ദൂരെ, കവിത തിരയുന്ന കൺകൾക്ക്
പാരം കുളിരേകും ഗ്രാമമുണ്ട്
നാലുപേർ കേട്ടാലറിയും ഗൃഹമൊന്നിൽ
താലോലം പാടുന്നൊരമ്മയുണ്ട്
ആകാശനീലിമയാകെ പകർത്തിയ
ചേതോഹരമൊരു പൊയ്കയുണ്ട്
കോമളമാകും കമലം വിരിഞ്ഞതിൽ
കോൾമയിർക്കൊൾവൂ മധുപവൃന്ദം

നീർമാതളപ്പൂക്കൾ കാറ്റിലുലഞ്ഞാടി
നീലാംബരി പാടി കോകിലങ്ങൾ
ചൂളും തണുപ്പിൽ മതിലുകൾക്കപ്പുറം
ബാല്യകാലസ്മൃതി പൂവിടുമ്പോൾ
എന്റെ കഥ കേട്ടു ഞെട്ടരുതെന്നോതി
മുന്നിടുന്നൂ വണ്ടിക്കാളകളും
ആരെയും കണ്ടാലറിയാത്ത കേൾക്കാത്തൊ-
രാരവം ചൂഴും നഗരമൊന്നിൽ
അട്ടിയായ് കെട്ടിയുയർത്തിയ വീടുകൾ
പട്ടണച്ചന്തമായ് മാറിടുന്നു
കോൺക്രീറ്റുകൊണ്ടു പണിതുള്ള മുറ്റത്ത്
കോമളമായൊരുദ്യാനമൊന്നിൽ
ഓർക്കിഡുമാന്തൂറിയംതൊട്ടു മുന്തിയ
പൂച്ചെടിച്ചട്ടികളേറെയുണ്ട്
പാറക്കഷണങ്ങൾകൊണ്ടു പണിതീർത്ത
തൂമയേഴും ശിലാശിൽപ്പമുണ്ട്
അച്ഛസ്പടികസമാനമാം മാർബിളിൽ
കെട്ടിയൊരുദ്യാനവാപിയുണ്ട്
ആരുവാൻ കൊണ്ടുവന്നിട്ടൂ വേരറ്റൊരാ-
താമരപ്പൂമലരിന്നിവിടെ
നാനാ തരം വർണ്ണമീനുകൾ ചുറ്റിലും
നീന്തിത്തുടിപ്പുണ്ട് ശങ്കയോടെ
സൂര്യകിരണങ്ങൾ മങ്ങി, സാന്ധ്യാംബര-
ശോണിമ മാഞ്ഞിരുൾ മൂടിടുമ്പോൾ
ആകവെ കൂമ്പും കമലദളങ്ങളെ
രാവിന്റെ മൂടുപടം മറച്ചൂ
രാകേന്ദു പൂനിലാച്ചുംബനം നൽകവെ
രാജീവനേത്രമടഞ്ഞു മന്ദം !