ആകെ പേജ്‌കാഴ്‌ചകള്‍

2012, ഓഗസ്റ്റ് 10, വെള്ളിയാഴ്‌ച

നേർക്കാഴ്ച



അമ്പത്തൊന്നക്ഷര ഖഡ്ഗങ്ങളിന്നലെ
സന്ധ്യയെ വെട്ടി നുറുക്കിയപ്പോൾ
സത്യമസത്യങ്ങൾ കൈകോർത്തു ഭീതിദ-
വൃത്തമെൻ മുന്നിൽ കവിതയായി.
ചോരയിൽ മുങ്ങിയ സാഗരവീചികൾ
ചോദിച്ചു 'എന്തിനീ ക്രൂരകൃത്യം '?
നൂറുവട്ടം നുണ ചൊല്ലുകിൽ സത്യമോ
നൂറുസത്യം ഹാ! വെറും നുണയോ ?
മവേലിമന്നവാ മേലോട്ടു പോരേണ്ട
പാതാളമെത്രയോ ഭേദമല്ലോ
കേരള നാടിനി കാണേണ്ട വേണ്ടിനി
കേവലമോണം, ഒഴുകും നിണം !
ഓരോരോ പൂവിലും തേൻതുള്ളിയെന്നപോൽ
ചോരയാണല്ലോ തെറിച്ചു കാണ്മൂ
മുറ്റത്തു വട്ടത്തിൽ പൂക്കളമെന്നപോൽ
വെട്ടിത്തിളങ്ങുന്നു ചോരക്കളം
ആവുകില്ലാർക്കുമീ നേർക്കാഴ്ച കാണുവാൻ
'പൂവേ പൊലി' വെറുമാർത്തനാദം.
ഊഞ്ഞാലുകെട്ടും കയറഴിച്ചീടുക
ഊരുചുറ്റുന്ന പുലികളെങ്ങും
ആരു ചോദിക്കാൻ, പറയാൻ, തടുക്കുവാൻ,
നേരറിവോരല്ലേ നാലുപാടും
മാനുഷരെല്ലാരുമൊന്നല്ല, ഭിന്നമാ-
മാശയം കെട്ടിപ്പുണർന്ന കൂട്ടർ.
രക്തബന്ധങ്ങളോ, ആർദ്രമാം സ്നേഹമോ
വ്യക്തികൾക്കില്ല സഹതാപമോ.
പഞ്ച നക്ഷത്രങ്ങൾ മിന്നുന്ന ഹോട്ട്ലിൻ
പിന്നിലടുക്കളയെന്ന പേരിൽ
നീറും ചുടലയോ, നാറും വിസർജ്ജ്യമോ,
ഏറേ പഴകിയ ഭക്ഷണമോ
ഒർഡറായ്‌ മേശമേൽ വെള്ളിത്തളികയിൽ
ഓടിവന്നെത്തുന്നു വൻതുകയ്ക്കായ്‌
റേഷനരിയിൽ എലിചത്തു നാറുന്നു
ജ്യൂസിൽ പുഴുക്കളും പാമ്പുകളും
തൂശനിലയിൽ വിളമ്പിയ തുമ്പപ്പൂ-
ച്ചോറും കറികളുമോർമ്മമാത്രം !
പച്ചപ്പരിഷ്ക്കാരമേറുന്നു, മായങ്ങൾ
പച്ചക്കറിയിലും മാരകങ്ങൾ
കേരങ്ങളൊക്കെയും മണ്ടരി ബാധിച്ചു,
കേറുവാനാളില്ല, തേങ്ങയില്ല.
പൊങ്ങീ വില സർവ്വവസ്തുവിനെങ്കിലും
എന്നും വില മർത്ത്യജീവനില്ല
മവേലിമന്നവാ മേലോട്ടു പോരേണ്ട
പാതാളമൊർക്കുകിൽ സ്വർഗ്ഗമല്ലോ.

6 അഭിപ്രായങ്ങൾ:

  1. മവേലിമന്നവാ മേലോട്ടു പോരേണ്ട
    പാതാളമൊർക്കുകിൽ സ്വർഗ്ഗമല്ലോ.

    സത്യം, പരമസത്യം
    കവിതയിലെ വരികളെല്ലാം സത്യം
    സത്യമെല്ലാം നാറുന്നതാണെങ്കിലും കവിത ഹൃദ്യം

    മറുപടിഇല്ലാതാക്കൂ
  2. നന്ദി അജിത്ത്‌ കവിത വായിച്ചതിനും ആദ്യം അഭിപ്രായം കുറിച്ചതിനും

    മറുപടിഇല്ലാതാക്കൂ
  3. മണ്‍മാന്തിയുടെ കൈകള്‍ പാതാളം വരെ എത്തി
    പാതാളം ഇനി എന്ന് മന്തിഎടുക്കും എന്ന് പേടിച്ചിരിക്കുകായ മാവേലി

    വളരെ നല്ല ഒരു കവിത
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ