ആകെ പേജ്‌കാഴ്‌ചകള്‍

2015, ഡിസംബർ 31, വ്യാഴാഴ്‌ച

ഓലക്കുട





ഇന്നലെയുച്ചയുറക്കിൽ പുതിയൊരു
സ്വപ്നം കണ്ടോ കണ്ണൂതുറന്നൂ
പൊന്മുകിൽമാലകൾ ? കവിളുതുടുത്തൊരു
മഴവില്ലഴകു വിരിഞ്ഞുവരുന്നു.
ആരും കാണാതാപ്പൂംകവിളിൽ
തുടരെത്തുടരെ ചുംബനമേകാൻ
വാരിപ്പുണരാൻ, കോൾമയിരേകാൻ
മാമലനിരകൾക്കെന്തോ മോഹം !
അമിതാനന്ദംകൊണ്ടോ ചൊല്ലൂ
കണ്ണുനിറഞ്ഞു, കവിളുനനഞ്ഞു,
അറിയാതോ നിൻ വളകൾ കിലുങ്ങീ
പട്ടുടയാടകൾ കാറ്റിലുലഞ്ഞൂ ?
പുതുമഴപെയ്തെന്നാരോ ചൊന്നു
കാറ്റോ, മണമോ, കുളിരോ, മണ്ണിൻ-
പുളകച്ചാർത്തോ, വറ്റിയ കിണറി-
ന്നടിയിലുയർന്നൊരു നാദസ്വരമോ?
എന്റെ മനസ്സിൻകൂട്ടിലുറങ്ങിയ
വേഴാമ്പൽപിട കണ്ണുതുറന്നു,
ചുണ്ടുവിടർത്തീ, ചിറകുവിരുത്തീ-
ട്ടതിദയനീയം ചുറ്റും നോക്കി
പീലിച്ചുരുളുനിവർത്തിയ മയിലിൻ
നൃത്തം കാണ്മൂ ഞാനീപഴകിയൊ-
രോലക്കുടയിൽ മങ്ങിമയങ്ങിയൊ-
രോർമ്മയുയർത്തിയ വെള്ളിത്തിരയിൽ
പത്തുവയസ്സിൻ പ്രസരിപ്പോടെൻ
കൌമാരത്തിൻ പദയാത്രകളുടെ
മുദ്രാവലികൾ തെളിഞ്ഞുകിടപ്പു-
ണ്ടിന്നും മുന്നിൽ, സ്മൃതിയുടെ മണ്ണിൽ
കൈയിൽ ചട്ടംപൊട്ടിയ കല്പല,
താളുകൾകീറിയപുസ്തക, മതിനുടെ-
യുള്ളിൽ പ്രസവം കാത്തുകിടക്കും
നീലപ്പീലികൾ, കടലാസുറകൾ,
കുപ്പായത്തിൻ കീശയ്ക്കുള്ളിൽ
ഗോട്ടികളൊപ്പം കിങ്കിലമാടും
കുപ്പിച്ചില്ലുകൾ, അങ്ങനെ പലതും
പേറി ഞാനൊരു വിദ്യാർത്ഥിയുമായ്
ഓർമ്മിക്കുന്നേനിന്നും പഴയൊരു
കാറ്റും മഴയും, ചക്രംപൂട്ടിയൊ-
രോലക്കുടയും, അതുപങ്കിട്ടൊരു
പാവാടപ്പെൺകൊടിയുടെ ചൊടിയും
ആലിൻചോട്ടിൽ വിരിഞ്ഞൊരു മഴവി-
ല്ലൊളിപോൽ നില്പ്പാണവളന്നൊരുനാൾ
കാലുവിറയ്ക്കും കുളിരിൽ, മഴയി-
ലുരുമ്മും കാറ്റിൽ കുടയില്ലാതെ.
“കൂടെ വരുന്നോ?” ചൊന്നൂ ഞാനതു-
കേൾക്കുംപൊഴുതവൾ വന്നെൻകുടയുടെ
ചോടെ നിന്നൂ, വിരിയും മുല്ല-
പ്പൂവിൻ പുഞ്ചിരിയല്ലോ തന്നൂ.
“എന്തിനു പെണ്ണേ പഞ്ചാരച്ചിരി,
നിൻമണവാളൻ വന്നിട്ടുണ്ടോ?
എന്തെന്തെല്ലാം സമ്മാനങ്ങൾ
തന്നൂ, തളയോ, വളയോ ചൊല്ലൂ”
ഒന്നു ചൊടിച്ചവൾനിന്നൂ, പിന്നെ
ചെവിയിൽ ചൊന്നൂ പരമരഹസ്യം...
“തന്നതു പറയാം...പിന്നെ...പിന്നെയൊ-
രോലക്കുടയാണോടിമറഞ്ഞൂ.”

2015, ഡിസംബർ 18, വെള്ളിയാഴ്‌ച

ജവാന്റെ കവിത



ഞാനലയുകയാണ്‌ പകലും രാവും കയ്യിൽ
പാനപാത്രവുമായി പകരൂ ഗാനാമൃതം
ദാഹമാണെനിക്കെന്തു ദാഹമാണെന്നോ ! നിങ്ങൾ-
ക്കൂഹിക്കാൻ വയ്യെൻ ചുണ്ടുവരളുന്നല്ലോ വീണ്ടും
നീലനീരദങ്ങളേ! നിങ്ങൾതൻ മൃദുലമാം
തോളിലേക്കുയർത്തീട്ടെൻ നാട്ടിലൊന്നെത്തിച്ചെങ്കിൽ
അമ്മലയോരത്തൂടെയൊഴുകും മന്ദാനില-
ചുംബനമേറ്റെൻ ചുണ്ടിൽ കിനിയും ഗാനാമൃതം.
പച്ചിലത്തട്ടം നീക്കി നൃത്തമാടീടും കാട്ടു-
പിച്ചകപ്പൂവൊക്കെയും നുള്ളി ഞാനറുത്തീടും
അമ്മലരിതളുകൾ, കവിതാസങ്കല്പങ്ങ-
ളുമ്മവെച്ചൊരു സ്വർഗ്ഗസീമയിലണയും ഞാൻ
ഗാനവീചികൾ മീട്ടും കാട്ടുചോലതൻ വക്കിൽ
ഞാനൊരു പൊന്മാനായണഞ്ഞീടും ദാഹംതീർക്കാൻ
ചുറ്റിലും വെടിയൊച്ച, അട്ടഹാസങ്ങൾ, ശാന്തി
മൊട്ടിടാതെരിയുമീ പട്ടാളത്തീച്ചൂളയിൽ
ഒരു തേന്മലർമഴ പെയ്യിക്കാൻ. തളരുമീ-
വരളും ചുണ്ടിൽ ഗാനമധുരം പകർന്നീടാൻ
ആ മലയോരം വിട്ടു കവിതേ വന്നാലും ഞാ-
നോമനക്കിളിക്കൂടുവെച്ചു കാത്തിരിക്കുന്നു.

2015, ഡിസംബർ 9, ബുധനാഴ്‌ച

പുസ്തക പ്രകാശനം

12-12-2015 രണ്ടാം ശനിയാഴ്ച രാവിലെ 10.30 ന്‌ എന്റെ അഞ്ചാമത്തെ പുസ്തകം “ ശേഷം മുഖതാവിൽ” (ആത്മകഥ) കൂത്തുപറമ്പ് വൃദ്ധജനസേവന കേന്ദ്രം ഹാളിൽവച്ച്‌ നൂറില്പരം ഗണിതശാസ്ത്രഗ്രന്ഥങ്ങളുടെ രചയിതാവും, കണ്ണൂർ സയൻസ് പാർക്ക് ഡയറക്റ്ററുമായ ശ്രീ. പള്ളിയറ ശ്രീധരൻ പ്രകാശനം ചെയ്യുന്നു. ഏറ്റുവാങ്ങുന്നത്‌ ശ്രീ.രാമകൃഷ്ണൻ കണ്ണോം(കണ്ണൂർ ജില്ലാ കവിമണ്ഡലം ജനറൽ കൺവീനർ). ചടങ്ങിലേക്ക്‌ എല്ലാ സുഹൃത്തുക്കളേയും സ്നേഹപൂർവ്വംക്ഷണിക്കുന്നു.