
എന്റെ തോട്ടത്തിൽ ശ്രുതിമധുരം പാടാൻ വന്ന
പൂംകുയിലിനെയമ്പെയ്തിന്നലെയാരോ കൊന്നു.
കൊന്നവരൊപ്പംചുട്ടുതിന്നുല്ലസിക്കും നാടി-
ന്നിന്നത്തെ ഗതിയുടെ പാരമ്യം കണ്ടിട്ടാമോ
ഒന്നുമെ മിണ്ടാതെന്റെ മുറ്റത്തു പരിഹാസ-
മന്ദസ്മേരവുമായി നിൽക്കുന്നു കണിക്കൊന്ന.
“വന്നല്ലോ വിഷു” തെക്കൻ കാറ്റിലൂടൊരു മഴ-
ത്തുള്ളിയെൻ ജനൽപ്പാളി തള്ളിക്കൊണ്ടുണർത്തവെ,
എന്നന്തരംഗത്തിലെ തളത്തിൽ നിരത്തി ഞാൻ
സുന്ദരസ്വപ്നം മാത്രം കണികണ്ടിടാൻ വീണ്ടും
അറിയാം യാഥാർഥ്യമായ് മാറുകില്ലിവയെല്ലാം
വെറുതെ പറയുന്ന തേൻ ചേർത്ത പദം മാത്രം !
മരുഭൂമിയിലലയുന്ന പാന്ഥനു ദൂരെ
വിരിയും മരുപ്പച്ച മൃഗതൃഷ്ണയായ് മാറാം