ആകെ പേജ്‌കാഴ്‌ചകള്‍

2013, ഫെബ്രുവരി 20, ബുധനാഴ്‌ച

ഉണ്ണിയാർച്ച

വെണ്ണിലാവെന്നപോൽ, എൻ കണ്ണിലുണ്ണിപോൽ,
മണ്ണിന്നഭിമാനമായിപ്പിറന്നവൾ
ഉണ്ണിയാർച്ചേ ! നിന്നെയോർക്കുന്നനാരതം
എണ്ണിയാൽ തീരാത്തപദാനമോടെ ഞാൻ.
ഇന്നലെ അങ്കം കഴിഞ്ഞു നീ പോരവെ,
മുന്നിലും പിന്നിലും പല്ലക്കു നീങ്ങവെ,
നീയോർത്തുകാണില്ല ജോനകവീഥിയിൽ
നിന്നെക്കുടുക്കുവാൻ നിൽക്കും ചതിയരെ.
വെള്ളക്കുതിരപ്പുറത്തേറി വന്ന നീ
വെള്ളം കുടിക്കാനിറങ്ങിയ വേളയിൽ
ഉറ്റവർ ചാരെ കരിക്കിനായ്‌ നീങ്ങവെ
ചുറ്റിലും കൂടി ചതിയരാം ജോനകർ.
"അല്ലിമലർക്കാവിലെ കൂത്തു കണ്ട നീ
അല്ലലെന്താണെന്നറിഞ്ഞില്ലിതുവരെ,
തെല്ലും മടിക്കാതെ കൂടെ വന്നീടുക,
അല്ലെങ്കിൽ കൂത്തിച്ചീ ! നിന്നെ പിളർന്നിടും"
ചൊന്നവർ; ജോനകർ, ഒട്ടുമേ കൂസാതെ
ഒന്നു നിവർന്നുണ്ണിയാർച്ചയും നിന്നുപോയ്‌ !
പുത്തൂരംവീട്ടിലെ അങ്കക്കളരിയും
നിത്യം തൊഴുമിളയന്നൂർമഠത്തെയും
ഭക്ത്യാസ്മരിച്ചവൾ കൈയൊന്നുവീശവെ,
പത്തടി ദൂരെ തെറിച്ചുപോയ്‌ ജോനകർ.
പല്ലുപോയെല്ലും തകർന്നു, നടക്കുവാൻ
തെല്ലും കഴിയാതെ വീണൂ കിടക്കയായ്‌ !
ഇന്നിതാ ! കേട്ടു ഞാൻ, ടിപ്പുവിന്നുറ്റവർ
ചൊല്ലീ:  "തുറുങ്കിലടക്കുകീപ്പെണ്ണിനെ
ആണിനെ തല്ലാൻ മിടുക്കിവൾക്കോ?, ഇവൾ
ആണിന്റെ തല്ലുകൊള്ളാനായ്‌ പിറന്നവൾ " ! !2013, ഫെബ്രുവരി 15, വെള്ളിയാഴ്‌ച

പ്രായപൂർത്തി
കേവലമൊരു ബാലൻ ഞാനെ,നിക്കായിട്ടില്ല
പ്രായപൂർത്തിയും, വകതിരിവുമൊന്നുംതന്നെ
ബുദ്ധിയും വളർന്നില്ല, മാത്രമെന്നവയവ-
വൃദ്ധി, ഞാൻ പതിനെട്ടു തികയാത്തവൻ ബാലൻ.
ക്രിക്കറ്റ്‌കളിയെന്റെ ചിന്തയിലനാരതം
മുത്തമിട്ടിടുന്നു, ഞാൻ മറ്റൊരു ലോകത്തെന്നും.
പെണ്ണിന്റെ കാൽകൾ കണ്ടു സ്റ്റമ്പെന്നു നിരൂപിച്ചു
ഒന്നാഞ്ഞു  ബൗൾ ചെയ്തൂ ഞാൻ മറ്റൊന്നുമറിയില്ല.
ബാൾ ചെന്നു പതിച്ചേടം പരതി, കണ്ടില്ലാരും
ആളുകൾ ബലാത്സംഗവീരനെന്നോതുന്നെന്നെ.
കേവലമൊരു ബാലൻ ഞാനെ,നിക്കായിട്ടില്ല
പ്രായപൂർത്തിയും, വകതിരിവും, ക്ഷമിച്ചാലും !.2013, ഫെബ്രുവരി 2, ശനിയാഴ്‌ച

ദേവേന്ദ്രന്റെ അതിഥി

"നാകലോകത്തിൽ വന്നു നല്ലൊരു കലാസൃഷ്ടി-
യേകുവാനയച്ചിതു ഞങ്ങളെ ദേവാധിപൻ
വരണം ഭവാൻ, രത്നരഥവും നയിച്ചസ്മൽ-
പുരിയിൽ പൂജിച്ചീടാൻ ഞങ്ങളും തയ്യാറല്ലോ"
ചൊന്നവർ, കലാലോല ദേവനർത്തകിമാരെൻ
മന്ദിരേ വന്നിട്ടിത്ഥം, ദേവാഭ്യർത്ഥനയുമായ്‌

തെല്ലു ഞാൻ ചിന്തിച്ചയ്യോ ഞാനെന്തു കലാസൃഷ്ടി
ചെയ്യുവാനസമർത്ഥനനഭിജ്ഞനുമല്ലോ !
ദേവലോകത്തിൻ കീർത്തി പാടുവാൻ, ദേവേന്ദ്രന്റെ
പാവനസ്തുതി ഗീതം ചെയ്യുവാൻ പുകഴ്ത്തുവാൻ
അറിവില്ലെനിക്കൊട്ടും, കസവിൻ വർണ്ണപ്പൂക്കൾ
ഉറുമാൽതന്നിൽ തുന്നാൻ പൊട്ടിയ സൂചിത്തുമ്പാൽ
ദീനരാം മനുഷ്യർ തൻ ശോകഗാഥകൾ മാത്രം
ഞാനറിയാതെ പാടിപ്പോവുകിലതെൻ ഗാനം !
എങ്ങനെ  ക്ഷണിച്ചെന്നെയമരാധിപനെന്തി-
ന്നംഗനാരത്നങ്ങളെ വിളിക്കാനയപ്പിച്ചു ?

തേരേറി ഞാനാസ്വഛനിർമ്മല വിഹായസ്സിൽ
നേരിയ പുള്ളിക്കുത്തായ്‌ മാഞ്ഞുപോയിടുന്നേരം
മേഘമാലകൾ കൈയിലുരുമ്മീ സൗന്ദര്യത്തിൻ
മേഖല സമീപിക്കും സൂചനകളെപ്പോലെ
ഓർമ്മയില്ലെനിക്കൽപ്പനിമിഷം, കണ്ണഞ്ചിക്കും
വാർമഴവില്ലാണെങ്ങും ദേവലോകമെന്മുന്നിൽ
നാകലോകത്തിൻ ദ്വാരമേറി ഞാൻ ചുറ്റും നോക്കി,
മാനവരാരെങ്ങാനുമിവിടെ കാണ്മാനുണ്ടോ ?

കണ്ടു ഞാൻ വഴിവക്കിൽ യേശുവെ, ശ്രീബുദ്ധനെ,
ശങ്കരഗുരുവിനെ, നബിയെ, നാനാക്കിനെ,
ശാന്തിതൻ പ്രഭാപൂരം പരത്തി പ്രശോഭിക്കും
ഗാന്ധിയെ, ചുടുരക്ത സാക്ഷിയാം ലുമുംബയെ,
കർമ്മധീരനാം പണ്ഡിറ്റ്‌ നെഹ്രുവെ, കുടുംബത്തെ,
നർമ്മഭാഷികളായ രാഷ്ട്രീയ നേതാക്കളെ.

"എങ്ങനെ ഭൂവിൽ സൗഖ്യമല്ലയോ ? സമാധാന
മംഗളധ്വനി മണ്ണിൽ മുഴങ്ങിക്കേൾക്കുന്നില്ലേ?
കള്ളവും, ചതിയും. കാൽ വാരലും, അധികാര-
ഭള്ളും, പീഡന ബലാത്സംഗവും, കൊലകളും
അന്യമായില്ലേ നാട്ടിൽ ?, ശാന്തിതൻ മണിനാദ-
മെങ്ങുമേ മുഴങ്ങുന്നതില്ലയോ, ഓങ്കാരം പോൽ ? "
ചോദിച്ചു മഹാത്മാക്കളുത്തരം ചൊല്ലാനൊട്ടും
സാധിക്കാതുഴറി ഞാൻ നിന്നുപോയൊരുവേള

"കാത്തിരിക്കുന്നുണ്ടിന്ദ്രൻ, വേഗത്തിൽ നടന്നാലും,
വാർത്തകൾ പിന്നെച്ചൊല്ലാം "
ചൊന്നുടൻ ദേവസ്ത്രീകൾ
ഞെട്ടി ഞാൻ, തുറന്നെന്റെ കണ്ണുകൾ, മുന്നിൽ ദിന-
പത്രിക, ദിവാസ്വപ്നലീനനായ്‌ നേരം പോയി.
നട്ടുച്ചപ്പൊരിവെയ്‌ലിൻ മാറത്തു കിനാവിന്റെ
കൊച്ചാറൊന്നൊഴുകിപ്പോയ്‌ ദേവഗംഗയെപ്പോലെ.!