ആകെ പേജ്‌കാഴ്‌ചകള്‍

2012, ജൂൺ 11, തിങ്കളാഴ്‌ച

കണ്ണൂര്‍ ജില്ലാ കവിമണ്ഡലം



 കവിത മരിക്കുന്നില്ല. അത്‌ അമൃതവും അനന്തവുമാണെന്ന്‌ അടിവരയിട്ട്‌ ഉറപ്പുവരുത്തുന്ന ഒരു സംഘടന കണ്ണൂരിലുണ്ട്‌. കണ്ണൂര്‍  ജില്ലാ കവിമണ്ഡലം. 2006 ജൂലായ്‌ 2ന്‌ ഒരു പെരുമഴയത്ത്‌ പഴയങ്ങാടിയില്‍ രൂപം കൊണ്ട ഈ സംഘടന ഇന്ന്‌ ജില്ലയുടെ മുക്കിലും മൂലയിലും വ്യാപിച്ചുകിടക്കുന്നു. രക്ഷാധികാരിയായി പ്രശസ്തകവിയും പ്രസംഗകനുമായ പ്രൊഫ.മേലത്ത്‌ ചന്ദ്രശേഖരനും, ഉപദേശകസമിതി അംഗങ്ങളായി ഡോ.ആര്‍.സി.കരിപ്പത്ത്‌, കരുണാകരന്‍ പുതുശ്ശേരി , എന്‍.കെ.കൃഷ്ണന്‍ എന്നിവരുമുണ്ട്‌. ജനറല്‍ കണ്‍വീനറായി രാമകൃഷ്ണന്‍ കണ്ണോം. കണ്‍വീനര്‍മാരായി പപ്പന്‍ ചെറുതാഴം, സി.പി.പി.നമ്പ്യാര്‍ എന്നിവരുമാണുള്ളത്‌. കവിമണ്ഡലത്തിന്‌ നാല്‌ മേഖലകളുണ്ട്‌. പയ്യന്നൂര്‍ (മേഖലാ കണ്‍വീനര്‍ രഞ്ജിത്ത്‌ മാത്തില്‍), തളിപ്പറമ്പ്‌ (രാജേഷ്‌ വാര്യര്‍. ), കണ്ണൂര്‍  (ചന്ദ്രശേഖരന്‍ ചാലാട്‌), കൂത്തുപറമ്പ്‌ (പി.വി.മധുസൂദനന്‍). ജില്ലയിലെ സാഹിത്യ വാസനയുള്ളവരെ കൈ പിടിച്ചുയര്‍ത്തുക, അവര്‍ക്കു വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക, വിദ്യാര്‍ത്ഥികളില്‍ ഒളിഞ്ഞിരിക്കുന്ന കലാസാഹിത്യവാസനകളെ കണ്ടെത്തി അവ പരിപോഷിപ്പിക്കുക, തെറ്റുകള്‍ തിരുത്തുക, അവരുടെ ശബ്ദം പുറംലോകത്ത്‌ കേള്‍പ്പിക്കുക എന്നിവയാണ്‌ ലക്ഷ്യം. സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്കുപുറമെ സാമൂഹിക പാരിസിഥിതിക പ്രശ്നങ്ങളിലും, ആരോഗ്യ സേവന രംഗങ്ങളിലും കവിമണ്ഡലത്തിന്റെ സക്രിയ സാന്നിദ്ധ്യമുണ്ട്‌.
 പ്രധാന നാഴികക്കല്ലുകള്‍
 2006ജൂലായ്‌ 2രൂപീകരണം, മഴ സൌഹൃദ കവിസംഗമം, പഴയങ്ങാടി   ആഗസ്ത്‌ 6 ഭീകരവാദവിരുദ്ധ കവിതാരവം, കണ്ണൂര്‍  (പ്രൊ. മേലത്ത്‌ ചന്ദ്രശേഖരന്‍)  സപ്തംബര്‍ 7   ശ്രാവണ സാന്ത്വനം- അഴീക്കോട്‌ (ടി.പി. ഭാസ്കര പൊതുവാള്‍) ഒക്ടൊ 15 ഇടശ്ശേരി അനുസ്മരണം, പിലാത്തറ  ഡിസം.31    40 കഴിഞ്ഞവര്‍ക്ക്‌ സംസ്ഥാന കവിതാമത്സരം
2007ജനുവരി 7 കക്കാട്‌ അനുസ്മരണം, കണ്ണൂര്‍ .(എന്‍.കെ. കൃഷ്ണന്‍)  ഫെബ്രു 17  ദിവാകരന്‍ വിഷ്ണുമംഗലത്തിന്‌ അയ്യപ്പപ്പണിക്കര്‍ അവാര്‍ഡ്‌ ദാനം (പി.പി. ശ്രീധരനുണ്ണി)  മാര്‍ച്ച്‌ 10   പി. ഭാസ്കരന്‍ സ്മൃതി സായാഹ്നം, കണ്ണൂര്‍   മെയ്‌ 6 കുഞ്ചന്‍ നമ്പ്യാര്‍ സ്മൃതി, പയ്യന്നൂര്‍   ജൂലായ്‌ 14 കവിമണ്ഡലം ഒന്നാം വാര്‍ഷികം- പി.സ്മാരക കവിതാ ക്യാമ്പ്‌, കൂടാളി (ഡി. വിനയചന്ദ്രന്‍)  ഒക്ടോ 7 നാലാപ്പാട്ട്‌ അനുസ്മരണം-പുസ്തക പ്രകാശനം, കണ്ണൂര്‍ (പി.കെ. ഗോപി) ഡിസം 22 വൈലോപ്പിള്ളി സ്മൃതി, പിലാത്തറ
2008 ജനുവരി 30 കുഞ്ഞുണ്ണി സ്മൃതി, പഴയങ്ങാടി (പള്ളിയറ ശ്രീധരന്‍) ജൂണ്‍30  പി. ഭാസ്കരന്‍ സുവര്‍ണ്ണമുദ്ര പുരസ്കാരത്തിന്‌ അഭിപ്രായവോട്ടെടുപ്പ്‌ ജൂലായ്‌ 12 പാലാ നാരായണന്‍ നായര്‍ സ്മൃതി-കവിമണ്ഡലം രണ്ടാം വാര്‍ഷികം,കണ്ണൂര്‍  ആഗസ്ത്‌ 30  അനില്‍ പനച്ചൂരാന്‌ പി. ഭാസ്കരന്‍ സുവര്‍ണമുദ്ര പുരസ്കാരദാനം-കവിതാലാപന മത്സരം, പഴയങ്ങാടി ഒക്ടൊ 10 അക്ഷരപൂജ കവിതാരവം, കണ്ണൂര്‍ (വാണിദാസ്‌ എളയാവൂര്‍).ഒക്ടൊ 31  വയലാര്‍ സ്മൃതി, കണ്ണൂര്‍  (ഡി. വിനയചന്ദ്രന്‍). നവമ്പര്‍ 8 വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രതിമാസ കവിതാക്ളാസ്സ്‌ ആരംഭം (പയ്യന്നൂര്‍  വിശ്വകല അക്കാദമി, തളിപ്പറമ്പ്‌ പ്രൊവിഡന്‍സ്‌ കോളേജ്‌, കണ്ണൂര്‍ കോളേജ്‌ ഓഫ്‌ കൊമേഴ്സ്‌, കൂത്തുപറമ്പ്‌ വൃദ്ധജനസേവനകേന്ദ്രം)    ഡിസം 27 പപ്പന്‍ ചെറുതാഴത്തിന്റെ 'സുഗന്ധം നഷ്ടപ്പെടുന്ന പൂക്കള്‍' പ്രകാശനം, കണ്ണൂര്‍  (ടി.എന്‍. പ്രകാശ്‌)
 2009 ജനുവരി 30 ക്യാമ്പസ്‌ കവിസദസ്സ്‌ ആരംഭം, ശകരാചാര്യ സംസ്‌കൃത കോളേജ്‌ എടാട്ട്‌
മാര്‍ച്ച്‌ 28 പുറച്ചേരി കേശവതീരം ദ്വിദിന കവിതാക്യാമ്പ്‌ (ഡോ.ആര്‍.സി. കരിപ്പത്ത്‌) മെയ്‌ 9 വിദ്യാര്‍ത്ഥി ക്യാമ്പ്‌,  കണ്ണൂര്‍  (ബാലകൃഷ്ണന്‍, കൊയ്യോന്‍) മെയ്‌ 31 അക്ഷരസാന്ത്വനം വായനാപദ്ധതി ആരംഭം, കേശവതീരം പുറച്ചേരി ജൂലായ്‌ 5 മാടായിപ്പാറയില്‍ പരിസ്ഥിതി സ്നേഹാരവം-കവിമണ്ഡലം മൂന്നാം വാര്‍ഷികം  ആഗസ്ത്‌ 1 സ്കൂള്‍തല കവിതാങ്കണം ആരംഭം, ചെറുപുഴ ജെ.എം.യു.പി. സ്കൂള്‍ സപ്തം 29 ജില്ലാതല മൈത്രീസംഗമം, കൂത്തുപറമ്പ്‌ വൃദ്ധജനസേവനകേന്ദ്രം (കെ. തായാട്ട്‌) ഒക്ടൊ 2 കവിതാങ്കണം, പെരളം യു.പി. സ്കൂള്‍ ഒക്ടൊ 4 മാടായിപ്പാറ സംരക്ഷണ ഉപവാസം- അനുഭാവസംഗമം, കണ്ണൂര്‍ നവം 14 കവിതാക്ളാസ്സ്‌ ഒന്നാം വാര്‍ഷികം-കവിതാങ്കണം, കൂത്തുപറമ്പ്‌ ഹൈസ്കൂള്‍
 2010 ജനുവരി 9 കക്കാട്‌ സ്മൃതിസംഗമം (4 മേഖലാ കേന്ദ്രങ്ങളില്‍) ഫെബ്രു 8 ഗിരീഷ്‌ പുത്തഞ്ചേരി സ്മരണാഞ്ജലി (4കേന്ദ്രങ്ങളില്‍) മാര്‍ച്‌ 3 വള്ളത്തോള്‍ സ്മൃതി  (4കേന്ദ്രങ്ങളില്‍)  മെയ്‌ 8 കേശവതീരം ദ്വിദിന കവിതാക്യാമ്പ്‌ (പ്രൊ.മുഹമ്മദ്‌ അഹമ്മദ്‌, ഡോ.വൈ.വി.കണ്ണന്‍, ടി.പി. പത്മനാഭന്‍ മാസ്റ്റര്‍, പയ്യന്നൂര്‍ കുഞ്ഞിരാമന്‍  മാസ്റ്റര്‍) ജൂണ്‍ 11 ഉള്ളൂര്‍ സ്മരണാഞ്ജലി (4കേന്ദ്രങ്ങളില്‍)
ജൂലായ്‌ 18 കവിമണ്ഡലം പ്രസിദ്ധീകരിക്കുന്ന വിത,മുള,വിള എന്ന പുസ്തകത്തിന്റെ പ്രകാശനം, കോളേജ്‌ ഓഫ്‌ കൊമേഴ്സ്‌ കണ്ണൂര്‍, , (ആലങ്കോട്‌ ലീലാകൃഷ്ണന്‍)  നവമ്പര്‍ 22 എന്‍ഡൊസള്‍ഫാന്‍ വിരുദ്ധ മുഴുദിന കവിതാരവം, സ്റ്റേഡിയം കോര്‍ണര്‍ കണ്ണൂര്‍
2011  ഫെബ്രുവരി 20 കവി വിഷ്ണുനാരായണന്‍ നമ്പൂതിരി ആദരണം, കേശവതീരം പുറച്ചേരി മെയ്‌ 7,8  ദ്വിദിന കവിതാക്യാമ്പ്‌  കേശവതീരം (സിപ്പി പള്ളിപ്പുറം) ആഗസ്ത്‌ 28  മാടായിപ്പാറ സംരക്ഷണ കവിതാജാഥ, ജൂതക്കുളം, വടുകുന്ദത്തടാകം സന്ദര്‍ശനം, ജലപൂജ
 2012  ഫെബൃ 12  ചങ്ങമ്പുഴ, വൈലോപ്പിള്ളി അനുസ്മരണം, കേശവതീരം (പി.പി.ശ്രീധരനുണ്ണി, പ്രൊ.മേലത്ത്‌) മാര്‍ച്ച്‌ 18 ജില്ലാതല കവിസമ്മേളനം അമസോണ്‍ കോളജ്‌, കണ്ണൂര്‍  . മെയ്‌ 26,27  ദ്വിദിന കവിതാക്യാമ്പ്‌, പി അനുസ്മരണം, കേശവതീരം (കവിപുത്രന്‍ രവീന്ദ്രന്‍ നായര്‍, ഡോ.എ.എസ്സ്‌. പ്രശാന്ത്‌ കൃഷ്ണന്‍, പയ്യന്നൂര്‍  കുഞ്ഞിരാമന്‍ മാസ്റ്റര്‍) ജൂണ്‍ 9  ഉള്ളൂര്‍   സ്മൃതിസംഗമം (4കേന്ദ്രങ്ങളില്‍)...........

2012, ജൂൺ 9, ശനിയാഴ്‌ച

പാമ്പ്‌



 ഇന്നലത്തെ പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടു. മാങ്ങാജ്യൂസില്‍ പാമ്പിന്‍ കുഞ്ഞ്‌. ഇങ്ങിനെ പോയാല്‍ അധികം വൈകാതെ കീരിക്കുഞ്ഞുങ്ങളും പ്രത്യക്ഷപ്പെട്ടേക്കാം. കലികാലത്ത്‌ പലതും നടക്കും. മുന്‍പ്‌ മാങ്ങാജ്യൂസില്‍ പുഴുക്കളെ കണ്ടതും, അരവണയില്‍ പല്ലിവാല്‍ കണ്ടതും വായിച്ചത്‌ ഓര്‍മ്മവരുന്നു. അതൊന്നും നേരിട്ടു കാണാന്‍ പറ്റിയില്ലെങ്കിലും ഒരിക്കല്‍ ഒരു കാഴ്ച കാണാന്‍ ഇടയായി. അലക്ഷ്യമായി റോഡില്‍ ആരോ ജ്യൂസ്‌ കുടിച്ചു വലിച്ചെറിഞ്ഞ പേക്കറ്റിന്റെ മീതേക്കൂടി ഒരു കാറിന്റെ ടയര്‍ കയറിയിറങ്ങിയപ്പോള്‍ പേക്കറ്റ്‌ പൊട്ടുകയും സാമാന്യം വലിയ ഒരു പുഴു ദ്ര്‍ശ്യമാവുകയും ചെയ്തു. അതില്‍പിന്നെ പേക്കറ്റ്‌ ജ്യൂസ്‌ കുടി ഞാന്‍ നിര്‍ത്തി. ഫ്റഷ്ജ്യൂസ്‌ പോലും സംശയത്തോടുകൂടിമാത്രമെ കുടിക്കാന്‍ പറ്റൂ. 

2012, ജൂൺ 7, വ്യാഴാഴ്‌ച

മാടായിപ്പാറ





മാടായിപ്പാറയെ കാണ്‍കെ എന്റെ മാനസമാനന്ദസാന്ദ്രം
 പോയൊരെന്‍ ബാല്യസ്മൃതികള്‍ മയില്‍പ്പീലി വിടര്‍ത്തുന്നു മുന്നില്‍
ആറുവയസ്സുമുതല്‍ക്കെ, ഞാനീ പാറയെ കണ്ടുവളര്‍ന്നു
പാറപ്പൂ പുഞ്ചിരി തൂകി, മുള്ളാല്‍ കാലടി മെല്ലെ തഴുകി
കാലം കഴിയവെ കാലില്‍ മുള്ളു കേറാത്തഴമ്പായി മാറി
 ഉച്ചയ്ക്കു വിദ്യാലയത്തിന്‍ മണിയൊച്ചയുയരുന്ന നേരം
പാറക്കുളങ്ങരെ ഞങ്ങള്‍ ചോറ്റുപാത്രവും തൂക്കിയണഞ്ഞു
 ഓലക്കുടതന്‍ ചുവട്ടില്‍ മഴക്കാലത്തും ചോറുണ്ടു ഞങ്ങള്‍
കാറ്റുവരുമ്പോള്‍ കിടാങ്ങള്‍ 'പാരച്യൂട്ടാ'യ്‌ കുടയ്ക്കൊപ്പം പൊങ്ങി
കൂട്ടുകാരൊത്തു കളിച്ചു പല പാട്ടുകള്‍ പാടി രസിച്ചു.
പാളയം മൈതാനംതന്നില്‍ ഫുട്ബോള്‍ പാഠങ്ങള്‍ ഞങ്ങള്‍ പഠിച്ചു
 ഓണമായാല്‍ ഞങ്ങള്‍ പൂക്കൂടയുമേന്തിയീ പാറയിലെത്തും
കാക്കപ്പൂ കണ്ണാന്തളിപ്പൂ പിന്നെ തെച്ചീപ്പൂവൊക്കെ പറിക്കും
 ജൂതക്കുളങ്ങരെ ചെന്നു നീണ്ട ചൂതു പറിച്ചു രസിക്കും
 ഓടും കുറുക്കനെ കാണ്‍കെ ഒട്ടു ഭീതിയാല്‍ കാലിടറീടും
കാലികള്‍ക്കൊപ്പം നടക്കും ധീരശാലികളായി നടിക്കും
 പാറയില്‍ മേഞ്ഞുനടക്കും കന്നുകാലികളെ കൊന്നുതിന്നാന്‍-
 എത്തും പുലികളെ കൊല്ലാന്‍ തീര്‍ത്ത തുപ്പാക്കിക്കല്‍മാടം നോക്കും
 അന്നത്തെയാ വടുകുന്ദപ്പൊയ്ക മുന്നില്‍ കടലുപോല്‍ തോന്നി
എന്നുമുറവവറ്റാത്ത ജലം പുണ്യതീര്‍ത്ഥം പോല്‍ വിശുദ്ധം
 മൂന്നു കിണറതിലുണ്ടെന്നല്ലൊ മൂത്തവര്‍ ചൊന്നതു മുന്നം
 ദേവനദങ്ങളിലേക്കു നീണ്ടുപോവുമവയെന്നു കേള്‍വി
 വാപിളര്‍ന്നീടും മുതലക്കൂട്ടം വാപിയില്‍ നീന്തിത്തുടിച്ചു
 പുസ്തകസഞ്ചിയുംതൂക്കി പോകും കുട്ടികള്‍ ഞങ്ങള്‍ ഭയന്നു
 പൂരക്കടവിലണഞ്ഞു പിന്നെ പൂരംകുളികണ്ടു നിന്നു
നേദ്യച്ചോര്‍ കൊട്ടയിലാക്കി തന്ത്രി നീന്തും മുതലകള്‍ക്കേകും
 തീരമൊരുത്സവമേളം പൊങ്ങിയാരവം ചന്തയിലെങ്ങും !

 ബാല്യം കൊഴിഞ്ഞുപോയ്‌ മെല്ലെ മുന്നില്‍ കാവ്യാംഗന വന്നു നിന്നു
പാറയില്‍ കാവ്യം രചിക്കും വെറും പാവമാമെന്നെ തഴുകി
ഏഴിമലയതുകണ്ടു മേഘപാളിയാല്‍ നാണം മറച്ചു
ആഴിയലകള്‍ കൈകൊട്ടി, തൂവെണ്‍പൂഴിയില്‍ ചിത്രം വരച്ചു
 എന്‍ കാവ്യജീവിതയാത്രയ്ക്കൊത്തു സങ്കല്‍പചിത്രം രചിക്കാന്‍
പൂവിടും ഭാവനയെല്ലാം കാവ്യഹാരമായ്‌ മാറ്റിയെടുക്കാന്‍
 ഇന്നുമീ മാടായിപ്പാറ എന്നെ വന്നുവിളിക്കുന്നു വീണ്ടും
സസ്യങ്ങള്‍, പുഷ്പജാലങ്ങള്‍, വന്യജന്തുക്കള്‍, ജൈവസമ്പത്തും
 അത്യപൂര്‍വ്വം ശലഭങ്ങള്‍, വിരുന്നെത്തുന്ന പക്ഷികളെല്ലാം
 മാടായിപ്പാറയില്‍ വാണു ഒരു മാവേലിനാടെന്നപോലെ

 എങ്ങുപോയാനല്ലകാലം, കാറ്റില്‍ പൊങ്ങുന്നു ദുര്‍ഗന്ധമിപ്പോള്‍
 പാറയോവെട്ടീപ്പൊളിച്ചു, രാജപാതകള്‍ ഹര്‍മ്മ്യങ്ങളെങ്ങും
 ക്ഷേത്രങ്ങള്‍, പൂര്‍വ്വചരിത്ര സ്മൃതിസാക്ഷ്യങ്ങളൊക്കെ തകര്‍ക്കാന്‍
വാ പിളര്‍ന്നോടിവരുന്നു യന്ത്രകീചകന്‍ മാറു പിളര്‍ക്കാന്‍
നിന്‍ ചോരയൂറ്റിക്കുടിക്കാന്‍, പിന്നെ നിന്‍ കുടല്‍മാലയെടുക്കാന്‍
കുന്നും മലയുമിടിക്കാന്‍ വടുകുന്ദയില്ലാതാക്കിത്തീര്‍ക്കാന്‍
 വെള്ളമില്ലാതെ വലയ്ക്കാന്‍, കുടിവെള്ളവും തേടി നടത്താന്‍
 വെള്ളനിറം പൂണ്ട മണ്ണു മാന്തി , വെള്ളിക്കാശാക്കുന്നിതെങ്ങും
ടൂറിസമെന്നുള്ള പേരില്‍ ചിലരാഭാസമല്ലോ ചമയ്പ്പൂ
 മദ്യമൊഴിഞ്ഞതാം കുപ്പി, ഒപ്പം പൊട്ടിയ കുപ്പിവളകള്‍....!
 പ്ളാസ്റ്റിക്‌ സഞ്ചികളെങ്ങും കാറ്റില്‍ പ്ളാവിലപോലെ പറപ്പൂ
നാറുമറവുമാലിന്യം തേടി പാറിവരുന്നു കഴുകന്‍
 ദാരികനെ കൊന്നൊരമ്മേ വീശൂ താവക നാന്ദക ഖഡ്ഗം
താരമ്പനെ കൊന്ന ദേവാ വീണ്ടും താവക തൃക്കണ്‍ തുറക്കൂ
 നേരമായ്‌ മാടായിക്കോട്ടതന്നില്‍ പീരങ്കി വീണ്ടും പടുക്കാന്‍
പാറയെക്കൊല്ലും കിരാതര്‍ തന്റെ മാറിലായ്‌ തീയുണ്ടതുപ്പാന്‍
ഒത്തുചേര്‍ന്നെത്തിടും ഞങ്ങള്‍, കാവ്യ ഖഡ്ഗമുയര്‍ത്തും കവികള്‍.






2012, ജൂൺ 3, ഞായറാഴ്‌ച

റസിപ്പി



ഇന്ന്‌ എന്തായാലും തങ്കമണിയോട്‌ പുതിയ കറിയുടെ റസിപ്പി ചോദിച്ചു വാങ്ങണം.
 "പറയൂ തങ്കമണി, റസിപ്പി ഞാന്‍ എഴുതിയെടുക്കട്ടെ"
 " ആദ്യമായി വേണ്ട സാധനങ്ങള്‍ ഒന്ന്‌, രണ്ട്‌, മൂന്ന്‌, നാലു എന്നിങ്ങനെ ലിസ്റ്റ്‌ ആക്കണം.
  ഒന്നിനെ വെട്ടി കഷണമാക്കും, രണ്ടിനെ അമ്മിക്കല്ലില്‍ ഇടിച്ചു ശരിപ്പെടുത്തും
  മൂന്നിനെ ഉരലില്‍ ഇട്ട്‌ ഉലക്കകൊണ്ട്‌ നന്നായി പൊടിക്കും
  നാലിനെ മിക്സിയില്‍ ഇട്ട്‌ ഒരു കറക്കല്‍
  ചീനച്ചട്ടി ചുട്ടുപഴുക്കുമ്പോള്‍ എണ്ണ വേണ്ടത്ര ഒഴിച്ച്‌, തിളയ്ക്കുമ്പോള്‍ എല്ലാ ചേരുവകളും കൂടി        അതില്‍ ഇട്ട്‌ നന്നായി വഴറ്റും"

ഇത്രയും കേട്ടപ്പോഴേ ആരുടെയെങ്കിലും വായില്‍ വെള്ളം ഊറിയോ? അതോ, ചോരയോ ?



2012, ജൂൺ 2, ശനിയാഴ്‌ച

ആശ്വാസമായി.

ബ്ളോഗിനെപ്പറ്റി ഒന്നും അറിയാത്ത എനിക്ക്‌ ഫോണിലൂടെ നിര്‍ദ്ദേശങ്ങള്‍ നല്‍കിയ ശാന്ത കാവുമ്പായിക്ക്‌ ആദ്യമായി നന്ദി പറയട്ടെ . കുരുടനേപ്പോലെ കുറെ തപ്പിത്തടഞ്ഞ്‌ ഞാന്‍ ഇവിടം വരെ എത്തി. ഇപ്പോള്‍ ആശ്വാസമായി. 

2012, ജൂൺ 1, വെള്ളിയാഴ്‌ച

സഹയാത്ര

സുഹ്ര്‍ത്തുക്കളെ, ഞാന്‍ വസുധയില്‍ പിറന്നവന്‍ നിങ്ങളോടൊപ്പം സഹയാത്ര ആരംഭിച്ചിരിക്കയാണു.    മധുസൂദനന്‍ പി.വി.