകയും ചെയ്യുന്നു. ഫലമോ, കവിത ആസ്വാദനതലത്തിൽനിന്നും വിവാദസംവാദങ്ങളുടെ പരുക്കൻ പ്രതലത്തിലേക്ക്‌ വഴിമാറിപ്പോവുകയാണ്‌. ആശയപുഷ്ക്കലതയ്ക്കുപകരം ഏതെങ്കിലും ഒരു പ്രശ്നത്തെയാണ്‌ ഇന്ന്‌ കവിത ലക്ഷ്യമാക്കുന്നത്‌.  ഒരുതരം പ്രതികരണ മാധ്യമമായി അത്‌ മാറുന്നു. ആസ്വാദകരുടെ മനസ്സിൽ ആർദ്രത, അല്ലെങ്കിൽ നൊമ്പരം അല്ലെങ്കിൽ മധുരത്തിന്റെ ഒരു കണിക വീഴ്ത്തുവാൻ അവയ്ക്ക്‌ ആവുന്നില്ല. "

15 അഭിപ്രായങ്ങൾ: 1. സര്‍
  കവിതയുടെ ആത്മാവറിയുന്ന ഒരാള്‍ യഥാര്‍ത്ഥ കവിതക്കു വേണ്ടി വാദിക്കുവാനുണ്ടായത് കണ്ടപ്പോള്‍ വളരെ സന്തോഷമായി .ഇനിയും ഇത് പോലെ കണ്‍ തുറപ്പിക്കാന്‍ ഉതകുന്ന ലിഖിതങ്ങള്‍ ബ്ലോഗ്ഗില്‍ പ്രത്യക്ഷ പ്പെടട്ടെ.
  സ്നേഹവന്ദനം .

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ

  1. ആദ്യംതന്നെ വന്ന്‌ അഭിപ്രായം കുറിച്ചതിന്‌ നന്ദി.

   ഇല്ലാതാക്കൂ
 2. വളരെ താല്പ്പര്യത്തോടെ വായിച്ചു. ഈ കാര്യം ഇന്നത്തെ ഓരോ സാഹിത്യ-കവിതാസ്വാദകനും തോന്നുതാണെങ്കിലും അത് വേണ്ടരീതിയിൽ അവതരിക്കപ്പെട്ടപ്പോൾ സന്തോഷം തോന്നി. കവിത, ആധുനികതയും കടന്നു അത്യന്താധുനികതയിലേക്ക് കടന്നപ്പോൾ എഴുതിയതെന്തെന്നു എഴുതിയ ആളോടുതന്നെ ചോദിക്കേണ്ടിയിരിക്കുന്നു എന്ന ഗതികേടായി. ആധുനിക-അത്യന്താധുനിക കവിതകൾ പലതും അതിന്റെ കാവ്യാത്മകത കൈവെടിയാതെ അവതരിക്കപ്പെടുമ്പോൾ, അത് മനസ്സിലാകാതെ, ആ രീതി മാത്രം അവലംബിച്ച് ഇന്നത്തെ ''കവികൾ'' എഴുതുന്ന പലതും തികച്ചും അർത്ഥശൂന്യമായിതീരുന്നുണ്ട്. അതേസമയം, എന്തെല്ലമൊക്കെയോ മനസ്സിലാക്കിവെച്ചിട്ട്, നല്ല വഴിയിലേക്ക് അതിന്റേതായ രീതിയിൽ നയിക്കുന്നതിന് പകരം, വലിയ വലിയ - വായിൽ കൊള്ളാത്ത വർത്തമാനങ്ങൾ പറഞ്ഞു അഹങ്കരിക്കുന്ന ''കവികളും'' ഇവിടെ വിലസുന്നു എന്നതും സത്യം.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഡോക്ടർ അഭിപ്രായം വിശദമായിത്തന്നെ എഴുതിയതിന്‌ നന്ദി. എല്ലാം സത്യം തന്നെ. പക്ഷെ, പൂച്ചയ്ക്ക്‌ ആര്‌ മണി കെട്ടും ? അക്കിത്തം എനിക്കെഴുതിയ കത്തിലെ ഒരു വരി ഇവിടെ ഉദ്ധരിക്കുന്നത്‌ സന്ദർഭോചിതമെന്നു തോന്നുന്നു.
   "എന്നോട്‌ ഒരു കുട്ടിക്കവി പറഞ്ഞത്‌ : 'അയ്യയ്യോ ! ഈ വൃത്തവും മറ്റും പഠിച്ചിട്ട്‌വേണം കവിത എഴുതാനെങ്കിൽ ഇജ്ജന്മമെനിക്കത്‌ സാധ്യമാവില്ല' എന്നാണ്‌ "
   ഹാ ! മലയാളകവിതേ നിന്റെ തലയിലെഴുത്ത്‌.!

   ഇല്ലാതാക്കൂ
 3. കവിതയെക്കാണാനില്ല
  പകരം കടങ്കഥകളാണ്

  മറുപടിഇല്ലാതാക്കൂ
 4. "അർത്ഥഭാവങ്ങൾ സമ്മേളിക്കണം. കാവ്യബിംബങ്ങൾ അഴകു ചേർക്കണം. മധുരപദാവലിയുടെ ശയ്യാപാകം അനുഭവപ്പെടണം. അതിന്നൊരു അടുക്കും ചിട്ടയും താളവും വേണം. ആലോചനാമൃതമാവണം അതിന്റെ ചമൽക്കാര സംവിധാനം. "

  മറുപടിഇല്ലാതാക്കൂ
 5. എനിക്ക് തോനുന്നു ഭാഷയിലെ മാറ്റങ്ങൾ ഒരു പരിധിവരെ കവിതയും സ്വാധീനിച്ചിട്ടുണ്ടെന്ന് . മലയാള കവിതയ്ക്ക് സംസ്കൃത പദങ്ങളുടെ അധീനത്തിലായിരുന്ന ഒരു കാലം ഉണ്ടായിരുന്നു ,സാധാരണക്കാരന് മനസ്സിലാവുന്ന രീതിയിലേക്ക് അതിനെ വഴി നടത്തിച്ചത് ഗദ്യ കവിതകളാണെന്നു പറയാതെ വയ്യ . നല്ല കവിതകൾ ഇന്നും വായിക്കപ്പെടുന്നുണ്ട്‌ ,എഴുതപ്പെടുന്നുണ്ട് എന്ന് തന്നെയാണ് എന്റെ വിശ്വാസം . ഇ ഇടങ്ങളിലും മറ്റും പ്രിന്റെഡ്‌ മാധ്യമങ്ങളേക്കാൾ മികച്ച രചനകൾ കാണാറുണ്ട് . ഗദ്യ കവിതയായാലും പഴയ വൃത്താനുസാരിയായ കാവിതകളായാലും അതിൽ കവിതയുടെ ആശം ഇല്ലെങ്കിൽ വായനക്കാരില്ലാതാവുക തന്നെ ചെയ്യും .. നന്ദി ഈ പങ്കു വെയ്ക്കലിനു.

  മറുപടിഇല്ലാതാക്കൂ
 6. കവിതയുടെ കാര്യം മാത്രമാണ് ഇതെന്ന് എനിക്ക് തോന്നുന്നില്ല. പൊതുവില്‍ എഴുത്തില്‍ സംഭവിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്.

  മറുപടിഇല്ലാതാക്കൂ
 7. സര്‍ , വിജ്ഞാനപ്രദമായ ഒരു പോസ്ടാണിത് .കാവ്യാംശമില്ലാത്തവയ്ക്ക് നിലനില്പ്പുണ്ടാവില്ലല്ലോ ! ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 8. കവിതയെക്കുറിച്ചുള്ള ടി. ബാലകൃഷ്ണന്റെ വിലയിരുത്തല്‍ വളരെ ഗൗരവമര്‍ഹിക്കുന്നു.ഈ പോസ്റ്റ്‌ അതിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് എഴുതിയതിനു അഭിനന്ദനങ്ങള്‍ !

  മറുപടിഇല്ലാതാക്കൂ
 9. >>>പറയാനുള്ളതു പറയുക എന്നതു മാത്രമല്ലല്ലോ കവിത. അതിൽ അർത്ഥഭാവങ്ങൾ സമ്മേളിക്കണം. കാവ്യബിംബങ്ങൾ അഴകു ചേർക്കണം. മധുരപദാവലിയുടെ ശയ്യാപാകം അനുഭവപ്പെടണം. അതിന്നൊരു അടുക്കും ചിട്ടയും താളവും വേണം. ആലോചനാമൃതമാവണം അതിന്റെ ചമൽക്കാര സംവിധാനം<<< (Y)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. കുഴപ്പം പിടിച്ച പണികൾ തന്നെ, അല്ലേ ?

   ഇല്ലാതാക്കൂ
 10. സര്‍, താങ്കള്‍ പറഞ്ഞത് തീര്‍ത്തും ശരിയാണെന്ന് പറയാതെ വയ്യ. പുതു ഗദ്യ രീതിയിലുള്ള നുറുങ്ങു ചിന്തകളെ അല്ലെങ്കില്‍ മിനിക്കഥകളെ മുറിച്ചു ചെറു വരികളാക്കിക്കൊണ്ട് അതിനു കവിത എന്ന് പേര്‍ നല്‍കി പ്രസിദ്ധീകരിക്കുന്നതിലും നല്ലത് അതിന്റെ നുറുങ്ങു ചിന്തകള്‍ എന്നോ മിനിക്കഥയെന്നോ വിളിക്കുന്നതല്ലേ... ഇത്തരം കവിതകള്‍ കാണുമ്പോള്‍ എനിക്കോര്‍മ വരിക കോമഡി സ്റ്റാറിലെ സ്ത്രീ വേഷം കെട്ടിയ പുരുഷന്മാരെയാണ്!!! എനിക്ക് തോന്നുന്നു പലര്‍ക്കും കഷ്ടപ്പെട്ട് എഴുതാന്‍ മടിയാണെന്ന്... എല്ലാത്തിനും എളുപ്പവഴി തേടുന്ന നാം കവിതയിലും അങ്ങിനെത്തന്നെ ശ്രമിക്കുന്നു... അതുതന്നെയാകാം നല്ല കാവ്യസുഖം തരുന്ന എഴുത്തുകള്‍ ചുരുങ്ങുവാന്‍ കാരണം.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഇത്തരം കവിതകള്‍ കാണുമ്പോള്‍ എനിക്കോര്‍മ വരിക കോമഡി സ്റ്റാറിലെ സ്ത്രീ വേഷം കെട്ടിയ പുരുഷന്മാരെയാണ്!!!
   ഈ ഉപമ എനിക്ക് വളരെ ഇഷ്ടമായി. നന്ദി സുഹൃത്തെ.

   ഇല്ലാതാക്കൂ